Sunday 12 May 2013

സ്വർഗ്ഗീയ അപ്പം - മന്ന.

ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേൽ ചൊരിയേണമേ . അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം (Psalms 119:77)അടിച്ചേൽപ്പിക്കപ്പെട്ട  ഈ ലോക നിയമങ്ങൾ അല്ല;ദൈവവചനത്തിന്റെ ഉൾകാഴ്ചയാണ് ഒരു ദൈവ വിശ്വാസിയെ ഈ ലോകത്തിൽ നയിക്കുന്നത്. ദൈവവചനം നമ്മുടെ പാദങ്ങൾക്ക് വിളക്കും, പാതയിൽ പ്രകാശവുമായി മാറട്ടെ...
ഈജിപ്തതിന്റെ അടിമത്ത്വത്തിൽ നിന്നും മോശയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്നു മുന്നോട്ട് പോകുന്ന ഇസ്രയേൽ ജനം. ദൈവം,അവർക്ക്  വേണ്ടി ചെയ്ത രക്ഷകൃത്യം അനുഭവിച്ചറിഞ്ഞിട്ടും ഇപ്പോൾ ആ ജനം പിറുപിറുക്കുന്നു.  ഈജിപ്തതിൽ, ഇറച്ചി പാത്രത്തിനടുത്തിരുന്ന് തൃപ്തതിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ കരത്താൽ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഈ സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഈ മരുഭുമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു(Exodus 16:3).അനുഭവിച്ചറിഞ്ഞിട്ടും  തുറക്കാത്ത അവരുടെ മനസിന്റെ ആവലാതികൾ ദൈവം കേട്ടു . അവിടന്ന്  അവർക്ക് സായം കാലത്ത് മാംസംഭക്ഷിക്കാൻ കാടപ്പക്ഷികളെയും, പ്രഭാതത്തിൽ തൃപ്തതിയാവോളം അപ്പവും നല്കി (Exodus 16:12)

മന്ന - പഴയ നിയമം :
  • പ്രഭാതത്തിൽ മഞ്ഞ് ഉരുകിയപ്പോൾ മരുഭുമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞുപോലെ കാണപ്പെട്ട ഒരു വസ്തു (Exodus 16:14).
  • വെളുത്ത് കൊത്തബലരി(Coriander Seed) പോലെയിരിക്കുന്ന ഒരു വസ്തു(Exodus 16:31).
  • തേൻ ചേർത്ത അപ്പത്തിന്റെ രുചി(Exodus 16:31).
  • സൂര്യൻ ഉദിക്കുമ്പോൾ ഉരുകി പോയിരുന്നു(Exodus 16:21).
  • അടുത്ത പ്രഭാതത്തിലേക്ക്‌ മാറ്റിവച്ചാൽ പുഴുത്തു മോശമാകുന്ന ഒരു വസ്തു (Exodus 16:20).
എങ്ങനെ ലഭിക്കും :
  • രാത്രി  പാളയത്തിനു മേൽ മഞ്ഞു പെയ്യുമ്പോൾ മന്നയും പൊഴിയും (Numbers 11:9)
  • കൂടാരത്തിൽ ആളുകളുടെ എണ്ണമനുസരിച്ച്  ആളോന്നിന് ഒരു ഓമെർ വീതം ശേഖരിക്കാം (Exodus 16:16).
  • 1ഓമെർ(Omer) = 1/ 10 എഫാ (Ephah) = 4.5 ലിറ്റർ.
  •  ഓരോ പ്രഭാതത്തിലും ഒരൊരുത്തർക്കും  ഭക്ഷിക്കാവുന്നിടത്തോളം ശേഖരിക്കാം (Exodus 16 :21).
  • ആഴ്ചയുടെ ആദ്യ ആറ്‌  ദിവസം മാത്രം ലഭ്യമായിരുന്നു(Exodus 16:26).
  • ആറാം ദിവസം ഒരാൾക്ക് രണ്ട്   ഓമെർ വീതം ശേഖരിക്കാം.കാരണം എഴാം ദിവസം പരിപൂർണ്ണ വിശ്രമമാണ് - സാബത്ത്(Exodus 16 :22)
  
എങ്ങനെ ഭക്ഷിക്കണം :
  • പിൻതലമുറ അറിയുന്നതിനുവേണ്ടി  ഒരു  ഓമെർ അപ്പം  എടുത്ത് സൂക്ഷിച്ചുവെക്കണം(Exodus 16 :32).
  • തിരുകല്ലിലോ, ഉരലിലൊ ഇട്ട് പൊടിച്ചെടുക്കണം(Numbers 11 :8)
  • കലത്തിലിട്ടു ചുട്ടെടുക്കണം(Exodus 16 :22).
  • പ്രഭാതത്തിലേക്ക്‌ അൽപം പോലും മാറ്റി വെക്കരുത്(Exodus 16:20)

സ്വർഗ്ഗം തുറന്ന് ദൂതന്മാരുടെ അപ്പമായ സ്വർഗീയ ധാന്യം -മന്ന (Psalms 78:24)അവർക്ക് നല്കിയത്, അവരുടെ ഭൗവുതീകമായ വിശപ്പടക്കാൻ വേണ്ടി മാത്രമല്ല; കർത്താവിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൾ കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന് മനസിലാക്കിത്തരാൻ കൂടി വേണ്ടിയാണ്(Deuteronomy 8:3)

'കർത്താവായ ഞാൻ നിങ്ങളുടെ ദൈവമെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും'(Exodus 16:12).  

ഈ ദൈവീക പ്രവർത്തികളുടെ ആത്മീയ സത്യം തിരിച്ചറിഞ്ഞവർ മാത്രമാണ് , ദൈവത്തിന്റെ വാഗ്ദാനമായ കനാൻ ദേശത്തേക്ക് പ്രവേശിച്ചത്‌.....

മന്ന - പുതിയ നിയമം :


 പുതിയനിയമ വിശ്വാസിയായ നമുക്കും ദൈവം സ്വർഗ്ഗം തുറന്ന് മന്ന വർഷിച്ചിരിക്കുന്നു. പൂർവ്വാപിതാക്കന്മാർക്ക് നല്കിയതുപോലെയുള്ള അപ്പമല്ല ; 
  • നിത്യജീവൻ നൽകുന്ന അപ്പം(John 6:48).
  • നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:50)
  • ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന്  ഉറപ്പുനല്കുന്ന അപ്പം(John 6:51a).
  • മാംസമായി തീർന്ന വചനം(John 1:14).
  • യേശുവിന്റെ ശരീരം - ദൈവ വചനം (John 6:5 1b).

പാപത്തിന്റെ ആധിക്യത്തൽ മൃതപ്രാണനായിരിക്കുന്ന നമ്മുടെ ആത്മാവിന് ജീവൻ നൽകി, അങ്ങനെ പൂർണ്ണ രക്ഷപ്രാപിക്കാൻപിതാവായ ദൈവം സ്വർഗ്ഗം തുറന്ന് ലോകത്തിനു വെളിപ്പെടുത്തിയ ഏക ജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും അവന്റെ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും ചെയുന്നതു വഴി  ദൈവം; നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയ അപ്പം നാമും ഭക്ഷിക്കുകയാണ്. 
      
നമുക്ക് വേണ്ടി വർഷിക്കപ്പെട്ട അപ്പമാണ് യേശു - ദൈവ വചനം.  

ദിവസത്തിന്റെ ഓരോ സമയത്തിനനുസരിച്ച് ഭക്ഷണവും ശരീരത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞ് അവയുടെ രീതികളും മാറ്റപ്പെടുത്തുന്ന മനുഷ്യ; 
  • ദിവസത്തിൽ ഒരിക്കലെങ്കിലും ആത്മീയ അപ്പം ഭക്ഷിക്കുവാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ ?.
  • നിന്റെ ആത്മീയ അവസ്ഥയെ നീ തിരിച്ചറിഞ്ഞിട്ടുണ്ടോ ?.
  • ആത്മീയ അവസ്ഥയെ അതിജീവിക്കാൻ ആവശ്യമായ ആത്മീയ അപ്പം നീ ഭക്ഷിക്കാറുണ്ടോ?.
  • അച്ചടിച്ച പ്രാർത്ഥനകൾ എല്ലാ ദിവസവും ഏറ്റുപറഞ്ഞ്, ഭക്ഷിക്കുന്നതിന്റെ രുചി പോലും അറിയാത്ത അപ്പമാണോ നീ  ദിവസവും ഭക്ഷിക്കുന്നത് ?.
  •  തൃപ്തി ലഭിക്കാത്ത ഭക്ഷണമാണോ നാം കഴിച്ചു കൊണ്ടിരിക്കുന്നത് ?.
ദൈവവചനം  വായിക്കുവാൻ,അതിന്റെ അത്മീയതയെ ധ്യാനിക്കുവാൻ, അതിനെ പരിശുദ്ധ ആത്മാവിന്റെ ശക്തിയാൽ പാകപ്പെടുത്തി ഭക്ഷിക്കുവാൻ അങ്ങനെ ഇനി ഒരിക്കലും ആത്മീയ മരണം സംഭവിക്കാതെ നിത്യരക്ഷയെ പ്രാപിക്കാൻ നമുക്ക് കഴിയട്ടെ.

തിരിച്ചറിയാൻ കഴിയാത്തയ്യത്ര ഭയാനാകമായ കർത്താവിന്റെ ദിവസം അഗതമാകുന്നതുവരെ ഈ സ്വർഗ്ഗീയ അപ്പം നമുക്ക് ലഭ്യമാണ്.നമുക്ക്  വേണ്ട മന്ന നാം തന്നെ പറക്കി എടുക്കണം. മറ്റൊരു വ്യക്തിക്ക് നിനക്ക് വേണ്ടി മന്ന പറക്കുവാൻ കഴിയുകയില്ല എന്ന് നാം ഓർക്കണം. നാം ഓരോരുത്തരും ആയിരിക്കുന്ന ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു, ആവശ്യമായ സ്വർഗ്ഗീയ അപ്പം സ്വീകരിക്കാൻ നാം തന്നെ നമ്മുടെ മനസുകളെ തുറക്കണം. നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ ആത്മാവിന്റെ സ്വരം കേൾക്കാൻ
നമുക്ക് കഴിയണം.  ഇക്കാരണത്താലാണ്  യേശുവിൽ കൂടിയുള്ള രക്ഷ വ്യക്തിപരമെന്നു ബൈബിൾ വെളിപ്പെടുത്തുന്നത്.

ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്തുകയോ  നന്ദി പ്രകാശിപ്പിക്കുകയോ ചെയാതെ യുക്തി വിചാരത്താൽ അന്ധകാരത്തിലാണ്ട് പോയവരെ പോലെ ആകാതെ;(Romans 1:21)ഉണർന്ന് രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം.

അങ്ങനെ ദൈവവചനമാകുന്ന സ്വർഗ്ഗീയ അപ്പം രുചിച്ചറിഞ്ഞു അതിന്റെ പൂർണ്ണ ഫലപ്രാപ്തിയായ, വചനം  വാഗ്ദാനം ചെയ്യുന്നതുപോലെ വിജയം വരിക്കുന്നവന് ലഭിക്കുന്ന നിഗൂഡ മന്ന (Hidden Manna)ഭക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ(Revelation 2:17).വെള്ളക്കല്ലിൽ കൊത്തിയ പുതിയ നാമം സ്വീകരിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ. അതിന് പരിശുദ്ധ ആത്മാവ് നമ്മെ നയിക്കട്ടെ. 
ദൈവത്തിന് നന്ദി...