Wednesday 18 December 2013

ക്രിസ്ത്യാനിയുടെ ക്രിസ്തുമസ്സ്

കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമലമാണ്.ഉലയിൽ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്(Psalms 12:6).കാപട്യം നിറഞ്ഞ ഈ ലോകത്തിന്റെ ശക്ത്തിയിൽ നിന്നും നീചത്വം നിറഞ്ഞ മനുഷ്യരുടെ പിടിയിൽ നിന്നും കർത്താവ് നമ്മെ കാത്തുക്കൊള്ളട്ടെ....

തൂവെള്ള നിറമുള്ള മഞ്ഞു പെയ്യുന്ന ഡിസംബറിലെ തണുത്ത രാത്രി.ദാവീദിന്റെ പട്ടണമായ ബേത്‌ലെഹമിൽ കർത്താവായ യേശു ക്രിസ്തു ജനിച്ചിരിക്കുന്നു.പിള്ളക്കച്ചകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾക്ക് കാണാം (Luke 2:10-12) എന്ന  ദൈവദൂതന്റെ   വെളിപ്പെടുത്തൽ  രക്ഷകനെ കാത്തിരുന്ന ഈ ലോകത്തിന്  പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തൂകി.എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഡിസംബറിലെ തണുത്ത രാത്രി പ്രതീക്ഷിച്ചിരിക്കുന്ന സുഹൃത്തേ; ഇതാ ചില ചിന്തകൾ...
  • യേശുവിന്റെ ജനനത്തെക്കുറിച്ച് വചനത്തിൽ എന്ത് രേഖപ്പെടുത്തിയിരിക്കുന്നു?.
  • ഡിസംബർ 25ന്റെ തണുത്ത രാവിൽ തന്നെയാണോ യേശുവിന്റെ ജനനം?.
  • അല്ലെങ്കിൽ എന്നാണ്‌ യേശുവിന്റെ ജനനം?.
  • എന്തുകൊണ്ട് ഡിസംബർ 25 യേശുവിന്റെ ജനനമായി കണക്കാക്കുന്നു?.
  • യഥാർത്ഥത്തിൽ എന്താണ് ഒരു ക്രിസ്തു വിശ്വാസിയുടെ ക്രിസ്തുമസ്സ്?.
വൈരുദ്ധ്യ ഭാവങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ ഈ ചിന്തകൾ ചിലപ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം.ഞാൻ ഇതെല്ലാം അറിയേണ്ടതുണ്ടോ എന്ന തോന്നലും അസാധാരണമല്ല. ദൈവവചനം വിശ്വാസ വളർച്ചയുടെ അടിസ്ഥാനവും പരിശുധനായവനെ അറിയുന്നത് അറിവിന്റെ പൂർണ്ണതയുമായതിനാൽ(Proverbs 9:10-11) ജ്ഞാനത്തിന്റെ ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ചറിയേണ്ടതുണ്ട്.സുഗമവും സന്തോഷകരവുമായ വിശ്വാസജീവിതയാത്രക്ക് ഇത്തരം തിരിച്ചറിവുകൾ കൂടുതൽ സഹായകമാകും എന്ന് ഞാൻ കരുതുന്നു.

യേശുവിന്റെ ജനനം :

ബേത്‌ലെഹമിൽ യേശു എന്ന് ജനിച്ചുവെന്ന് (തീയ്യതിയോ,മാസമോ,സമയമോ,വർഷമോ) വചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വ്യതസ്ത വീക്ഷണകോണുകളിൽ നിന്നും പരിശുദ്ധാത്മാവിനാൽ പൂരിതരായി എഴുതപ്പെട്ട നാല് സുവിശേഷങ്ങളിലും ഇതിനെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല.രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെട്ടു എന്നതിനാലും ( Luke 2:8) ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെട്ടു എന്നതിനാലും (Mathew2:2) യേശുവിന്റെ ജനനം രാത്രിയിലായിരുന്നു എന്ന് കണക്കാക്കാം.

മഞ്ഞു പെയ്യുന്ന ഡിസംബർ :

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ ദൈവം; മോശ വഴി കാനാൻ ദേശത്തേക്ക് നയിക്കുന്ന ദിവസം മുതൽ അവരുമായി ഇടപ്പെടുന്ന എല്ലാ സാഹചര്യങ്ങൾക്കും ദൈവം സമയവും, മാസവും, വർഷവും കുറിച്ചിരുന്നതായി പഴയനിയമത്തിൽ നമുക്ക് കാണാം(Exodus 12:1,12:4,13:3....).
അഹറോന്റെ സന്തതികളെ ദാവിദു് ശുശ്രുഷയുടെ ക്രമമനുസരിച്ച്‌; എലെയാസറിന്റെ പിൻഗാമികളെ പതിനാറ് ഗണമായും ഇത്താമറിന്റെ പിൻഗാമികളെ എട്ട് ഗണമായും (1Chronicles 24:4) തിരിക്കുന്നു.അങ്ങനെ ആകെ 24 ഗണമായി പുരോഹിതവംശമായി അവരെ തിരഞ്ഞെടുക്കുന്നു.കർത്താവ് കൽപ്പിച്ചതനുസരിച്ച് പിതാവായ അഹറോൻ നിശ്ചയിച്ച ക്രമമനുസരിച്ച്‌  (30 ദിവസങ്ങൾ ഉള്ള 12 മാസങ്ങളാണ് ഹീബ്രു കലണ്ടർ. അതിനാൽ ഒരു ഗണം ഏകദേശം 14/ 15 ദിവസം) ദേവാലയത്തിൽ ശുശ്രുഷചെയ്യാൻ അവർ വരേണ്ടിയിരുന്നു (1Chronicles 24: 5-19). 

യേശുവിന്റെ ജനനത്തിന് മുന്നോടിയായി യോഹന്നാന്റെ ജനനത്തെക്കുറിച്ച് (Luke 1:5)വചനത്തിൽ കാണാൻ കഴിയും.യോഹന്നാന്റെ പിതാവായ സഖറിയ;അബിയ ഗണത്തിലെ പുരോഹിതനായിരുന്നു. പുരോഹിത ക്രമമനുസരിച്ച്‌ എട്ടാമത്തെ ഗണം(1Chronicles 24:10).ഹീബ്രു കലണ്ടർ ശുശ്രുഷ ക്രമമനുസരിച്ച് നാലാമത്തെ മാസം(ഒരു മാസം രണ്ട് ഗണം).അതായത് ഈ കാലഘട്ടത്തിലെ കലണ്ടർ (Gregorian) അനുസരിച്ച് ജുണ്‍ /ജൂലായ്‌ മാസത്തിൽ.
സഖറിയുടെ ശുശ്രുഷയുടെ ദിവസങ്ങൾ പൂർത്തിയാക്കി വീട്ടിൽ ചെന്നതിനു ശേഷമാണ് എലിസബത്ത് ഗർഭം ധരിച്ചതായി (കലണ്ടർ അനുസരിച്ച് June /July) വചനത്തിൽ(Luke1:23)രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട മറിയത്തിന് ദൈവീക മഹത്വത്തിന്റെ പ്രത്യക്ഷ അടയാളമായി ദൂതന്റെ വെളിപ്പെടുത്തലിൽ നിന്നും മറിയം യേശുവിനെ ഗർഭം ധരിക്കുമ്പോൾ ചാർച്ചക്കാരിയായ എലിസബത്തിന്   അത് ആറാം മാസം(Luke1:36). വ്യക്തമാക്കിയാൽ ജുണ്‍ /ജൂലായ്‌ മാസത്തിൽ ഗർഭം ധരിക്കപ്പെട്ട എലിസബത്തിനെ മറിയം സന്ദർശിക്കുന്നത് ആറ്  മാസങ്ങൾക്ക് ശേഷം ഏകദേശം ഡിസംബർ / ജനുവരി മാസത്തിൽ. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട  മറിയത്തിന് ഇത് ആദ്യ മാസം(Dec/Jan). അങ്ങനെയെങ്കിൽ കണക്കുകൾ അനുസരിച്ച് ഡിസംബറിൽ അല്ല; ഏകദേശം സെപ്റ്റംബർ / ഒക്ടോബർ (Sep/Oct) മാസത്തിലാണ് യേശുവിന്റെ ജനനം എന്ന് അനുമാനിക്കേണ്ടിവരും

ചരിത്ര കണക്കുകൾ അനുസരിച്ചുള്ള ഈ ചിന്തകൾ ശരിയായിരിക്കാം എന്ന് ഉറപ്പ് നൽകുന്ന ഒരു ഭാഗം വചനത്തിൽ കാണാൻ കഴിയും.  വയലുകളിൽ രാത്രി കാലങ്ങളിൽ ആടുകളെ കത്ത് കൊണ്ടിരുന്ന ഇടയന്മാർക്കാണ് (Luke 2:8) ആദ്യമായി ദൈവത്തിന്റെ ദൂതൻ രക്ഷയുടെ സദ്‌വാർത്ത അറിയിക്കുന്നത്. തണുപ്പ് രാജ്യങ്ങളിൽ മഞ്ഞുകാലത്ത് ആടുകളെ മേയിക്കാൻ വയലുകളിൽ വിടുന്ന പതിവില്ല.പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ; കാരണം മഞ്ഞിനാൽ പൊതിഞ്ഞ പുല്ല് ഭക്ഷിക്കാൻ യോഗ്യമല്ലാത്തതിനാലും, അതിശൈത്യം  അവയെ യഥേഷ്ട്ടം മേയാൻ  അനുവദിക്കാത്തതിനാലും അവയെ കൂടുകളിൽ തന്നെ പാർപ്പിക്കാൻ ഇടയന്മാർ താൽപ്പര്യപ്പെട്ടിരുന്നു. വയലുകളിൽ രാത്രികാലങ്ങളിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർ എന്ന പ്രയോഗം തണുപ്പ് കാലത്തിന് മുൻപുള്ള സെപ്റ്റംബർ / ഒക്ടോബർ(Sep/Oct) മാസങ്ങളിലായിരിക്കാം യേശുവിന്റെ ജനനം എന്ന ചിന്തകൾക്ക് ഉറപ്പുനൽകുന്നു

ഡിസംബർ 25 - ക്രിസ്തുമസ്സ് :

ആദിമ സഭയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ യേശുവിന്റെ ജനനത്തിന്റെ ഓർമ്മ (ക്രിസ്തുമസ്സ് ) എന്ന ഒരു ചിന്തയോ ആഘോഷമോ ഉണ്ടായിരുന്നില്ല.പകരം, യേശു എന്ന ഏക രക്ഷകന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ വിശ്വാസ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മൂദീസായും (Ephesians 4:5) എന്ന വചന പ്രകാരം തന്നെ.

സഭയുടെ വളർച്ചയോടൊപ്പം സാന്മാർഗ്ഗിക നിയമങ്ങൾ സംബന്ധിച്ച വിജ്ഞാനം കുറവുണ്ടായിരുന്ന കൊരിന്തീസിലെ ഉൾപ്പെടെ ഗ്രീസിലെ  ജനങ്ങൾക്കിടയിൽ വിഗ്രഹാരാധാനയും തതുല്യമായ വിശ്വാസ രീതികളും (Paganisamനടമാടി കൊണ്ടിരുന്നു.ഇവ പിന്നീട് റോമിലേക്കും പടർന്നു പന്തലിച്ചു. കോരിന്തൊസ്സ് ലേഖനങ്ങൾ ഇവ വ്യക്ത്തമാക്കുന്നു.

A D 313-ൽ റോമാ ചക്രവർത്തിയായിരുന്ന കോണ്‍സ്റ്റന്റിൻ(Constantine) ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായും നിർബന്ധിത വിശ്വാസ മാർഗ്ഗമായും പ്രഖ്യാപിച്ചു. എങ്കിലും അന്തവിശ്വാസങ്ങളെയും സൂര്യ-ചന്ദ്രന്മാർ  ഉൾപ്പെടുന്ന ഗ്രീക്ക്- റോമൻ ദേവന്മാരെയും (Paganisam) പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

റോമിൽ ഡിസംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം സൂര്യന്റെ പ്രകാശ ദൈർഘ്യം മറ്റുള്ള  ദിവസങ്ങളേക്കാൾ കൂടുതലായിരിക്കും എന്നതിനാൽ അവർ ആ ദിവസം പ്രതീക്ഷയുടെ പുതിയ വർഷമായി മലാക്കി പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള  നീതി സൂര്യന്റെ ജനനമായി (Malakki 4: 2) തെറ്റായി വിശ്വസിച്ചിരുന്നു. അങ്ങനെ രക്ഷകനായി സൂര്യനെ (Unconquered Sun) അവർ ആരാധിച്ചു പോന്നിരുന്നു. 

ഇത്തരം അന്തവിശ്വാസങ്ങൾക്ക് മുഴുവനായും മാറ്റം വരുത്താൻ കഴിയാത്തതിനാലും ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായി മറ്റേണ്ടാതിനാലും അവരുടെ അന്തവിശ്വാസ ചുവടുപിടിച്ച്  പുതിയ വ്യാഖ്യനവുമായി ഡിസംബർ 25 യേശുവിന്റെ ജനനമായി  കോണ്‍സ്റ്റന്റിൻ ചക്രവർത്തി പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഒന്നാകെ  സ്വീകരിച്ചിരിക്കുന്ന ഒരു വിശ്വാസത്തിന്റെ രത്നചുരുക്കമാണിത്. ക്രിസ്തുമസ്സ് എന്നതിന്റെ ആത്മീയ ബോധ്യം നഷ്ട്ടപ്പെട്ട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസ്തൃതമായി വ്യതിയാനം സംഭവിച്ച് ഇന്ന്  2013-ൽ നമ്മുടെ മുൻപിൽ എത്തപ്പെട്ടിരിക്കുന്നു.

ഒരു ക്രിസ്ത്യാനിക്ക് എന്താണ് ക്രിസ്തുമസ്സ്?.

ഡിസംബറോ... സെപ്റ്റംബറോ...യേശുവിന്റെ ജനനം എന്നുമാകട്ടെ...ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തിൽ ആ ദിവസ കണക്കിന് ഒട്ടുംതന്നെ പ്രാധാന്യം ഇല്ല. യേശുവിനേയും ദൈവവചനത്തേയും വിവേചിച്ചറിഞ്ഞ് അതിന്റെ ഉൾക്കാഴ്ചയിൽ നിലനിൽക്കുന്ന ജീവിതം അതാണ് യേശു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസും,യൂദാസും.  തന്റെ സ്വാർത്ഥ ധന ലാഭം കണക്കാക്കിയാണ്  യൂദാസ് യേശുവിനെ ഉൾകൊണ്ടിരുന്നത് എന്നാൽ നീ ജീവിക്കുന്ന ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16)  എന്ന പത്രോസിന്റെ ഉൾകാഴ്ച അവനെ ഉറച്ച വിശ്വാസത്തിലേക്ക് നയിച്ചു.
ലോകത്തിന്റെ കണക്കനുസരിച്ച് ഡിസംബർ 25ന് മാത്രം യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുമ്പോൾ, ഭൌതീകമായ സന്തോഷത്തിനും ആഘോഷത്തിനും മാത്രമായി ക്രിസ്തുമസ്സ് മാറ്റപ്പെടുമ്പോൾ സുഹൃത്തെ;യൂദാസിന്റെ ചിന്തയിൽ നിന്നും നീ വ്യത്യസ്തനല്ല എന്ന് നീ ഓർക്കണം




  • യേശുവിനോടൊപ്പം കുരിശിൽ  വലത്ത്  ഭാഗത്ത്‌ തറക്കപ്പെട്ട കള്ളൻ; ആ കുരിശിൽ കിടന്നാണ് യേശു എന്ന രക്ഷകനെ അവൻ കൈകൊള്ളുന്നത്‌(Luke 23:42-43).അന്നായിരുന്നു അവന് ക്രിസ്തുമസ്സ്.....
  • കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ വധ ഭീക്ഷണി മുഴക്കി മുന്നേറിയിരുന്ന സാവൂൾ; 'നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ' (Acts 9:3-6) എന്ന ദൈവശബ്ദം  അവനിൽ യേശു എന്ന രക്ഷകന്റെ ജനനത്തിനു കാരണമാക്കി...
  • യേശുവിനെ കാണാൻ മരത്തിൽ കയറിയ സക്കേവൂസ്; 'ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'(Luke 19:5)എന്ന ദൈവവിളി അവനെ പുതിയ ഒരു മനുഷ്യനാക്കാൻ, യേശു എന്ന രക്ഷകൻ അവനിൽ ജനിക്കാൻ ഇടയാക്കി...
  • മുടന്തനും, കുഷ്ട്ടരോഗിയും പാപിനിയായ സ്ത്രീയും എല്ലാം വിശ്വാസം ഏറ്റുപറഞ്ഞ്  ഈ ലോകത്തിലേക്ക് വന്ന രക്ഷകനെ കണ്ട് മുട്ടിയ എത്രയോ സന്ദർഭങ്ങൾ വചനത്തിൽ കാണാൻ കഴിയും.

  • ക്രിസ്തു മഹത്വത്തെ അറിയുവാനും അങ്ങനെ യേശു ക്രിസ്തു എന്റെ രക്ഷകനാണെന്ന സത്യം ഹൃദയത്തിൽ സ്വീകരിക്കപ്പെടുവാനും നമുക്ക് കഴിയണം. അങ്ങനെ വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് കടന്ന് വരുന്ന നിമിഷം; നിനക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു(Luke 2:11)....അവന്റെ കരുണയാൽ നിനക്ക് രക്ഷ(Ephesians 1:8)കൈവന്നിരിക്കുന്നു എന്ന; നിനക്ക് വേണ്ടിയുള്ള  സദ്‌വാർത്ത കേൾക്കാൻ കഴിയണം. അതെ സുഹൃത്തെ; യേശുവിനെ രക്ഷകനും നാഥനുമായി നീ അനുഭവിച്ചറിഞ്ഞ്  അവനെ നിന്റെ ഹൃദയത്തിൽ  സ്വീകരിക്കുന്ന നിമിഷം, നീ വീണ്ടും ജനനത്തിന്റെ അനുഭവത്തില്ലേക്ക് കടന്നു വരുന്ന നിമിഷം, അന്നാണ് നിനക്കുവേണ്ടിയുള്ള രക്ഷകന്റെ ജനനം- നിന്റെ  ക്രിസ്തുമസ്സ്.


    വിശ്വാസി എന്ന നാമകരണം ചെയ്യപ്പെട്ട സഹോദരാ; എന്നായിരുന്നു നിന്നിൽ യേശുവിന്റെ ജനനം?.... അല്ല;യേശു എന്ന രക്ഷകൻ നിന്നിൽ ജനിച്ചിട്ടുണ്ടോ?. യേശുവിനോടൊപ്പം നടന്നപ്പോഴും യൂദാസിന് യേശു രക്ഷകൻ ആകപ്പെട്ടിട്ടില്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം.

    യേശു എന്ന രക്ഷകൻ നിന്റെ ഹൃദയത്തിൽ ജനിക്കാതെ, ഈ ലോകത്തിന്റെ ആചാര ചടങ്ങുകൾക്ക് അനുസരിച്ച് ഡിസംബർ 25 നു കൃത്യം രാത്രി 12 മണിക്ക് യേശുവിനെ ജനിപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന സുഹൃത്തേ;'നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല' (Mathew 7:23) എന്ന യേശുവിന്റെ വചനം ഓർക്കണമേ...

    യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുന്നത് തെറ്റാണെന്നല്ല; മറിച്ച് നമ്മുടെ വിശ്വാസ വഴിയെ പരിശോധോച്ചറിയാൻ, വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ നമുക്ക് കഴിയണം എന്ന് ഓർമിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വാസ തലത്തെ സ്വയം വിലയിരുത്തി തനെത്തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാൻ അങ്ങനെ അവന്റെ നാമത്തിൽ വിശ്വസിക്കാൻ, അവനെ സ്വീകരിക്കാൻ, വീണ്ടും ജനിക്കാൻ, അവന്റെ കൃപയാൽ രക്ഷപ്രാപിക്കാൻ,ദൈവമക്കളാകാൻ നമുക്ക് കഴിയട്ടെ....

    പുൽകൂട്ടിൽ പിറന്ന യേശുവിലുണ്ടായിരുന്ന കൃപയും സത്യവും നിറഞ്ഞ ക്രിസ്തു എന്ന ദൈവത്തിന്റെ മഹത്വം ദർശിക്കാൻ, ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ ഇടയാകട്ടെ....പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
                                                                             ദൈവത്തിന് നന്ദി...