Sunday, 24 February 2013

പ്രാര്‍ത്ഥനക്ക് മുന്‍പ്...ഒരു നിമിഷം.

ദൈവവചനത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന വിശ്വാസം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുമ്പോള്‍ മാത്രമേ ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഫലദായകമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനകള്‍  ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. പ്രാര്‍ത്ഥനയുടെ അടിസ്ഥാനം നിത്യജീവനാണെന്നും രക്ഷയുടെ ആദ്യാനുഭവം വീണ്ടുംജനനമാണെന്നും നാം കണ്ടുകഴിഞ്ഞു.... അല്ല, അനുഭവിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.....  

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. കുടുംബാഗങ്ങള്‍ ഒന്നു ചേര്‍ന്നും, കൂട്ടായ്മയില്‍ക്കൂടിയും നമ്മള്‍ വിവിധ തരത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവവചന അടിസ്ഥാനത്തില്‍ ഇവയെല്ലാം ശരിയും ആവശ്യവുമാണ്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യമുണ്ട്. വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു വിശ്വാസ പ്രഖ്യാപനം എന്നതിലുപരി വിശ്വാസത്തില്‍ വളരുവാനും, കൂടുതല്‍ ആത്മീയശക്തിയോടുകൂടി മുന്നോട്ടു പോകുവാനും നമ്മെ സഹായിക്കുന്നു. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായി നടത്തുന്ന ഒരു സ്വകാര്യ സംഭാഷണമാണ്.(Mathew 6:6 )

എപ്പോള്‍ .....എവിടെ വച്ച് .....എങ്ങനെ....ഞാന്‍ പ്രാര്‍ത്ഥിക്കണം ?. 

പ്രാര്‍ത്ഥിക്കേണ്ട സമയമോ, സ്ഥലമോ,  ക്രമങ്ങളോ വചനം നിഷ്കര്‍ഷിക്കുന്നില്ല. ഒരു പുതിയ നിയമ വിശ്വാസി ആത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാലും(Romans 8:14), ദൈവാത്മാവ് അവനില്‍ വസിക്കുന്നതിനാലും (Galatians 2:20) പഴയനിയമം അനുശാസിക്കുന്നതുപോലെ ആഴ്ചയില്‍ ഒരിക്കലോ ആണ്ടിലൊരിക്കലോ അല്ല  മറിച്ച്, ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരിക്കണം. കാരണം അവന്‍ നമ്മെ ഉയര്‍ത്തിയത്‌, നമുക്ക് രക്ഷ നല്‍കിയിരിക്കുന്നത്  നമ്മുടെ പ്രവര്‍ത്തിയാലല്ല മറിച്ച് അവന്റെ കാരുണ്യത്താല്‍  ദാനമായിട്ടാണ്(Ephesians 2:8). അതിനാല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത് (Galatians 2:20) എന്ന വെളിപാട്‌ നമ്മില്‍  ഉണ്ടാകണം.

തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനയുടെ സമയം ഏതാനും ചില നിമിഷങ്ങള്‍ ... പലപ്പോഴും അതുപോലും ഇല്ലാത്ത ഒരു അവസ്ഥ. ഒരുവിധ യാന്ത്രിക ജീവിതം അല്ലെ സുഹൃത്തേ.... യഥാര്‍ത്ഥ രക്ഷാനുഭവം അനുഭവിക്കാത്തതാണ് ഇതിനു കാരണം.പ്രാര്‍ത്ഥനയ്ക്ക് ഭൗതീകമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. എന്ന്...എപ്പോള്‍ ...എവിടെ...എങ്ങനെ.....ഈ തീരുമാനം തികച്ചും വ്യക്തിപരമാണ് .  

പ്രാര്‍ത്ഥനയുടെ സമയം :  പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു( Psalms5:3). ആലോചിച്ചുറക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ ?(Amos 3:). ദൈവത്തില്‍ ആശ്രയം വച്ച് , പ്രാര്‍ത്ഥനയോടുകൂടി, ആരംഭിക്കുന്ന ദിവസം എത്രയോ സന്തോഷകരം. ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഊര്‍ജ്ജമായി നമ്മില്‍ നിലനില്‍ക്കും.പ്രാര്‍ത്ഥനയോടുകൂടി ഒരു ദിവസം അരംഭിക്കുനത് കൂടുതല്‍ അഭികാമ്യം. 

ഈ ലോകത്ത് ആയിരിക്കുന്ന നമുക്ക് ഭൗതീകമായ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം നിറവേറ്റുന്നതിനൊടൊപ്പം, പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സ്വസ്ഥമായ ഒരു സമയം ഉണ്ടാക്കിയെടുക്കാന്‍ നാം തന്നെ ശ്രമിക്കണം. സ്വസ്ഥമായ ഒരു സമയം...അതിനാണ് കഴിയാത്തത് എന്നായിരിക്കും ഇപ്പോള്‍ തങ്ങളുടെ മനസ്സില്‍ . മനസിലുള്ള ആലോചന അഗാധമായ ജലം പോലെയാണ് . ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കാം(Proverbs 20:5 ).നമ്മുടെ ചിന്തകളും മനസും അറിയുന്ന ദൈവം, നാം ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും ദൈവം വഴിയൊരുക്കും.നാം എന്തുമാത്രം ആഗ്രഹിക്കാറുണ്ട് എന്ന് ചിന്തിച്ച് നോക്കുക. ദിവസത്തില്‍ മറ്റ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ കഴിയുമെങ്കില്‍  ജീവന്റെ അപ്പം ഭക്ഷിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ എന്തുകൊണ്ട് നമുക്ക് സമയം ലഭിക്കുന്നില്ല ?.വചനം പറയുന്നു' എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'(Ephesian 6:18)നിശ്ചിത സമയത്തിനല്ല മറിച്ച് ദൈവീക അനുഭവത്തിനാണ് പ്രാധാന്യം.

സ്ഥലം  : പഴയനിയമ ക്രമമനുസരിച്ച് ദൈവീക മഹത്വം നിറഞ്ഞിരിക്കുന്നത്‌ കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്താണ്(Exodus 25:21-22). എന്നാല്‍ പുതിയ നിയമ വിശ്വാസിയോട് വചനം പറയുന്നു 'നിങ്ങള്‍ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ??(1Corinthians 3:16). എന്നാല്‍ നമ്മളോ ദൈവം വസിച്ചിരുന്ന മനുഷ്യ നിര്‍മ്മിതമായ ആലയം, കാലഹരണപ്പെട്ട  ആ  പഴയനിയമ കൂടാരം  അന്വേഷിച്ചു നടക്കുന്നു(Acts 17:24). ഇത്തരം പാരമ്പര്യ വിശ്വാസത്തില്‍ നിന്നും, പുണ്യ സ്ഥലങ്ങള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന  ചില പ്രത്യേക സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന  ക്രിസ്തീയാടിസ്ഥാനമല്ലാത്ത, തെറ്റായ വിശ്വാസം നാം പുലര്‍ത്തി പോരുന്നു. ഇവിടെ പ്രാര്‍ത്ഥന എന്നത് ദൈവത്തോടുള്ള ബന്ധം എന്നതില്‍ നിന്നും ആ സ്ഥലത്തോടും സാഹചര്യത്തോടുമുള്ള ഒരു  വിശ്വാസം ആയി മാറ്റപ്പെടുന്നു .എളുപ്പത്തില്‍ ദൈവത്തെ അനുഭവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തുന്ന കുറുക്കുവഴികള്‍ . സ്വസ്തമായിരിക്കാന്‍ കഴിയുന്ന എവിടെയും നമുക്ക് പ്രാര്‍ത്ഥിക്കാം.വീട്ടിലോ, കാറിലോ,മറ്റു എവിടെയുമാകട്ടെ, പ്രാര്‍ത്ഥിക്കുന്ന സ്ഥലമല്ല മറിച്ച്  ദൈവം നമ്മില്‍ വസിക്കുന്നു(Galatians 2:20) എന്ന തിരിച്ചറിവാണ് പ്രാധാന്യം. നമ്മുടെ ആത്മീയ അന്ധതയെ നീക്കി വചനത്തിന്റെ പ്രകാശത്തില്‍ നടക്കാം.   

സൗകര്യം മുട്ടുകള്‍ കുത്തി, കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രീതികള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.(1Kings8:54, Psalms95:6).മുട്ടുകുത്തല്‍ എളിമപ്പെടലിന്റെയും, കൈകള്‍ ഉയര്‍ത്തുന്നത് യാചനയുടെയും ബാഹ്യ പ്രകടനങ്ങള്‍ ആണ്.പഴയനിയമത്തില്‍ , ഇവയെല്ലാം സ്വീകാര്യവുമായിരുന്നു . എന്നാല്‍ നമ്മോടു വചനം പറയുന്നു' പ്രവര്‍ത്തികള്‍ കൂടാതെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു(Romans 4:5). പുതിയനിയമ വിശ്വാസത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല . മുട്ടുകുത്തുന്നതും , കൈകള്‍ ഉയര്‍ത്തി  പ്രാര്‍ത്ഥിക്കുന്നതും തെറ്റാണ് എന്നല്ല, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകു എന്ന തെറ്റായ ബോധ്യം നാം മാറ്റണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പ്രാര്‍ത്ഥന എന്നത് ചിട്ടയായ നിയമത്തിന്റെ സാക്ഷാത്കാരമല്ല മറിച്ച്, എളിമയുള്ള ഹൃദയം ദൈവവുമായി പങ്കുവെക്കുന്നതില്‍ കൂടിയുള്ള സന്തോഷത്തിന്റെ ഒരു അനുഭവമായിരിക്കണം .നിയമത്തിന് കീഴിലല്ല , കൃപക്ക് കീഴിലാണ് എന്ന വെളിപാട്(Romans 6:14).   

ഉയര്‍ന്ന സ്വരത്തില്‍ : ശക്ത്തമായ വാക്കുകള്‍ പറഞ്ഞ് ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തപ്പെടു എന്ന മിഥ്യാധാരണ നമ്മില്‍ പലര്‍ക്കും ഉണ്ട് .  നന്ദികളും, സ്തുതികളും നമ്മുടെ അധരങ്ങള്‍ സംസാരിക്കുന്നത്; ഹൃദയത്തിന്റെ നിറവില്‍ നിന്നു കൊണ്ടായിരിക്കണം(Luke 6:43). മനപാഠം ആക്കിയ ചില വാചകങ്ങള്‍ക്ക്  പ്രാര്‍ത്ഥന എന്ന പേര്‍ ചൊല്ലി അതിനെ വീണ്ടും വീണ്ടും ഉരിവിടുന്ന നാം വിജാതിയന് തുല്ല്യനാണ്.ഹൃദയത്തിന്റെ നിറവില്‍ നിന്നല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ സംതൃപ്തികണ്ടെത്താന്‍  ശ്രമിക്കുന്ന നമ്മെ നോക്കി കാപട്യനാട്യക്കാര്‍ നടത്തുന്ന അതിഭാഷണം(Mathew 6:7)എന്ന് യേശു പറയുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ . എന്നാല്‍ , അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(Romans 8:26).പ്രാര്‍ത്ഥന എന്നത് ആകുലതകള്‍  വെടിഞ്ഞ്  ദൈവസന്നിധിയില്‍ നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണ്‌(((Philippians 4:6)

സ്വയം നീതികരിക്കല്‍നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന നല്ല പ്രവര്‍ത്തികളെ നമ്മുടെ വിശ്വാസത്തില്‍ കൂടി ഉയര്‍ത്തി കാണിക്കുന്ന അവസ്ഥയായിരിക്കരുത് പ്രാര്‍ത്ഥന. ഫരിസേയന്റെയും  ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളും അതിന്റെ അവസാനം അവര്‍ക്ക് ലഭിച്ച നീതികരണവും നമുക്കറിയാം.'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടു; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയും'(Luke18:9-14). ഈ വചന ഭാഗം നമുക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ .

ദൈവത്തെ ശ്രവിക്കല്‍ : പ്രാര്‍ത്ഥന എന്നത് നാം ദൈവത്തോട് സംസാരിക്കുന്ന അവസ്ഥയല്ല; അതിനെക്കാളുപരി ദൈവം നമ്മോട് സംസാരിക്കുന്ന, ദൈവത്തെ ശ്രവിക്കുന്ന അവസ്ഥ കൂടി ആയിരിക്കണം.നമ്മില്‍ വസിക്കുന്ന ദൈവീക ശക്തി നമ്മില്‍ വ്യാപരിക്കുക കൂടി ചെയ്യണം(2 Corinthians 6:16). ഈ അനുഭവം നമ്മില്‍ എത്ര പേര്‍ക്ക് ഉണ്ടായിട്ടുണ്ട് ?.ദര്‍ശനങ്ങള്‍ ,വെളിപാടുകള്‍ , വചനങ്ങള്‍ , സാഹചര്യങ്ങള്‍  ഇങ്ങനെ ആത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം .അതോടൊപ്പം ആത്മാവിന്റെ ഉത്കൃഷ്ട ദാനങ്ങള്‍ക്കായി(1 Corinthians 12:31) നാം അഭിലഷിക്കണം. 

ഇങ്ങനെയുള്ള തിരിച്ചറിവുകളും തയ്യാറെടുപ്പുകളും ഭൗതീകജീവിത ചിന്തയില്‍ നിന്നും മാറി പൂര്‍ണ്ണമായും ദൈവത്തില്‍ ആയിരിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഇതിനെ വചനം പറയുന്നു' നീ  പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്‌, രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പങ്കുവെക്കണം'(Mathew 6:6-7).    

ആചാര അനുഷ്ടാനങ്ങള്‍ക്ക് വിരാമം ഇട്ടുക്കൊണ്ട്  യേശുവില്‍ കൂടി രക്ഷ അനുഭവിക്കാന്‍ യോഗ്യരായ നാം, ഇപ്പോഴും കാലഹാരണപ്പെട്ട ആ പഴയ നിയമ ചിന്താഗതിയുടെ, നിയമത്തിന്റെ  പുറകേയാണോ ?. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സമയവും ദിവസവും നോക്കിയാണോ നാം  പ്രാര്‍ത്ഥിക്കുന്നത് ? നാം  ദൈവത്തിന്റെ ആലയം ആകുന്നു എന്ന് നാം തിരിച്ചറിയണം(1 Corinthians 3:16)

'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.........
ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍... 
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കിന്‍....'....   
                     (1 Thessalonians 5 : 1 6 - 1 8). 

ദൈവത്തിന് നന്ദി ..... 

3 comments:

  1. താങ്കള്‍ പറഞ്ഞു വരുന്നത് പഴയനിയമം ആവശ്യമില്ല എന്നാണോ? ഒരു കാര്യം ഓര്‍ത്താല്‍ നന്ന് പുതിയ നിയമം എന്നത് പഴയ നിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്. നമുക്ക് രണ്ടും ആവശ്യമാണ്. ദൈവം നമുക്ക് വിവേകം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  2. വരാനിരിക്കുന നന്മകളുടെ നിഴല്‍ മാത്രമാണ് പഴയനിയമം(Hebrew 10:1)എന്നതില്‍ സംശയമില്ലല്ലോ . എന്നാല്‍ പൂര്‍ണമായ നന്മ(യേശു എന്ന രക്ഷകന്‍ ) വന്നിട്ടും,ആ പഴയ നിഴലിനെ പിഞ്ചെല്ലുന്നുണ്ടെങ്ങില്‍ യഥാര്‍ത്ഥ നന്മ അനുഭവിച്ചിട്ടില്ല എന്നല്ലേ വ്യക്തമാക്കുന്നത് ??.... പഴയനിയമം തെറ്റ് എന്നര്‍ത്ഥമില്ല.പഴയനിയമം നമുക്ക് ഗ്രഹിക്കാനുള്ളതാണ്‌, എന്നാല്‍ പുതിയനിയമം വിശ്വസിച്ചു അനുഭവിക്കേണ്ടതും. Please read Hebrew 10:9.

    ReplyDelete