Sunday 28 July 2013

ഉറീം - തുമ്മീം

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ;അങ്ങയുടെ പ്രമാണങ്ങൾ നിർദേശിക്കുന്ന വഴി എനിക്കു കാണിച്ചു തരണമേ. ജീവൻ  നൽകുന്ന ദൈവപ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ അവിടുന്ന്, നമ്മുടെ കണ്ണുകളെ   തുറക്കട്ടെ(Psalms 119  :18,26).


നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട  എന്റെ സ്വന്തം ജനം. നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും(Exodus 19:6). സൃഷ്ടികർമ്മം മുതൽ ആരംഭിക്കുന്ന ദൈവമനുഷ്യബന്ധം. കൂടെ നടന്നു പരസ്പരം പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്ന  പിതാവായ ദൈവവുമായുള്ള  ബന്ധത്തിന് പാപത്തിന്റെ ഇടപ്പെടിലിനാൽ ഉലച്ചിൽത്തട്ടി. ദൈവമനുഷ്യ ബന്ധത്തെ പുനസ്ഥാപിക്കുന്നതിനായി ദൈവം, മോശ വഴി ജനത്തിനു നിയമങ്ങൾ നല്കുന്നു.

പാപ പരിഹാരത്തിനും, വിശുദ്ധീകരണത്തിനുമായി വിവിധ ബലിയർപ്പണ രീതികൾ നല്കുന്നുണ്ടെങ്കിലും; ദൈവ മഹത്വത്തെ നേരിട്ട് ദർശിക്കാനോ, അനുഭവിക്കാനോ പഴയനിയമ വിശ്വാസിക്ക് അവകാശം ഉണ്ടായിരുന്നില്ല(Exodus 19:12).  പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധി, ജനങ്ങൾക്ക്‌ പകർന്നു നല്കുന്നതിനായി പഴയനിയമത്തിൽ ദൈവം മോശ വഴി പുരോഹിതന്മാരെ  അഭിഷേകം ചെയുന്നു.  ഇങ്ങനെ അഭിഷേകം ചെയ്യപ്പെട്ട അഹറോനും അനുജരന്മാർക്കും (Exodus 29:4) മാത്രമേ  സമാഗമ കൂടാരത്തിൽ ദൈവമഹത്വം നിലനിൽക്കുന്ന അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനോ, ദൈവമഹത്വം അനുഭവിക്കാനോ കഴിഞ്ഞിരുന്നുള്ളൂ(Exodus 29:42-43)

ജനത്തിനു വേണ്ടി;ദൈവഹിതം ആരാഞ്ഞ്, ദൈവ ജനത്തെ നയിക്കുന്നതിനു വേണ്ടി ദൈവം  പുരോഹിതനു നൽകപ്പെട്ട രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


പഴയനിയമത്തിൽ, സമാഗമകൂടാരത്തിൽ പുരോഹിത വസ്ത്രങ്ങളുടെ വിവരണവുമായി ബന്ധപ്പെട്ടാണ് ഉറീം, തുമ്മീം (Exodus 29:30)നമുക്ക് കാണാൻ കഴിയുന്നത്‌.

 പ്രധാന വസ്ത്രങ്ങളിൽ ഒന്നായ എഫോദിന്റെ (Ephod) അരപ്പട്ടക്ക് മുകളിലായി നിലനിൽക്കേണ്ട(Exodus 28 :28), ഇസ്രായേലിന്റെ പന്ത്രണ്ടു പേരുകൾ കൊത്തിയിട്ടുള്ള പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ(Breastplate) നിക്ഷേപിക്കേണ്ട(Exodus 29:13,30) രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


ഉറീം----> വെളിപാട്‌. 

തുമ്മീം----> സത്യം


  • ദൈവ സന്നിധിയിൽ പ്രവേശിക്കുമ്പോൾ പുരോഹിതനായ അഹറോൻ അണിയേണ്ടവയാണിത്(Exodus 28 :30b).
  • ദൈവത്തിന്റെ ഹിതം അറിയുവാൻ ഇവ  ഉപയോഗിച്ചിരുന്നു(Numbers 27:21).
  • തെറ്റുകൾക്ക് മേലുള്ള ദൈവത്തിന്റെ വിധി തിരിച്ചറിയാൻ ഇവ ഉപയോഗിച്ചിരുന്നു (1 Samuel 14:41).
  • പഴയനിയമത്തിൽ ഇവയെ കുറിച്ചും, ഇവ ഉപയോഗിച്ചതായും വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തിയുട്ടുള്ളൂ.
  • ഇവയുടെ  ഭൗതീകമായ രൂപത്തെ കുറിച്ച് വചനത്തിൽ  രേഖപ്പെടുത്തിയിട്ടില്ല.
  • പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണം(Breastplate) സ്വർണ്ണ തികിടിൽ നിർമ്മിക്കേണ്ടതിനാൽ ഇവ തകിട് രൂപത്തിലാ ണെന്നും, ഉരസ്ത്രാണത്തിൽ നിക്ഷേപിക്കേണ്ടതിനാൽ ഇവ രത്ന തുല്യമായ കല്ലുകളാണെന്നും അനുമാനിക്കപ്പെടുന്നു.
  •  പുതിയനിയമത്തിൽ ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല.


ആത്മീയ ചിന്തകൾ :

പഴയനിയമത്തിൽ,ദൈവ ഹിതം അറിയുവാനായി ഉറീം, തുമ്മീം ഉപയോഗിച്ചിരുന്നുവെങ്കിൽ; പുതിയനിയമ വിശ്വാസികളായ നമുക്ക് ദൈവം തന്റെ മഹത്വത്തിന്റെ മൂന്നാമത്തെ ഭാഗമായ പരിശുദ്ധാത്മാവിനെ വർഷിച്ചിരിക്കുന്നു.ഈ  ആത്മാവിനാൽ ദൈവം നമുക്ക് വേണ്ടി വർഷിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ഗ്രഹിക്കാൻ കഴിയുന്നു(1 Corinthian 2 : 12). ഒരു പ്രത്യേക വസ്തുവിൽ വന്നുചേരുന്ന മാറ്റങ്ങളിൽ കൂടിയല്ല മറിച്ചോ;നമ്മിൽ തന്നെ കുടികൊള്ളുന്ന ആത്മാവിന്റെ പ്രവർത്തനത്താൽ (1 Corinthian 12 : 11)നമുക്ക് വിവേചിച്ചറിയാൻ കഴിയുന്നു. ദൈവമഹത്വം വ്യക്തിപരമായി  അനുഭവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾ എത്രയോ ശ്രേഷ്ട്ടരാണ് ?.  
വചനം പറയുന്നതുപോലെ, 'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും ;ഇതാണ് വഴി ,ഇതിലെ പോവുക'(Isaiah30:21)ആത്മാവിന്റെ വിളിക്കനുസരിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ.

എന്നിട്ടും..... 

നമ്മൾ ഇപ്പോഴും ദൈവേഷ്ട്ടം അറിയാൻ ഉറീം, തുമ്മീം തുല്യമായ വസ്തുതകൾക്ക് പുറകെ പോവുകയാണോ?.

ദൈവമഹത്വം കാണാൻ ഭയപ്പെട്ട്; നീ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് സംസാരിച്ചാൽ മതി എന്ന് പറഞ്ഞ ഇസ്രായേൽ ജനത്തെ പോലെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന അപേക്ഷയാണോ ഇപ്പോഴും നമുക്കുള്ളത്?.

ചിന്തിച്ചു നോക്കുക എന്താണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. ദൈവത്തിന്റെ ആത്മാവിനെ കാണാൻ, അനുഭവിക്കാൻ കഴിയാത്തയത്രേം ആത്മീയ അന്ധത ബാധിച്ചിരിക്കുകയാണോ?.  
  • യേശു എന്റെ രക്ഷകനാണ്‌ എന്ന സത്യം;ആത്മാവിന്റെ ദാനത്തൽ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ എന്ന് നാംതിരിച്ചറിയണം.
  • വിശ്വസിക്കുന്ന ഏവനും വന്നു ചേരുന്ന ആത്മാവിന്റെ മഹത്വത്തെ അനുഭവിക്കാൻ നമുക്ക് കഴിയണം.
  • പഴയ നിയമ പുരോഹിതന് തുല്യനായി, നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ മഹത്വത്തെ ശുശ്രുഷിക്കാൻ അവകാശം ലഭിച്ചവൻ.
  •   വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മില്ലുള്ള വ്യത്യാസം വേർത്തിരിച്ചറിയാൻ ആത്മാവ് മുഖേന ഭാഗ്യം സിദ്ധിച്ചവർ(Ezakiel  44:23).
  • പുത്രന്റെ വചനം വഴി ആത്മാവിന്റെ ശക്തിയാൽ പിതാവിന്റെ അരികിലേക്ക് എത്തപ്പെടാൻ വിളിക്കപ്പെട്ടവർ.
  • പിതാവുമായി രഹസ്യങ്ങൾ പങ്കുവയ്ക്കാൻ യോഗ്യരായവർ.
  • ഒന്നായിരിക്കുന്ന ദൈവത്തിന്റെ ത്രിത്വ്യക മഹത്വത്തെ ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ . 

പ്രമാണങ്ങളെ അക്ഷരാർഥത്തിൽ അനുഷ്ട്ടിച്ചുപോന്ന  ഇസ്രായേൽ ജനത്തെക്കാളും ദൈവ പുത്രനെ കണ്ടിട്ടും വിശ്വസിക്കാൻ കഴിയാതെ പോയ യഹുദജനത്തെക്കാളുംഎത്രയോ വിലപ്പെട്ടവരാണ് നമ്മൾ. 

ആത്മാവിന്റെ ദാനങ്ങളാൽ(1 Corinthians :12) നിറഞ്ഞ്; ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ നമുക്ക് കഴിയട്ടെ(Romans12:2b). അങ്ങനെ;നമ്മെ ശക്തനാക്കുന്നവനിലൂടെ ദൈവ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നമുക്ക് കഴിയട്ടെ.പരിശുധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...