Friday, 20 September 2013

ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷം...

എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു. ജാഗരൂകതയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു(Proverbs8:17). ജ്ഞാനത്തിന്റെ  ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ച് കണ്ടെത്താൻ പരിശുദ്ധാത്മാവ് നമ്മെ അനുഗ്രഹിക്കട്ടെ. 

ഭുമിയിലെ പൂഴികൊണ്ട് രൂപപ്പെടുത്തി ജീവന്റെ ശ്വാസം നാസാരന്ധ്രങ്ങളില്ലേക്കു നിശ്വസിച്ചതുവഴി  ജീവനുള്ളതായി തീർന്ന മനുഷ്യന്,സകല സൃഷ്ടികളിന്മേലും ലഭിച്ച ആധ്യപത്യത്തോടെയാണ് ആറ് ദിവസം നീണ്ടുനിന്ന പ്രപഞ്ചസൃഷ്ട്ടി പൂർണ്ണമാകുന്നത്.ജീവിക്കാൻ ഏദൻ തോട്ടം,തോട്ടം നനയ്ക്കാൻ നദികൾ,ഭക്ഷിക്കാൻ തോട്ടത്തിൽ സ്വാദുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങൾ, തോട്ടത്തിൽ കൃഷി ചെയ്യാൻ അവകാശം,സകല ജീവജാലങ്ങളുടെമേലും അധികാരം. തന്റെ എല്ലാ സൃഷ്ടികളും നല്ലതെന്ന് കണ്ട ദൈവം;സൃഷ്ട്ടിയുടെ മകുടമായ മനുഷ്യനോട് ഒന്ന് കൽപ്പിച്ചു 'തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും' (Genesis2:16-17)

  • ഭക്ഷിച്ചാൽ മരിക്കുമെങ്കിൽ എന്തിന് അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുവിൽ വളർത്തി ?.
  • സാത്താനെ എന്തിന് തോട്ടത്തിൽ കടക്കാൻ ദൈവം അനുവദിച്ചു?. 
  • എന്താണ് ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും?.
  • എന്താണ് അറിവിന്റെ വൃക്ഷത്തിലെ നന്മയും തിന്മയും?. 
  • ഭക്ഷിച്ചാൽ മരിക്കുമെന്ന് കല്പിച്ച  വൃക്ഷത്തിന്റെ പഴം ഭക്ഷിച്ചിട്ടും എന്തുകൊണ്ട് അവർ മരിച്ചില്ല?.    

ചിന്തകൾ ....
ദൈവമനുഷ്യബന്ധത്തെ വിശുദ്ധഗ്രന്ഥത്തിൽ പ്രത്യേകിച്ച് പുതിയ നിയമത്തിൽ വിവധതരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടയനും ആട്ടിൻകൂട്ടവും, മുന്തിരിചെടിയും ശാഖകളും ഇങ്ങനെ വിവധങ്ങൾ. എന്നാൽ ഏദൻ തോട്ടത്തിലെ ദൈവമനുഷ്യ ബന്ധം ഇതിനെക്കാൾ ശക്തമായിരുന്നു. സൃഷ്ട്ടികർമ്മം മുതൽ ദൈവം മനുഷ്യന് നൽകിയ അവകാശം അതിന് തെളിവാണ്. ഭുമിയിലും ആകാശത്തുമുള്ള സകല ജീവജാലങ്ങളെയും മനുഷ്യന്റെ മുൻപിൽ കൊണ്ടുവന്ന്; അവൻ അവയ്ക്ക് വിളിക്കുന്ന പേരിന് കാതോർത്ത് കാത്ത് നിന്ന(Genesis 2:19) ദൈവത്തിന്റെ പ്രവർത്തി ദൈവമനുഷ്യബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിവേചന ശക്ത്തിയാൽ അവർ ദൈവബന്ധത്തെ തിരിച്ചറിയുമെന്നും ദൈവനിവേശിതമല്ലാത്തതിനെ അവർ സ്വീകരിക്കുകയില്ല എന്നുമ്മുള്ള ദൈവത്തിന്റെ വിശ്വാസം.  അതിനേക്കാളുപരി ദൈവം മനുഷ്യനു നൽകിയ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ദ്ര്യം(Ecclesiasticus15:14)ഈ ബന്ധമാണ് തോട്ടത്തിന്റെ നടുവിൽ ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ വളർത്താൻ കാരണമായത്. മനുഷ്യന് ദൈവത്തോടുള്ള വിശ്വാസവും ബന്ധവും പരീക്ഷിച്ചറിയുക എന്ന് സാരം.

ദൈവവുമായി മത്സരിച്ചതിനാൽ ദൈവസന്നിധിയിൽ നിന്നും മാറ്റപ്പെട്ട ദൈവദൂതനാണ്(Isaiah 14 :11-15) സാത്താനായി രൂപം പ്രാപിച്ചത്. ദൈവത്തെ തോൽപ്പിക്കാൻ കാത്തിരിക്കുന്ന അവനെ; തന്റെ സൃഷ്ട്ടിക്ക് പോലും തകർക്കാൻ കഴിയും എന്ന ദൈവത്തിന്റെ കാഴ്ചപ്പാടാണ്, സാത്താൻ തോട്ടത്തിൽ പ്രവേശിക്കാൻ ഇടയായത്. ഈ വിശ്വാസബന്ധമാണ് പാപത്തിന്റെ ഇടപെടലിനാൽ തകർന്നു പോയത്.   

ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ:

ഏദൻ തോട്ടത്തിന് നടുവിൽ  വളർന്നിരുന്ന ഇവ രണ്ടും; ഇന്ന് നമുക്ക് ചുറ്റും കാണാൻ കഴിയുന്ന തരത്തിലുള്ള ഫലങ്ങൾ കായ്ക്കുന്ന രണ്ട് മരങ്ങളല്ല മറിച്ച്  രണ്ട് വിശ്വാസതലങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി  കാണുന്നതാണ് ഉചിതം . 

'കൈവശപ്പെടുത്തുന്നവർക്ക്  ജീവന്റെ വൃക്ഷമാണ്.മുറുകെപ്പിടിക്കുന്നവർ സന്തുഷ്ട്ടരെന്ന് വിളിക്കപ്പെടുന്നു(Proverbs 3:18).വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തിൽ നിന്നും ഞാൻ ഭക്ഷിക്കാൻ കൊടുക്കും (Revelation 2:7)ദൈവീക സ്നേഹത്തെയും ആത്മീയ രക്ഷയേയുമാണ്  ജീവന്റെ വൃക്ഷം  പ്രതിനിധാനം ചെയ്യുന്നത്.

എന്നാൽ,അറിവിന്റെ വൃക്ഷം എന്നത് കൂടുതൽ സൂക്ഷ്മതയോടെ ഗ്രഹിക്കേണ്ട ഒന്നാണ്.ഫലം ഭക്ഷിക്കരുത് എന്ന് ദൈവം കൽപ്പിച്ചതിനാൽ തന്നെ അറിവിന്റെ വൃക്ഷം ദൈവത്തിന് സ്വീകാര്യമല്ല എന്നത്  വ്യക്തമല്ലോ. പക്ഷേ ആ    ഫലത്തിൽ ഒരു നന്മയും തിന്മയും ഉണ്ട്.ഇവ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാൻ കാരണമായേക്കാവുന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ട്.  

തിന്മ എന്നത് പാപത്തിന്റെ പര്യായമായാതിനാൽ അത് പിശാചിൽ നിന്നാണ് എന്നതിന് സംശയമില്ല.എന്നാൽ ഫലത്തിലെ നന്മ ഒളിഞ്ഞിരിക്കുന്ന ഒരു കെണിയാണ്. കൗശലക്കാരനായ സർപ്പത്താൽ വശീകരിക്കപ്പെട്ട ഹവ്വ; വിലക്കപ്പെട്ട കനി ഭക്ഷിക്കുവാൻ ആഗ്രഹിച്ചപ്പോൾ തന്നെ അതിന്റെ ഗുണങ്ങളായ നന്മയും തിന്മയും വേർത്തിരിച്ചറിഞ്ഞു. ആ പഴം ആസ്വാദ്യവും,കണ്ണിനു കൗതുകവും,അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണെനു അവൾ തിരിച്ചറിഞ്ഞു(Genesis 3:6)പിശാചുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ദൈവത്തിന്റെ കല്പന മറക്കുകയും  പിശാച് നല്കിയ പുതിയ അറിവ് സത്യമാണെന്ന്  അവൾ മനസിലാക്കി. നമ്മൾ തന്നെ തീരുമാനിക്കും ഏതാണ് ശരി,ഏതാണ് തെറ്റ് എന്ന്. നമ്മെ പിടികൂടിയിരിക്കുന്ന തെറ്റായ വിശ്വാസവും അതിന് കാരണമായ അറിവും സാഹചര്യവും അറിവിന്റെ വൃക്ഷത്തിലെ നന്മയെ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.  

  • അറിവിന്റെ വൃക്ഷത്തിലെ നന്മ തിന്മയുടെ മൂടുപടമാണ്.
  • ദൈവത്തിന് സ്വീകര്യമല്ലാത്ത നന്മ.
  • പാപത്തിന്റെ പിടിയിലകപ്പെടുന്ന നമുക്ക് കൈവരുന്ന നിർഭാഗ്യകരമായ അവസ്ഥയാണ്‌ അറിവിന്റെ വൃക്ഷത്തിലെ നന്മ.
  • ഇത് പിശാചിന്റെ ഒരു തെറ്റായ ബോധ്യമാണ്. 
  • ദൈവീക നന്മയെ കണ്ടെത്താതിരിക്കാൻ പിശാച്ച് നല്കുന്ന ഒരു കുറുക്കുവഴി.
  • പാപത്തിൽ നിന്നും ലഭിക്കുന്ന താല്കാലിക സുഖവും സംതൃപ്തിയും.

നമ്മുടെ അനുദിന ജീവിതസാഹചര്യത്തിലും ഇത്തരം അറിവിന്റെ വൃക്ഷത്തിലെ നന്മയെ കണ്ടുമുട്ടാൻ കഴിയും. തിന്മയിലേക്കുള്ള ആകർഷണവും,അറിഞ്ഞോ അറിയാതയോ ചെയ്തുപോകുന്ന തെറ്റുകളോടുള്ള നമ്മുടെ ന്യായീകരണങ്ങളും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണെന്ന് മനസിലാക്കണം.ജീവിത സാഹചര്യങ്ങൾ മാത്രമല്ല;തെറ്റായി വ്യാഖനിക്കപ്പെടുന്ന ദൈവ വചനം പോലും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണ്.സ്വയം തെറ്റുകൾ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്നതിനു പകരം; നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാരുള്ള(Jeremiah2:28b) ഈ ലോകവിശ്വാസത്തിനു പുറകേ പായുമ്പോൾ ഓർക്കണം സുഹൃത്തേ;അറിവിന്റെ വൃക്ഷത്തിലെ ഫലമാണ് നമ്മൾ ഭക്ഷിക്കുന്നത്. ജീവനില്ലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്(Mathew 7:14) എന്ന് വചനം പറയുമ്പോൾ; ദൈവത്തെ എളുപ്പത്തിൽ ലഭ്യമാക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തിന് തുല്യമായ ഈ ലോകവിശ്വാസം നമ്മെ ദൈവത്തിലേക്ക് അടുക്കുന്നതിനു പകരം ദൈവത്തിൽ നിന്നും അകലാൻ കാരണമാക്കുന്നു.അത്ഭ്തങ്ങളിലും അടയാളങ്ങളിലും അകൃഷ്ട്ടരായി സത്യദൈവത്തെ കണ്ടുമുട്ടതെവരുന്നു.സത്യമെന്ന് തോന്നിപ്പിക്കുന്ന പിശാചിന്റെ വക്രതയാർന്ന പ്രവർത്തി.

ദൈവത്തിന് സ്വീകര്യമല്ലാത്ത തിന്മയായണ്  അറിവിന്റെ വൃക്ഷത്തിലെ നന്മ.

ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതം നന്മയും തിന്മയും തിരിച്ചറിഞ്ഞായിരിക്കണം എന്നതിനേക്കാൾ; ജീവന്റെ ഫലത്തെയും, അറിവിന്റെ ഫലത്തെയും വിവേജിച്ചറിയുന്നതായിരിക്കണം എന്നതാണ് ഉത്തമം. 

പഴം കഴിക്കരുതെന്ന് ദൈവം കല്പ്പിച്ചിട്ടുണ്ടോ ? എന്ന സർപ്പത്തിന്റെ ചോദ്യം ഹവ്വയെ കീഴ്പ്പെടുത്തി എന്നതിന് തെളിവാണ്; കഴിക്കരുത് എന്ന് മാത്രമല്ല,തൊടുകപോലും അരുത് (Genesis 3:3) എന്ന് മറുപടി പറയാൻ കാരണമായത്.പഴം കഴിച്ചാൽ നിങ്ങൾ മരിക്കില്ല മറിച്ച് നന്മ തിന്മകൾ തിരിച്ചറിഞ്ഞ് ദൈവത്തെപോലെ ആകും എന്ന് ദൈവത്തിനറിയാം (Genesis 3:5) എന്ന പിശാചിന്റെ വെളിപ്പെടുത്തൽ അവളെ കൂടുതൽ ആകൃഷ്ട്ടയാക്കി. കണ്ണുകൾ തുറന്ന് ദൈവത്തെപോലെ ആകാം എന്ന ബോദ്ധ്യം അവളെ;ഭീകരമായ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചു.

ദൈവെഷ്ട്ടമാണെന്ന് കരുതി നാം ചെയുന്ന ബലികളും കാഴ്ച്ചകളും അറിവിന്റെ വൃക്ഷത്തിലെ നന്മയുടെ ഭാഗമാണോ?.

ലോകം ശരിയും സത്യവുമെന്ന് വിളിക്കുമ്പോൾ വിശ്വാസി, നീ ഒന്ന് കൂടി ചിന്തിക്കണം- ഇത് അറിവിന്റെ വൃക്ഷമാണോ? അതോ ജീവന്റെ വൃക്ഷമാണോ ?.

ദൈവത്തെ കാണുന്നതിനായി ഒന്നിനു പുറകെ ഒന്നായി ധ്യാനകേന്ദ്രങ്ങളും ആരാധനാലയങ്ങളും തിരക്കി നടക്കുമ്പോൾ ചിന്തിക്കുക സുഹൃത്തേ, സർപ്പം ഹവ്വയെ ചതിച്ചതുപോലെ നിങ്ങളും ചതിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

ദൈവം അവരോട് പറഞ്ഞത് 'അറിവിന്റെ ഫലം കഴിക്കുന്ന ദിവസം നിങ്ങൾ മരിക്കും(Genesis2:17b). എന്നാൽ സർപ്പം പറഞ്ഞു നിങ്ങൾ മരിക്കില്ല (Genesis 3:4). സത്യത്തിൽ ഫലം കഴിച്ച അവർ മരിച്ചില്ലല്ലോ?...ദൈവകല്പന നിറവേറാതായി പോയോ?...പിശാചിന്റെ വെളിപ്പെടുത്തലുകൾ സത്യമല്ലേ?... 
ആദ്യ ചിന്തയിൽ  ശരിയെന്ന് തോന്നിയേക്കാം. പക്ഷേ മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം (Psalms 89:34) അവിടെ നിറവേറപ്പെട്ടു - അവർ മരിച്ചു. മനുഷ്യനിൽ പാപത്താൽ കടന്നുകൂടിയതും നിലനിന്നുപോരുന്നതുമായ മൂന്നു തരത്തിലുള്ള മരണത്തിന്റെ ആദ്യഭാഗമായ ആത്മീയ മരണം അവർക്ക് സംഭവിച്ചു. വിവേചന ശക്തിയാൽ തിരഞ്ഞെടുക്കുവാനുള്ള അവകാശം ദുരുപയോഗം ചെയ്തതിനാൽ ദൈവീക ജീവൻ അവർക്ക് നഷ്ട്ടപ്പെട്ടു..ദൈവവുമായുള്ള ആത്മീയ ബന്ധം അറ്റുപോയി.
  • ആത്മീയ മരണം സംഭവിച്ചു.
  • ആത്മീയ നേത്രം അടഞ്ഞു.
  • ഭുതീക നേത്രത്തൽ അവർ നഗ്നരെന്ന് അവർ കണ്ടു.
  • അത്തി ഇലകളാൽ അരകച്ച ഉണ്ടാക്കി.
  • ദൈവത്തിൽ നിന്നും ഓടി ഒളിച്ചു.
  • ജീവന്റെ വൃക്ഷവും ഏദൻ തോട്ടവും നഷ്ട്ടമായി.
യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ പ്രദാനം കഴിയുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലമായ ദൈവവചനവും, സത്യവിശ്വാസവും ഒരു വശത്തും ദൈവത്തെ നേടാൻ എളുപ്പ വഴികളുമായി അറിവിന്റെ വൃക്ഷമായ ഈ ലോകവിശ്വാസം മറുവശത്തും. ആദ്യമാതപിതക്കന്മാർക്ക് കൊടുത്തതുപോലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ദ്ര്യം ദൈവം നമുക്കും നല്കിയിരിക്കുന്നു. കഴിക്കരുതെന്ന് ദൈവം കൽപ്പിച്ച താത്കാലിക സംതൃപ്തി നല്കുന്ന ഈ ലോക വിശ്വാസം പിഞ്ചെല്ലണോ അതോ  യഥേഷ്ട്ടം ഭക്ഷിച്ചുകൊള്ളുക എന്നുകൽപ്പിച്ചുനല്കിയ യേശുവെന്ന ജീവന്റെ ഫലം ഭക്ഷിക്കണമോ?. തീരുമാനം നമ്മുടെതാണ്‌...
 വചനം നമുക്ക് സമീപസ്ഥമാണ് (Deuteronomy30:14 ) മനസുവച്ചാൽ കല്പനകൾ പാലിക്കാൻ കഴിയും. വിശ്വസ്തതപ്പൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്(Ecclesiasticus15:15 ). ഇതാ,ഇന്നു നമ്മുടെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു.(Deuteronomy 30:15).ഓർക്കണം പാപം ചെയ്യാൻ അവിടന്ന് ആരോടും കല്പിപ്പിച്ചിട്ടില്ല.ആർക്കും അനുവാദം കൊടുത്തിട്ടുമില്ല(Ecclesiasticus 15:20)

ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ  എന്നറിഞ്ഞു അരിശം പൂണ്ട പിശാച്ച് ഈ ലോകത്തില്ലേക്കു ഇറങ്ങിയിരിക്കുന്ന (Revelation 12:12b)  ഈ അവസാന കാലഘട്ടത്തിൽ നമ്മെ പിടികൂടിയിരിക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. വിജയം വരിക്കുന്നവന് നല്കുമെന്ന് കൽപ്പിച്ച ദൈവത്തിന്റെ പാറുദീസായിലെ ജീവന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ.അതിന് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...