Wednesday, 18 December 2013

ക്രിസ്ത്യാനിയുടെ ക്രിസ്തുമസ്സ്

കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമലമാണ്.ഉലയിൽ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്(Psalms 12:6).കാപട്യം നിറഞ്ഞ ഈ ലോകത്തിന്റെ ശക്ത്തിയിൽ നിന്നും നീചത്വം നിറഞ്ഞ മനുഷ്യരുടെ പിടിയിൽ നിന്നും കർത്താവ് നമ്മെ കാത്തുക്കൊള്ളട്ടെ....

തൂവെള്ള നിറമുള്ള മഞ്ഞു പെയ്യുന്ന ഡിസംബറിലെ തണുത്ത രാത്രി.ദാവീദിന്റെ പട്ടണമായ ബേത്‌ലെഹമിൽ കർത്താവായ യേശു ക്രിസ്തു ജനിച്ചിരിക്കുന്നു.പിള്ളക്കച്ചകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾക്ക് കാണാം (Luke 2:10-12) എന്ന  ദൈവദൂതന്റെ   വെളിപ്പെടുത്തൽ  രക്ഷകനെ കാത്തിരുന്ന ഈ ലോകത്തിന്  പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തൂകി.എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഡിസംബറിലെ തണുത്ത രാത്രി പ്രതീക്ഷിച്ചിരിക്കുന്ന സുഹൃത്തേ; ഇതാ ചില ചിന്തകൾ...
  • യേശുവിന്റെ ജനനത്തെക്കുറിച്ച് വചനത്തിൽ എന്ത് രേഖപ്പെടുത്തിയിരിക്കുന്നു?.
  • ഡിസംബർ 25ന്റെ തണുത്ത രാവിൽ തന്നെയാണോ യേശുവിന്റെ ജനനം?.
  • അല്ലെങ്കിൽ എന്നാണ്‌ യേശുവിന്റെ ജനനം?.
  • എന്തുകൊണ്ട് ഡിസംബർ 25 യേശുവിന്റെ ജനനമായി കണക്കാക്കുന്നു?.
  • യഥാർത്ഥത്തിൽ എന്താണ് ഒരു ക്രിസ്തു വിശ്വാസിയുടെ ക്രിസ്തുമസ്സ്?.
വൈരുദ്ധ്യ ഭാവങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ ഈ ചിന്തകൾ ചിലപ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം.ഞാൻ ഇതെല്ലാം അറിയേണ്ടതുണ്ടോ എന്ന തോന്നലും അസാധാരണമല്ല. ദൈവവചനം വിശ്വാസ വളർച്ചയുടെ അടിസ്ഥാനവും പരിശുധനായവനെ അറിയുന്നത് അറിവിന്റെ പൂർണ്ണതയുമായതിനാൽ(Proverbs 9:10-11) ജ്ഞാനത്തിന്റെ ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ചറിയേണ്ടതുണ്ട്.സുഗമവും സന്തോഷകരവുമായ വിശ്വാസജീവിതയാത്രക്ക് ഇത്തരം തിരിച്ചറിവുകൾ കൂടുതൽ സഹായകമാകും എന്ന് ഞാൻ കരുതുന്നു.

യേശുവിന്റെ ജനനം :

ബേത്‌ലെഹമിൽ യേശു എന്ന് ജനിച്ചുവെന്ന് (തീയ്യതിയോ,മാസമോ,സമയമോ,വർഷമോ) വചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വ്യതസ്ത വീക്ഷണകോണുകളിൽ നിന്നും പരിശുദ്ധാത്മാവിനാൽ പൂരിതരായി എഴുതപ്പെട്ട നാല് സുവിശേഷങ്ങളിലും ഇതിനെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല.രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെട്ടു എന്നതിനാലും ( Luke 2:8) ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെട്ടു എന്നതിനാലും (Mathew2:2) യേശുവിന്റെ ജനനം രാത്രിയിലായിരുന്നു എന്ന് കണക്കാക്കാം.

മഞ്ഞു പെയ്യുന്ന ഡിസംബർ :

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ ദൈവം; മോശ വഴി കാനാൻ ദേശത്തേക്ക് നയിക്കുന്ന ദിവസം മുതൽ അവരുമായി ഇടപ്പെടുന്ന എല്ലാ സാഹചര്യങ്ങൾക്കും ദൈവം സമയവും, മാസവും, വർഷവും കുറിച്ചിരുന്നതായി പഴയനിയമത്തിൽ നമുക്ക് കാണാം(Exodus 12:1,12:4,13:3....).
അഹറോന്റെ സന്തതികളെ ദാവിദു് ശുശ്രുഷയുടെ ക്രമമനുസരിച്ച്‌; എലെയാസറിന്റെ പിൻഗാമികളെ പതിനാറ് ഗണമായും ഇത്താമറിന്റെ പിൻഗാമികളെ എട്ട് ഗണമായും (1Chronicles 24:4) തിരിക്കുന്നു.അങ്ങനെ ആകെ 24 ഗണമായി പുരോഹിതവംശമായി അവരെ തിരഞ്ഞെടുക്കുന്നു.കർത്താവ് കൽപ്പിച്ചതനുസരിച്ച് പിതാവായ അഹറോൻ നിശ്ചയിച്ച ക്രമമനുസരിച്ച്‌  (30 ദിവസങ്ങൾ ഉള്ള 12 മാസങ്ങളാണ് ഹീബ്രു കലണ്ടർ. അതിനാൽ ഒരു ഗണം ഏകദേശം 14/ 15 ദിവസം) ദേവാലയത്തിൽ ശുശ്രുഷചെയ്യാൻ അവർ വരേണ്ടിയിരുന്നു (1Chronicles 24: 5-19). 

യേശുവിന്റെ ജനനത്തിന് മുന്നോടിയായി യോഹന്നാന്റെ ജനനത്തെക്കുറിച്ച് (Luke 1:5)വചനത്തിൽ കാണാൻ കഴിയും.യോഹന്നാന്റെ പിതാവായ സഖറിയ;അബിയ ഗണത്തിലെ പുരോഹിതനായിരുന്നു. പുരോഹിത ക്രമമനുസരിച്ച്‌ എട്ടാമത്തെ ഗണം(1Chronicles 24:10).ഹീബ്രു കലണ്ടർ ശുശ്രുഷ ക്രമമനുസരിച്ച് നാലാമത്തെ മാസം(ഒരു മാസം രണ്ട് ഗണം).അതായത് ഈ കാലഘട്ടത്തിലെ കലണ്ടർ (Gregorian) അനുസരിച്ച് ജുണ്‍ /ജൂലായ്‌ മാസത്തിൽ.
സഖറിയുടെ ശുശ്രുഷയുടെ ദിവസങ്ങൾ പൂർത്തിയാക്കി വീട്ടിൽ ചെന്നതിനു ശേഷമാണ് എലിസബത്ത് ഗർഭം ധരിച്ചതായി (കലണ്ടർ അനുസരിച്ച് June /July) വചനത്തിൽ(Luke1:23)രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട മറിയത്തിന് ദൈവീക മഹത്വത്തിന്റെ പ്രത്യക്ഷ അടയാളമായി ദൂതന്റെ വെളിപ്പെടുത്തലിൽ നിന്നും മറിയം യേശുവിനെ ഗർഭം ധരിക്കുമ്പോൾ ചാർച്ചക്കാരിയായ എലിസബത്തിന്   അത് ആറാം മാസം(Luke1:36). വ്യക്തമാക്കിയാൽ ജുണ്‍ /ജൂലായ്‌ മാസത്തിൽ ഗർഭം ധരിക്കപ്പെട്ട എലിസബത്തിനെ മറിയം സന്ദർശിക്കുന്നത് ആറ്  മാസങ്ങൾക്ക് ശേഷം ഏകദേശം ഡിസംബർ / ജനുവരി മാസത്തിൽ. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട  മറിയത്തിന് ഇത് ആദ്യ മാസം(Dec/Jan). അങ്ങനെയെങ്കിൽ കണക്കുകൾ അനുസരിച്ച് ഡിസംബറിൽ അല്ല; ഏകദേശം സെപ്റ്റംബർ / ഒക്ടോബർ (Sep/Oct) മാസത്തിലാണ് യേശുവിന്റെ ജനനം എന്ന് അനുമാനിക്കേണ്ടിവരും

ചരിത്ര കണക്കുകൾ അനുസരിച്ചുള്ള ഈ ചിന്തകൾ ശരിയായിരിക്കാം എന്ന് ഉറപ്പ് നൽകുന്ന ഒരു ഭാഗം വചനത്തിൽ കാണാൻ കഴിയും.  വയലുകളിൽ രാത്രി കാലങ്ങളിൽ ആടുകളെ കത്ത് കൊണ്ടിരുന്ന ഇടയന്മാർക്കാണ് (Luke 2:8) ആദ്യമായി ദൈവത്തിന്റെ ദൂതൻ രക്ഷയുടെ സദ്‌വാർത്ത അറിയിക്കുന്നത്. തണുപ്പ് രാജ്യങ്ങളിൽ മഞ്ഞുകാലത്ത് ആടുകളെ മേയിക്കാൻ വയലുകളിൽ വിടുന്ന പതിവില്ല.പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ; കാരണം മഞ്ഞിനാൽ പൊതിഞ്ഞ പുല്ല് ഭക്ഷിക്കാൻ യോഗ്യമല്ലാത്തതിനാലും, അതിശൈത്യം  അവയെ യഥേഷ്ട്ടം മേയാൻ  അനുവദിക്കാത്തതിനാലും അവയെ കൂടുകളിൽ തന്നെ പാർപ്പിക്കാൻ ഇടയന്മാർ താൽപ്പര്യപ്പെട്ടിരുന്നു. വയലുകളിൽ രാത്രികാലങ്ങളിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർ എന്ന പ്രയോഗം തണുപ്പ് കാലത്തിന് മുൻപുള്ള സെപ്റ്റംബർ / ഒക്ടോബർ(Sep/Oct) മാസങ്ങളിലായിരിക്കാം യേശുവിന്റെ ജനനം എന്ന ചിന്തകൾക്ക് ഉറപ്പുനൽകുന്നു

ഡിസംബർ 25 - ക്രിസ്തുമസ്സ് :

ആദിമ സഭയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ യേശുവിന്റെ ജനനത്തിന്റെ ഓർമ്മ (ക്രിസ്തുമസ്സ് ) എന്ന ഒരു ചിന്തയോ ആഘോഷമോ ഉണ്ടായിരുന്നില്ല.പകരം, യേശു എന്ന ഏക രക്ഷകന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ വിശ്വാസ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മൂദീസായും (Ephesians 4:5) എന്ന വചന പ്രകാരം തന്നെ.

സഭയുടെ വളർച്ചയോടൊപ്പം സാന്മാർഗ്ഗിക നിയമങ്ങൾ സംബന്ധിച്ച വിജ്ഞാനം കുറവുണ്ടായിരുന്ന കൊരിന്തീസിലെ ഉൾപ്പെടെ ഗ്രീസിലെ  ജനങ്ങൾക്കിടയിൽ വിഗ്രഹാരാധാനയും തതുല്യമായ വിശ്വാസ രീതികളും (Paganisamനടമാടി കൊണ്ടിരുന്നു.ഇവ പിന്നീട് റോമിലേക്കും പടർന്നു പന്തലിച്ചു. കോരിന്തൊസ്സ് ലേഖനങ്ങൾ ഇവ വ്യക്ത്തമാക്കുന്നു.

A D 313-ൽ റോമാ ചക്രവർത്തിയായിരുന്ന കോണ്‍സ്റ്റന്റിൻ(Constantine) ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായും നിർബന്ധിത വിശ്വാസ മാർഗ്ഗമായും പ്രഖ്യാപിച്ചു. എങ്കിലും അന്തവിശ്വാസങ്ങളെയും സൂര്യ-ചന്ദ്രന്മാർ  ഉൾപ്പെടുന്ന ഗ്രീക്ക്- റോമൻ ദേവന്മാരെയും (Paganisam) പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

റോമിൽ ഡിസംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം സൂര്യന്റെ പ്രകാശ ദൈർഘ്യം മറ്റുള്ള  ദിവസങ്ങളേക്കാൾ കൂടുതലായിരിക്കും എന്നതിനാൽ അവർ ആ ദിവസം പ്രതീക്ഷയുടെ പുതിയ വർഷമായി മലാക്കി പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള  നീതി സൂര്യന്റെ ജനനമായി (Malakki 4: 2) തെറ്റായി വിശ്വസിച്ചിരുന്നു. അങ്ങനെ രക്ഷകനായി സൂര്യനെ (Unconquered Sun) അവർ ആരാധിച്ചു പോന്നിരുന്നു. 

ഇത്തരം അന്തവിശ്വാസങ്ങൾക്ക് മുഴുവനായും മാറ്റം വരുത്താൻ കഴിയാത്തതിനാലും ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായി മറ്റേണ്ടാതിനാലും അവരുടെ അന്തവിശ്വാസ ചുവടുപിടിച്ച്  പുതിയ വ്യാഖ്യനവുമായി ഡിസംബർ 25 യേശുവിന്റെ ജനനമായി  കോണ്‍സ്റ്റന്റിൻ ചക്രവർത്തി പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഒന്നാകെ  സ്വീകരിച്ചിരിക്കുന്ന ഒരു വിശ്വാസത്തിന്റെ രത്നചുരുക്കമാണിത്. ക്രിസ്തുമസ്സ് എന്നതിന്റെ ആത്മീയ ബോധ്യം നഷ്ട്ടപ്പെട്ട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസ്തൃതമായി വ്യതിയാനം സംഭവിച്ച് ഇന്ന്  2013-ൽ നമ്മുടെ മുൻപിൽ എത്തപ്പെട്ടിരിക്കുന്നു.

ഒരു ക്രിസ്ത്യാനിക്ക് എന്താണ് ക്രിസ്തുമസ്സ്?.

ഡിസംബറോ... സെപ്റ്റംബറോ...യേശുവിന്റെ ജനനം എന്നുമാകട്ടെ...ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തിൽ ആ ദിവസ കണക്കിന് ഒട്ടുംതന്നെ പ്രാധാന്യം ഇല്ല. യേശുവിനേയും ദൈവവചനത്തേയും വിവേചിച്ചറിഞ്ഞ് അതിന്റെ ഉൾക്കാഴ്ചയിൽ നിലനിൽക്കുന്ന ജീവിതം അതാണ് യേശു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസും,യൂദാസും.  തന്റെ സ്വാർത്ഥ ധന ലാഭം കണക്കാക്കിയാണ്  യൂദാസ് യേശുവിനെ ഉൾകൊണ്ടിരുന്നത് എന്നാൽ നീ ജീവിക്കുന്ന ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16)  എന്ന പത്രോസിന്റെ ഉൾകാഴ്ച അവനെ ഉറച്ച വിശ്വാസത്തിലേക്ക് നയിച്ചു.
ലോകത്തിന്റെ കണക്കനുസരിച്ച് ഡിസംബർ 25ന് മാത്രം യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുമ്പോൾ, ഭൌതീകമായ സന്തോഷത്തിനും ആഘോഷത്തിനും മാത്രമായി ക്രിസ്തുമസ്സ് മാറ്റപ്പെടുമ്പോൾ സുഹൃത്തെ;യൂദാസിന്റെ ചിന്തയിൽ നിന്നും നീ വ്യത്യസ്തനല്ല എന്ന് നീ ഓർക്കണം




  • യേശുവിനോടൊപ്പം കുരിശിൽ  വലത്ത്  ഭാഗത്ത്‌ തറക്കപ്പെട്ട കള്ളൻ; ആ കുരിശിൽ കിടന്നാണ് യേശു എന്ന രക്ഷകനെ അവൻ കൈകൊള്ളുന്നത്‌(Luke 23:42-43).അന്നായിരുന്നു അവന് ക്രിസ്തുമസ്സ്.....
  • കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ വധ ഭീക്ഷണി മുഴക്കി മുന്നേറിയിരുന്ന സാവൂൾ; 'നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ' (Acts 9:3-6) എന്ന ദൈവശബ്ദം  അവനിൽ യേശു എന്ന രക്ഷകന്റെ ജനനത്തിനു കാരണമാക്കി...
  • യേശുവിനെ കാണാൻ മരത്തിൽ കയറിയ സക്കേവൂസ്; 'ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'(Luke 19:5)എന്ന ദൈവവിളി അവനെ പുതിയ ഒരു മനുഷ്യനാക്കാൻ, യേശു എന്ന രക്ഷകൻ അവനിൽ ജനിക്കാൻ ഇടയാക്കി...
  • മുടന്തനും, കുഷ്ട്ടരോഗിയും പാപിനിയായ സ്ത്രീയും എല്ലാം വിശ്വാസം ഏറ്റുപറഞ്ഞ്  ഈ ലോകത്തിലേക്ക് വന്ന രക്ഷകനെ കണ്ട് മുട്ടിയ എത്രയോ സന്ദർഭങ്ങൾ വചനത്തിൽ കാണാൻ കഴിയും.

  • ക്രിസ്തു മഹത്വത്തെ അറിയുവാനും അങ്ങനെ യേശു ക്രിസ്തു എന്റെ രക്ഷകനാണെന്ന സത്യം ഹൃദയത്തിൽ സ്വീകരിക്കപ്പെടുവാനും നമുക്ക് കഴിയണം. അങ്ങനെ വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് കടന്ന് വരുന്ന നിമിഷം; നിനക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു(Luke 2:11)....അവന്റെ കരുണയാൽ നിനക്ക് രക്ഷ(Ephesians 1:8)കൈവന്നിരിക്കുന്നു എന്ന; നിനക്ക് വേണ്ടിയുള്ള  സദ്‌വാർത്ത കേൾക്കാൻ കഴിയണം. അതെ സുഹൃത്തെ; യേശുവിനെ രക്ഷകനും നാഥനുമായി നീ അനുഭവിച്ചറിഞ്ഞ്  അവനെ നിന്റെ ഹൃദയത്തിൽ  സ്വീകരിക്കുന്ന നിമിഷം, നീ വീണ്ടും ജനനത്തിന്റെ അനുഭവത്തില്ലേക്ക് കടന്നു വരുന്ന നിമിഷം, അന്നാണ് നിനക്കുവേണ്ടിയുള്ള രക്ഷകന്റെ ജനനം- നിന്റെ  ക്രിസ്തുമസ്സ്.


    വിശ്വാസി എന്ന നാമകരണം ചെയ്യപ്പെട്ട സഹോദരാ; എന്നായിരുന്നു നിന്നിൽ യേശുവിന്റെ ജനനം?.... അല്ല;യേശു എന്ന രക്ഷകൻ നിന്നിൽ ജനിച്ചിട്ടുണ്ടോ?. യേശുവിനോടൊപ്പം നടന്നപ്പോഴും യൂദാസിന് യേശു രക്ഷകൻ ആകപ്പെട്ടിട്ടില്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം.

    യേശു എന്ന രക്ഷകൻ നിന്റെ ഹൃദയത്തിൽ ജനിക്കാതെ, ഈ ലോകത്തിന്റെ ആചാര ചടങ്ങുകൾക്ക് അനുസരിച്ച് ഡിസംബർ 25 നു കൃത്യം രാത്രി 12 മണിക്ക് യേശുവിനെ ജനിപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന സുഹൃത്തേ;'നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല' (Mathew 7:23) എന്ന യേശുവിന്റെ വചനം ഓർക്കണമേ...

    യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുന്നത് തെറ്റാണെന്നല്ല; മറിച്ച് നമ്മുടെ വിശ്വാസ വഴിയെ പരിശോധോച്ചറിയാൻ, വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ നമുക്ക് കഴിയണം എന്ന് ഓർമിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വാസ തലത്തെ സ്വയം വിലയിരുത്തി തനെത്തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാൻ അങ്ങനെ അവന്റെ നാമത്തിൽ വിശ്വസിക്കാൻ, അവനെ സ്വീകരിക്കാൻ, വീണ്ടും ജനിക്കാൻ, അവന്റെ കൃപയാൽ രക്ഷപ്രാപിക്കാൻ,ദൈവമക്കളാകാൻ നമുക്ക് കഴിയട്ടെ....

    പുൽകൂട്ടിൽ പിറന്ന യേശുവിലുണ്ടായിരുന്ന കൃപയും സത്യവും നിറഞ്ഞ ക്രിസ്തു എന്ന ദൈവത്തിന്റെ മഹത്വം ദർശിക്കാൻ, ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ ഇടയാകട്ടെ....പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
                                                                             ദൈവത്തിന് നന്ദി...

    Sunday, 27 October 2013

    ആരാണ് എന്റെ ശത്രു...?

    മുൻപിലും പിൻപിലും അവിടുന്ന് എനിക്കു കാവൽനിൽക്കുന്നു.അവിടുത്തെ കരം എന്റെമേലുണ്ട്. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു.എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്(Psalms 139:5-6).അമൂല്യവും വിപുലവുമായ അങ്ങയുടെ ചിന്തകൾ ഗ്രഹിക്കാനും അങ്ങയുടെ ഹിതം അനുവർത്തിക്കാനും പരിശുദ്ധാത്മാവ്  നിരപ്പുള്ള വഴിയിലൂടെ നമ്മെ നയിക്കട്ടെ.

    മോശ വഴി നൽകപ്പെട്ട കല്പനകളെ പാലിച്ചുപോന്ന ജനത്തെ സ്നേഹിതരായും കല്പനകൾ പാലിക്കാത്തവരെ ശത്രുവായും കണക്കാക്കിപ്പോന്ന യഹൂദജനത്തോട് പ്രവചനങ്ങളുടെ പൂർത്തീകരണമായ യേശു പറഞ്ഞു 'ശത്രുക്കളെ സ്നേഹിക്കുവിൻ' (Mathew 5:44). 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു  ചുറ്റി നടക്കുന്നു'(1Peter 5:8).ഈ ദൈവവചനം പിശാച് നമ്മുടെ ശത്രു എന്ന് ഓർമ്മപ്പെടുത്തുമ്പോൾ സുഹൃത്തേ;ചില ചോദ്യങ്ങൾ...

    • പിശാചാണ് എന്റെ ശത്രുവെങ്കിൽ;ഞാൻ പിശാചിനെ സ്നേഹിക്കണമോ?.
    • പിശാചല്ല എന്റെ ശത്രുവെങ്കിൽ; ആരാണ് എന്റെ ശത്രു ?. 
    • എങ്ങനെയാണ് എന്റെ ശത്രുവിനെ സ്നേഹിക്കുക ?.

    അവിശ്വാസിയിൽ നിന്നുമുയരുന്ന ഇത്തരം ചില ചോദ്യങ്ങൾ നമ്മുടെ വിശ്വാസവളർച്ചയെ ഹാനികരമായി ബാധിച്ചേക്കാം.അതിനാൽ ആത്മാവും ജീവനുമായ ദൈവവചനത്തിന്റെ (John6:63b)കലർപ്പില്ലാത്ത സത്യം തിരിച്ചറിയുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ അത്യന്താപേഷികമാണ്.മുകളിൽ പ്രതിപാദിച്ചിരിക്കുന്ന  രണ്ട് വചനങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. സത്യമെന്ന് തോന്നിപ്പിച്ച്, ഒറ്റനോട്ടത്തിൽ ശരിയല്ലേ? എന്ന സംശയം ഉണ്ടാക്കാവുന്ന വിധം കൂട്ടിച്ചേർത്തവ.
     
    ദൈവവചനാടിസ്ഥാനത്തിൽ രണ്ട് തരത്തിലുള്ള ശത്രുക്കളെ നമുക്ക് കാണാൻ കഴിയും. അനുദിന ജീവിതത്തിൽ ഭൌതീകമായി ശത്രുതക്ക് കാരണമായേക്കാവുന്ന സഹോദരൻ എന്ന ശത്രുവും ദൈവസ്നേഹത്തിലേക്ക് നാം എത്തപ്പെടാതിരിക്കാൻ നമ്മെച്ചോല്ലി ദൈവവുമായി മത്സരിക്കുന്ന പിശാച് എന്ന ആത്മീയ ശത്രുവും.

           ഭൌതീക ശത്രു ---> സഹോദരൻ

    ആത്മീയ ശത്രു ---> പിശാച്.

    ഭൌതീക ശത്രു :
    യേശു തന്റെ ജീവിതത്തിൽക്കൂടിനമുക്ക് നൽകിയ ഒരു ഉദാത്തമാതൃകയാണ്‌ ശത്രുസ്നേഹം.സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരാൻ  ശത്രുക്കളെപ്പോലും സ്നേഹിക്കണം (Mathew 5:45) എന്ന് ദൈവവചനം നമ്മോട് പറയുന്നു. ഈ ശത്രുസ്നേഹം പിശാചായ ശത്രുവിനെയല്ല മറിച്ച്; തന്നെപ്പോലെതന്നെ ദൈവത്തിന്റെ നിശ്വാസത്താൽ ജീവൻ പ്രാപിച്ച സഹോദരനെ സ്നേഹിക്കണം എന്നാണ് വെളിപ്പെടുത്തുന്നത്.ഈ ലോകജീവിതത്തിലെ നൈമീഷിക ആഗ്രഹ സഫലീകരണത്തിനായി ശത്രുവായി മാറ്റിയ സഹോദരനെയാണ് സ്നേഹിക്കേണ്ടത്. തെറ്റുകൾ ക്ഷമിച്ചു അവനെ സ്നേഹിക്കാൻ, അവനുവേണ്ടി പ്രാർത്ഥിക്കാൻ (Luke 6:27-29)വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. തന്റെ സഹോദരന്മാർ കൈവിട്ടപ്പോഴും,സ്വന്തം നാട്ടിൽ അവഹേളിക്കപ്പെട്ടപ്പോഴും,അകാരണമായി കുറ്റപ്പെടുത്തിയപ്പോഴും,സ്വന്തം ശിഷ്യൻ തള്ളിപ്പറഞ്ഞപ്പോഴും, കുറ്റവാളിയായി ചുമത്തപ്പെട്ടപ്പോഴുമെല്ലാം ശത്രുസ്നേഹത്തിന്റെ വ്യക്തമായ പ്രകടനമാണ് നമുക്ക് കാണുവാൻ കഴിയുന്നത്‌.
       
    ആത്മീയ ശത്രു:
    പിശാചാണ് എന്റെ ആത്മീയ ശത്രു എന്ന് വിളിച്ചുപറയാൻ വരട്ടെ...അതിനുമുൻപ്‌ ചില സത്യങ്ങൾ പരിശോധിച്ചറിയേണ്ടതായുണ്ട്.തന്റെ ആഗ്രഹങ്ങൾക്കും മാർഗ്ഗങ്ങൾക്കും തടസമായി വരുന്നവരെ ശത്രുവായി കണക്കാക്കുന്നത് ശത്രുതയുടെ ഒരു ഭാഗമെങ്കിൽ മറ്റുള്ളവരെ തന്നില്ലേക്ക് കടന്നുവരാൻ തന്നിൽ ഇടപ്പെടാൻ അനുവധിക്കാതിരിക്കുന്നതും ഒറ്റപ്പെടുത്തുന്നതും ശത്രുതയുടെ വേദനാജനകമായ മറുഭാഗമാണ്.  
    'ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങൾ അറിയുന്നില്ലേ?. ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു'(Jacob 4:4:).

    ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്താതെ അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാതെ യുക്തിവിചാരത്താൽ(Romans 1:11) മുന്നോട്ടുപോകുന്ന സുഹൃത്തേ; ആരാണ് നിന്റെ ശത്രു?.

    ജ്ഞാനികളെന്ന് ഭാവിച്ച് അന്ധകരത്തിലാണ്ടിരിക്കുന്ന നിങ്ങളുടെ ശത്രു പിശാചല്ല മറിച്ച് ദൈവമാണ്

    പ്രാർത്ഥിക്കുവാൻപോലും സമയം ലഭിക്കാതെ തിരക്കിട്ട്  ഈ ലോകമോഹങ്ങൾക്ക് പുറകേ ഓടുന്ന നാം; ദൈവത്തെ തന്നിലേക്ക് കടന്നുവരാൻ അനുവദിക്കാതെ(ശത്രുവായി) മാറ്റി നിറുത്തിയിരിക്കുന്നു. ദൈവവചനം വായിച്ച് ആത്മാവിന്റെ ശക്തിയാൽ ഗ്രഹിക്കുമ്പോൾ, താൻ ഇതുവരെ പിന്തുടർന്ന് വന്ന പാരബര്യവിശ്വാസത്തിന് മുറിവേൽക്കുമെന്നതിനാൽ വചനത്തെ കൗശലപൂർവം അവഗണിക്കുന്ന (Mark7:8-9) സുഹൃത്തേ നിങ്ങൾ തിരിച്ചറിയണം; പിശാച്ചല്ല,ദൈവമാണ് നിങ്ങളുടെ ശത്രു. 'പ്രകാശത്തിന്റെ വഴി പരിചരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്യാതെ അതിനെഎതിർക്കുന്നതാണ് '(Job24:13) ദൈവത്തോടുള്ള ശത്രുതയുടെ ഒരു ബാഹ്യപ്രകടനം

    സത്യം അറിഞ്ഞിട്ടും സ്വീകരിക്കാൻ കഴിയാതെ നഷ്ട്ടങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ഭയം നൽകി പിന്തിരിപ്പിക്കുന്ന പിശാച്ച്, ഇപ്പോൾ നിന്റെ ശത്രുവല്ല മിത്രമാണ്.സത്യവചനമായ യേശു സമീപസ്ഥമാണെങ്കിലും എനിക്ക് ഒന്നും അറിയില്ല, എനിക്ക് കൂടുതൽ അറിയേണ്ടതില്ല എന്ന് ചിന്തിച്ച്  ജീവിക്കുന്ന നാം യേശുവിനെ നമ്മിലേക്ക്‌ കടന്നുവരാൻ അനുവദിക്കാതെ ശത്രുവാക്കി മാറ്റി നിറുത്തുന്നു.

    സഭയുടേയും സമൂഹത്തിന്റെയും അംഗീകാരം നേടിയെടുക്കാൻ വിശ്വാസി എന്ന തലപ്പാവ് ധരിച്ചിരിക്കുന്ന സുഹൃത്തേ,ജഡിക താൽപര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്റെ ശത്രുവാണ്(Romans 8:7).കർത്താവേ കർത്താവേ എന്ന് വിളിച്ചപേക്ഷിക്കുബോഴും ഞാൻ നിന്നെ അറിഞ്ഞില്ല എന്ന ഉത്തരമാണ് നിനക്ക് ലഭിക്കുക കാരണം ജഡിക പ്രവണതകൾക്ക് അനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല(Romans 8:8)

    ദൈവത്തിന്റെ അലയമാകേണ്ട നിങ്ങളുടെ ഹൃദയം (1 Cori 6:19) ഇപ്പോൾ ദൈവേഷ്ട്ടമാണെന്ന്  തോന്നിപ്പിച്ച് നാം പോലും അറിയാതെ പിശാചിന്റെ കുടില തന്ത്രങ്ങളുടെ പ്രവർത്തന കേന്ദ്രമാക്കിയിരിക്കുന്നു. ദൈവത്തെ നമ്മുടെ ഹൃദയത്തിൽ  വാഴാനും നമ്മിൽ വ്യപരിക്കാനും അനുവദിക്കാതെ പിശാച്ച് നൽകിയ അത്തിഇലകളാൽ മറഞ്ഞിരിക്കുന്നു.രക്ഷിക്കാൻ കഴിയുന്ന ജീവന്റെ ഉറവയെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറ്റിൽ  അഭയം പ്രാപിക്കുന്നതുപോലെ (Jermiah 2:13) ഈ ലോകത്തിന്റെ ദേവന്മാർക്ക് പിറകേ പോകുമ്പോൾ, പിശാച് എന്ന തന്ത്രശാലിയുടെ പിടിയിലാണ് നാമ്മെന്ന് തിരിച്ചറിയണം. 
    'എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടബടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം?.നീ ശിക്ഷണത്തെ വെറുക്കുന്നു;എന്റെ വചനത്തെ നീ അവഗണിക്കുന്നു(Psalms 50:16-17)എന്ന വചനം നാം ഓർക്കണം.
        
    ദൈവവുമായി അടിസ്ഥാന ബന്ധംപോലും പുലർത്താൻ കഴിയാതെ വചനത്തെ കൂട്ടിതുന്നി കോർത്തിണക്കി എത്രതവണ പ്രാർത്ഥിച്ചാലും പിശാചെന്ന മിത്രത്തിലേക്ക് അടുക്കുവാൻ; അറിയാതെ ആണെങ്കിലും ദൈവത്തെ ശത്രുവായി മാറ്റുവാൻ കാരണമാകുന്നു.

    യേശുമാത്രമാണ് എന്റെ രക്ഷകനെന്നും(Acts4:12) ദൈവത്തിന്റെ മുൻപിൽ യേശുവല്ലാതെ മറ്റൊരു മദ്ധ്യസ്ഥനുമില്ലയെന്ന (1John 2:1)സത്യം ഉൾകൊണ്ടുകൊണ്ട് അവന്റെ കുരിശിലെ ബലി എന്റെ ജീവിതത്തിലും അനുഭവവേദ്യമാകുമ്പോൾ(Romans 6:4) മാത്രമേ പിശാച്ച് എന്റെ ശത്രു ആയി മാറ്റപ്പെടുന്നുള്ളൂ  എന്ന സത്യവചന തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ. 

    അവിശ്വസ്തരായ മക്കളെ.തിരിച്ചുവരുവിൻ.ഞാൻ നിങ്ങളുടെ അവിശ്വതത പരിഹരിക്കാം(Jermiah 3:22).സ്നേഹനിധിയായ സ്വർഗ്ഗസ്ഥനായ പിതാവിന്റെ വിളിക്ക് കാതോർക്കാം.നമുക്ക് തന്നെത്തന്നെ ആത്മപരിശോധ ചെയ്യാം.യേശുവിനെ രക്ഷകനും നാഥനുമായി നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ട്ടിക്കം.അങ്ങനെ പിശാചിനെ ശത്രുവാക്കി ദൂരെയകറ്റാം.സ്നേഹിക്കുവനുള്ള ശത്രുവായിട്ടല്ല മറിച്ച് ദൈവത്തിന്റെ വലതുഭാഗത്തേക്ക് എത്തപ്പെടുന്നതുവരെ നിഗ്രഹിക്കേണ്ടതായ നിത്യ ശത്രുവാക്കി മാറ്റാം.പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
    ദൈവത്തിന് നന്ദി...

    Friday, 20 September 2013

    ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷം...

    എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു. ജാഗരൂകതയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു(Proverbs8:17). ജ്ഞാനത്തിന്റെ  ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ച് കണ്ടെത്താൻ പരിശുദ്ധാത്മാവ് നമ്മെ അനുഗ്രഹിക്കട്ടെ. 

    ഭുമിയിലെ പൂഴികൊണ്ട് രൂപപ്പെടുത്തി ജീവന്റെ ശ്വാസം നാസാരന്ധ്രങ്ങളില്ലേക്കു നിശ്വസിച്ചതുവഴി  ജീവനുള്ളതായി തീർന്ന മനുഷ്യന്,സകല സൃഷ്ടികളിന്മേലും ലഭിച്ച ആധ്യപത്യത്തോടെയാണ് ആറ് ദിവസം നീണ്ടുനിന്ന പ്രപഞ്ചസൃഷ്ട്ടി പൂർണ്ണമാകുന്നത്.ജീവിക്കാൻ ഏദൻ തോട്ടം,തോട്ടം നനയ്ക്കാൻ നദികൾ,ഭക്ഷിക്കാൻ തോട്ടത്തിൽ സ്വാദുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങൾ, തോട്ടത്തിൽ കൃഷി ചെയ്യാൻ അവകാശം,സകല ജീവജാലങ്ങളുടെമേലും അധികാരം. തന്റെ എല്ലാ സൃഷ്ടികളും നല്ലതെന്ന് കണ്ട ദൈവം;സൃഷ്ട്ടിയുടെ മകുടമായ മനുഷ്യനോട് ഒന്ന് കൽപ്പിച്ചു 'തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും' (Genesis2:16-17)

    • ഭക്ഷിച്ചാൽ മരിക്കുമെങ്കിൽ എന്തിന് അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുവിൽ വളർത്തി ?.
    • സാത്താനെ എന്തിന് തോട്ടത്തിൽ കടക്കാൻ ദൈവം അനുവദിച്ചു?. 
    • എന്താണ് ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും?.
    • എന്താണ് അറിവിന്റെ വൃക്ഷത്തിലെ നന്മയും തിന്മയും?. 
    • ഭക്ഷിച്ചാൽ മരിക്കുമെന്ന് കല്പിച്ച  വൃക്ഷത്തിന്റെ പഴം ഭക്ഷിച്ചിട്ടും എന്തുകൊണ്ട് അവർ മരിച്ചില്ല?.    

    ചിന്തകൾ ....
    ദൈവമനുഷ്യബന്ധത്തെ വിശുദ്ധഗ്രന്ഥത്തിൽ പ്രത്യേകിച്ച് പുതിയ നിയമത്തിൽ വിവധതരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടയനും ആട്ടിൻകൂട്ടവും, മുന്തിരിചെടിയും ശാഖകളും ഇങ്ങനെ വിവധങ്ങൾ. എന്നാൽ ഏദൻ തോട്ടത്തിലെ ദൈവമനുഷ്യ ബന്ധം ഇതിനെക്കാൾ ശക്തമായിരുന്നു. സൃഷ്ട്ടികർമ്മം മുതൽ ദൈവം മനുഷ്യന് നൽകിയ അവകാശം അതിന് തെളിവാണ്. ഭുമിയിലും ആകാശത്തുമുള്ള സകല ജീവജാലങ്ങളെയും മനുഷ്യന്റെ മുൻപിൽ കൊണ്ടുവന്ന്; അവൻ അവയ്ക്ക് വിളിക്കുന്ന പേരിന് കാതോർത്ത് കാത്ത് നിന്ന(Genesis 2:19) ദൈവത്തിന്റെ പ്രവർത്തി ദൈവമനുഷ്യബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിവേചന ശക്ത്തിയാൽ അവർ ദൈവബന്ധത്തെ തിരിച്ചറിയുമെന്നും ദൈവനിവേശിതമല്ലാത്തതിനെ അവർ സ്വീകരിക്കുകയില്ല എന്നുമ്മുള്ള ദൈവത്തിന്റെ വിശ്വാസം.  അതിനേക്കാളുപരി ദൈവം മനുഷ്യനു നൽകിയ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ദ്ര്യം(Ecclesiasticus15:14)ഈ ബന്ധമാണ് തോട്ടത്തിന്റെ നടുവിൽ ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ വളർത്താൻ കാരണമായത്. മനുഷ്യന് ദൈവത്തോടുള്ള വിശ്വാസവും ബന്ധവും പരീക്ഷിച്ചറിയുക എന്ന് സാരം.

    ദൈവവുമായി മത്സരിച്ചതിനാൽ ദൈവസന്നിധിയിൽ നിന്നും മാറ്റപ്പെട്ട ദൈവദൂതനാണ്(Isaiah 14 :11-15) സാത്താനായി രൂപം പ്രാപിച്ചത്. ദൈവത്തെ തോൽപ്പിക്കാൻ കാത്തിരിക്കുന്ന അവനെ; തന്റെ സൃഷ്ട്ടിക്ക് പോലും തകർക്കാൻ കഴിയും എന്ന ദൈവത്തിന്റെ കാഴ്ചപ്പാടാണ്, സാത്താൻ തോട്ടത്തിൽ പ്രവേശിക്കാൻ ഇടയായത്. ഈ വിശ്വാസബന്ധമാണ് പാപത്തിന്റെ ഇടപെടലിനാൽ തകർന്നു പോയത്.   

    ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ:

    ഏദൻ തോട്ടത്തിന് നടുവിൽ  വളർന്നിരുന്ന ഇവ രണ്ടും; ഇന്ന് നമുക്ക് ചുറ്റും കാണാൻ കഴിയുന്ന തരത്തിലുള്ള ഫലങ്ങൾ കായ്ക്കുന്ന രണ്ട് മരങ്ങളല്ല മറിച്ച്  രണ്ട് വിശ്വാസതലങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി  കാണുന്നതാണ് ഉചിതം . 

    'കൈവശപ്പെടുത്തുന്നവർക്ക്  ജീവന്റെ വൃക്ഷമാണ്.മുറുകെപ്പിടിക്കുന്നവർ സന്തുഷ്ട്ടരെന്ന് വിളിക്കപ്പെടുന്നു(Proverbs 3:18).വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തിൽ നിന്നും ഞാൻ ഭക്ഷിക്കാൻ കൊടുക്കും (Revelation 2:7)ദൈവീക സ്നേഹത്തെയും ആത്മീയ രക്ഷയേയുമാണ്  ജീവന്റെ വൃക്ഷം  പ്രതിനിധാനം ചെയ്യുന്നത്.

    എന്നാൽ,അറിവിന്റെ വൃക്ഷം എന്നത് കൂടുതൽ സൂക്ഷ്മതയോടെ ഗ്രഹിക്കേണ്ട ഒന്നാണ്.ഫലം ഭക്ഷിക്കരുത് എന്ന് ദൈവം കൽപ്പിച്ചതിനാൽ തന്നെ അറിവിന്റെ വൃക്ഷം ദൈവത്തിന് സ്വീകാര്യമല്ല എന്നത്  വ്യക്തമല്ലോ. പക്ഷേ ആ    ഫലത്തിൽ ഒരു നന്മയും തിന്മയും ഉണ്ട്.ഇവ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാൻ കാരണമായേക്കാവുന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ട്.  

    തിന്മ എന്നത് പാപത്തിന്റെ പര്യായമായാതിനാൽ അത് പിശാചിൽ നിന്നാണ് എന്നതിന് സംശയമില്ല.എന്നാൽ ഫലത്തിലെ നന്മ ഒളിഞ്ഞിരിക്കുന്ന ഒരു കെണിയാണ്. കൗശലക്കാരനായ സർപ്പത്താൽ വശീകരിക്കപ്പെട്ട ഹവ്വ; വിലക്കപ്പെട്ട കനി ഭക്ഷിക്കുവാൻ ആഗ്രഹിച്ചപ്പോൾ തന്നെ അതിന്റെ ഗുണങ്ങളായ നന്മയും തിന്മയും വേർത്തിരിച്ചറിഞ്ഞു. ആ പഴം ആസ്വാദ്യവും,കണ്ണിനു കൗതുകവും,അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണെനു അവൾ തിരിച്ചറിഞ്ഞു(Genesis 3:6)പിശാചുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ദൈവത്തിന്റെ കല്പന മറക്കുകയും  പിശാച് നല്കിയ പുതിയ അറിവ് സത്യമാണെന്ന്  അവൾ മനസിലാക്കി. നമ്മൾ തന്നെ തീരുമാനിക്കും ഏതാണ് ശരി,ഏതാണ് തെറ്റ് എന്ന്. നമ്മെ പിടികൂടിയിരിക്കുന്ന തെറ്റായ വിശ്വാസവും അതിന് കാരണമായ അറിവും സാഹചര്യവും അറിവിന്റെ വൃക്ഷത്തിലെ നന്മയെ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.  

    • അറിവിന്റെ വൃക്ഷത്തിലെ നന്മ തിന്മയുടെ മൂടുപടമാണ്.
    • ദൈവത്തിന് സ്വീകര്യമല്ലാത്ത നന്മ.
    • പാപത്തിന്റെ പിടിയിലകപ്പെടുന്ന നമുക്ക് കൈവരുന്ന നിർഭാഗ്യകരമായ അവസ്ഥയാണ്‌ അറിവിന്റെ വൃക്ഷത്തിലെ നന്മ.
    • ഇത് പിശാചിന്റെ ഒരു തെറ്റായ ബോധ്യമാണ്. 
    • ദൈവീക നന്മയെ കണ്ടെത്താതിരിക്കാൻ പിശാച്ച് നല്കുന്ന ഒരു കുറുക്കുവഴി.
    • പാപത്തിൽ നിന്നും ലഭിക്കുന്ന താല്കാലിക സുഖവും സംതൃപ്തിയും.

    നമ്മുടെ അനുദിന ജീവിതസാഹചര്യത്തിലും ഇത്തരം അറിവിന്റെ വൃക്ഷത്തിലെ നന്മയെ കണ്ടുമുട്ടാൻ കഴിയും. തിന്മയിലേക്കുള്ള ആകർഷണവും,അറിഞ്ഞോ അറിയാതയോ ചെയ്തുപോകുന്ന തെറ്റുകളോടുള്ള നമ്മുടെ ന്യായീകരണങ്ങളും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണെന്ന് മനസിലാക്കണം.ജീവിത സാഹചര്യങ്ങൾ മാത്രമല്ല;തെറ്റായി വ്യാഖനിക്കപ്പെടുന്ന ദൈവ വചനം പോലും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണ്.സ്വയം തെറ്റുകൾ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്നതിനു പകരം; നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാരുള്ള(Jeremiah2:28b) ഈ ലോകവിശ്വാസത്തിനു പുറകേ പായുമ്പോൾ ഓർക്കണം സുഹൃത്തേ;അറിവിന്റെ വൃക്ഷത്തിലെ ഫലമാണ് നമ്മൾ ഭക്ഷിക്കുന്നത്. ജീവനില്ലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്(Mathew 7:14) എന്ന് വചനം പറയുമ്പോൾ; ദൈവത്തെ എളുപ്പത്തിൽ ലഭ്യമാക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തിന് തുല്യമായ ഈ ലോകവിശ്വാസം നമ്മെ ദൈവത്തിലേക്ക് അടുക്കുന്നതിനു പകരം ദൈവത്തിൽ നിന്നും അകലാൻ കാരണമാക്കുന്നു.അത്ഭ്തങ്ങളിലും അടയാളങ്ങളിലും അകൃഷ്ട്ടരായി സത്യദൈവത്തെ കണ്ടുമുട്ടതെവരുന്നു.സത്യമെന്ന് തോന്നിപ്പിക്കുന്ന പിശാചിന്റെ വക്രതയാർന്ന പ്രവർത്തി.

    ദൈവത്തിന് സ്വീകര്യമല്ലാത്ത തിന്മയായണ്  അറിവിന്റെ വൃക്ഷത്തിലെ നന്മ.

    ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതം നന്മയും തിന്മയും തിരിച്ചറിഞ്ഞായിരിക്കണം എന്നതിനേക്കാൾ; ജീവന്റെ ഫലത്തെയും, അറിവിന്റെ ഫലത്തെയും വിവേജിച്ചറിയുന്നതായിരിക്കണം എന്നതാണ് ഉത്തമം. 

    പഴം കഴിക്കരുതെന്ന് ദൈവം കല്പ്പിച്ചിട്ടുണ്ടോ ? എന്ന സർപ്പത്തിന്റെ ചോദ്യം ഹവ്വയെ കീഴ്പ്പെടുത്തി എന്നതിന് തെളിവാണ്; കഴിക്കരുത് എന്ന് മാത്രമല്ല,തൊടുകപോലും അരുത് (Genesis 3:3) എന്ന് മറുപടി പറയാൻ കാരണമായത്.പഴം കഴിച്ചാൽ നിങ്ങൾ മരിക്കില്ല മറിച്ച് നന്മ തിന്മകൾ തിരിച്ചറിഞ്ഞ് ദൈവത്തെപോലെ ആകും എന്ന് ദൈവത്തിനറിയാം (Genesis 3:5) എന്ന പിശാചിന്റെ വെളിപ്പെടുത്തൽ അവളെ കൂടുതൽ ആകൃഷ്ട്ടയാക്കി. കണ്ണുകൾ തുറന്ന് ദൈവത്തെപോലെ ആകാം എന്ന ബോദ്ധ്യം അവളെ;ഭീകരമായ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചു.

    ദൈവെഷ്ട്ടമാണെന്ന് കരുതി നാം ചെയുന്ന ബലികളും കാഴ്ച്ചകളും അറിവിന്റെ വൃക്ഷത്തിലെ നന്മയുടെ ഭാഗമാണോ?.

    ലോകം ശരിയും സത്യവുമെന്ന് വിളിക്കുമ്പോൾ വിശ്വാസി, നീ ഒന്ന് കൂടി ചിന്തിക്കണം- ഇത് അറിവിന്റെ വൃക്ഷമാണോ? അതോ ജീവന്റെ വൃക്ഷമാണോ ?.

    ദൈവത്തെ കാണുന്നതിനായി ഒന്നിനു പുറകെ ഒന്നായി ധ്യാനകേന്ദ്രങ്ങളും ആരാധനാലയങ്ങളും തിരക്കി നടക്കുമ്പോൾ ചിന്തിക്കുക സുഹൃത്തേ, സർപ്പം ഹവ്വയെ ചതിച്ചതുപോലെ നിങ്ങളും ചതിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

    ദൈവം അവരോട് പറഞ്ഞത് 'അറിവിന്റെ ഫലം കഴിക്കുന്ന ദിവസം നിങ്ങൾ മരിക്കും(Genesis2:17b). എന്നാൽ സർപ്പം പറഞ്ഞു നിങ്ങൾ മരിക്കില്ല (Genesis 3:4). സത്യത്തിൽ ഫലം കഴിച്ച അവർ മരിച്ചില്ലല്ലോ?...ദൈവകല്പന നിറവേറാതായി പോയോ?...പിശാചിന്റെ വെളിപ്പെടുത്തലുകൾ സത്യമല്ലേ?... 
    ആദ്യ ചിന്തയിൽ  ശരിയെന്ന് തോന്നിയേക്കാം. പക്ഷേ മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം (Psalms 89:34) അവിടെ നിറവേറപ്പെട്ടു - അവർ മരിച്ചു. മനുഷ്യനിൽ പാപത്താൽ കടന്നുകൂടിയതും നിലനിന്നുപോരുന്നതുമായ മൂന്നു തരത്തിലുള്ള മരണത്തിന്റെ ആദ്യഭാഗമായ ആത്മീയ മരണം അവർക്ക് സംഭവിച്ചു. വിവേചന ശക്തിയാൽ തിരഞ്ഞെടുക്കുവാനുള്ള അവകാശം ദുരുപയോഗം ചെയ്തതിനാൽ ദൈവീക ജീവൻ അവർക്ക് നഷ്ട്ടപ്പെട്ടു..ദൈവവുമായുള്ള ആത്മീയ ബന്ധം അറ്റുപോയി.
    • ആത്മീയ മരണം സംഭവിച്ചു.
    • ആത്മീയ നേത്രം അടഞ്ഞു.
    • ഭുതീക നേത്രത്തൽ അവർ നഗ്നരെന്ന് അവർ കണ്ടു.
    • അത്തി ഇലകളാൽ അരകച്ച ഉണ്ടാക്കി.
    • ദൈവത്തിൽ നിന്നും ഓടി ഒളിച്ചു.
    • ജീവന്റെ വൃക്ഷവും ഏദൻ തോട്ടവും നഷ്ട്ടമായി.
    യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ പ്രദാനം കഴിയുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലമായ ദൈവവചനവും, സത്യവിശ്വാസവും ഒരു വശത്തും ദൈവത്തെ നേടാൻ എളുപ്പ വഴികളുമായി അറിവിന്റെ വൃക്ഷമായ ഈ ലോകവിശ്വാസം മറുവശത്തും. ആദ്യമാതപിതക്കന്മാർക്ക് കൊടുത്തതുപോലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ദ്ര്യം ദൈവം നമുക്കും നല്കിയിരിക്കുന്നു. കഴിക്കരുതെന്ന് ദൈവം കൽപ്പിച്ച താത്കാലിക സംതൃപ്തി നല്കുന്ന ഈ ലോക വിശ്വാസം പിഞ്ചെല്ലണോ അതോ  യഥേഷ്ട്ടം ഭക്ഷിച്ചുകൊള്ളുക എന്നുകൽപ്പിച്ചുനല്കിയ യേശുവെന്ന ജീവന്റെ ഫലം ഭക്ഷിക്കണമോ?. തീരുമാനം നമ്മുടെതാണ്‌...
     വചനം നമുക്ക് സമീപസ്ഥമാണ് (Deuteronomy30:14 ) മനസുവച്ചാൽ കല്പനകൾ പാലിക്കാൻ കഴിയും. വിശ്വസ്തതപ്പൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്(Ecclesiasticus15:15 ). ഇതാ,ഇന്നു നമ്മുടെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു.(Deuteronomy 30:15).ഓർക്കണം പാപം ചെയ്യാൻ അവിടന്ന് ആരോടും കല്പിപ്പിച്ചിട്ടില്ല.ആർക്കും അനുവാദം കൊടുത്തിട്ടുമില്ല(Ecclesiasticus 15:20)

    ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ  എന്നറിഞ്ഞു അരിശം പൂണ്ട പിശാച്ച് ഈ ലോകത്തില്ലേക്കു ഇറങ്ങിയിരിക്കുന്ന (Revelation 12:12b)  ഈ അവസാന കാലഘട്ടത്തിൽ നമ്മെ പിടികൂടിയിരിക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. വിജയം വരിക്കുന്നവന് നല്കുമെന്ന് കൽപ്പിച്ച ദൈവത്തിന്റെ പാറുദീസായിലെ ജീവന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ.അതിന് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
    ദൈവത്തിന് നന്ദി...  

    Sunday, 28 July 2013

    ഉറീം - തുമ്മീം

    അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ;അങ്ങയുടെ പ്രമാണങ്ങൾ നിർദേശിക്കുന്ന വഴി എനിക്കു കാണിച്ചു തരണമേ. ജീവൻ  നൽകുന്ന ദൈവപ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ അവിടുന്ന്, നമ്മുടെ കണ്ണുകളെ   തുറക്കട്ടെ(Psalms 119  :18,26).


    നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട  എന്റെ സ്വന്തം ജനം. നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും(Exodus 19:6). സൃഷ്ടികർമ്മം മുതൽ ആരംഭിക്കുന്ന ദൈവമനുഷ്യബന്ധം. കൂടെ നടന്നു പരസ്പരം പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്ന  പിതാവായ ദൈവവുമായുള്ള  ബന്ധത്തിന് പാപത്തിന്റെ ഇടപ്പെടിലിനാൽ ഉലച്ചിൽത്തട്ടി. ദൈവമനുഷ്യ ബന്ധത്തെ പുനസ്ഥാപിക്കുന്നതിനായി ദൈവം, മോശ വഴി ജനത്തിനു നിയമങ്ങൾ നല്കുന്നു.

    പാപ പരിഹാരത്തിനും, വിശുദ്ധീകരണത്തിനുമായി വിവിധ ബലിയർപ്പണ രീതികൾ നല്കുന്നുണ്ടെങ്കിലും; ദൈവ മഹത്വത്തെ നേരിട്ട് ദർശിക്കാനോ, അനുഭവിക്കാനോ പഴയനിയമ വിശ്വാസിക്ക് അവകാശം ഉണ്ടായിരുന്നില്ല(Exodus 19:12).  പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധി, ജനങ്ങൾക്ക്‌ പകർന്നു നല്കുന്നതിനായി പഴയനിയമത്തിൽ ദൈവം മോശ വഴി പുരോഹിതന്മാരെ  അഭിഷേകം ചെയുന്നു.  ഇങ്ങനെ അഭിഷേകം ചെയ്യപ്പെട്ട അഹറോനും അനുജരന്മാർക്കും (Exodus 29:4) മാത്രമേ  സമാഗമ കൂടാരത്തിൽ ദൈവമഹത്വം നിലനിൽക്കുന്ന അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനോ, ദൈവമഹത്വം അനുഭവിക്കാനോ കഴിഞ്ഞിരുന്നുള്ളൂ(Exodus 29:42-43)

    ജനത്തിനു വേണ്ടി;ദൈവഹിതം ആരാഞ്ഞ്, ദൈവ ജനത്തെ നയിക്കുന്നതിനു വേണ്ടി ദൈവം  പുരോഹിതനു നൽകപ്പെട്ട രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


    പഴയനിയമത്തിൽ, സമാഗമകൂടാരത്തിൽ പുരോഹിത വസ്ത്രങ്ങളുടെ വിവരണവുമായി ബന്ധപ്പെട്ടാണ് ഉറീം, തുമ്മീം (Exodus 29:30)നമുക്ക് കാണാൻ കഴിയുന്നത്‌.

     പ്രധാന വസ്ത്രങ്ങളിൽ ഒന്നായ എഫോദിന്റെ (Ephod) അരപ്പട്ടക്ക് മുകളിലായി നിലനിൽക്കേണ്ട(Exodus 28 :28), ഇസ്രായേലിന്റെ പന്ത്രണ്ടു പേരുകൾ കൊത്തിയിട്ടുള്ള പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ(Breastplate) നിക്ഷേപിക്കേണ്ട(Exodus 29:13,30) രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


    ഉറീം----> വെളിപാട്‌. 

    തുമ്മീം----> സത്യം


    • ദൈവ സന്നിധിയിൽ പ്രവേശിക്കുമ്പോൾ പുരോഹിതനായ അഹറോൻ അണിയേണ്ടവയാണിത്(Exodus 28 :30b).
    • ദൈവത്തിന്റെ ഹിതം അറിയുവാൻ ഇവ  ഉപയോഗിച്ചിരുന്നു(Numbers 27:21).
    • തെറ്റുകൾക്ക് മേലുള്ള ദൈവത്തിന്റെ വിധി തിരിച്ചറിയാൻ ഇവ ഉപയോഗിച്ചിരുന്നു (1 Samuel 14:41).
    • പഴയനിയമത്തിൽ ഇവയെ കുറിച്ചും, ഇവ ഉപയോഗിച്ചതായും വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തിയുട്ടുള്ളൂ.
    • ഇവയുടെ  ഭൗതീകമായ രൂപത്തെ കുറിച്ച് വചനത്തിൽ  രേഖപ്പെടുത്തിയിട്ടില്ല.
    • പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണം(Breastplate) സ്വർണ്ണ തികിടിൽ നിർമ്മിക്കേണ്ടതിനാൽ ഇവ തകിട് രൂപത്തിലാ ണെന്നും, ഉരസ്ത്രാണത്തിൽ നിക്ഷേപിക്കേണ്ടതിനാൽ ഇവ രത്ന തുല്യമായ കല്ലുകളാണെന്നും അനുമാനിക്കപ്പെടുന്നു.
    •  പുതിയനിയമത്തിൽ ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല.


    ആത്മീയ ചിന്തകൾ :

    പഴയനിയമത്തിൽ,ദൈവ ഹിതം അറിയുവാനായി ഉറീം, തുമ്മീം ഉപയോഗിച്ചിരുന്നുവെങ്കിൽ; പുതിയനിയമ വിശ്വാസികളായ നമുക്ക് ദൈവം തന്റെ മഹത്വത്തിന്റെ മൂന്നാമത്തെ ഭാഗമായ പരിശുദ്ധാത്മാവിനെ വർഷിച്ചിരിക്കുന്നു.ഈ  ആത്മാവിനാൽ ദൈവം നമുക്ക് വേണ്ടി വർഷിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ഗ്രഹിക്കാൻ കഴിയുന്നു(1 Corinthian 2 : 12). ഒരു പ്രത്യേക വസ്തുവിൽ വന്നുചേരുന്ന മാറ്റങ്ങളിൽ കൂടിയല്ല മറിച്ചോ;നമ്മിൽ തന്നെ കുടികൊള്ളുന്ന ആത്മാവിന്റെ പ്രവർത്തനത്താൽ (1 Corinthian 12 : 11)നമുക്ക് വിവേചിച്ചറിയാൻ കഴിയുന്നു. ദൈവമഹത്വം വ്യക്തിപരമായി  അനുഭവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾ എത്രയോ ശ്രേഷ്ട്ടരാണ് ?.  
    വചനം പറയുന്നതുപോലെ, 'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും ;ഇതാണ് വഴി ,ഇതിലെ പോവുക'(Isaiah30:21)ആത്മാവിന്റെ വിളിക്കനുസരിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ.

    എന്നിട്ടും..... 

    നമ്മൾ ഇപ്പോഴും ദൈവേഷ്ട്ടം അറിയാൻ ഉറീം, തുമ്മീം തുല്യമായ വസ്തുതകൾക്ക് പുറകെ പോവുകയാണോ?.

    ദൈവമഹത്വം കാണാൻ ഭയപ്പെട്ട്; നീ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് സംസാരിച്ചാൽ മതി എന്ന് പറഞ്ഞ ഇസ്രായേൽ ജനത്തെ പോലെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന അപേക്ഷയാണോ ഇപ്പോഴും നമുക്കുള്ളത്?.

    ചിന്തിച്ചു നോക്കുക എന്താണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. ദൈവത്തിന്റെ ആത്മാവിനെ കാണാൻ, അനുഭവിക്കാൻ കഴിയാത്തയത്രേം ആത്മീയ അന്ധത ബാധിച്ചിരിക്കുകയാണോ?.  
    • യേശു എന്റെ രക്ഷകനാണ്‌ എന്ന സത്യം;ആത്മാവിന്റെ ദാനത്തൽ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ എന്ന് നാംതിരിച്ചറിയണം.
    • വിശ്വസിക്കുന്ന ഏവനും വന്നു ചേരുന്ന ആത്മാവിന്റെ മഹത്വത്തെ അനുഭവിക്കാൻ നമുക്ക് കഴിയണം.
    • പഴയ നിയമ പുരോഹിതന് തുല്യനായി, നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ മഹത്വത്തെ ശുശ്രുഷിക്കാൻ അവകാശം ലഭിച്ചവൻ.
    •   വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മില്ലുള്ള വ്യത്യാസം വേർത്തിരിച്ചറിയാൻ ആത്മാവ് മുഖേന ഭാഗ്യം സിദ്ധിച്ചവർ(Ezakiel  44:23).
    • പുത്രന്റെ വചനം വഴി ആത്മാവിന്റെ ശക്തിയാൽ പിതാവിന്റെ അരികിലേക്ക് എത്തപ്പെടാൻ വിളിക്കപ്പെട്ടവർ.
    • പിതാവുമായി രഹസ്യങ്ങൾ പങ്കുവയ്ക്കാൻ യോഗ്യരായവർ.
    • ഒന്നായിരിക്കുന്ന ദൈവത്തിന്റെ ത്രിത്വ്യക മഹത്വത്തെ ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ . 

    പ്രമാണങ്ങളെ അക്ഷരാർഥത്തിൽ അനുഷ്ട്ടിച്ചുപോന്ന  ഇസ്രായേൽ ജനത്തെക്കാളും ദൈവ പുത്രനെ കണ്ടിട്ടും വിശ്വസിക്കാൻ കഴിയാതെ പോയ യഹുദജനത്തെക്കാളുംഎത്രയോ വിലപ്പെട്ടവരാണ് നമ്മൾ. 

    ആത്മാവിന്റെ ദാനങ്ങളാൽ(1 Corinthians :12) നിറഞ്ഞ്; ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ നമുക്ക് കഴിയട്ടെ(Romans12:2b). അങ്ങനെ;നമ്മെ ശക്തനാക്കുന്നവനിലൂടെ ദൈവ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നമുക്ക് കഴിയട്ടെ.പരിശുധാത്മാവ് നമ്മെ നയിക്കട്ടെ.
    ദൈവത്തിന് നന്ദി...   

    Friday, 28 June 2013

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ....

    നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ  വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു  ദൈവത്തിന്റെ ശക്തിയത്രേ(1 Corinthians 1: 18). നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ ദൈവീക ശക്തിയായ വചനമായിത്തീരാൻ  ആത്മാവ് നമ്മെ നയിക്കട്ടെ. 

    നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ തന്നെ ചില പരിവേഷങ്ങൾ നൽകാറുണ്ട്. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച് വചനശൃശ്രുഷയും  വിചിന്തനങ്ങളും തുടർന്ന് നന്ദിയും സ്തുതിപ്പും. ഇങ്ങനെ പോകുന്നു നമ്മുടെ പ്രാർത്ഥനാഘടനകൾ. പ്രാർത്ഥനക്ക് ഒരു പ്രത്യേക ഘടന  പുതിയ നിയമം നിഷ്കർഷിക്കുന്നില്ലെങ്കിലും ഇവയെല്ലാം ശരിയും ഉചിതവുമാണ്. 

    ഒരു വ്യക്തി മനപാഠമാക്കുന്ന ആദ്യ ദൈവവചനവും അവന്റെ ജീവിതത്തിലെ പ്രാർത്ഥനയുടെ ആദ്യരൂപവുമാണ് യേശു പഠിപ്പിച്ച 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' (Mathew 6:9-13)എന്ന് തുടങ്ങുന്ന വചനഭാഗം. ചെറുപ്പത്തിലെ  മനപാഠമാക്കിയതിനാൽ നല്ല ഒഴുക്കോടെ ചെല്ലാൻ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ആത്മാവും ജീവനുമായ ഈ ദൈവവചനത്തിന്റെ(John 6:63)അത്മീയരഹസ്യം ഗ്രഹിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?. അതോ ശരീരത്തെ വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കുന്നതുപോലെ(1 Corinthians 11:29) ഒരു ഗുണവും ഇല്ലാതെ ആർക്കോ വേണ്ടി ചെയുന്ന ഒരു പ്രവർത്തി മാത്രമാണോ നമ്മുടെ പ്രാർത്ഥന?.
        
    സുവിശേഷത്തിൽ രണ്ട് ഭാഗങ്ങളിലാണ് (Mathew 6:9-13, Luke 11:1-4) ഈ പ്രാർത്ഥനയെക്കുറിച്ച്  പ്രതിപാദിച്ചിരിക്കുന്നത്. യോഹന്നാൻ തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാണമേ എന്ന ഒരു ക്രിസ്തു ശിഷ്യന്റെ ആവശ്യത്തിനു മറുപടിയായിട്ടാണ് ലൂക്കാ സുവിശേഷം ഈ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സന്ദർഭം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അല്പംകൂടി വിപുലവും വ്യക്തമായിട്ടാണ്  മത്തായി സുവിശേഷകൻ  രേഖപ്പെടുത്തിയിരിക്കുന്നത്. 
      
    നമുക്ക് ചിന്തിക്കാം .....

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...
    • സൃഷ്ടാവായ ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ആർക്കാണ്‌ അവകാശമുള്ളത് ?.
    • പിതാവേ എന്ന് വിളിക്കാൻ എനിക്ക് യോഗ്യതയുണ്ടോ?. 

    ആദ്യമാതപിതാക്കന്മാരുടെ പാപം നിമിത്തം ദൈവസ്നേഹത്തിൽ നിന്നും അകന്നു പോയ മനുഷ്യനെ രക്ഷിക്കാൻ വേണ്ടി നമ്മെപ്പോലെ അകപ്പെട്ട് ,  ഈ ലോകത്തിലേക്ക് എഴുന്നുള്ളിവന്ന് 
    (Philippians 2:7-8)പാപ പരിഹാരമായി കുരിശിൽ ജീവാർപ്പണം ചെയ്ത് ഉയിർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്  ഉപവിഷ്ട്ടനായിരിക്കുന്ന(Romans 8:3-4 ) യേശു; കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ഹൃദയത്തിൽ വിശ്വസിക്കുകയും ചെയുന്നതുവഴി (Romans 10:9-10) നമുക്ക് കൈവരുന്ന പുത്രസ്വീകരണത്തിന്റെ ആത്മാവിനാൽ ദൈവത്തെ അബാ-പിതാവേ എന്ന് വിളിക്കാൻ യോഗ്യരകുന്നു(Romans 8:15-16). വ്യക്തമാക്കിയാൽ, വീണ്ടും ജനനം വഴി മാത്രമേ പിതാവേ എന്ന് വിളിക്കുവാനുള്ള യോഗ്യത നമുക്ക് ലഭിക്കുകയുള്ളൂ. പാരമ്പര്യവിശ്വാസത്തിന്റെ മറക്കുള്ളിലാണ് ഇപ്പോഴും താങ്കൾ എങ്കിൽ ഓർക്കണം, വീണ്ടും ജനനം സംഭവിക്കാത്ത താങ്കൾക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ യോഗ്യതയില്ല.

    'എന്റെ നിയമങ്ങൾ ഉരിവിടുവാനോ, ഉടമ്പടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം. നീ ശിക്ഷണത്തെ വെറുക്കുന്നു. എന്റെ വചനത്തെ നീ അവഗണിക്കുന്നു' (Psalms 50:16-17).ഒരു ആത്മപരിശോധന ചെയ്ത് വചനത്തിന്റെ വഴിയിൽ ആയിരിക്കാൻ നമുക്ക് കഴിയട്ടെ...    

    അങ്ങയുടെ നാമം പൂജിതമാകണമേ...
    • എന്താണ് പൂജിതമാകേണ്ട നാമം ?.
    • എവിടെയാണ് ആ നാമം പൂജിക്കപ്പെടേണ്ടത് ?.

    സ്വര്ഗ്ഗം തുറക്കപ്പെട്ടപ്പോൾ വെള്ളക്കുതിരയുടെ പുറത്തിരുന്ന്, വിശ്വസ്തനെന്നും സത്യവനെന്നും വിളിക്കപ്പെട്ടവൻ. രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചവൻ. അവന്റെ നാമം ദൈവവചനം എന്നാണ്(Revelation 19:11-12). രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ യേശു ക്രിസ്തു, മാംസമായി തീർന്ന ദൈവവചനമാണ് പൂജിതമാകേണ്ടത്. 

    യേശു  ഈ ലോകത്തിന് നൽകിയ പിതാവിന്റെ നാമം- ദൈവവചനം(John 17:6-8).

    നമ്മെത്തന്നെ പരിവർത്തനം ചെയ്യാൻ കഴിയുന്ന വചനത്തെ നമ്മുടെ ഹൃദയത്തിൽ  തന്നെയാണ് പൂജിക്കേണ്ടത്‌ (1Peter 3:15). പരിശുദ്ധനായ ദൈവത്തിന്റെ ആലയം നമ്മൾ തന്നെയാണ്. ആ നമ്മുടെ ഹൃദയത്തിൽ; ദൈവവചനം പൂജിതമാകുമ്പോൾ മാത്രമേ വചനം പ്രസ്താവിക്കുന്നതു പോലെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകുകയുള്ളൂ(John 7:38). 

    അങ്ങയുടെ രാജ്യം വരണമേ...

    • ഏത് രാജ്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ?.
    • എവിടെയാണ് ആ രാജ്യം വരേണ്ടത്‌ ?.

    യേശുവിനെ കുരിശിൽ തറച്ച് കൊല്ലുവാൻ യഹൂദപ്രമാണികൾ കണ്ടു പിടിച്ച കാരണങ്ങളിൽ ഒന്നാണ് അവൻ ഒരു രാജാവാണ് എന്നത്.അവരുടെ  അധികാരങ്ങൾക്കും അപ്പുറമുള്ള ഒരു രാജ്യം അവൻ തീർക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.വിശ്വാസി ക്കുന്നവന്  നിത്യജീവൻ നൽകികൊണ്ട് എന്നേക്കും നിലനില്ക്കുന്ന ഐഹികമല്ലാത്ത (ഇഹലോകത്തിലല്ലാത്ത) ഒരു രാജ്യം (John 18:36) പാപത്തിൽ നിന്നുള്ള രക്ഷയിലൂടെ അവൻ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിച്ചു.

     ദൈവരജ്യമെന്നാൽ ഭക്ഷണവും പാനിയവുമല്ല;പ്രത്യുത നീതിയും സമാധാനവും   പരിശുദ്ധാത്മവിലുള്ള സന്തോഷവുമാണ്(Romans 14:17).

    ദൈവവചനം ഭരണം നടത്തേണ്ട  ദൈവത്തിന്റെ രാജ്യം നമ്മുടെ ഹൃദയമാണ്.നമ്മുടെ ജഡികമോഹങ്ങളും ഈ ലോക വിശ്വാസത്തെയുമാണ് വചനം ഭരണം നടത്തേണ്ടത്. 

    അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ... 
    • എന്താണ് ഭൂമിയിലുണ്ടാകേണ്ട അങ്ങയുടെ ഹിതം?.
    • ഏതാണ്‌ അവിടുത്തെ ഹിതം നിറയപ്പെടേണ്ട  ഭൂമി?.

    സ്വർഗ്ഗതുല്യമായ ഏദൻ തോട്ടത്തിൽ ആയിരുന്ന മനുഷ്യന് ദൈവം സകല സൃഷ്ടികളുടെയും മേൽ അധികാരം നല്കി. വിവേചന ശക്ത്തിയാൽ മറ്റുള്ള സൃഷ്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അവർ പാപത്തിൽ അകപ്പെട്ട് ദൈവസ്നേഹത്തിൽ നിന്നും അകറ്റപ്പെട്ടു.
    ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായ  യേശുക്രിസ്തു വഴി എല്ലാവരും സത്യം / വചനം(John 17:17) അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നും എന്നതാണ് അവിടുത്തെ ഹിതം(1 Timothy 2:4)

    ഈ ലോകത്ത് വച്ചു തന്നെ ആരംഭിക്കുന്ന നന്മകളാൽ നിറയപ്പെട്ട ദൈവത്തോടുക്കൂടിയുള്ള ജീവിതമാണ്‌ സ്വർഗമെന്നാൽ;  ഈ പാപത്തിന്റെ അധിപതിയായ പിശാചിന് അടിമയാക്കപ്പെട്ടതാണ്‌  ഈ ലോകജീവിതം. പാപം നിറഞ്ഞ ഈ ലോകത്തിന് അനുരൂപനകാതെ, ദൈവത്തിന് പ്രീതികരമായതിനെ വിവേചിച്ചറിഞ്ഞുകൊണ്ട് എല്ലാവരും രക്ഷപ്രാപിക്കണം എന്ന അവിടുത്തെ ഹിതം നമ്മുടെ ഹൃദയമാകുന്ന ഭൂമിയിൽ സംജതാകണം. 
              
    അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ ...

    • എന്നും ലഭ്യമാകേണ്ട ആഹാരം ഏതാണ് ?.
    'അതിനാൽ എന്ത് ഭക്ഷിക്കും,എന്തു പാനം ചെയും എന്തു ധരിക്കും എന്ന് വിചാരിച്ചു നിങ്ങൾ അകുലരാകേണ്ട. വിജാതിയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു'(Mathew 6: 31-32)പ്രാർഥനയുടെ ലക്ഷ്യം ഭൗതീകമായ ആഹാരമല്ല;മറിച്ച് ആത്മീയ ആഹാരമാണ് എന്നതിന് ഈ വചനം തന്നെ മറുപടി നല്കുന്നു. 

    ലോകത്തിന് ജീവൻ നല്കുവാൻ വേണ്ടി സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:51).ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന് വാഗ്ദാനം നല്കിയ അപ്പം.
    യേശു ക്രിസ്തു തന്നെയായ ദൈവവചനമാണ്‌  നമുക്ക് അന്നന്നു വേണ്ട ആഹാരം. 
    മൃതപ്രാണനായിരിക്കുന്ന നമ്മുടെ അവസ്ഥയിൽ  നിന്നും രക്ഷപ്രാപിക്കാൻ ഉതകുന്ന ദൈവവചന ബോധ്യം ആത്മാവിനാൽ നയിക്കപ്പെടണം. എന്തെന്നാൽ വചനത്തെ ഹൃദയത്തിൽ  ഉൾക്കൊള്ളുന്നവന് അവ ജീവനും ശരീരത്തിന് ഔഷധവുമാണ്(Proverbs 4: 21-22).
    നമ്മുടെ ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു ഉചിതമായ അത്മീയപ്പം ഭക്ഷിക്കാൻ  പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.

    ഞങ്ങളുടെ കടക്കരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ...

    • അങ്ങനെയെങ്കിൽ, ദൈവത്തിന്റെ ക്ഷമ നമുക്ക് ലഭിക്കാൻ നമ്മൾ യോഗ്യരാണോ?.
    പ്രാർത്ഥന എന്നത്, ദൈവത്തിന്റെ കാരുണ്യം യാചിക്കലാണ് എങ്കിൽ;നമുക്ക് ലഭിക്കുന്ന ദൈവത്തിന്റെ കാരുണ്യം നാം സഹോദരനോട് കാണിക്കുന്ന കാരുണ്യത്തിന് തുല്യമായിരിക്കും. നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെത്തന്നെ ചെയും (Mathew 18:35)ദൈവത്തിന്റെ കാരുണ്യം നമ്മിൽ നിറയേണ്ടതിനു നമുക്ക് സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാം.  
      
    ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ ...
    • എന്താണ് നമ്മെ അലട്ടുന്ന പ്രലോഭനം?.

    വീണ്ടും ജനനത്താൽ ആത്മാവ് രക്ഷ പ്രാപിച്ചു എങ്കിലും ജഡശരീരത്തിൽ ഇപ്പോഴും പിശാചിന് അധിപത്യമുണ്ട് (Romans 7:21-23). അതുകൊണ്ടാണ് ഈ ലോകജീവിത അവസാനം വരെ ജഡികമനുഷ്യന്റെ പ്രവണതകൾ നമ്മെ വേട്ടയാടുന്നത്. 

    പ്രലോഭനങ്ങൾ ഉണ്ടാകരുതേ എന്നല്ല ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന. 

    അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കൾ വിലയേറിയതാണ് പരീക്ഷണങ്ങളെ അതിജീവിക്കുന്ന നമ്മുടെ വിശ്വാസം (1 Peter 1:7).ഈ ലോകത്തിൽ ആയിരിക്കുന്ന ഒരു വിശ്വാസിക്ക് കടുത്ത  പ്രലോഭനങ്ങൾ ഉണ്ട്. അവയെ അതിജീവിക്കാൻ  സഹായകനായ പരിശുദ്ധാത്മവ് നമ്മെ ശക്തിപ്പെടുത്തും.

    തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 

    ഇവിടെ തിന്മ എന്നത് പിശാചിന്റെ പിടിയിൽ നിന്നുള്ള പൂർണ്ണ മോചനമാണ്‌..അശുദ്ധത്മാവ് ഒരുവനെ വിട്ടുപോയാൽ, അവനെ തിരിച്ചാക്രമിച്ചുകീഴ്പ്പെടുത്താൻ  തന്നെക്കാൾ ദുഷ്ടരായ ഏഴു അത്മക്കളോടൊപ്പം കാത്തിരിക്കുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയും. അങ്ങനെ ആ മനുഷ്യന്റെ സ്ഥിതി ആദ്യ ത്തെതിനെക്കാൾ മോശമായിത്തീരും(Mathew 12:45)  എന്ന്  വചനം  വെളിപ്പെടുത്തുന്നു.  

    വിശ്വാസം വഴി ദൈവകൃപയാൽ ലഭ്യമായിരിക്കുന്ന  ഇപ്പോഴത്തെ രക്ഷയുടെ പൂർണ്ണഫലപ്രാപ്തിയായ നിത്യ രക്ഷ / നിത്യ ജീവൻ -നിൽ എത്തി ചേരുന്നതുവരെ തിന്മയിൽ അകപ്പെടാതെ കൃപക്ക് മേൽ കൃപ സ്വീകരിച്ച്, ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ ശ്രമിക്കണം.തിന്മയിൽ അകപ്പെട്ടു രക്ഷാ അനുഭവം ന്ഷ്ട്ടപ്പെടാതിരിക്കാൻ ആത്മാവിന്റെ ഇടപെടലിനുവേണ്ടി നിരന്തരം  പ്രാർത്ഥിക്കണം. 

    മനപ്പാഠമാക്കിയ വാക്കുകൾ ഇടതടവില്ലാതെ ചൊല്ലുന്നതിലല്ല മറിച്ച് അവയുടെ അത്മീയാതെ അനുഭവിച്ചറിഞ്ഞു അതിന്റെ നിറവിൽ നിന്നും അധരങ്ങൾ സംസാരിക്കപ്പെടുമ്പോൾ മാത്രമേ പ്രാര്ത്ഥന ദൈവസന്നിധിയിൽ സ്വീകര്യമാവുകയുള്ളൂ  എന്ന് വചനം പറയുന്നു.    

    'വേണ്ട വിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് തന്നെ നമുക്ക് വേണ്ടി മധ്യസ്ഥം വഹിക്കുന്നു'(Romans 8:26 ).

    വചനത്തെ ജീവിതത്തിൽ പ്രാവർത്തീകമാക്കികൊണ്ട്  ദൈവം അഭിലഷിക്കുന്ന വിശുദ്ധീകരണം പ്രാപിക്കാൻ (1 Thessalonians4:3) നമുക്ക് കഴിയട്ടെ.  അതിന് പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.
    ദൈവത്തിന് നന്ദി...

    Sunday, 12 May 2013

    സ്വർഗ്ഗീയ അപ്പം - മന്ന.

    ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേൽ ചൊരിയേണമേ . അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം (Psalms 119:77)അടിച്ചേൽപ്പിക്കപ്പെട്ട  ഈ ലോക നിയമങ്ങൾ അല്ല;ദൈവവചനത്തിന്റെ ഉൾകാഴ്ചയാണ് ഒരു ദൈവ വിശ്വാസിയെ ഈ ലോകത്തിൽ നയിക്കുന്നത്. ദൈവവചനം നമ്മുടെ പാദങ്ങൾക്ക് വിളക്കും, പാതയിൽ പ്രകാശവുമായി മാറട്ടെ...
    ഈജിപ്തതിന്റെ അടിമത്ത്വത്തിൽ നിന്നും മോശയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്നു മുന്നോട്ട് പോകുന്ന ഇസ്രയേൽ ജനം. ദൈവം,അവർക്ക്  വേണ്ടി ചെയ്ത രക്ഷകൃത്യം അനുഭവിച്ചറിഞ്ഞിട്ടും ഇപ്പോൾ ആ ജനം പിറുപിറുക്കുന്നു.  ഈജിപ്തതിൽ, ഇറച്ചി പാത്രത്തിനടുത്തിരുന്ന് തൃപ്തതിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ കരത്താൽ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഈ സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഈ മരുഭുമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു(Exodus 16:3).അനുഭവിച്ചറിഞ്ഞിട്ടും  തുറക്കാത്ത അവരുടെ മനസിന്റെ ആവലാതികൾ ദൈവം കേട്ടു . അവിടന്ന്  അവർക്ക് സായം കാലത്ത് മാംസംഭക്ഷിക്കാൻ കാടപ്പക്ഷികളെയും, പ്രഭാതത്തിൽ തൃപ്തതിയാവോളം അപ്പവും നല്കി (Exodus 16:12)

    മന്ന - പഴയ നിയമം :
    • പ്രഭാതത്തിൽ മഞ്ഞ് ഉരുകിയപ്പോൾ മരുഭുമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞുപോലെ കാണപ്പെട്ട ഒരു വസ്തു (Exodus 16:14).
    • വെളുത്ത് കൊത്തബലരി(Coriander Seed) പോലെയിരിക്കുന്ന ഒരു വസ്തു(Exodus 16:31).
    • തേൻ ചേർത്ത അപ്പത്തിന്റെ രുചി(Exodus 16:31).
    • സൂര്യൻ ഉദിക്കുമ്പോൾ ഉരുകി പോയിരുന്നു(Exodus 16:21).
    • അടുത്ത പ്രഭാതത്തിലേക്ക്‌ മാറ്റിവച്ചാൽ പുഴുത്തു മോശമാകുന്ന ഒരു വസ്തു (Exodus 16:20).
    എങ്ങനെ ലഭിക്കും :
    • രാത്രി  പാളയത്തിനു മേൽ മഞ്ഞു പെയ്യുമ്പോൾ മന്നയും പൊഴിയും (Numbers 11:9)
    • കൂടാരത്തിൽ ആളുകളുടെ എണ്ണമനുസരിച്ച്  ആളോന്നിന് ഒരു ഓമെർ വീതം ശേഖരിക്കാം (Exodus 16:16).
    • 1ഓമെർ(Omer) = 1/ 10 എഫാ (Ephah) = 4.5 ലിറ്റർ.
    •  ഓരോ പ്രഭാതത്തിലും ഒരൊരുത്തർക്കും  ഭക്ഷിക്കാവുന്നിടത്തോളം ശേഖരിക്കാം (Exodus 16 :21).
    • ആഴ്ചയുടെ ആദ്യ ആറ്‌  ദിവസം മാത്രം ലഭ്യമായിരുന്നു(Exodus 16:26).
    • ആറാം ദിവസം ഒരാൾക്ക് രണ്ട്   ഓമെർ വീതം ശേഖരിക്കാം.കാരണം എഴാം ദിവസം പരിപൂർണ്ണ വിശ്രമമാണ് - സാബത്ത്(Exodus 16 :22)
      
    എങ്ങനെ ഭക്ഷിക്കണം :
    • പിൻതലമുറ അറിയുന്നതിനുവേണ്ടി  ഒരു  ഓമെർ അപ്പം  എടുത്ത് സൂക്ഷിച്ചുവെക്കണം(Exodus 16 :32).
    • തിരുകല്ലിലോ, ഉരലിലൊ ഇട്ട് പൊടിച്ചെടുക്കണം(Numbers 11 :8)
    • കലത്തിലിട്ടു ചുട്ടെടുക്കണം(Exodus 16 :22).
    • പ്രഭാതത്തിലേക്ക്‌ അൽപം പോലും മാറ്റി വെക്കരുത്(Exodus 16:20)

    സ്വർഗ്ഗം തുറന്ന് ദൂതന്മാരുടെ അപ്പമായ സ്വർഗീയ ധാന്യം -മന്ന (Psalms 78:24)അവർക്ക് നല്കിയത്, അവരുടെ ഭൗവുതീകമായ വിശപ്പടക്കാൻ വേണ്ടി മാത്രമല്ല; കർത്താവിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൾ കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന് മനസിലാക്കിത്തരാൻ കൂടി വേണ്ടിയാണ്(Deuteronomy 8:3)

    'കർത്താവായ ഞാൻ നിങ്ങളുടെ ദൈവമെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും'(Exodus 16:12).  

    ഈ ദൈവീക പ്രവർത്തികളുടെ ആത്മീയ സത്യം തിരിച്ചറിഞ്ഞവർ മാത്രമാണ് , ദൈവത്തിന്റെ വാഗ്ദാനമായ കനാൻ ദേശത്തേക്ക് പ്രവേശിച്ചത്‌.....

    മന്ന - പുതിയ നിയമം :


     പുതിയനിയമ വിശ്വാസിയായ നമുക്കും ദൈവം സ്വർഗ്ഗം തുറന്ന് മന്ന വർഷിച്ചിരിക്കുന്നു. പൂർവ്വാപിതാക്കന്മാർക്ക് നല്കിയതുപോലെയുള്ള അപ്പമല്ല ; 
    • നിത്യജീവൻ നൽകുന്ന അപ്പം(John 6:48).
    • നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:50)
    • ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന്  ഉറപ്പുനല്കുന്ന അപ്പം(John 6:51a).
    • മാംസമായി തീർന്ന വചനം(John 1:14).
    • യേശുവിന്റെ ശരീരം - ദൈവ വചനം (John 6:5 1b).

    പാപത്തിന്റെ ആധിക്യത്തൽ മൃതപ്രാണനായിരിക്കുന്ന നമ്മുടെ ആത്മാവിന് ജീവൻ നൽകി, അങ്ങനെ പൂർണ്ണ രക്ഷപ്രാപിക്കാൻപിതാവായ ദൈവം സ്വർഗ്ഗം തുറന്ന് ലോകത്തിനു വെളിപ്പെടുത്തിയ ഏക ജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും അവന്റെ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും ചെയുന്നതു വഴി  ദൈവം; നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയ അപ്പം നാമും ഭക്ഷിക്കുകയാണ്. 
          
    നമുക്ക് വേണ്ടി വർഷിക്കപ്പെട്ട അപ്പമാണ് യേശു - ദൈവ വചനം.  

    ദിവസത്തിന്റെ ഓരോ സമയത്തിനനുസരിച്ച് ഭക്ഷണവും ശരീരത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞ് അവയുടെ രീതികളും മാറ്റപ്പെടുത്തുന്ന മനുഷ്യ; 
    • ദിവസത്തിൽ ഒരിക്കലെങ്കിലും ആത്മീയ അപ്പം ഭക്ഷിക്കുവാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ ?.
    • നിന്റെ ആത്മീയ അവസ്ഥയെ നീ തിരിച്ചറിഞ്ഞിട്ടുണ്ടോ ?.
    • ആത്മീയ അവസ്ഥയെ അതിജീവിക്കാൻ ആവശ്യമായ ആത്മീയ അപ്പം നീ ഭക്ഷിക്കാറുണ്ടോ?.
    • അച്ചടിച്ച പ്രാർത്ഥനകൾ എല്ലാ ദിവസവും ഏറ്റുപറഞ്ഞ്, ഭക്ഷിക്കുന്നതിന്റെ രുചി പോലും അറിയാത്ത അപ്പമാണോ നീ  ദിവസവും ഭക്ഷിക്കുന്നത് ?.
    •  തൃപ്തി ലഭിക്കാത്ത ഭക്ഷണമാണോ നാം കഴിച്ചു കൊണ്ടിരിക്കുന്നത് ?.
    ദൈവവചനം  വായിക്കുവാൻ,അതിന്റെ അത്മീയതയെ ധ്യാനിക്കുവാൻ, അതിനെ പരിശുദ്ധ ആത്മാവിന്റെ ശക്തിയാൽ പാകപ്പെടുത്തി ഭക്ഷിക്കുവാൻ അങ്ങനെ ഇനി ഒരിക്കലും ആത്മീയ മരണം സംഭവിക്കാതെ നിത്യരക്ഷയെ പ്രാപിക്കാൻ നമുക്ക് കഴിയട്ടെ.

    തിരിച്ചറിയാൻ കഴിയാത്തയ്യത്ര ഭയാനാകമായ കർത്താവിന്റെ ദിവസം അഗതമാകുന്നതുവരെ ഈ സ്വർഗ്ഗീയ അപ്പം നമുക്ക് ലഭ്യമാണ്.നമുക്ക്  വേണ്ട മന്ന നാം തന്നെ പറക്കി എടുക്കണം. മറ്റൊരു വ്യക്തിക്ക് നിനക്ക് വേണ്ടി മന്ന പറക്കുവാൻ കഴിയുകയില്ല എന്ന് നാം ഓർക്കണം. നാം ഓരോരുത്തരും ആയിരിക്കുന്ന ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു, ആവശ്യമായ സ്വർഗ്ഗീയ അപ്പം സ്വീകരിക്കാൻ നാം തന്നെ നമ്മുടെ മനസുകളെ തുറക്കണം. നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ ആത്മാവിന്റെ സ്വരം കേൾക്കാൻ
    നമുക്ക് കഴിയണം.  ഇക്കാരണത്താലാണ്  യേശുവിൽ കൂടിയുള്ള രക്ഷ വ്യക്തിപരമെന്നു ബൈബിൾ വെളിപ്പെടുത്തുന്നത്.

    ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്തുകയോ  നന്ദി പ്രകാശിപ്പിക്കുകയോ ചെയാതെ യുക്തി വിചാരത്താൽ അന്ധകാരത്തിലാണ്ട് പോയവരെ പോലെ ആകാതെ;(Romans 1:21)ഉണർന്ന് രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം.

    അങ്ങനെ ദൈവവചനമാകുന്ന സ്വർഗ്ഗീയ അപ്പം രുചിച്ചറിഞ്ഞു അതിന്റെ പൂർണ്ണ ഫലപ്രാപ്തിയായ, വചനം  വാഗ്ദാനം ചെയ്യുന്നതുപോലെ വിജയം വരിക്കുന്നവന് ലഭിക്കുന്ന നിഗൂഡ മന്ന (Hidden Manna)ഭക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ(Revelation 2:17).വെള്ളക്കല്ലിൽ കൊത്തിയ പുതിയ നാമം സ്വീകരിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ. അതിന് പരിശുദ്ധ ആത്മാവ് നമ്മെ നയിക്കട്ടെ. 
    ദൈവത്തിന് നന്ദി... 

    Sunday, 17 March 2013

    നിങ്ങൾക്കൊരു മാതൃക...

    നിങ്ങളുടെ  കർത്താവും ഗുരുവുമായ ഞാൻ; നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ  കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു (John 13:14-15).

    ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിൽ പോകാനുള്ള സമയം അടുത്തിരിക്കുന്നു എന്ന് മനസിലാക്കിയ യേശു; അത്താഴത്തിനിടയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി കൊണ്ട് നമുക്ക് നൽകിയ ആ വലിയ മാത്രക. എളിമ എന്ന പുണ്യം നമുക്ക് വെളിപ്പെടുത്തി തന്ന  വചന ഭാഗത്തെ നമുക്ക് വിചിന്തനം ചെയ്യാം... 

    യേശു എന്തിനാണ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് ? 

    തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു തർക്കം ശിഷ്യന്മാർക്കിടയിൽ  നിലനിന്നിരുന്നു(Luke 22:24). സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച്, അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തുവശത്തും മറ്റെയാൾ ഇടത്തുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കേണമേ  എന്ന് അപേഷിക്കാൻ (Mark 10:37)കാരണവും അതു തന്നെയാണ്.ഈ ചോദ്യം മറ്റുള്ള പത്ത് ശിഷ്യന്മാരിലും അമർഷം ഉളവാക്കി(Mark 10:41). ഇങ്ങനെ വലിയവനാകാൻ  മത്സരിച്ചിരുന്ന ശിഷ്യന്മാർക്ക്  യേശു നല്കിയ ഉത്തരം.... അവർക്ക്  മനസ്സിലാക്കി കൊടുത്ത  ഏറ്റവും വലിയ എളിമയുടെ പ്രകടനമാണ്  പാദങ്ങൾ കഴുകൽ

    പാദങ്ങൾ കഴുകൽ - പഴയ നിയമത്തിൽ

    പഴയ നിയമത്തിൽ പല ഭാഗങ്ങളിലും വിവധ തരത്തിൽ പാദങ്ങൾ കഴുകുന്നതായി കാണാൻ കഴിയും. സോദോമിൽ ചെന്ന ദൂതരെ; ലോത്ത് താണുവണങ്ങി, തന്റെ വീട്ടിലേക്ക് എതിരെൽക്കുന്നു.കാലുകൾ കഴുകി, ആ രാത്രി അവിടെ വിശ്രമിക്കാൻ ആവശ്യപ്പെടുന്നു(Genesis 19:2). അതിഥിയോട്  കാണിക്കുന്ന സ്നേഹാദരവിന്റെ ഭാഗമായിട്ടാണ് ഇവിടെ പാദങ്ങൾ കഴുകുന്നത്. എന്നാൽ  ഇതിൽ നിന്നും വത്യസ്തമായി, സമാഗമകൂടാരത്തിൽ അഹറോന്റെ പുത്രന്മാർക്ക് കൈകാലുകൾ കഴുകാൻ ക്ഷാളന പാത്രം(Laver) സ്ഥാപിക്കുന്നുണ്ട്(Exodus 30:19-20). ബലിയർപ്പിക്കുവൻ  ബലിപീഠത്തെ സമീപിക്കുന്നത്തിനു മുൻപ് ചെയേണ്ട ശരീര ശുചീകരണം. അവർ മരിക്കതിരിക്കേണ്ടതിന് എന്നന്നേക്കുമായി ദൈവം നല്കിയ കല്പന.      

    പാദങ്ങൾ കഴുകൽ - പുതിയ നിയമത്തിൽ

    സുവിശേഷത്തിൽ , യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിനു പുറമേ മറ്റൊരു ഭാഗത്തും കൂടി  പാദങ്ങൾ കഴുകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ പാപിനിയായ ഒരുവൾ വന്ന് കണ്ണീരുകൊണ്ട് പാദങ്ങൾ കഴുകി ചുംബിക്കുന്നുണ്ട്(Luke7:38). പാദങ്ങൾ കഴുകുന്നതും   ചുംബനം നല്കുന്നതും യഹൂദ സംസ്കാരത്തിൽ അതിഥി സൽക്കരത്തിന്റെ ഭാഗമാണെന്ന് പിന്നീട് വ്യക്തമാക്കുനുണ്ട്(Luke 7 :44-45)
    ലേഖനങ്ങളിൽ, വിധവകളായിരിക്കുന്നവരെ ബഹുമാനിക്കപ്പെടേണ്ടതിനെക്കുറിച്ചും , യഥാർത്ഥ വിധവ എങ്ങിനെ ആയിരിക്കണമെന്നും സൂചിപ്പിക്കുന്ന ഭാഗത്ത്‌ വിശുദ്ധരുടെ പാദങ്ങൾ കഴുകുക (1 Timothy 5:10 ) എന്ന് രേഖപ്പെടുത്തിയിരിക്കുനതായി കാണുവാൻ കഴിയും. വിധവക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസ മനോഭാവത്തെയാണ് ഇവിടെ  വെളിപ്പെടുത്തുന്നത്. നാബാലിന്റെ മരണത്തിനു ശേഷം, അബിഗായിലിനെ ഭാര്യയാക്കാൻ കൂട്ടികൊണ്ട് പോകുന്നതിനു വേണ്ടി അബിഗായിലിന്റെ  അടുത്ത്  വന്ന ദാവീദിന്റെ ദൂതന്മാരേ നിലംപറ്റെ താണു തൊഴുതുകൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു ' ഈ ദാസി എന്റെ യജമാനന്റെ ദാസന്മാരുടെ പാദം കഴുകേണ്ടാവളാണ്‌' (1Samuel 25:41 ). ഈ മറുപടി ചിന്തകൾക്ക് വ്യക്തത നൽകുന്നു.

    യേശുവിന്റെ പെസഹായും മരണവും ഉയിർപ്പും വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കപ്പെടുന്നതിനു വേണ്ടി (? ? ?) നാടകീയമായി യേശു നല്കിയ മാത്രക പുനരാവിഷ്ക്കരിക്കപ്പെടുന്ന ഈ വേളയിൽ, വലതുകാൽ മാത്രം കഴുകി, ചുംബിക്കുന്ന വിശ്വാസ പ്രകടനങ്ങൾ നമുക്ക് ചുറ്റുമുള്ള ചില സഭകളിൽ കാണുവാൻ കഴിയും. രക്ഷയായ ദൈവവചനത്തിന്റെ ആത്മീയ പൊരുൾ മനസിലാക്കി കൊടുക്കുന്നതിനു പകരം, വചനത്തെ മാനുഷീകമായി വളച്ചൊടിക്കുന്ന അവസ്ഥ. ഇത് ദൈവവചന അടിസ്ഥാനത്തിലാണോ എന്ന് നിങ്ങൾ തന്നെ ചിന്തിച്ച് നോക്കുവിൻ. 

    • യേശു വലതുകാൽ മാത്രമല്ല, പാദങ്ങൾ ആണ് കഴുകിയത് (John 13:4,14).
    • യേശു പാദങ്ങൾ കഴുകി, തുടച്ചു. എന്നാൽ ചുംബിച്ചിട്ടില്ല (John 1 3 :5).
    • പാദങ്ങൾ കഴുകി  ചുംബിച്ചത് പാപിനിയായ സ്ത്രിയാണ് (Luke 7:38)

    യേശു നല്കിയ മാത്രകയേയും പാപിനിയായ സ്ത്രിയുടെ പ്രവർത്തിയേയും കൂട്ടിയിണക്കിയ ഒരു പ്രകടനമാണോ നാം നടത്തിക്കൊണ്ട് പോരുന്നത് ??. വചനം പറയുന്നതു പോലെ വായിക്കുന്നവൻ   ഗ്രഹിച്ചു കൊള്ളട്ടെ (Mark 13 :14 ).ദൈവവചനം മനസിരുത്തി വായിച്ച് ധ്യാനിക്കാൻ (John 13:1-2)നിങ്ങൾ ശ്രമിക്കുമല്ലോ.... 

    പത്രോസിന്റെ കീഴിൽ രൂപം പ്രാപിച്ച  ആദിമ ക്രൈസ്തവ സമൂഹം, യേശു നല്കിയ മാത്രകയായി; പാദങ്ങൾ കഴുകിയിരുന്നതായി വചനത്തിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കണം. വിശ്വാസത്തിന്റെ വലിയ പ്രകടനമായി നാം കൊണ്ടാടുന്ന ഈ  കഴുകൽ ചടങ്ങ്; എന്തുകൊണ്ടാണ്   ആദിമ ക്രൈസ്തവ സമൂഹം  അനുഷ്ടിക്കാതിരുന്നത് ???

    ഇവിടെയാണ് നാം ദൈവവചനത്തെ ആഴത്തിൽ ചിന്തിക്കേണ്ടത്. പഴയനിയമത്തിലും പുതിയ നിയമത്തിലും കാണപ്പെടുന്ന ഇത്തരം ചിന്തകളും യേശു നല്കിയ മാത്രകയും തമ്മിൽ വളരെ വ്യതാസമുണ്ട്. നിയമാനുഷ്ഠനാം വഴി ഒരുവനും നീതികരിക്കപ്പെടില്ല (Galatians 2:16) എന്ന ബോധ്യം നമുക്ക് ഉണ്ടാകണം. വർഷത്തിൽ ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന, സഹോദരന്റെ പാദങ്ങൾ കഴുകുക എന്ന പ്രവർത്തിയാണോ യേശു നമുക്ക് നല്കിയ മാത്രക. അല്ല...യേശു നമ്മോട് കാണിച്ച കാരുണ്യമാണ് നാം ഇവിടെ തിരിച്ചറിയേണ്ടത്.അവൻ ദൈവപുത്രൻ ആയിരുന്നിട്ടും നമുക്ക് വേണ്ടി നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുനതിനു വേണ്ടി തന്നെത്തന്നെ ശൂന്യനാക്കിയവൻ(Philippians 2:7). യജമാനൻ ആണെങ്കിലും പരിചാരകനെ പോലെ അകപ്പെട്ടവൻ. പാദങ്ങൾ കഴുകുക എന്ന നാടകീയ പ്രവർത്തിയല്ല മറിച്ച് യേശു ക്രിസ്തുവിന് ഉണ്ടായിരുന്ന ആ മനോഭാവമാണ് (Philippians 2:5) അവൻ നമുക്ക് നല്കിയ വലിയ മാത്രക. ആത്മാവിൽ വിശ്വാസത്തിൽ ആരംഭിച്ചിട്ട് ശരീരത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാണോ നിങ്ങൾ (Galatians 3:3 )എന്ന ചോദ്യം  നമുക്ക് ചിന്തകൾക്ക് കാരണമാകട്ടെ . 

    നന്മ ചെയ്തിട്ടും പീഡകൾ സഹിക്കേണ്ടിവരുബോൾ( 1 Peter 2:21) യേശുവിനെ പ്രതി ക്ഷമിക്കുവാൻ ... സഹോദരനോട് കരുണ കാണിക്കുവാൻ, ഞാൻ എന്ന ഭാവത്തെ ഉപേഷിക്കുവാൻ , എളിമപ്പെടുവാൻ ....ഇതാണ് പാദങ്ങൾ കഴുകിയതിൽ കൂടി ശിഷ്യന്മാർക്ക് യേശു കാണിച്ചു കൊടുത്തതും നമ്മോടു ആവശ്യപ്പെട്ടതും

    സ്വന്തം ചിന്തകളെയും കഴിവുകളേയും വിട്ട്; ശിശുക്കളെ പോലെ സ്വയം ചെറുതാകാൻ അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവനാകാൻ (Mathew 18:4) നമുക്ക് കഴിയട്ടെ. യേശു നല്കിയ ആ വലിയ മാത്രകയുടെ ആത്മീയ വെളിപാടുകൾ ഉൾകൊണ്ടുക്കൊണ്ട്   അനുദിന ജീവിതത്തിലെ പരീക്ഷണ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ. അങ്ങനെ  ക്രിസ്തു എന്നിൽ ജീവിക്കുന്നു(Galatians 2:20)എന്ന തിരിച്ചറിവിൽ നിന്നും  എളിമ എന്ന പുണ്യം അനുഭവിക്കാം. 


    ദൈവത്തിന് നന്ദി ...