Sunday, 27 October 2013

ആരാണ് എന്റെ ശത്രു...?

മുൻപിലും പിൻപിലും അവിടുന്ന് എനിക്കു കാവൽനിൽക്കുന്നു.അവിടുത്തെ കരം എന്റെമേലുണ്ട്. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു.എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്(Psalms 139:5-6).അമൂല്യവും വിപുലവുമായ അങ്ങയുടെ ചിന്തകൾ ഗ്രഹിക്കാനും അങ്ങയുടെ ഹിതം അനുവർത്തിക്കാനും പരിശുദ്ധാത്മാവ്  നിരപ്പുള്ള വഴിയിലൂടെ നമ്മെ നയിക്കട്ടെ.

മോശ വഴി നൽകപ്പെട്ട കല്പനകളെ പാലിച്ചുപോന്ന ജനത്തെ സ്നേഹിതരായും കല്പനകൾ പാലിക്കാത്തവരെ ശത്രുവായും കണക്കാക്കിപ്പോന്ന യഹൂദജനത്തോട് പ്രവചനങ്ങളുടെ പൂർത്തീകരണമായ യേശു പറഞ്ഞു 'ശത്രുക്കളെ സ്നേഹിക്കുവിൻ' (Mathew 5:44). 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു  ചുറ്റി നടക്കുന്നു'(1Peter 5:8).ഈ ദൈവവചനം പിശാച് നമ്മുടെ ശത്രു എന്ന് ഓർമ്മപ്പെടുത്തുമ്പോൾ സുഹൃത്തേ;ചില ചോദ്യങ്ങൾ...

  • പിശാചാണ് എന്റെ ശത്രുവെങ്കിൽ;ഞാൻ പിശാചിനെ സ്നേഹിക്കണമോ?.
  • പിശാചല്ല എന്റെ ശത്രുവെങ്കിൽ; ആരാണ് എന്റെ ശത്രു ?. 
  • എങ്ങനെയാണ് എന്റെ ശത്രുവിനെ സ്നേഹിക്കുക ?.

അവിശ്വാസിയിൽ നിന്നുമുയരുന്ന ഇത്തരം ചില ചോദ്യങ്ങൾ നമ്മുടെ വിശ്വാസവളർച്ചയെ ഹാനികരമായി ബാധിച്ചേക്കാം.അതിനാൽ ആത്മാവും ജീവനുമായ ദൈവവചനത്തിന്റെ (John6:63b)കലർപ്പില്ലാത്ത സത്യം തിരിച്ചറിയുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ അത്യന്താപേഷികമാണ്.മുകളിൽ പ്രതിപാദിച്ചിരിക്കുന്ന  രണ്ട് വചനങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. സത്യമെന്ന് തോന്നിപ്പിച്ച്, ഒറ്റനോട്ടത്തിൽ ശരിയല്ലേ? എന്ന സംശയം ഉണ്ടാക്കാവുന്ന വിധം കൂട്ടിച്ചേർത്തവ.
 
ദൈവവചനാടിസ്ഥാനത്തിൽ രണ്ട് തരത്തിലുള്ള ശത്രുക്കളെ നമുക്ക് കാണാൻ കഴിയും. അനുദിന ജീവിതത്തിൽ ഭൌതീകമായി ശത്രുതക്ക് കാരണമായേക്കാവുന്ന സഹോദരൻ എന്ന ശത്രുവും ദൈവസ്നേഹത്തിലേക്ക് നാം എത്തപ്പെടാതിരിക്കാൻ നമ്മെച്ചോല്ലി ദൈവവുമായി മത്സരിക്കുന്ന പിശാച് എന്ന ആത്മീയ ശത്രുവും.

       ഭൌതീക ശത്രു ---> സഹോദരൻ

ആത്മീയ ശത്രു ---> പിശാച്.

ഭൌതീക ശത്രു :
യേശു തന്റെ ജീവിതത്തിൽക്കൂടിനമുക്ക് നൽകിയ ഒരു ഉദാത്തമാതൃകയാണ്‌ ശത്രുസ്നേഹം.സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരാൻ  ശത്രുക്കളെപ്പോലും സ്നേഹിക്കണം (Mathew 5:45) എന്ന് ദൈവവചനം നമ്മോട് പറയുന്നു. ഈ ശത്രുസ്നേഹം പിശാചായ ശത്രുവിനെയല്ല മറിച്ച്; തന്നെപ്പോലെതന്നെ ദൈവത്തിന്റെ നിശ്വാസത്താൽ ജീവൻ പ്രാപിച്ച സഹോദരനെ സ്നേഹിക്കണം എന്നാണ് വെളിപ്പെടുത്തുന്നത്.ഈ ലോകജീവിതത്തിലെ നൈമീഷിക ആഗ്രഹ സഫലീകരണത്തിനായി ശത്രുവായി മാറ്റിയ സഹോദരനെയാണ് സ്നേഹിക്കേണ്ടത്. തെറ്റുകൾ ക്ഷമിച്ചു അവനെ സ്നേഹിക്കാൻ, അവനുവേണ്ടി പ്രാർത്ഥിക്കാൻ (Luke 6:27-29)വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. തന്റെ സഹോദരന്മാർ കൈവിട്ടപ്പോഴും,സ്വന്തം നാട്ടിൽ അവഹേളിക്കപ്പെട്ടപ്പോഴും,അകാരണമായി കുറ്റപ്പെടുത്തിയപ്പോഴും,സ്വന്തം ശിഷ്യൻ തള്ളിപ്പറഞ്ഞപ്പോഴും, കുറ്റവാളിയായി ചുമത്തപ്പെട്ടപ്പോഴുമെല്ലാം ശത്രുസ്നേഹത്തിന്റെ വ്യക്തമായ പ്രകടനമാണ് നമുക്ക് കാണുവാൻ കഴിയുന്നത്‌.
   
ആത്മീയ ശത്രു:
പിശാചാണ് എന്റെ ആത്മീയ ശത്രു എന്ന് വിളിച്ചുപറയാൻ വരട്ടെ...അതിനുമുൻപ്‌ ചില സത്യങ്ങൾ പരിശോധിച്ചറിയേണ്ടതായുണ്ട്.തന്റെ ആഗ്രഹങ്ങൾക്കും മാർഗ്ഗങ്ങൾക്കും തടസമായി വരുന്നവരെ ശത്രുവായി കണക്കാക്കുന്നത് ശത്രുതയുടെ ഒരു ഭാഗമെങ്കിൽ മറ്റുള്ളവരെ തന്നില്ലേക്ക് കടന്നുവരാൻ തന്നിൽ ഇടപ്പെടാൻ അനുവധിക്കാതിരിക്കുന്നതും ഒറ്റപ്പെടുത്തുന്നതും ശത്രുതയുടെ വേദനാജനകമായ മറുഭാഗമാണ്.  
'ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങൾ അറിയുന്നില്ലേ?. ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു'(Jacob 4:4:).

ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്താതെ അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാതെ യുക്തിവിചാരത്താൽ(Romans 1:11) മുന്നോട്ടുപോകുന്ന സുഹൃത്തേ; ആരാണ് നിന്റെ ശത്രു?.

ജ്ഞാനികളെന്ന് ഭാവിച്ച് അന്ധകരത്തിലാണ്ടിരിക്കുന്ന നിങ്ങളുടെ ശത്രു പിശാചല്ല മറിച്ച് ദൈവമാണ്

പ്രാർത്ഥിക്കുവാൻപോലും സമയം ലഭിക്കാതെ തിരക്കിട്ട്  ഈ ലോകമോഹങ്ങൾക്ക് പുറകേ ഓടുന്ന നാം; ദൈവത്തെ തന്നിലേക്ക് കടന്നുവരാൻ അനുവദിക്കാതെ(ശത്രുവായി) മാറ്റി നിറുത്തിയിരിക്കുന്നു. ദൈവവചനം വായിച്ച് ആത്മാവിന്റെ ശക്തിയാൽ ഗ്രഹിക്കുമ്പോൾ, താൻ ഇതുവരെ പിന്തുടർന്ന് വന്ന പാരബര്യവിശ്വാസത്തിന് മുറിവേൽക്കുമെന്നതിനാൽ വചനത്തെ കൗശലപൂർവം അവഗണിക്കുന്ന (Mark7:8-9) സുഹൃത്തേ നിങ്ങൾ തിരിച്ചറിയണം; പിശാച്ചല്ല,ദൈവമാണ് നിങ്ങളുടെ ശത്രു. 'പ്രകാശത്തിന്റെ വഴി പരിചരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്യാതെ അതിനെഎതിർക്കുന്നതാണ് '(Job24:13) ദൈവത്തോടുള്ള ശത്രുതയുടെ ഒരു ബാഹ്യപ്രകടനം

സത്യം അറിഞ്ഞിട്ടും സ്വീകരിക്കാൻ കഴിയാതെ നഷ്ട്ടങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ഭയം നൽകി പിന്തിരിപ്പിക്കുന്ന പിശാച്ച്, ഇപ്പോൾ നിന്റെ ശത്രുവല്ല മിത്രമാണ്.സത്യവചനമായ യേശു സമീപസ്ഥമാണെങ്കിലും എനിക്ക് ഒന്നും അറിയില്ല, എനിക്ക് കൂടുതൽ അറിയേണ്ടതില്ല എന്ന് ചിന്തിച്ച്  ജീവിക്കുന്ന നാം യേശുവിനെ നമ്മിലേക്ക്‌ കടന്നുവരാൻ അനുവദിക്കാതെ ശത്രുവാക്കി മാറ്റി നിറുത്തുന്നു.

സഭയുടേയും സമൂഹത്തിന്റെയും അംഗീകാരം നേടിയെടുക്കാൻ വിശ്വാസി എന്ന തലപ്പാവ് ധരിച്ചിരിക്കുന്ന സുഹൃത്തേ,ജഡിക താൽപര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്റെ ശത്രുവാണ്(Romans 8:7).കർത്താവേ കർത്താവേ എന്ന് വിളിച്ചപേക്ഷിക്കുബോഴും ഞാൻ നിന്നെ അറിഞ്ഞില്ല എന്ന ഉത്തരമാണ് നിനക്ക് ലഭിക്കുക കാരണം ജഡിക പ്രവണതകൾക്ക് അനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല(Romans 8:8)

ദൈവത്തിന്റെ അലയമാകേണ്ട നിങ്ങളുടെ ഹൃദയം (1 Cori 6:19) ഇപ്പോൾ ദൈവേഷ്ട്ടമാണെന്ന്  തോന്നിപ്പിച്ച് നാം പോലും അറിയാതെ പിശാചിന്റെ കുടില തന്ത്രങ്ങളുടെ പ്രവർത്തന കേന്ദ്രമാക്കിയിരിക്കുന്നു. ദൈവത്തെ നമ്മുടെ ഹൃദയത്തിൽ  വാഴാനും നമ്മിൽ വ്യപരിക്കാനും അനുവദിക്കാതെ പിശാച്ച് നൽകിയ അത്തിഇലകളാൽ മറഞ്ഞിരിക്കുന്നു.രക്ഷിക്കാൻ കഴിയുന്ന ജീവന്റെ ഉറവയെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറ്റിൽ  അഭയം പ്രാപിക്കുന്നതുപോലെ (Jermiah 2:13) ഈ ലോകത്തിന്റെ ദേവന്മാർക്ക് പിറകേ പോകുമ്പോൾ, പിശാച് എന്ന തന്ത്രശാലിയുടെ പിടിയിലാണ് നാമ്മെന്ന് തിരിച്ചറിയണം. 
'എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടബടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം?.നീ ശിക്ഷണത്തെ വെറുക്കുന്നു;എന്റെ വചനത്തെ നീ അവഗണിക്കുന്നു(Psalms 50:16-17)എന്ന വചനം നാം ഓർക്കണം.
    
ദൈവവുമായി അടിസ്ഥാന ബന്ധംപോലും പുലർത്താൻ കഴിയാതെ വചനത്തെ കൂട്ടിതുന്നി കോർത്തിണക്കി എത്രതവണ പ്രാർത്ഥിച്ചാലും പിശാചെന്ന മിത്രത്തിലേക്ക് അടുക്കുവാൻ; അറിയാതെ ആണെങ്കിലും ദൈവത്തെ ശത്രുവായി മാറ്റുവാൻ കാരണമാകുന്നു.

യേശുമാത്രമാണ് എന്റെ രക്ഷകനെന്നും(Acts4:12) ദൈവത്തിന്റെ മുൻപിൽ യേശുവല്ലാതെ മറ്റൊരു മദ്ധ്യസ്ഥനുമില്ലയെന്ന (1John 2:1)സത്യം ഉൾകൊണ്ടുകൊണ്ട് അവന്റെ കുരിശിലെ ബലി എന്റെ ജീവിതത്തിലും അനുഭവവേദ്യമാകുമ്പോൾ(Romans 6:4) മാത്രമേ പിശാച്ച് എന്റെ ശത്രു ആയി മാറ്റപ്പെടുന്നുള്ളൂ  എന്ന സത്യവചന തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ. 

അവിശ്വസ്തരായ മക്കളെ.തിരിച്ചുവരുവിൻ.ഞാൻ നിങ്ങളുടെ അവിശ്വതത പരിഹരിക്കാം(Jermiah 3:22).സ്നേഹനിധിയായ സ്വർഗ്ഗസ്ഥനായ പിതാവിന്റെ വിളിക്ക് കാതോർക്കാം.നമുക്ക് തന്നെത്തന്നെ ആത്മപരിശോധ ചെയ്യാം.യേശുവിനെ രക്ഷകനും നാഥനുമായി നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ട്ടിക്കം.അങ്ങനെ പിശാചിനെ ശത്രുവാക്കി ദൂരെയകറ്റാം.സ്നേഹിക്കുവനുള്ള ശത്രുവായിട്ടല്ല മറിച്ച് ദൈവത്തിന്റെ വലതുഭാഗത്തേക്ക് എത്തപ്പെടുന്നതുവരെ നിഗ്രഹിക്കേണ്ടതായ നിത്യ ശത്രുവാക്കി മാറ്റാം.പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
ദൈവത്തിന് നന്ദി...

No comments:

Post a Comment