Sunday 24 February 2013

പ്രാര്‍ത്ഥനക്ക് മുന്‍പ്...ഒരു നിമിഷം.

ദൈവവചനത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന വിശ്വാസം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുമ്പോള്‍ മാത്രമേ ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഫലദായകമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനകള്‍  ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. പ്രാര്‍ത്ഥനയുടെ അടിസ്ഥാനം നിത്യജീവനാണെന്നും രക്ഷയുടെ ആദ്യാനുഭവം വീണ്ടുംജനനമാണെന്നും നാം കണ്ടുകഴിഞ്ഞു.... അല്ല, അനുഭവിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.....  

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. കുടുംബാഗങ്ങള്‍ ഒന്നു ചേര്‍ന്നും, കൂട്ടായ്മയില്‍ക്കൂടിയും നമ്മള്‍ വിവിധ തരത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവവചന അടിസ്ഥാനത്തില്‍ ഇവയെല്ലാം ശരിയും ആവശ്യവുമാണ്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യമുണ്ട്. വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു വിശ്വാസ പ്രഖ്യാപനം എന്നതിലുപരി വിശ്വാസത്തില്‍ വളരുവാനും, കൂടുതല്‍ ആത്മീയശക്തിയോടുകൂടി മുന്നോട്ടു പോകുവാനും നമ്മെ സഹായിക്കുന്നു. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായി നടത്തുന്ന ഒരു സ്വകാര്യ സംഭാഷണമാണ്.(Mathew 6:6 )

എപ്പോള്‍ .....എവിടെ വച്ച് .....എങ്ങനെ....ഞാന്‍ പ്രാര്‍ത്ഥിക്കണം ?. 

പ്രാര്‍ത്ഥിക്കേണ്ട സമയമോ, സ്ഥലമോ,  ക്രമങ്ങളോ വചനം നിഷ്കര്‍ഷിക്കുന്നില്ല. ഒരു പുതിയ നിയമ വിശ്വാസി ആത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാലും(Romans 8:14), ദൈവാത്മാവ് അവനില്‍ വസിക്കുന്നതിനാലും (Galatians 2:20) പഴയനിയമം അനുശാസിക്കുന്നതുപോലെ ആഴ്ചയില്‍ ഒരിക്കലോ ആണ്ടിലൊരിക്കലോ അല്ല  മറിച്ച്, ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരിക്കണം. കാരണം അവന്‍ നമ്മെ ഉയര്‍ത്തിയത്‌, നമുക്ക് രക്ഷ നല്‍കിയിരിക്കുന്നത്  നമ്മുടെ പ്രവര്‍ത്തിയാലല്ല മറിച്ച് അവന്റെ കാരുണ്യത്താല്‍  ദാനമായിട്ടാണ്(Ephesians 2:8). അതിനാല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത് (Galatians 2:20) എന്ന വെളിപാട്‌ നമ്മില്‍  ഉണ്ടാകണം.

തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനയുടെ സമയം ഏതാനും ചില നിമിഷങ്ങള്‍ ... പലപ്പോഴും അതുപോലും ഇല്ലാത്ത ഒരു അവസ്ഥ. ഒരുവിധ യാന്ത്രിക ജീവിതം അല്ലെ സുഹൃത്തേ.... യഥാര്‍ത്ഥ രക്ഷാനുഭവം അനുഭവിക്കാത്തതാണ് ഇതിനു കാരണം.പ്രാര്‍ത്ഥനയ്ക്ക് ഭൗതീകമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. എന്ന്...എപ്പോള്‍ ...എവിടെ...എങ്ങനെ.....ഈ തീരുമാനം തികച്ചും വ്യക്തിപരമാണ് .  

പ്രാര്‍ത്ഥനയുടെ സമയം :  പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു( Psalms5:3). ആലോചിച്ചുറക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ ?(Amos 3:). ദൈവത്തില്‍ ആശ്രയം വച്ച് , പ്രാര്‍ത്ഥനയോടുകൂടി, ആരംഭിക്കുന്ന ദിവസം എത്രയോ സന്തോഷകരം. ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഊര്‍ജ്ജമായി നമ്മില്‍ നിലനില്‍ക്കും.പ്രാര്‍ത്ഥനയോടുകൂടി ഒരു ദിവസം അരംഭിക്കുനത് കൂടുതല്‍ അഭികാമ്യം. 

ഈ ലോകത്ത് ആയിരിക്കുന്ന നമുക്ക് ഭൗതീകമായ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം നിറവേറ്റുന്നതിനൊടൊപ്പം, പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സ്വസ്ഥമായ ഒരു സമയം ഉണ്ടാക്കിയെടുക്കാന്‍ നാം തന്നെ ശ്രമിക്കണം. സ്വസ്ഥമായ ഒരു സമയം...അതിനാണ് കഴിയാത്തത് എന്നായിരിക്കും ഇപ്പോള്‍ തങ്ങളുടെ മനസ്സില്‍ . മനസിലുള്ള ആലോചന അഗാധമായ ജലം പോലെയാണ് . ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കാം(Proverbs 20:5 ).നമ്മുടെ ചിന്തകളും മനസും അറിയുന്ന ദൈവം, നാം ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും ദൈവം വഴിയൊരുക്കും.നാം എന്തുമാത്രം ആഗ്രഹിക്കാറുണ്ട് എന്ന് ചിന്തിച്ച് നോക്കുക. ദിവസത്തില്‍ മറ്റ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ കഴിയുമെങ്കില്‍  ജീവന്റെ അപ്പം ഭക്ഷിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ എന്തുകൊണ്ട് നമുക്ക് സമയം ലഭിക്കുന്നില്ല ?.വചനം പറയുന്നു' എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'(Ephesian 6:18)നിശ്ചിത സമയത്തിനല്ല മറിച്ച് ദൈവീക അനുഭവത്തിനാണ് പ്രാധാന്യം.

സ്ഥലം  : പഴയനിയമ ക്രമമനുസരിച്ച് ദൈവീക മഹത്വം നിറഞ്ഞിരിക്കുന്നത്‌ കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്താണ്(Exodus 25:21-22). എന്നാല്‍ പുതിയ നിയമ വിശ്വാസിയോട് വചനം പറയുന്നു 'നിങ്ങള്‍ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ??(1Corinthians 3:16). എന്നാല്‍ നമ്മളോ ദൈവം വസിച്ചിരുന്ന മനുഷ്യ നിര്‍മ്മിതമായ ആലയം, കാലഹരണപ്പെട്ട  ആ  പഴയനിയമ കൂടാരം  അന്വേഷിച്ചു നടക്കുന്നു(Acts 17:24). ഇത്തരം പാരമ്പര്യ വിശ്വാസത്തില്‍ നിന്നും, പുണ്യ സ്ഥലങ്ങള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന  ചില പ്രത്യേക സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന  ക്രിസ്തീയാടിസ്ഥാനമല്ലാത്ത, തെറ്റായ വിശ്വാസം നാം പുലര്‍ത്തി പോരുന്നു. ഇവിടെ പ്രാര്‍ത്ഥന എന്നത് ദൈവത്തോടുള്ള ബന്ധം എന്നതില്‍ നിന്നും ആ സ്ഥലത്തോടും സാഹചര്യത്തോടുമുള്ള ഒരു  വിശ്വാസം ആയി മാറ്റപ്പെടുന്നു .എളുപ്പത്തില്‍ ദൈവത്തെ അനുഭവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തുന്ന കുറുക്കുവഴികള്‍ . സ്വസ്തമായിരിക്കാന്‍ കഴിയുന്ന എവിടെയും നമുക്ക് പ്രാര്‍ത്ഥിക്കാം.വീട്ടിലോ, കാറിലോ,മറ്റു എവിടെയുമാകട്ടെ, പ്രാര്‍ത്ഥിക്കുന്ന സ്ഥലമല്ല മറിച്ച്  ദൈവം നമ്മില്‍ വസിക്കുന്നു(Galatians 2:20) എന്ന തിരിച്ചറിവാണ് പ്രാധാന്യം. നമ്മുടെ ആത്മീയ അന്ധതയെ നീക്കി വചനത്തിന്റെ പ്രകാശത്തില്‍ നടക്കാം.   

സൗകര്യം മുട്ടുകള്‍ കുത്തി, കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രീതികള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.(1Kings8:54, Psalms95:6).മുട്ടുകുത്തല്‍ എളിമപ്പെടലിന്റെയും, കൈകള്‍ ഉയര്‍ത്തുന്നത് യാചനയുടെയും ബാഹ്യ പ്രകടനങ്ങള്‍ ആണ്.പഴയനിയമത്തില്‍ , ഇവയെല്ലാം സ്വീകാര്യവുമായിരുന്നു . എന്നാല്‍ നമ്മോടു വചനം പറയുന്നു' പ്രവര്‍ത്തികള്‍ കൂടാതെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു(Romans 4:5). പുതിയനിയമ വിശ്വാസത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല . മുട്ടുകുത്തുന്നതും , കൈകള്‍ ഉയര്‍ത്തി  പ്രാര്‍ത്ഥിക്കുന്നതും തെറ്റാണ് എന്നല്ല, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകു എന്ന തെറ്റായ ബോധ്യം നാം മാറ്റണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പ്രാര്‍ത്ഥന എന്നത് ചിട്ടയായ നിയമത്തിന്റെ സാക്ഷാത്കാരമല്ല മറിച്ച്, എളിമയുള്ള ഹൃദയം ദൈവവുമായി പങ്കുവെക്കുന്നതില്‍ കൂടിയുള്ള സന്തോഷത്തിന്റെ ഒരു അനുഭവമായിരിക്കണം .നിയമത്തിന് കീഴിലല്ല , കൃപക്ക് കീഴിലാണ് എന്ന വെളിപാട്(Romans 6:14).   

ഉയര്‍ന്ന സ്വരത്തില്‍ : ശക്ത്തമായ വാക്കുകള്‍ പറഞ്ഞ് ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തപ്പെടു എന്ന മിഥ്യാധാരണ നമ്മില്‍ പലര്‍ക്കും ഉണ്ട് .  നന്ദികളും, സ്തുതികളും നമ്മുടെ അധരങ്ങള്‍ സംസാരിക്കുന്നത്; ഹൃദയത്തിന്റെ നിറവില്‍ നിന്നു കൊണ്ടായിരിക്കണം(Luke 6:43). മനപാഠം ആക്കിയ ചില വാചകങ്ങള്‍ക്ക്  പ്രാര്‍ത്ഥന എന്ന പേര്‍ ചൊല്ലി അതിനെ വീണ്ടും വീണ്ടും ഉരിവിടുന്ന നാം വിജാതിയന് തുല്ല്യനാണ്.ഹൃദയത്തിന്റെ നിറവില്‍ നിന്നല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ സംതൃപ്തികണ്ടെത്താന്‍  ശ്രമിക്കുന്ന നമ്മെ നോക്കി കാപട്യനാട്യക്കാര്‍ നടത്തുന്ന അതിഭാഷണം(Mathew 6:7)എന്ന് യേശു പറയുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ . എന്നാല്‍ , അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(Romans 8:26).പ്രാര്‍ത്ഥന എന്നത് ആകുലതകള്‍  വെടിഞ്ഞ്  ദൈവസന്നിധിയില്‍ നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണ്‌(((Philippians 4:6)

സ്വയം നീതികരിക്കല്‍നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന നല്ല പ്രവര്‍ത്തികളെ നമ്മുടെ വിശ്വാസത്തില്‍ കൂടി ഉയര്‍ത്തി കാണിക്കുന്ന അവസ്ഥയായിരിക്കരുത് പ്രാര്‍ത്ഥന. ഫരിസേയന്റെയും  ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളും അതിന്റെ അവസാനം അവര്‍ക്ക് ലഭിച്ച നീതികരണവും നമുക്കറിയാം.'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടു; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയും'(Luke18:9-14). ഈ വചന ഭാഗം നമുക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ .

ദൈവത്തെ ശ്രവിക്കല്‍ : പ്രാര്‍ത്ഥന എന്നത് നാം ദൈവത്തോട് സംസാരിക്കുന്ന അവസ്ഥയല്ല; അതിനെക്കാളുപരി ദൈവം നമ്മോട് സംസാരിക്കുന്ന, ദൈവത്തെ ശ്രവിക്കുന്ന അവസ്ഥ കൂടി ആയിരിക്കണം.നമ്മില്‍ വസിക്കുന്ന ദൈവീക ശക്തി നമ്മില്‍ വ്യാപരിക്കുക കൂടി ചെയ്യണം(2 Corinthians 6:16). ഈ അനുഭവം നമ്മില്‍ എത്ര പേര്‍ക്ക് ഉണ്ടായിട്ടുണ്ട് ?.ദര്‍ശനങ്ങള്‍ ,വെളിപാടുകള്‍ , വചനങ്ങള്‍ , സാഹചര്യങ്ങള്‍  ഇങ്ങനെ ആത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം .അതോടൊപ്പം ആത്മാവിന്റെ ഉത്കൃഷ്ട ദാനങ്ങള്‍ക്കായി(1 Corinthians 12:31) നാം അഭിലഷിക്കണം. 

ഇങ്ങനെയുള്ള തിരിച്ചറിവുകളും തയ്യാറെടുപ്പുകളും ഭൗതീകജീവിത ചിന്തയില്‍ നിന്നും മാറി പൂര്‍ണ്ണമായും ദൈവത്തില്‍ ആയിരിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഇതിനെ വചനം പറയുന്നു' നീ  പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്‌, രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പങ്കുവെക്കണം'(Mathew 6:6-7).    

ആചാര അനുഷ്ടാനങ്ങള്‍ക്ക് വിരാമം ഇട്ടുക്കൊണ്ട്  യേശുവില്‍ കൂടി രക്ഷ അനുഭവിക്കാന്‍ യോഗ്യരായ നാം, ഇപ്പോഴും കാലഹാരണപ്പെട്ട ആ പഴയ നിയമ ചിന്താഗതിയുടെ, നിയമത്തിന്റെ  പുറകേയാണോ ?. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സമയവും ദിവസവും നോക്കിയാണോ നാം  പ്രാര്‍ത്ഥിക്കുന്നത് ? നാം  ദൈവത്തിന്റെ ആലയം ആകുന്നു എന്ന് നാം തിരിച്ചറിയണം(1 Corinthians 3:16)

'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.........
ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍... 
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കിന്‍....'....   
                     (1 Thessalonians 5 : 1 6 - 1 8). 

ദൈവത്തിന് നന്ദി ..... 

Saturday 9 February 2013

വീണ്ടും ജനനവും ക്രിസ്തീയജീവിതവും

'ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം' (Mathew  7:14). നമ്മില്‍നിറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തിയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ നിത്യജീവന്റെ വഴിയെ ആയിരിക്കാം.....

നിത്യജീവനെ  ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഈ ലോകജീവിതത്തില്‍ ,ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുക ??? വചനം പറയുന്നു ' വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).ദൈവവുമായി ബന്ധത്തിന് , പ്രാര്‍ഥിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യതയാണ് വീണ്ടും ജനനം. നിത്യജീവന്റെ ആദ്യഭാഗം.

പാരമ്പര്യവിശ്വാസത്തില്‍ നിലയുറച്ച് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്ന പുതിയ നിയമ വിശ്വാസി, ഒരു നിമിഷം.....താങ്കള്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ???
ചെറുപ്പം മുതല്‍ , ദൈവവും ദൈവവചനങ്ങളും നിങ്ങള്‍ക്ക് അന്യമായിരുന്നില്ല. എന്നാല്‍ ദൈവം നിങ്ങളെ തിരഞ്ഞെടുത്തോ ?(John 15:16).
അനുഷ്ഠടാനങ്ങളിലും ആചാരങ്ങളിലും സംതൃപ്തിയടയുന്ന ക്രിസ്ത്യാനി, നിങ്ങള്‍ യേശുവിന്റെ നാമത്തില്‍ എത്ര വീര്യ പ്രവര്‍ത്തികളും ചെയ്താലും, വീണ്ടും ജനിക്കാത്ത നിങ്ങളോട് ദൈവം ഇങ്ങനെ പറയുന്നു  'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞട്ടില്ല'(Mathew 7:22-23).ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയാല്‍  നിങ്ങള്‍ ദൈവത്തെ തിരഞ്ഞെടുത്തു.എന്നാല്‍ ആ തിരഞ്ഞെടുപ്പ് ശരിയായ ദൈവവചന അറിവിന്റെ അടിസ്ഥാനത്തില്‍ അല്ല  എന്നേയുള്ളു. ദൈവത്തിന്റെ  നീതിയെകുറീച്ചുള്ള അഞാതയാണ് ഇതിന് കാരണം (Romans 10:2-3)
വീണ്ടും ജനനത്തെക്കുറിച്ച് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ നമുക്ക് ചുറ്റുമുണ്ട്. ആചാരഅനുഷ്ഠടാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചി രിക്കുന്ന സഭാസമൂഹങ്ങള്‍ വളരെ നിസാരമായി ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.ദൈവവചനം ആഴത്തില്‍ ചിന്തിക്കാതിരിക്കാന്‍ സഭയുടെ വിശ്വാസപ്രമാണങ്ങള്‍  കൊണ്ട്  വീണ്ടുംജനനം എന്ന നിത്യരക്ഷയുടെ അടിസ്ഥാന ചിന്തയെ മൂടിവെക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ വെളിച്ചം വിതരേണ്ടവര്‍ തന്നെ സത്യത്തില്‍ നിന്നും മുഖം മറക്കാന്‍ ശ്രമിക്കുന്നു. 

ജീവിതത്തിലെ ഓരോ ഘട്ടത്തില്ലും ഉണ്ടാകുന്ന തിരിച്ചറിവുകള്‍ നമ്മില്‍ പല മാറ്റങ്ങളും വരുത്താറുണ്ട്.ശിശുസഹജമായ ചിന്തകളും കാഴ്ചപ്പാടുകളും യവ്വനത്തില്‍ എത്തുമ്പോള്‍ നമ്മില്‍നിന്ന് മാറ്റപ്പെടുന്നു.തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ , അതുവരെയുള്ള സ്വതന്ത്രമായ ഈ ലോക ജീവിതത്തില്‍ നിന്നും  ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാതാന്യം നല്‍കികൊണ്ട് ഒതുങ്ങിയ ജീവിതശൈലി കൈവരുന്നു.തെറ്റായ പഴയ കൂട്ടുകെട്ടുകളെ ഉപേഷിച്ച് ശ്വാശതമായ പുതിയ ജീവിതം. ഒരു പുതിയ വ്യക്തിയായി മറ്റപ്പെടുന്ന അവസ്ഥ.... ഭവുതീകമായി  ഇതിനെ വീണ്ടും ജനനം എന്ന് തന്നെ പറയാം...പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ ജീവിതം...ഇതേ മാറ്റം ആത്മീയതലത്തിലും ആവശ്യമാണ്.അതാണ് വചനം ആവശ്യപ്പെടുന്ന വീണ്ടും ജനനം. 

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).

അത്മാവിനാല്‍ വീണ്ടും ജനനം എന്നതിന് പരിശുദ്ധത്മാവിനാല്‍  എന്നതിന്  സംശയമില്ല.കുരിശു മരണത്തിനു മുന്‍പ് യേശു, പരിശുദ്ധത്മാവിനെ സഹായകനായി  വാഗ്ദാനം ചെയ്യുന്നുണ്ട് (John 14:26). എന്നാല്‍ ജലത്താല്‍ വീണ്ടുംജനിക്കണം എന്നതിനെ ജലത്താലുള്ള സ്നാനമായി (Water Baptism) ചില സഭാസമൂഹങ്ങള്‍  വിശ്വസിക്കുന്നു.എന്നാല്‍ ദൈവ വചനത്തിന്റെ ഉള്‍ക്കാഴ്ച്ചയില്‍ സ്നാനവും വീണ്ടുംജനനവും ഒന്നല്ല . അവ രണ്ടും രണ്ടാണ്.

വീണ്ടും ജനനത്തല്‍ ഒരുവന്‍ പാപത്തില്‍ നിന്നും മോചനം പ്രാപിക്കുന്നു.എന്നാല്‍ സ്നാനം എന്നത് ശാരീരങ്ങളുടെ വീണ്ടെടുപ്പാണ് (Romans 6:5).  യേശുക്രിസ്തുവിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ  പ്രകടമായ അടയാളമാണ്.(Mathew 28:19,Mark 1:8).യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ( ശിശു സ്നാനമോ?? മുതിര്‍ന്ന സ്നാനമോ??) സ്നാനം സ്വീകരിക്കുന്നതു വഴി എല്ലാം സാധ്യമാകുമെങ്കില്‍ ജീവിതം എത്രയോ സുഖകരം..... നിത്യജീവനില്ലേക്കുള്ള വഴി വീതികുറഞ്ഞതാണ് എന്ന വചനം പൂര്‍ണ്ണമല്ലാതാകും. പ്രവര്‍ത്തിയാലുള്ള ഇത്തരത്തിലുള്ള നീതികരണം പഴയനിയമ വിശ്വാസമാണ്. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍  മാത്രമേ പുതിയനിയമ വിശ്വാസി നീതികരിക്കപ്പെടുന്നത്.(Romans 4:5).സ്നാനം തെറ്റാണെന്നോ, ആവശ്യമില്ലെന്നോ ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല.യേശു ക്രിസ്തു കല്പിച്ചരുളിയ സ്നാനം വഴി, ഈ ലോകം ഒരുവനെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നു.ഒരു ക്രിസ്ത്യാനിയുടെ ജഡികശരീരത്തിനു മുകളിലുള്ള ഈ ലോകത്തിന്റെ അവകാശം അംഗീകരിക്കപ്പെടുന്നു(John 19:40).എന്നാല്‍ വീണ്ടും ജനനം വഴി ഒരുവന്‍ ആത്മാവില്‍ പുതിയ സൃഷ്ട്ടിയായി മാറ്റപ്പെടുന്നു.

താങ്കള്‍ ദൈവത്തിന്റെ രക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ , താങ്കളെ തന്നെ കഴുകേണ്ടത്, താങ്കള്‍ കഴുകപ്പെടെണ്ടത്,  ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന സ്പടികം പോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദിയിലാണ്(Revelation 22:1).സജീവവും സന്നാതനവുമായ ദൈവവചനത്തില്‍ നിന്ന്(1 Peter 1:23). മാംസമായി നമ്മുടെയിടയില്‍ വസിച്ച ദൈവവചനത്തില്‍ നിന്ന്(John 1:14).

ദൈവവചനമാകുന്ന ജലം നമ്മുടെ അറിവിനെയും, വിശ്വാസത്തെയും, ആഗ്രഹത്തെയും കഴുകണം.തെറ്റായ വിശ്വാസസംഹിതയെ  ഉപേഷിച്ച് ജീവജലത്തിന്റെ ഉറവയായ ദൈവ വചനത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയണം.അങ്ങനെ ആത്മാവില്‍ പുതിയ സൃഷ്ട്ടിയാകാന്‍ നമുക്ക് കഴിയണം             
ജലം    ---->  വചനം. 
ആത്മാവ്   ----> പരിശുദ്ധത്മാവ്.

ഒരുവനെ വീണ്ടും ജനിപ്പിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയുകയില്ല.വ്യക്തമായി പറഞ്ഞാല്‍ , വിശ്വാസി എന്ന് ലോകം പറയുന്ന ഒരു വ്യക്തിയുടെ കൈവയ്പ്പു പ്രാര്‍ത്ഥനയിലൂടെയോ , മറ്റ് ഏതെങ്കിലും ശ്രുശ്രൂഷവഴിയോ ഒരുവനെ വീണ്ടുംജനിപ്പിക്കാന്‍ കഴിയുകയില്ല.കാരണം വീണ്ടുംജനനം എന്നത് ഒരു പ്രവര്‍ത്തിയല്ല മറിച്ച് അനുഭവമാണ്‌.. . കാറ്റു എവിടെനിന്ന് വരുന്നു എന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.ഇതു പോലെയാണ് ആത്മാവില്‍ വീണ്ടും ജനിക്കുനവന്‍ (John 3:8). വിശ്വാസത്തിന്റെ ബഹ്യപ്രവര്‍ത്തികള്‍ പ്രകടമാക്കാന്‍ ഒരു വ്യക്തിക്ക് കഴിഞ്ഞേക്കാം.എന്നാല്‍ ആത്മാവിനെ ജനിപ്പിക്കാന്‍ ഒരു വ്യക്തി തന്നെ വിചാരിക്കണം.തന്നില്‍ ജീവിക്കുന്ന ദൈവത്തെ അതിന് നാം അനുവദിക്കണം.


  • ഏതെങ്കിലും സഭയില്‍ ചേര്‍ന്നത്‌ കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • സ്നാനം സ്വീകരിച്ചതു  കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • കൂട്ടായ്മയില്‍ പോയതുകൊണ്ട്  മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പാരമ്പര്യനിയമത്തില്‍ വിശ്വസിച്ചാല്‍ വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദാനധര്‍മങ്ങളും എളിമ പ്രവര്‍ത്തികളും ചെയ്തതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ആത്മീയശ്രശ്രൂഷകള്‍ നടത്തിയതിന്റെ പേരില്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദൈവവചനഗ്രന്ഥം കൈയില്‍ കൊണ്ടുനടക്കുന്നതുക്കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പ്രത്യേകമായ വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം വീണ്ടുംജനനം  സാധ്യമാകുകയില്ല.

യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുവന്‍ യേശുവിനെ ദുഷിച്ച് പറഞ്ഞപ്പോള്‍ ,അപരന്‍ യേശു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു.'യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ' എന്ന അവന്റെ യാചന രക്ഷയായി മാറി.'നീ ഇന്ന് എന്നോടൊപ്പം പറുദീസായില്‍ ആയിരിക്കും' (Luke 23:39-41)എന്ന രക്ഷ വാഗ്ദാനം നമുക്കും അനുഭവിക്കാന്‍ കഴിയണം. 

ദൈവവചനത്തിന്റെ മര്‍മ്മം ഗ്രഹിച്ചു യേശു എന്റെ രക്ഷകനാണ്‌ എന്ന് സത്യം ഹൃദയത്തില്‍ നിറയപ്പെടുമ്പോള്‍ മാത്രമാണ് ഒരുവന്‍ വീണ്ടും ജനിക്കുന്നത്.

വീണ്ടുംജനന അനുഭവങ്ങള്‍  :
  • പുതിയ വിശ്വാസം: യേശു രക്ഷകന്‍ ആണെന്നും ,  ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി യേശുക്രിസ്തു മാത്രമേയുള്ളൂ(1Thimothy 2:4, 1John 2:1) എന്ന സത്യത്തിന്റെ തിരിച്ചറിവ്.
  • മാനസാന്തരം: വചനത്തിന്റെ വെളിച്ചത്താല്‍ അനുദിന ജീവിതത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞു അതില്‍നിന്നും പിന്തിരിയനുള്ള ഉള്‍കാഴ്ച.പുത്രനില്‍ക്കൂടി തന്നെ സമീപിക്കുന്നവര്‍ക്ക് ജീവന്‍ ഉണ്ടാകും എന്ന വചനത്താല്‍  പാപങ്ങളെ ഏറ്റുപറഞ്ഞാല്‍ (1John 1:8) പാപമോചനം ലഭിക്കും എന്ന ബോധ്യം.
  • പാപമോചനം: ആരും അറിയാത്ത , ഇരുട്ടില്‍ ചെയ്ത പാപം പോലും അവന്റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ പൂര്‍ണ്ണപാപമോചനം നല്കും എന്ന ഉറപ്പ്.
  • ആത്മീയ വിശുദ്ധീകരണം: ഇനിയും പാപം ചെയ്യാതിരിക്കാന്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന ധൈര്യം (2Cori .5:7).നിയമത്തിന്‍ കീഴിലല്ല കൃപക്ക് കീഴിലാണ് എന്ന തിരിച്ചറിവ്(Romans 5:14).
  • നീതികരണം:യേശു ക്രിസ്തുവില്‍കൂടി ഒരു പുതിയ സൃഷ്ട്ടിയായി (2Cori .5:17,Hebrew 10:17)എന്ന പരിപൂര്‍ണ്ണ പാപമോചനത്തിന്റെ അനുഭവം.
ചിന്തിക്കുക....എന്താണ് താങ്കളുടെ അവസ്ഥ....വീണ്ടുംജനനം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? നമുക്ക് ആത്മീയ പാരിച്ഛെദനാം നടത്താം (Romans 2:29) വ്യര്‍ത്ഥമായ  ഈ ലോക  ജീവിതരീതിയില്‍ നിന്നും നമ്മെ വീണ്ടെടുത്ത കുഞ്ഞാടിന്റെ രക്തം ആത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കട്ടെ...

ദൈവത്തിന് നന്ദി....


Saturday 2 February 2013

ഞാന്‍ എന്തിനു പ്രാര്‍ത്ഥിക്കണം ?

'വരുവിന്‍, നമുക്ക് കുമ്പിട്ട്‌ ആരാധിക്കാം.നമ്മെ സൃഷ്‌ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.എന്തെന്നാല്‍ , അവിടുന്നാണ് നമ്മുടെ ദൈവം.നാം അവിടുന്ന് മേക്കുന്ന ജനവും'(Psalm 95:6-7).നമ്മെ കരുതലോടെ കാണുന്ന ദൈവത്തിനു മുന്‍പില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം......

ഒരു ക്രിസ്തുവിശ്വാസിക്ക്, അവന്റെ വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത് ദൈവവുമായി പുലര്‍ത്തുന്ന നിരന്തരബന്ധം മുഖേനയാണ്.അക്കാരണത്താല്‍ പ്രാര്‍ത്ഥന എന്നത് ദൈവവുമായി ബന്ധം നിലനിര്‍ത്തുവാനുള്ള ഒരു മാര്‍ഗ്ഗമാകുമ്പോള്‍ ,പ്രാര്‍ത്ഥനയുടെ അടിസ്ഥാനം ദൈവത്തോടുള്ള അപേഷകളും,യാചനകളും,കൃതന്ജതസ്തോത്രങ്ങളും ആകുന്നു.(Philippians 4:6, Ephesian 6:18)
നമ്മുടെ  ഓരോ  പ്രവര്‍ത്തികള്‍ക്കും വ്യക്തമായഒരു ഉദ്ദേശശുദ്ധി  ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ ശരിയായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നമുക്ക് കഴിയാതെവരും.മരുന്ന് കഴിക്കുന്നത്‌ രോഗം മാറുവാന്‍ വേണ്ടിയാണ്.ഇതില്‍ പ്രവര്‍ത്തിയുടെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യവും വ്യക്തമാണ്. എങ്കില്‍ ,സുഹൃത്തെ ഒന്ന് ചോദിച്ചോട്ടെ....


എന്തിനാണ്  നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്‌?.
എന്തുകൊണ്ടാണ് നമ്മള്‍  പ്രാര്‍ഥിക്കേണ്ടിവരുന്നത്? 
പ്രാര്‍ത്ഥന എന്നത്  യാചന ആണെങ്കില്‍ , എന്താണ് നാം യാചിക്കേണ്ടത് ?

അടിസ്ഥാനപരമായി  വിശ്വാസത്തില്‍ തെറ്റിയവന്,ദൈവവുമായി ഒരു ബന്ധവും നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. ദൈവവചനാടിസ്ഥാന ഉറപ്പില്ലാത്തതിനാലാണ് വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നാം പതറിപ്പോകുന്നത്തും തെറ്റായ പ്രബോധനങ്ങളുടെ പിറകെപ്പോകുന്നതും. അതിനാല്‍ അന്യൂന്യമായ വിശ്വാസസംഹിതയില്‍ ,(ദൈവവചനത്തില്‍ ) യഥാര്‍ത്ഥ ബോധ്യം ജനിപ്പിക്കാന്‍ കഴിയേണ്ടത്തിന്  താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം(Titus 1:9).  

'ജീവിച്ചിരിക്കുന്നവന്‍ എന്നാണ് നിന്നെക്കുറിച്ച്  പറയുന്നത്.പക്ഷെ,നീ മൃതനാണ്'(Revelation 3:1).

സുഖമായി ജീവനോടെ നമ്മുടെ കണ്‍മുന്‍പില്‍ ഇരിക്കുന്ന ഒരു വ്യക്തി മരിച്ചവനെന്നു വചനം വിളിക്കുന്നു.ഇവിടെ ഏതു മരണത്തെക്കുറിച്ചാണ് പ്രതിപാതിച്ചിരിക്കുന്നത്?. താങ്കള്‍ക്ക് എന്ത് തോന്നുന്നു?.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അഞ്ചു ദിവസത്തെ പ്രപഞ്ച സൃഷ്ടിക്കര്‍മ്മത്തിനു ശേഷം ആറാം ദിവസം സകല സൃഷ്ടികളുടെയും മേല്‍ സര്‍വ്വ ആധ്യപത്യം നല്‍കിക്കൊണ്ട് ദൈവം മനുഷ്യനെ തന്റെ ഛായയിലും  സാദൃശ്യത്തിലും   സൃഷ്ടിക്കുന്നു.(Genesis 1:26). ജന്മം കൊണ്ട് മാതാപിതാക്കന്മാരുടെ രൂപസാദൃശ്യങ്ങള്‍ മക്കള്‍ക്ക്‌ ലഭിക്കുന്നതുപോലെ, ദൈവം മനുഷ്യന് നല്‍കിയത് തന്റെ ഭുതീകമായ ശരീരരൂപസാദൃശ്യമാണോ....?.

  • 'സമ്പൂര്‍ണ്ണജ്ഞാനത്താല്‍ സൃഷ്ടാവിന്റെ പ്രതിഛായക്കനുസൃതമായി നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Colossians 3:10).
  • 'യഥാര്‍ത്ഥമായ വിശുദ്ധിയിലും  നീതിയിലും ദൈവത്തിന്റെ  സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Ephesians 4:24).

ദൈവത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണജ്ഞാനത്തിലും, അവന്റെ യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലുമാണ് ആദ്യ മാതാപിതാക്കന്മാരായ ആദവും ഹവ്വയും(Genesis 3:20)  സൃഷ്ടിക്കപ്പെട്ടത്. ഇതിന്റെ ആകത്തുകയായ  വെളിപ്പെടുത്തലായിട്ടാണ്, 'ഏദന്‍ തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്.തിന്നുന്ന ദിവസം നീ മരിക്കും' (Genesis 2:16-17) എന്ന് ദൈവം കല്പിക്കാന്‍ ഇടയാക്കിയത്.

എവിടെയാണോ ഈ അടിസ്ഥാന ബന്ധത്തിന് കോട്ടം സംഭവിച്ചത്,അവിടെ മനുഷ്യന്റെ തകര്‍ച്ച ആരംഭിക്കുന്നു. സൃഷ്ടികര്‍മ്മം മുതല്‍ ദൈവീകസംരക്ഷണത്തില്‍വസിച്ചിരുന്ന അവര്‍ക്ക്, ഞാന്‍.. ...എന്റെ...എനിക്ക് എന്ന ചിന്തകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ എപ്പോഴാണോ സാത്തനില്‍ ആകര്‍ഷ്ടരായി, പാപത്തിന്റെ കനി ഭക്ഷിച്ച ആ നിമിഷം മുതല്‍ അവര്‍ ദൈവത്തില്‍ നിന്നും ഓടി ഒളിക്കുവാന്‍ തുടങ്ങി.

'നിങ്ങള്‍ മരിക്കും'എന്നതാണ് ദൈവകല്പനയെങ്കില്‍ ഫലം കഴിച്ച അവര്‍ മരിച്ചില്ല എന്ന് വ്യക്തമല്ലെ?.
ദൈവം പറഞ്ഞ മരണം ഭുതീകമല്ല മറിച്ചു ആത്മീയമാണ്.

പാപം ചെയ്തതിനാല്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവും നഷ്ടപ്പെട്ടതിനോടൊപ്പം അവര്‍ക്ക് (ദൈവീകജീവന്‍))))) നിത്യജീവനും നഷ്ടമായി.അങ്ങനെ ആത്മീയമരണം സംഭവിച്ചു. നിത്യജീവന്‍ നഷ്ട്ടപ്പെട്ട അവരുടെ ആത്മീയ നേത്രങ്ങള്‍ അടയപ്പെടുകയും ജഡികനേത്രങ്ങളാല്‍ അവര്‍ നഗ്നനരാണെന്ന് കാണുകയും ചെയ്തു.അതുവരെ ദൈവത്തോടൊപ്പം ആയിരുന്ന അവര്‍ , പാപം മൂലം ഇപ്പോള്‍ അവരില്‍ ആധ്യപത്യം പുലര്‍ത്തുന്ന സാത്താന്റെ ചിന്തയാല്‍ നഗ്നനരാണെന്ന് കാണുകയും നഗ്നനത മറക്കാന്‍ അത്തി ഇലകള്‍ കൂട്ടിത്തുന്നി അരക്കച്ചയുണ്ടാക്കുകയും ചെയ്തു(Genesis 3:7).അങ്ങനെ പാപത്തിന്റെ  കുടുക്കില്‍ അകപ്പെടുകയും ചെയ്തു.

ഇങ്ങനെ ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ നാം എല്ലാവരും പാപികളാകപ്പെടുകയും മരണം ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു(Romans 5:12).അങ്ങനെ ജീവിതക്കാലം മുഴുവന്‍ മനുഷ്യന്‍  മരണഭയത്താല്‍ പാപത്തിന്റെ അടിമത്വത്തില്‍ ആകപ്പെട്ടു(Hebrew 2:15). ഇക്കാരണത്താല്‍ ജന്മ പാപത്താലാണ് ഓരോ മനുഷ്യനും ഈ ലോകത്തില്‍ പിറവികൊള്ളുന്നത് (Psalms 51:5)

പിന്നീട്, ഭുമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുകയും അതില്‍ സൃഷ്ടാവായ ദൈവം പരിതപിക്കുകയും ചെയ്തു(Genesis 6:5-6). ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം നിര്‍വ്വചിക്കാന്‍ കഴിയാത്തവിധം അഗാധമാണ്(Jeremiah 31:20).അതിനാല്‍ പാപത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിനുവേണ്ടി, നഷ്ടപ്പെട്ട നിത്യജീവനിലേക്ക്‌ അവനെ തിരികെ കൊണ്ടുചെന്ന് എത്തിക്കുന്നതിനുവേണ്ടി കാലാകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന നമ്മോടു സംസാരിച്ചിരുന്നു(Hebrew 1:1). പാപത്തിന്റെ പിടിയില്‍നിന്നും രക്ഷനേടുവാന്‍ നല്‍കിയ പ്രമാണത്തില്‍ , പാപം അവസരം കണ്ടെത്തി അതുവഴി എല്ലാ മോഹങ്ങളും വീണ്ടും മനുഷ്യനില്‍ നിറച്ചു (Romans 7:8).അങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം കൂടുതല്‍ തകര്‍ച്ചക്ക് കാരണമായി.

ഒരുവന്‍പോലും നശിച്ചുപോകാതെ,എല്ലാവരും രക്ഷ പ്രാപിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹം(1 Timothy 2:4)ഈ ലോകത്തെ വീണ്ടെടുക്കുവാന്‍.., നമ്മുടെ രക്ഷയുടെ അവസാന വാക്കായി ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്കയച്ചു. (Hebrew 1:2).  ക്രിസ്തു കാല്‍വരി കുരിശില്‍ അര്‍പ്പിച്ച ഏകബലി സമര്‍പ്പണം വഴി സകല മനുഷ്യ വര്‍ഗ്ഗത്തിന്റെയും പാപങ്ങളുടെ ശിക്ഷ അവന്‍ വഹിക്കുകയും, അവനെ മരിച്ചവരില്‍ നിന്നും ദൈവം ഉയര്‍പ്പിച്ചതുവഴി നമുക്ക് പാപത്തിന്റെ ബന്ധനത്തില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്തു (Hebrew 10:14).

ചിന്തകള്‍ ഒറ്റനോട്ടത്തില്‍ ....

ആദ്യ മാതാപിതാക്കന്മാരുടെ പാപം നിമിത്തം നിത്യജീവന്‍ നഷ്ടപ്പെട്ട നമുക്ക് പാപത്തിന്റെ ഫലമായ ആത്മീയ മരണത്തില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍, ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തു കാല്‍വരി കുരിശില്‍ ജീവനര്‍പ്പിക്കുകയും,മൂന്നാം ദിവസം ദൈവം അവനെ ഉയര്‍പ്പിക്കുകയും  ചെയ്തതു വഴി( Acts 17:31)  നിത്യജീവനിലേക്കുള്ള വാതായനം തുറക്കപ്പെട്ടിരിക്കുന്നു.


  •  .ദൈവം മനുഷ്യന് നല്‍കിയ നിത്യജീവന്‍ പാപം മൂലം നഷ്ടപ്പെട്ടതിനാല്‍ ...
  • പാപത്തോടുകൂടി നാം പിറക്കുന്നതിനാല്‍ ...
  • യേശുവില്‍കൂടി നിത്യജീവന്റെ വേണ്ടെടുപ്പ് ഉറപ്പാക്കിയതിനാല്‍ ...

നാം പ്രാര്‍ത്ഥിക്കേണ്ടത് നിത്യജീവന് വേണ്ടിയാണ്.  വീണ്ടും ജനനത്താല്‍  ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കുവാന്‍ ആരംഭിക്കുന്ന നിത്യജീവന് വേണ്ടിയായിരിക്കണം.  


നിത്യജീവന്റെ ആദ്യഭാഗമായ വീണ്ടുംജനനത്താല്‍(John 3:3), അത്മരക്ഷയെ പ്രാപിക്കുന്ന നമുക്ക് ദൈവപുത്രനിലുള്ള വിശ്വാസം വഴി ആത്മീയഅന്ധത മാറിപോവുകയും (John 9:3-5) അങ്ങനെ ദൈവവചനത്തിലൂടെ, നഷ്ടപ്പെട്ടുപോയ ദൈവത്തിന്റെ ഛായയും സാദൃശ്യവും കൈവരുകയും ചെയുന്നു (Ephesians 4:24,Colossians 3:10).     
   
പിന്നീടുള്ള ഈ ലോകജീവിതത്തില്‍ ,പരീക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയും വചനത്തിന്റെ ശക്തിയാല്‍ സഹിച്ച്, ആത്മാവിന്റെ വീണ്ടെടുപ്പ് പ്രാപിച്ച നാം, ശരീരങ്ങളുടെ  വീണ്ടെടുപ്പാകുന്ന പൂര്‍ണ്ണപുത്രാലബ്ദി  പ്രതീക്ഷിച്ചുകൊണ്ട് (Romans 8:23, 1John 3:2) ലഭിച്ച വിളിക്ക് അനുസൃതമായി ജീവിക്കണം. അതിനാല്‍ രക്ഷയുടെ അനുഭവത്തില്‍ കൂടി  കടന്നുപോയ ഒരു വ്യക്തി, അനുദിന ജീവിതത്തിലെ സഹനങ്ങളെ നേരിടുവാന്‍ സഹായകനായ പരിശുദ്ധാത്മ ശക്തിക്ക് വേണ്ടി (John 14:16)  ആഗ്രഹിക്കണം.

ഉണരുക....നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക . അതുകൊണ്ട് നാം  കേട്ടതും സ്വീകരിച്ചതും എന്തെന്ന് അനുസ്മരിച്ച്  അത് കാത്തുസൂഷിക്കുകയും അനുതപിക്കുകയും ചെയുക (Revelation 2:3).

പുനരുത്ഥാനവും ജീവനുമായ യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല(John 11:26) കാരണം അവനില്‍ നിത്യജീവനുണ്ട് (John 6:47) എന്ന രക്ഷാവചനത്തെ നമുക്ക് മുറുകെ പിടിക്കാം.

കൃപയും സത്യവും നിറഞ്ഞ പുത്രന്‍ വഴി, അനശ്വരമായ ബീജത്തില്‍ നിന്ന്......സജീവവും സനതനവുമായ ദൈവവചനത്തില്‍ നിന്ന്....നമുക്ക് വീണ്ടും ജനിക്കാം(Peter 1:23-25).അങ്ങനെ നിത്യജീവന്‍ പ്രാപിക്കാന്‍ നമുക്ക് ഒരുങ്ങാം.....


ദൈവത്തിന് നന്ദി.....