Sunday, 17 March 2013

നിങ്ങൾക്കൊരു മാതൃക...

നിങ്ങളുടെ  കർത്താവും ഗുരുവുമായ ഞാൻ; നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ  കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു (John 13:14-15).

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിൽ പോകാനുള്ള സമയം അടുത്തിരിക്കുന്നു എന്ന് മനസിലാക്കിയ യേശു; അത്താഴത്തിനിടയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി കൊണ്ട് നമുക്ക് നൽകിയ ആ വലിയ മാത്രക. എളിമ എന്ന പുണ്യം നമുക്ക് വെളിപ്പെടുത്തി തന്ന  വചന ഭാഗത്തെ നമുക്ക് വിചിന്തനം ചെയ്യാം... 

യേശു എന്തിനാണ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് ? 

തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു തർക്കം ശിഷ്യന്മാർക്കിടയിൽ  നിലനിന്നിരുന്നു(Luke 22:24). സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച്, അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തുവശത്തും മറ്റെയാൾ ഇടത്തുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കേണമേ  എന്ന് അപേഷിക്കാൻ (Mark 10:37)കാരണവും അതു തന്നെയാണ്.ഈ ചോദ്യം മറ്റുള്ള പത്ത് ശിഷ്യന്മാരിലും അമർഷം ഉളവാക്കി(Mark 10:41). ഇങ്ങനെ വലിയവനാകാൻ  മത്സരിച്ചിരുന്ന ശിഷ്യന്മാർക്ക്  യേശു നല്കിയ ഉത്തരം.... അവർക്ക്  മനസ്സിലാക്കി കൊടുത്ത  ഏറ്റവും വലിയ എളിമയുടെ പ്രകടനമാണ്  പാദങ്ങൾ കഴുകൽ

പാദങ്ങൾ കഴുകൽ - പഴയ നിയമത്തിൽ

പഴയ നിയമത്തിൽ പല ഭാഗങ്ങളിലും വിവധ തരത്തിൽ പാദങ്ങൾ കഴുകുന്നതായി കാണാൻ കഴിയും. സോദോമിൽ ചെന്ന ദൂതരെ; ലോത്ത് താണുവണങ്ങി, തന്റെ വീട്ടിലേക്ക് എതിരെൽക്കുന്നു.കാലുകൾ കഴുകി, ആ രാത്രി അവിടെ വിശ്രമിക്കാൻ ആവശ്യപ്പെടുന്നു(Genesis 19:2). അതിഥിയോട്  കാണിക്കുന്ന സ്നേഹാദരവിന്റെ ഭാഗമായിട്ടാണ് ഇവിടെ പാദങ്ങൾ കഴുകുന്നത്. എന്നാൽ  ഇതിൽ നിന്നും വത്യസ്തമായി, സമാഗമകൂടാരത്തിൽ അഹറോന്റെ പുത്രന്മാർക്ക് കൈകാലുകൾ കഴുകാൻ ക്ഷാളന പാത്രം(Laver) സ്ഥാപിക്കുന്നുണ്ട്(Exodus 30:19-20). ബലിയർപ്പിക്കുവൻ  ബലിപീഠത്തെ സമീപിക്കുന്നത്തിനു മുൻപ് ചെയേണ്ട ശരീര ശുചീകരണം. അവർ മരിക്കതിരിക്കേണ്ടതിന് എന്നന്നേക്കുമായി ദൈവം നല്കിയ കല്പന.      

പാദങ്ങൾ കഴുകൽ - പുതിയ നിയമത്തിൽ

സുവിശേഷത്തിൽ , യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിനു പുറമേ മറ്റൊരു ഭാഗത്തും കൂടി  പാദങ്ങൾ കഴുകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ പാപിനിയായ ഒരുവൾ വന്ന് കണ്ണീരുകൊണ്ട് പാദങ്ങൾ കഴുകി ചുംബിക്കുന്നുണ്ട്(Luke7:38). പാദങ്ങൾ കഴുകുന്നതും   ചുംബനം നല്കുന്നതും യഹൂദ സംസ്കാരത്തിൽ അതിഥി സൽക്കരത്തിന്റെ ഭാഗമാണെന്ന് പിന്നീട് വ്യക്തമാക്കുനുണ്ട്(Luke 7 :44-45)
ലേഖനങ്ങളിൽ, വിധവകളായിരിക്കുന്നവരെ ബഹുമാനിക്കപ്പെടേണ്ടതിനെക്കുറിച്ചും , യഥാർത്ഥ വിധവ എങ്ങിനെ ആയിരിക്കണമെന്നും സൂചിപ്പിക്കുന്ന ഭാഗത്ത്‌ വിശുദ്ധരുടെ പാദങ്ങൾ കഴുകുക (1 Timothy 5:10 ) എന്ന് രേഖപ്പെടുത്തിയിരിക്കുനതായി കാണുവാൻ കഴിയും. വിധവക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസ മനോഭാവത്തെയാണ് ഇവിടെ  വെളിപ്പെടുത്തുന്നത്. നാബാലിന്റെ മരണത്തിനു ശേഷം, അബിഗായിലിനെ ഭാര്യയാക്കാൻ കൂട്ടികൊണ്ട് പോകുന്നതിനു വേണ്ടി അബിഗായിലിന്റെ  അടുത്ത്  വന്ന ദാവീദിന്റെ ദൂതന്മാരേ നിലംപറ്റെ താണു തൊഴുതുകൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു ' ഈ ദാസി എന്റെ യജമാനന്റെ ദാസന്മാരുടെ പാദം കഴുകേണ്ടാവളാണ്‌' (1Samuel 25:41 ). ഈ മറുപടി ചിന്തകൾക്ക് വ്യക്തത നൽകുന്നു.

യേശുവിന്റെ പെസഹായും മരണവും ഉയിർപ്പും വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കപ്പെടുന്നതിനു വേണ്ടി (? ? ?) നാടകീയമായി യേശു നല്കിയ മാത്രക പുനരാവിഷ്ക്കരിക്കപ്പെടുന്ന ഈ വേളയിൽ, വലതുകാൽ മാത്രം കഴുകി, ചുംബിക്കുന്ന വിശ്വാസ പ്രകടനങ്ങൾ നമുക്ക് ചുറ്റുമുള്ള ചില സഭകളിൽ കാണുവാൻ കഴിയും. രക്ഷയായ ദൈവവചനത്തിന്റെ ആത്മീയ പൊരുൾ മനസിലാക്കി കൊടുക്കുന്നതിനു പകരം, വചനത്തെ മാനുഷീകമായി വളച്ചൊടിക്കുന്ന അവസ്ഥ. ഇത് ദൈവവചന അടിസ്ഥാനത്തിലാണോ എന്ന് നിങ്ങൾ തന്നെ ചിന്തിച്ച് നോക്കുവിൻ. 

  • യേശു വലതുകാൽ മാത്രമല്ല, പാദങ്ങൾ ആണ് കഴുകിയത് (John 13:4,14).
  • യേശു പാദങ്ങൾ കഴുകി, തുടച്ചു. എന്നാൽ ചുംബിച്ചിട്ടില്ല (John 1 3 :5).
  • പാദങ്ങൾ കഴുകി  ചുംബിച്ചത് പാപിനിയായ സ്ത്രിയാണ് (Luke 7:38)

യേശു നല്കിയ മാത്രകയേയും പാപിനിയായ സ്ത്രിയുടെ പ്രവർത്തിയേയും കൂട്ടിയിണക്കിയ ഒരു പ്രകടനമാണോ നാം നടത്തിക്കൊണ്ട് പോരുന്നത് ??. വചനം പറയുന്നതു പോലെ വായിക്കുന്നവൻ   ഗ്രഹിച്ചു കൊള്ളട്ടെ (Mark 13 :14 ).ദൈവവചനം മനസിരുത്തി വായിച്ച് ധ്യാനിക്കാൻ (John 13:1-2)നിങ്ങൾ ശ്രമിക്കുമല്ലോ.... 

പത്രോസിന്റെ കീഴിൽ രൂപം പ്രാപിച്ച  ആദിമ ക്രൈസ്തവ സമൂഹം, യേശു നല്കിയ മാത്രകയായി; പാദങ്ങൾ കഴുകിയിരുന്നതായി വചനത്തിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കണം. വിശ്വാസത്തിന്റെ വലിയ പ്രകടനമായി നാം കൊണ്ടാടുന്ന ഈ  കഴുകൽ ചടങ്ങ്; എന്തുകൊണ്ടാണ്   ആദിമ ക്രൈസ്തവ സമൂഹം  അനുഷ്ടിക്കാതിരുന്നത് ???

ഇവിടെയാണ് നാം ദൈവവചനത്തെ ആഴത്തിൽ ചിന്തിക്കേണ്ടത്. പഴയനിയമത്തിലും പുതിയ നിയമത്തിലും കാണപ്പെടുന്ന ഇത്തരം ചിന്തകളും യേശു നല്കിയ മാത്രകയും തമ്മിൽ വളരെ വ്യതാസമുണ്ട്. നിയമാനുഷ്ഠനാം വഴി ഒരുവനും നീതികരിക്കപ്പെടില്ല (Galatians 2:16) എന്ന ബോധ്യം നമുക്ക് ഉണ്ടാകണം. വർഷത്തിൽ ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന, സഹോദരന്റെ പാദങ്ങൾ കഴുകുക എന്ന പ്രവർത്തിയാണോ യേശു നമുക്ക് നല്കിയ മാത്രക. അല്ല...യേശു നമ്മോട് കാണിച്ച കാരുണ്യമാണ് നാം ഇവിടെ തിരിച്ചറിയേണ്ടത്.അവൻ ദൈവപുത്രൻ ആയിരുന്നിട്ടും നമുക്ക് വേണ്ടി നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുനതിനു വേണ്ടി തന്നെത്തന്നെ ശൂന്യനാക്കിയവൻ(Philippians 2:7). യജമാനൻ ആണെങ്കിലും പരിചാരകനെ പോലെ അകപ്പെട്ടവൻ. പാദങ്ങൾ കഴുകുക എന്ന നാടകീയ പ്രവർത്തിയല്ല മറിച്ച് യേശു ക്രിസ്തുവിന് ഉണ്ടായിരുന്ന ആ മനോഭാവമാണ് (Philippians 2:5) അവൻ നമുക്ക് നല്കിയ വലിയ മാത്രക. ആത്മാവിൽ വിശ്വാസത്തിൽ ആരംഭിച്ചിട്ട് ശരീരത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാണോ നിങ്ങൾ (Galatians 3:3 )എന്ന ചോദ്യം  നമുക്ക് ചിന്തകൾക്ക് കാരണമാകട്ടെ . 

നന്മ ചെയ്തിട്ടും പീഡകൾ സഹിക്കേണ്ടിവരുബോൾ( 1 Peter 2:21) യേശുവിനെ പ്രതി ക്ഷമിക്കുവാൻ ... സഹോദരനോട് കരുണ കാണിക്കുവാൻ, ഞാൻ എന്ന ഭാവത്തെ ഉപേഷിക്കുവാൻ , എളിമപ്പെടുവാൻ ....ഇതാണ് പാദങ്ങൾ കഴുകിയതിൽ കൂടി ശിഷ്യന്മാർക്ക് യേശു കാണിച്ചു കൊടുത്തതും നമ്മോടു ആവശ്യപ്പെട്ടതും

സ്വന്തം ചിന്തകളെയും കഴിവുകളേയും വിട്ട്; ശിശുക്കളെ പോലെ സ്വയം ചെറുതാകാൻ അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവനാകാൻ (Mathew 18:4) നമുക്ക് കഴിയട്ടെ. യേശു നല്കിയ ആ വലിയ മാത്രകയുടെ ആത്മീയ വെളിപാടുകൾ ഉൾകൊണ്ടുക്കൊണ്ട്   അനുദിന ജീവിതത്തിലെ പരീക്ഷണ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ. അങ്ങനെ  ക്രിസ്തു എന്നിൽ ജീവിക്കുന്നു(Galatians 2:20)എന്ന തിരിച്ചറിവിൽ നിന്നും  എളിമ എന്ന പുണ്യം അനുഭവിക്കാം. 


ദൈവത്തിന് നന്ദി ...     

Saturday, 9 March 2013

സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ ...






പഴയനിയമ പത്ത് കല്‍പനകള്‍ക്ക് പൂര്‍ണ്ണത നല്‍കികൊണ്ട്,പുതിയനിയമ വിശ്വാസിയോട് യേശു കല്പിച്ചു 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം'(John 15:12,13:35)

ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു  പുതിയ കല്പന.... യേശുവഴി ദൈവം നമ്മില്‍ പ്രകടമാക്കിയ ആ വലിയ സ്നേഹം...ക്ഷമ എന്ന പുണ്യം.... 

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്  ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ക്ഷമിക്കുവിന്‍ (Mark11:25). നീ കാഴ്ചയര്‍പ്പിക്കുമ്പോള്‍ , നിന്റെ സഹോദരന് നിന്നോട്   എന്തെങ്കിലും വിരോധം ഉണ്ടെന്ന്‍  അവിടെ വച്ച് ഓര്‍ത്താല്‍ , കാഴ്ചവസ്തു അവിടെ വച്ചിട്ട് പോയി സഹോദരനുമായി  രമ്യതപ്പെടുക;പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക (Mathew 5:23-24).നന്ദിയും സ്തോത്രങ്ങളും ബലിയായി ദൈവത്തിനു അര്‍പ്പിക്കാന്(Psalms 50:14) ഒരുങ്ങുന്ന  സുഹൃത്തെ; 

താങ്കള്‍ സഹോദരനുമായി രമ്യതപ്പെട്ടുവോ ?. 
താങ്കളുടെ സഹോദരന്‍ താങ്കളുമായി രമ്യതയിലാണോ ?.

വിശുദ്ധഗ്രന്ഥത്തില്‍ സഹോദരന്‍ എന്ന വാക്ക് പല അര്‍ത്ഥത്തിലും പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയേയും  ഈ വാക്കിനാല്‍ സൂചിപ്പിച്ചിട്ടുണ്ട്.സഹോദരന്‍; വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഈ ചിന്തകളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരുങ്ങുന്ന നമുക്കാണ് പ്രാധാന്യം. സഹോദരനുമായി രമ്യതപ്പെടാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല എന്ന വചന വെളിപാടിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രണ്ട് ജീവിത സാഹചര്യങ്ങളെ നിങ്ങളുമായി പങ്കുവെക്കട്ടെ.... 

സാഹചര്യം :1 
ഞാനുമായി  കഠിന ശത്രുതയിലായിരിക്കുന്ന ഒരു വ്യക്തി.രമ്യപ്പെടണമെന്ന് വചനം അനുശാസിക്കുന്നതിനാല്‍ ,ക്ഷമ പറഞ്ഞ് രമ്യതയിലകാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞുപോയതിനെല്ലാം മാപ്പ് പറഞ്ഞ എന്നോട് കൂടുതല്‍ ആക്രോശത്തോടെ  അദ്ദേഹം പാഞ്ഞടുത്തു. ക്ഷമിക്കുന്ന സ്നേഹത്തിന്റെ  വക്താവകാന്‍ ചെന്ന എനിക്ക് അത് അസഹ്യമായിരുന്നു. സഹനശക്തി നഷ്ട്ടപ്പെട്ടുപോയ  നിമിഷങ്ങള്‍ . വചനത്തെയും വിശ്വാസത്തെയും കാറ്റില്‍ പറത്തി  അതീവശക്തിയോടെ ഞാനും തിരിച്ചടിച്ചു. സംഗതി ആദ്യത്തെതിനെക്കള്‍ കൂടുതല്‍ വഷളായി.

എന്റെ ന്യായീകരണങ്ങള്‍   :
  1. എന്റെ ഭാഗത്തെ തെറ്റ് എന്താണ് ?
  2. ഞാന്‍ ക്ഷമ പറയാന്‍ ചെന്നവനല്ലേ ?
  3. വീണ്ടും എന്നെ പഴിചാരിയത് കൊണ്ടല്ലേ ?
  4. എന്റെ ക്ഷമയ്ക്കും ഒരു അതിരില്ലേ ?
  5. സഹികെട്ടപ്പോള്‍ ഞാന്‍ ചെയ്തു (പറഞ്ഞു) പോയതല്ലേ ?
സാഹചര്യം :2  
ക്ഷമ പറയാന്‍ ചെന്ന എന്നോട് കുപിതനായി സംസാരിച്ചു എങ്കിലും ആദ്യത്തെ സാഹചര്യം പോലെ ഞാന്‍ തിരിച്ചടിച്ചില്ല. ആ വ്യക്തിയുടെ കലി അടങ്ങുന്നത് വരെ ഞാന്‍ ക്ഷമയോടെ ചിരിച്ചു നിന്നു.  ദൈവവചനത്തിന്റെ പ്രചോദനത്തല്‍ ,ഒന്നും പറയാതെ തിരിച്ചു പോന്ന ഞാന്‍, ആരും കേള്‍ക്കാതെ മനസ്സില്‍ ഇങ്ങനെ പറഞ്ഞു - ഇപ്പോള്‍ ഞാന്‍ പോകുന്നു. പിന്നെ കാണാം. തിരിച്ച് തരാന്‍ ദൈവം ഒരു വഴി ഒരുക്കും.ഒരക്ഷരവും എതിര്‍ത്തു പറയാതെ പോന്ന എന്നെ കണ്ട് മറ്റുള്ളവര്‍ ഇങ്ങനെ പറഞ്ഞു, അവന്‍ നല്ലൊരു വിശ്വാസിയാണ്. 

എന്റെ ന്യായീകരണങ്ങള്‍   :

  • വചനം പറയുന്നതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചില്ലേ ?
  • എന്നെ വീണ്ടും കുറ്റപ്പെടുതിയപ്പോഴും ഞാന്‍ ക്ഷമിച്ചില്ലേ ?
  • എന്നെ അകാരണമായി പീഡിപ്പിച്ചപ്പോഴും ഞാന്‍ സഹോദരനോട് കരുണ കാണിച്ചില്ലേ ?
  • ഞാന്‍ ദൈവത്തിന്റെ അനുഗ്രഹത്തിന് യോഗ്യനല്ലേ ?

വിചിന്തനം
ഈ രണ്ടു സാഹചര്യങ്ങളും നമുക്ക് സുപരിചിതം ആണല്ലോ.ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യത്തില്‍ കൂടി കടന്നു പോകാത്തവര്‍ വിരളമാണ്. ഈ രണ്ട് ന്യായീകരണങ്ങളും ദൈവ വചന അടിസ്ഥാനത്തില്‍ തെറ്റാണ്. ദൈവ സന്നിധിയില്‍ സ്വീകാര്യമാകില്ല.
ആദ്യ സാഹചര്യത്തില്‍ ; ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞു എങ്കിലും,യഥാര്‍ത്ഥ രക്ഷാ അനുഭവം ഉണ്ടാകാത്തതും  വിശ്വാസസ്ഥിരത കുറവുമാണ് കാരണമായത്.മണല്‍പ്പുറത്തു ഭവനം പണിത ഭോഷന് തുല്യം(Mathew 7:26). ഒരു ധ്യാനമോ , ബൈബിള്‍ ക്ലാസോ , കൂട്ടായ്മയിലോ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഉണ്ടാകുന്ന ഒരു എടുത്ത് ചാട്ടം. ദൈവനീതിയെക്കുറിച്ചുള്ള അഞ്ജാത നിമിത്തം തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്ന ദൈവനീതിക്ക് കീഴ്വഴങ്ങാത്തവര്‍  ആയിട്ടല്ല മറിച്ച്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീക്ഷണത ആയിരിക്കണം നമുക്ക് ഉണ്ടായിരിക്കേണ്ടത്(Romans 10:2-3).ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം ആദ്യം നമുക്ക് അനുഭവിക്കാന്‍ കഴിയണം എങ്കില്‍ മാത്രമേ നമുക്കുംക്ഷമിക്കുവാന്‍ കഴിയുകയുള്ളൂ . 

രണ്ടാമത്തെ സാഹചര്യമാകട്ടെ അതീവ ഗുരുതരമാണ്. വിശ്വാസി എന്ന മൂടുപടം ധരിച്ചിരിക്കുന്ന ഇതരക്കാര്‍ക്ക് അവരുടെ തെറ്റിനെ കുറിച്ച് അറിയുന്നില്ല.മറ്റാര്‍ക്കും തിരിച്ചറിയാനും കഴിയുകയില്ല. ദൈവസ്നേഹം ക്രിയചെയ്യപ്പെടാത്തതിനാല്‍ ബാഹ്യമായി പാപം ചെയ്തതാണ് ആദ്യ സാഹചര്യമെങ്കില്‍ , രണ്ടാമത്തെ സാഹചര്യത്തില്‍ പാപം ചെയ്തിരിക്കുന്നത്   അവന്റെ ഹൃദയത്തില്‍ , ദൈവത്തിന്റെ ആത്മാവിന് എതിരയിട്ടാണ്. ഇത് സൂക്ഷിക്കണം, കാരണം ആത്മാവിന് എതിരായ പാപം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31)കണ്ട് നിന്ന വ്യക്തികള്‍ വിശ്വാസി എന്ന് പുകഴ്ത്തി എന്നാല്‍ ദുഷിച്ചുനാറിയ നിന്റെ ഹൃദയം ദൈവം കാണുന്നു. മനുഷ്യന്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയം കാണുന്നു(1 Samuel 16:7) എന്ന വചനം നാം ഓര്‍ക്കണം.
ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞ്, രക്ഷയുടെ അനുഭവത്തില്‍ കൂടി കടന്നുപോയി എങ്കിലും പൂര്‍ണമായി അവനില്‍ ഒരു മാറ്റം വരുത്താന്‍ കഴിയാത്തതാണ് ഇതിനു കാരണം.ആത്മീയ മനുഷ്യന്റെ ബലഹീനമായ അവസ്ഥസാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ ക്ഷമിച്ചു എങ്കിലും ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടുംജനനത്തിന്റെ അനുഭവം സാധ്യമായിട്ടില്ല എന്നര്‍ത്ഥം.

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി ഇങ്ങനെ പറയും- ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചതിനാല്‍  ഞാനും ക്ഷമിക്കുന്നു.(Colossians 3:13) ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനെ പ്രതി ക്ഷമിക്കുവാനും നമുക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു( Philippians 1:29)  എന്നാ ഉള്‍കാഴ്ച . 

'നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെകില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും'(Mathew 18:35).ഈ തിരുവചനം നമുക്ക് ഓര്‍ക്കാം . 

സഹോദരനോട് മനസിലുള്ള ശത്രുത ഒരു രഹസ്യ പാപമാണ്.ആരും അറിയാതെ ചെയുന്നതും എന്നാല്‍ ദൈവ മഹത്വത്തിന്റെ മുന്‍പില്‍ വെളിപെടുന്നതുമായ  ഒരു രഹസ്യ പാപം(Psalms 90:8).
ഇങ്ങനെ നാം പോലും അറിയാതെ സഹോദരനോടുള്ള വിദ്വേഷം നമ്മില്‍ വളര്‍ന്ന് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്തപ്പെടും.കാരണം ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ്  എല്ലാ തിന്മകളും പുറപ്പെടുന്നത് (Mark 7:21-23). അവ മനുഷ്യനെ അശുദ്ധനാക്കുന്നു.

നമുക്ക് ആത്മശോധന ചെയ്യാം.ലോകത്തോടൊപ്പം ദൈവത്തിന്റെ ശിക്ഷവിധിക്ക്കാ രണമാകതിരിക്കാന്‍ ദൈവവചനത്തെ വിവേചിച്ചറിഞ്ഞു നമുക്ക് ഭക്ഷിക്കാം. നമുക്ക് നമ്മുടെ ഹൃദയം പരിച്ഛെദനം ചെയ്യാം(Romans 2:29).  

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധരുമെന്ന നിലയില്‍ നമുക്ക് ദൈവീക പുണ്യങ്ങള്‍ ധരിക്കാം.എല്ലാറ്റിനെയും ഐക്യത്തില്‍ കൂട്ടിയിണക്കുന്ന ദൈവ സ്നേഹം നമുക്ക്  അനുഭവിക്കാം (Colossians 3:13).അങ്ങനെ വചനം പറയുന്നതുപോലെ 'രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പ്രാര്‍ത്ഥിക്കാം' (Mathew 6:6)കര്‍ത്താവ് നമ്മോടു ക്ഷമിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരരോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാം.അങ്ങനെ ദൈവീക സന്തോഷം അനുഭവിക്കാം. 

ദൈവത്തിന് നന്ദി ....