Saturday, 9 March 2013

സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ ...






പഴയനിയമ പത്ത് കല്‍പനകള്‍ക്ക് പൂര്‍ണ്ണത നല്‍കികൊണ്ട്,പുതിയനിയമ വിശ്വാസിയോട് യേശു കല്പിച്ചു 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം'(John 15:12,13:35)

ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു  പുതിയ കല്പന.... യേശുവഴി ദൈവം നമ്മില്‍ പ്രകടമാക്കിയ ആ വലിയ സ്നേഹം...ക്ഷമ എന്ന പുണ്യം.... 

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്  ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ക്ഷമിക്കുവിന്‍ (Mark11:25). നീ കാഴ്ചയര്‍പ്പിക്കുമ്പോള്‍ , നിന്റെ സഹോദരന് നിന്നോട്   എന്തെങ്കിലും വിരോധം ഉണ്ടെന്ന്‍  അവിടെ വച്ച് ഓര്‍ത്താല്‍ , കാഴ്ചവസ്തു അവിടെ വച്ചിട്ട് പോയി സഹോദരനുമായി  രമ്യതപ്പെടുക;പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക (Mathew 5:23-24).നന്ദിയും സ്തോത്രങ്ങളും ബലിയായി ദൈവത്തിനു അര്‍പ്പിക്കാന്(Psalms 50:14) ഒരുങ്ങുന്ന  സുഹൃത്തെ; 

താങ്കള്‍ സഹോദരനുമായി രമ്യതപ്പെട്ടുവോ ?. 
താങ്കളുടെ സഹോദരന്‍ താങ്കളുമായി രമ്യതയിലാണോ ?.

വിശുദ്ധഗ്രന്ഥത്തില്‍ സഹോദരന്‍ എന്ന വാക്ക് പല അര്‍ത്ഥത്തിലും പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയേയും  ഈ വാക്കിനാല്‍ സൂചിപ്പിച്ചിട്ടുണ്ട്.സഹോദരന്‍; വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഈ ചിന്തകളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരുങ്ങുന്ന നമുക്കാണ് പ്രാധാന്യം. സഹോദരനുമായി രമ്യതപ്പെടാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല എന്ന വചന വെളിപാടിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രണ്ട് ജീവിത സാഹചര്യങ്ങളെ നിങ്ങളുമായി പങ്കുവെക്കട്ടെ.... 

സാഹചര്യം :1 
ഞാനുമായി  കഠിന ശത്രുതയിലായിരിക്കുന്ന ഒരു വ്യക്തി.രമ്യപ്പെടണമെന്ന് വചനം അനുശാസിക്കുന്നതിനാല്‍ ,ക്ഷമ പറഞ്ഞ് രമ്യതയിലകാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞുപോയതിനെല്ലാം മാപ്പ് പറഞ്ഞ എന്നോട് കൂടുതല്‍ ആക്രോശത്തോടെ  അദ്ദേഹം പാഞ്ഞടുത്തു. ക്ഷമിക്കുന്ന സ്നേഹത്തിന്റെ  വക്താവകാന്‍ ചെന്ന എനിക്ക് അത് അസഹ്യമായിരുന്നു. സഹനശക്തി നഷ്ട്ടപ്പെട്ടുപോയ  നിമിഷങ്ങള്‍ . വചനത്തെയും വിശ്വാസത്തെയും കാറ്റില്‍ പറത്തി  അതീവശക്തിയോടെ ഞാനും തിരിച്ചടിച്ചു. സംഗതി ആദ്യത്തെതിനെക്കള്‍ കൂടുതല്‍ വഷളായി.

എന്റെ ന്യായീകരണങ്ങള്‍   :
  1. എന്റെ ഭാഗത്തെ തെറ്റ് എന്താണ് ?
  2. ഞാന്‍ ക്ഷമ പറയാന്‍ ചെന്നവനല്ലേ ?
  3. വീണ്ടും എന്നെ പഴിചാരിയത് കൊണ്ടല്ലേ ?
  4. എന്റെ ക്ഷമയ്ക്കും ഒരു അതിരില്ലേ ?
  5. സഹികെട്ടപ്പോള്‍ ഞാന്‍ ചെയ്തു (പറഞ്ഞു) പോയതല്ലേ ?
സാഹചര്യം :2  
ക്ഷമ പറയാന്‍ ചെന്ന എന്നോട് കുപിതനായി സംസാരിച്ചു എങ്കിലും ആദ്യത്തെ സാഹചര്യം പോലെ ഞാന്‍ തിരിച്ചടിച്ചില്ല. ആ വ്യക്തിയുടെ കലി അടങ്ങുന്നത് വരെ ഞാന്‍ ക്ഷമയോടെ ചിരിച്ചു നിന്നു.  ദൈവവചനത്തിന്റെ പ്രചോദനത്തല്‍ ,ഒന്നും പറയാതെ തിരിച്ചു പോന്ന ഞാന്‍, ആരും കേള്‍ക്കാതെ മനസ്സില്‍ ഇങ്ങനെ പറഞ്ഞു - ഇപ്പോള്‍ ഞാന്‍ പോകുന്നു. പിന്നെ കാണാം. തിരിച്ച് തരാന്‍ ദൈവം ഒരു വഴി ഒരുക്കും.ഒരക്ഷരവും എതിര്‍ത്തു പറയാതെ പോന്ന എന്നെ കണ്ട് മറ്റുള്ളവര്‍ ഇങ്ങനെ പറഞ്ഞു, അവന്‍ നല്ലൊരു വിശ്വാസിയാണ്. 

എന്റെ ന്യായീകരണങ്ങള്‍   :

  • വചനം പറയുന്നതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചില്ലേ ?
  • എന്നെ വീണ്ടും കുറ്റപ്പെടുതിയപ്പോഴും ഞാന്‍ ക്ഷമിച്ചില്ലേ ?
  • എന്നെ അകാരണമായി പീഡിപ്പിച്ചപ്പോഴും ഞാന്‍ സഹോദരനോട് കരുണ കാണിച്ചില്ലേ ?
  • ഞാന്‍ ദൈവത്തിന്റെ അനുഗ്രഹത്തിന് യോഗ്യനല്ലേ ?

വിചിന്തനം
ഈ രണ്ടു സാഹചര്യങ്ങളും നമുക്ക് സുപരിചിതം ആണല്ലോ.ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യത്തില്‍ കൂടി കടന്നു പോകാത്തവര്‍ വിരളമാണ്. ഈ രണ്ട് ന്യായീകരണങ്ങളും ദൈവ വചന അടിസ്ഥാനത്തില്‍ തെറ്റാണ്. ദൈവ സന്നിധിയില്‍ സ്വീകാര്യമാകില്ല.
ആദ്യ സാഹചര്യത്തില്‍ ; ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞു എങ്കിലും,യഥാര്‍ത്ഥ രക്ഷാ അനുഭവം ഉണ്ടാകാത്തതും  വിശ്വാസസ്ഥിരത കുറവുമാണ് കാരണമായത്.മണല്‍പ്പുറത്തു ഭവനം പണിത ഭോഷന് തുല്യം(Mathew 7:26). ഒരു ധ്യാനമോ , ബൈബിള്‍ ക്ലാസോ , കൂട്ടായ്മയിലോ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഉണ്ടാകുന്ന ഒരു എടുത്ത് ചാട്ടം. ദൈവനീതിയെക്കുറിച്ചുള്ള അഞ്ജാത നിമിത്തം തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്ന ദൈവനീതിക്ക് കീഴ്വഴങ്ങാത്തവര്‍  ആയിട്ടല്ല മറിച്ച്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീക്ഷണത ആയിരിക്കണം നമുക്ക് ഉണ്ടായിരിക്കേണ്ടത്(Romans 10:2-3).ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം ആദ്യം നമുക്ക് അനുഭവിക്കാന്‍ കഴിയണം എങ്കില്‍ മാത്രമേ നമുക്കുംക്ഷമിക്കുവാന്‍ കഴിയുകയുള്ളൂ . 

രണ്ടാമത്തെ സാഹചര്യമാകട്ടെ അതീവ ഗുരുതരമാണ്. വിശ്വാസി എന്ന മൂടുപടം ധരിച്ചിരിക്കുന്ന ഇതരക്കാര്‍ക്ക് അവരുടെ തെറ്റിനെ കുറിച്ച് അറിയുന്നില്ല.മറ്റാര്‍ക്കും തിരിച്ചറിയാനും കഴിയുകയില്ല. ദൈവസ്നേഹം ക്രിയചെയ്യപ്പെടാത്തതിനാല്‍ ബാഹ്യമായി പാപം ചെയ്തതാണ് ആദ്യ സാഹചര്യമെങ്കില്‍ , രണ്ടാമത്തെ സാഹചര്യത്തില്‍ പാപം ചെയ്തിരിക്കുന്നത്   അവന്റെ ഹൃദയത്തില്‍ , ദൈവത്തിന്റെ ആത്മാവിന് എതിരയിട്ടാണ്. ഇത് സൂക്ഷിക്കണം, കാരണം ആത്മാവിന് എതിരായ പാപം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31)കണ്ട് നിന്ന വ്യക്തികള്‍ വിശ്വാസി എന്ന് പുകഴ്ത്തി എന്നാല്‍ ദുഷിച്ചുനാറിയ നിന്റെ ഹൃദയം ദൈവം കാണുന്നു. മനുഷ്യന്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയം കാണുന്നു(1 Samuel 16:7) എന്ന വചനം നാം ഓര്‍ക്കണം.
ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞ്, രക്ഷയുടെ അനുഭവത്തില്‍ കൂടി കടന്നുപോയി എങ്കിലും പൂര്‍ണമായി അവനില്‍ ഒരു മാറ്റം വരുത്താന്‍ കഴിയാത്തതാണ് ഇതിനു കാരണം.ആത്മീയ മനുഷ്യന്റെ ബലഹീനമായ അവസ്ഥസാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ ക്ഷമിച്ചു എങ്കിലും ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടുംജനനത്തിന്റെ അനുഭവം സാധ്യമായിട്ടില്ല എന്നര്‍ത്ഥം.

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി ഇങ്ങനെ പറയും- ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചതിനാല്‍  ഞാനും ക്ഷമിക്കുന്നു.(Colossians 3:13) ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനെ പ്രതി ക്ഷമിക്കുവാനും നമുക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു( Philippians 1:29)  എന്നാ ഉള്‍കാഴ്ച . 

'നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെകില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും'(Mathew 18:35).ഈ തിരുവചനം നമുക്ക് ഓര്‍ക്കാം . 

സഹോദരനോട് മനസിലുള്ള ശത്രുത ഒരു രഹസ്യ പാപമാണ്.ആരും അറിയാതെ ചെയുന്നതും എന്നാല്‍ ദൈവ മഹത്വത്തിന്റെ മുന്‍പില്‍ വെളിപെടുന്നതുമായ  ഒരു രഹസ്യ പാപം(Psalms 90:8).
ഇങ്ങനെ നാം പോലും അറിയാതെ സഹോദരനോടുള്ള വിദ്വേഷം നമ്മില്‍ വളര്‍ന്ന് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്തപ്പെടും.കാരണം ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ്  എല്ലാ തിന്മകളും പുറപ്പെടുന്നത് (Mark 7:21-23). അവ മനുഷ്യനെ അശുദ്ധനാക്കുന്നു.

നമുക്ക് ആത്മശോധന ചെയ്യാം.ലോകത്തോടൊപ്പം ദൈവത്തിന്റെ ശിക്ഷവിധിക്ക്കാ രണമാകതിരിക്കാന്‍ ദൈവവചനത്തെ വിവേചിച്ചറിഞ്ഞു നമുക്ക് ഭക്ഷിക്കാം. നമുക്ക് നമ്മുടെ ഹൃദയം പരിച്ഛെദനം ചെയ്യാം(Romans 2:29).  

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധരുമെന്ന നിലയില്‍ നമുക്ക് ദൈവീക പുണ്യങ്ങള്‍ ധരിക്കാം.എല്ലാറ്റിനെയും ഐക്യത്തില്‍ കൂട്ടിയിണക്കുന്ന ദൈവ സ്നേഹം നമുക്ക്  അനുഭവിക്കാം (Colossians 3:13).അങ്ങനെ വചനം പറയുന്നതുപോലെ 'രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പ്രാര്‍ത്ഥിക്കാം' (Mathew 6:6)കര്‍ത്താവ് നമ്മോടു ക്ഷമിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരരോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാം.അങ്ങനെ ദൈവീക സന്തോഷം അനുഭവിക്കാം. 

ദൈവത്തിന് നന്ദി ....   

No comments:

Post a Comment