Wednesday 19 March 2014

പ്രാർത്ഥനയുടെ പൂർണ്ണത...

നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെ നേരെ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക(Proverbs 2:2-3).ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുവാനും ദൈവത്തെകുറിച്ചുള്ള അറിവ് നൽകുന്ന ജ്ഞാനത്തിൽ നിറയുവാനും പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ.

ദൈവവുമായി ഒരു വിശ്വാസി പുലർത്തിപോരുന്ന വ്യക്തിപരമായ ബന്ധത്തെയാണ് പ്രാർത്ഥന എന്നുപറയുന്നത്. അതിനാലാണ് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് രഹസ്യങ്ങൾ, രഹസ്യമായി, പിതാവിനോട് പങ്കുവക്കണമെന്ന് (Mathew 6:6)വചനം അനുശാസിക്കുന്നതും.  
തനിക്ക്  ഇല്ലാതിരുനതും യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽ സാധ്യമായതും ആ വിശ്വാസത്തിലുള്ള സ്ഥിരതയാൽ പൂർണ്ണമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ആ വലിയ ആത്മരക്ഷ പ്രാപിച്ചവ്യക്തി ദൈവത്തിനർപ്പിക്കുന്ന കൃതന്ജത ബലിയാണ് പ്രാർത്ഥന(Psalms 50:14,23).

നാം വ്യക്തിപരമായും, കുടുംബമായും, കൂട്ടായ്മയിലൂടെയും വിവധ തരത്തിൽ പ്രാർത്ഥിക്കാറുണ്ട്. അവയെല്ലാം വചനാടിസ്ഥാനത്തിൽ ശരിയും സ്വീകര്യവുമാണ്. ചിന്തിക്കുവാൻ ചില ചോദ്യങ്ങൾ...
  • എന്തുകൊണ്ട് എപ്പോഴും പ്രാർത്ഥനക്ക്‌ ഒരേ അനുഭവം കൈവരാത്തത്?.
  • ചിലപ്പോൾ ദൈവീക സമാധാനം നൽകുന്ന പ്രാർത്ഥന; മറ്റുചിലപ്പോൾ ഒരു അനുഭവവും നൽകാത്തത് എന്തുകൊണ്ട്?.
  • പ്രാർത്ഥനയുടെ ബാഹ്യഘടനയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും ഈ വ്യത്യസ്തമായ അനുഭവത്തിന്റെ കാരണമെന്താണ്?.
  • പൂർണ്ണബലി സമർപ്പണം എനിക്ക് എങ്ങനെ അനുഭവവേദ്യമാക്കം?.  
  • പ്രാർത്ഥനയുടെ പൂർണ്ണത കൈവരിക്കാൻ ഞാൻ എന്തുചെയ്യണം?.

ഈ ചോദ്യങ്ങൾ ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ഉള്ളിൽ ഉയർന്നു വന്നിട്ടുണ്ടാകാം.നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ.എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാകുന്നു(Leviticus10:9). ജീവിതവിശുദ്ധി കൈവരിക്കാൻ പഴയനിയമത്തിൽ ദൈവം യഹൂദജനത്തിന് വിവിധങ്ങളായ ബലികളും കാഴ്ചകളും കല്പിച്ച് നല്കുന്നു.അഞ്ചുബലികളും  വിവിധങ്ങളായ ബലിയർപ്പണ്ണ നിയമങ്ങളും പഴയനിയമത്തിലെ ലേവ്യർ ( Leviticus) ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്തരീക വിശുദ്ധിയുടെ അടയാളമായ ഈ ബാഹ്യഅനുഷ്ഠനങ്ങളിൽ കൂടി മാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാൻ കഴിയും എന്ന തെറ്റായ വിശ്വാസം അവർ പുലർത്തിപോന്നിരുന്നു. ഇന്ന് നമുക്കിടയിലും ഇത്തരം ബഹ്യപ്രവർത്തിയിലുള്ള തെറ്റായ വിശ്വാസം നിലനില്ക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

സമഗമാകൂടാരത്തിൽ പുറം വാതിലിനോട് ചേർന്ന് ക്ഷാളനപാത്രത്തിന് മുൻപിൽ യവനികയാൽ മറക്കപ്പെട്ട് ആദ്യസ്ഥാനമാണ് ബലിപീഠത്തിനുള്ളത്.(Exodus 40:7,29). കർത്താവ് കല്പിച്ചതനുസരിച്ച് എല്ലാ ശുദ്ധീകരണങ്ങൾക്ക് ശേഷം അഹരോൻ ബലിയർപ്പിച്ചപ്പോൾ കർത്താവിന്റെ മഹത്വം സ്ഥിതിചെയ്യുന്ന അതിവിശുദ്ധസ്ഥലത്തുനിന്നും അഗ്നി പുറപ്പെട്ട്  ബലിപീഠത്തിലിരുന്ന ബലിവസ്തുവിനെ ദഹിപ്പിച്ചുകളഞ്ഞു(Leviticus 9:24). വ്യക്തമാക്കിയാൽ  പഴയനിയമത്തിലെ പുരോഹിതൻ; ജനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി ബലിയർപ്പിക്കുമ്പോൾ; ബലിവസ്തു ദൈവസന്നിധിയിൽ നിന്നുംപുറപ്പെടുന്ന അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടാൽ മാത്രമേ ആ ബലി ദൈവത്തിന് പ്രീതികരവും സ്വീകാര്യവുമായി മാറ്റപ്പെടുകയുള്ളൂ. എന്നാൽ മാത്രമേ ബലിസമർപ്പിച്ചവന്റെ അന്തകരണത്തെ ശുദ്ധികരിക്കപ്പെടുകയുള്ളൂ.

ഈ പഴയനിയമ ബലിയർപ്പണത്തിന് പുതിയനിയമ വിശ്വാസിയായ നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യവുമില്ല. പൂർണ്ണമായ മറ്റൊന്ന് സ്ഥാപിക്കുന്നതിനുവേണ്ടി യേശുവിന്റെ ഏകബലിയാൽ മാറ്റപ്പെട്ട (Hebrew 10:9-10)  ഇത്തരം ബാഹ്യപ്രവർത്തികളല്ല ആത്മീയ വിശ്വാസമാണ് നമുക്ക് രക്ഷനൽകുന്നത്പ്രവർത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കുന്നു(Romans 4:5).  

പ്രാർത്ഥന എന്നത് ബലിയർപ്പണമെങ്കിൽ;എന്താണ് നമ്മുടെ ബലിവസ്തു?. അതെ; സുഹൃത്തേ പുതിയ നിയമ വിശ്വാസിയായ നമുക്കും ചില ബലിവസ്തുക്കൾ ഉണ്ട്. അത് പഴയനിയമ പ്രകാരമുള്ള മൃഗമോ പക്ഷിയോ,വിളവിന്റെ ഭാഗമോ,സ്വർണമോ വെള്ളിയോ,മറ്റു വസ്തുക്കളോ അല്ല; മറിച്ച് നമ്മുടെ പാപങ്ങൾ അവന്റെ മുൻപിൽ ബലിയായി സമർപ്പിക്കപ്പെടുകയും, പാപബോധം ബലിവസ്തുവായി കത്തപ്പെടുകയും ചെയ്യണം.

അറിഞ്ഞോ അറിയാതെയോ ദൈവഹിതത്തിനു എതിരായി ചിന്തിച്ചു പോയ നിമിഷങ്ങൾ, പ്രവർത്തിച്ചു പോയ സാഹചര്യങ്ങൾ,അവന്റെ വാഗ്ദാനത്തിന് എതിരായി  വന്നുപോയ ഓരോ പാപങ്ങളും അവന്റെ മുൻപിൽ ബലിവസ്തുവായി നമ്മുടെ പ്രാർത്ഥനയിൽ സമർപ്പിക്കപ്പെടണം. ചെയ്തുപോയ തെറ്റിന്റെ ബോധ്യത്തിൽ നിന്നും ജനിപ്പിക്കുന്ന പശ്ചാതാപം; മാനസാന്തരത്തിലേക്കും, പാപമോചനത്തിലേക്കും നമ്മെ നയിക്കണം.നമുക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തോത്രങ്ങളും (Psalms50:14)അവന്റെ മുൻപിൽ അർപ്പിക്കപ്പെടുമ്പോൾ അവന്റെ വിശുദ്ധി എത്രയോ അതികമായി നമ്മിൽ നിറയും. 

ഇങ്ങനെ പാപബോധവും അതിൽ നിന്നും ഉടലെടുക്കുന്ന പശ്ചാതാപവും അവന്റെ മുൻപിൽ ഓരോ പ്രാർത്ഥനയിലും  അക്ഷരാർത്ഥത്തിലല്ല മറിച്ച് ; ആത്മാവിന്റെ ഉത്തമ ബോധ്യത്തിൽ നിന്ന് സമർപ്പിക്കപ്പെടുമ്പോൾ നമ്മിൽ വസിക്കുന്ന ദൈവത്തിന്റെ മഹത്വമായ പരിശുദ്ധത്മാവ് നമ്മിൽ വ്യാപരിക്കും(2Cori 6:16). പന്തക്കുസ്താത്തിരുന്നാളിൽ ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്ന അഗ്നിജ്വാലപോലുള്ള പരിശുദ്ധത്മാവിന്റെ നാവുകൾ (acts of apostles 2:3)നമ്മിലും നിറയും.കർത്താവിന്റെ സന്നിധിയിൽ നിന്നും അഗ്നിയിറങ്ങി ബലിവസ്തു കത്തപ്പെടുന്നതുപോലെ(Leviticus 9:24) ആത്മാവിന്റെ കത്തുന്ന അനുഭവം ഓരോ പ്രാർത്ഥന നിമിഷങ്ങളിലും നമുക്കുണ്ടാകണം. സുഹൃത്തേ; ആത്മാവിന്റെ കത്തുന്ന അനുഭവമാണ്‌ പ്രാർത്ഥനയുടെ പൂർണ്ണത.നമ്മിൽ തന്നെ അനുഭവിക്കാൻ കഴിയുന്ന ആത്മാവിന്റെ വ്യപാരമാണ് പ്രാർത്ഥനയുടെ യഥാർത്ഥ അനുഭവവും ദൈവത്തിന് സ്വീകാര്യമായ ബലിയുടെ തെളിവും.

നമ്മുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റെ പൂർണത കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണങ്ങൾ..
  • പ്രാർത്ഥനയ്ക്ക് വേണ്ടവിധം ഒരുങ്ങിയോ?(Mathew 6:6).
  • പാപവും പാപമാർഗ്ഗങ്ങളുമായ ബലിവസ്തു ഉണ്ടായിരുന്നോ?.
  • ബലിവസ്തുക്കളെ അവന്റെ മുൻപിൽ സമർപ്പിച്ചുവോ?.
  • ആ സമർപ്പണം പാപബോധത്തിൽ  നിന്നും ജനിപ്പിച്ച പശ്ചാതാപത്തോടെ ആയിരുന്നോ?.
  • ബലിവസ്തുക്കൾ കർത്താവിന്റെ സന്നിധിയിലെ അഗ്നിയാൽ ദാഹിച്ചുവോ?(പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടുവോ?).
  • പരിശുദ്ധത്മാവിന്റെ കത്തുന്ന അനുഭവം ഉണ്ടായിരുന്നോ?.

ഇതിൽ എന്താണ് എനിക്ക് കൈമോശം വന്നിരിക്കുന്നത്, എന്താണ് എന്റെ ബലിയിൽ കുറവുള്ളത് എന്ന് നമുക്ക് സ്വയം ചിന്തിക്കാം. പ്രാർത്ഥനക്കുവേണ്ട ഒരുക്കവും ബലിവസ്തുക്കളും നമുക്കുണ്ടായിരിക്കാം; പക്ഷേ ബലിവസ്തുവിന്റെ പൂർണ്ണ സമർപ്പണക്കുറവും കത്തപ്പെടാത്ത അവസ്ഥയുമാണ് പലപ്പോഴും നമ്മുടെ പ്രാർത്ഥനയുടെ അപൂർണതക്ക് കാരണമാകുന്നത്. പാരമ്പര്യവിശ്വാസവും ഈ ലോകമോഹങ്ങളും പൂർണമായ പ്രാർത്ഥനയുടെ അനുഭവത്തിന് തടസമാകുന്നു.ഈ ലോകവിശ്വാസത്തെയും ജഡമോഹങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് കഴിയണം.നമ്മുടെ ഓരോ ബലിയർപ്പണങ്ങളും നമ്മിൽ തന്നെയുള്ള ജഡികമനുഷ്യനെയും അവന്റെ മോഹങ്ങളെയും ഇല്ലായ്മ ചെയ്ത് ആത്മീയ മനുഷ്യനെ ശക്തിപ്പെടുത്തലായിരിക്കണം(Corinthians 4:16).ജഡമോഹങ്ങൾ കത്തപ്പെടുകയും ആത്മീയരക്ഷ ദൃഡമാക്കുകയും ചെയ്യണം. പാപബന്ധനത്തെ  ഇല്ലായ്മചെയ്തു ആത്മാവിൽ നിറയപ്പെടണം.  ജഡശരീരത്തിൽ അധികാരമുള്ള പിശാചിൽ നിന്നും പൂർണ്ണ വിടുതൽ പ്രാപിക്കുന്ന ഈ ലോകജീവിതഅവസാനം വരെ നീണ്ടുനിൽകുന്ന ഒരു പ്രക്രിയയാണിത്. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് കഴിയും(Romans 12:2b).

കാലഹാരണപ്പെട്ട പഴയനിയമ പുരോഹിതന്റെ മുൻപിൽ; അർപ്പിക്കുന്നവന്റെ അന്തകരണത്തെപ്പോലും  വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത ഭൗതീകമായ ബലിവസ്തുക്കള്ളൂമായി (Hebrew 9:9) പാപ മോചനം യാചിക്കുന്ന സുഹൃത്തെ ഓർക്കുക; യേശുവിന്റെ എകബലി സമർപ്പണം വഴി നമുക്ക് ലഭ്യമായ അതിവിശുദ്ധ സ്ഥലമായ ശ്രീ കോവിലിലേക്കുള്ള പാത തങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ടിട്ടില്ല(Hebrew 8:9). അവനുമായി ബന്ധം പുലർത്താൻ താങ്കൾ യോഗ്യനല്ല. അടിസ്ഥാനപരമായി തെറ്റിയവന് ദൈവവുമായി ബന്ധമില്ലാത്തവന് അവനിൽ ഒന്നും സ്വീകരിക്കാൻ സാധ്യമല്ല എന്നസത്യം താങ്കൾ ഓർക്കണം.

കുഞ്ഞാടിന്റെ രക്തത്താൽ ലഭ്യമായ ശുദ്ധീകരണം നമുക്ക് പ്രാപിക്കാം.ജഡമോഹങ്ങളെ ഉപേഷിച്ച് ആത്മാവിൽ ശക്തിപ്രാപിക്കാൻ നമുക്ക് കഴിയട്ടെ.  അവനുമായി രഹസ്യങ്ങൾ  പങ്കുവയ്ക്കാനും അങ്ങനെ നമ്മിൽ ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനെ അനുഭവിക്കാനും നമുക്ക് കഴിയട്ടെ.ഓരോ പ്രാർത്ഥനയിലും ആത്മാവിന്റെ കത്തുന്ന അനുഭവം പ്രാർത്ഥനയുടെ പൂർണതയിലേക്ക് നമ്മെ നയിക്കട്ടെ.
                                                        ദൈവത്തിന് നന്ദി...    

No comments:

Post a Comment