Saturday 6 February 2016

ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്...

ശരിയായി അറിയുന്നതിന് നീ ദൈവത്തിന്റെ മുൻപിൽ നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിന്റെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു(Daniel 10:12). മനുഷ്യ ഹൃദയവികാര വിചാരങ്ങൾ  ഗ്രഹിക്കുന്ന ദൈവത്മാവേ; പുത്രന്റെ മഹത്വം ദർശിക്കാൻ ഞങ്ങളെ ഒരുക്കണമേ.

യേശുവിനെ ലോകത്തിന് വെളിപ്പെടുത്താൻ ദൈവകൽപ്പനയായ സ്നാനം നൽകി കൊണ്ടിരിക്കുന്ന സ്നാപകയോഹന്നാൻ; യേശുവിനെ കണ്ടുമുട്ടുന്ന നിമിഷം  വിളിച്ചു പറയുന്ന ഈ വചനം ''ഇതാ  ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്''(John 1:29,36). ആത്മീയ ചിന്തകളുടെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

വിശുദ്ധ വചനത്തിൽ യേശുവിനെ വിവധതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായും,നല്ല സമരിയക്കരനായും,സ്വർഗത്തിലേക്കുള്ള വാതിലായും ഉപമകൾ വെളിപ്പെടുത്തുന്നു. യേശുവിനെ അറിഞ്ഞ്  അവന്റെ മഹത്വം അനുഭവിച്ചതിന്ശേഷം മാത്രമാണ് ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16) എന്ന പത്രോസിന്റെ വിശേഷണമെങ്കിൽ; '' ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്''  എന്ന സ്നാപകയോഹന്നാന്റെ അഭിസംബോധനം;  തന്നെ അയച്ച പിതാവിന്റെ ശക്തിയാൽ പൂരിതനായികൊണ്ടായിരുന്നു. താൻ വഴി ഒരുക്കുന്നവൻ എങ്ങിനെയാണ്‌ ഈ ലോകത്തെ പാപങ്ങളിൽ നിന്നും രക്ഷിക്കുക എന്ന് സ്നാപകയോഹന്നാന് അറിവുണ്ടായിരുന്നില്ല.എങ്കിലും അയച്ചവനിൽ വിശ്വസിച്ചുകൊണ്ട്  മാനസാന്തരം  ഓർമ്മിപ്പിച്ച് കടന്നുവന്ന സ്നാപകയോഹന്നാന്റെ ഈ അഭിസംബോധനരീതി നമുക്ക്  ചിന്തിക്കാം.
എന്തുകൊണ്ടാണ് സ്നാപകയോഹന്നാൻ യേശുവിനെ കണ്ടപ്പോൾ ''ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'' എന്ന് വിശേഷിപ്പിച്ചത്‌?.

ചിന്തകൾ നമ്മെ പഴയനിയമ ലേവ്യർ 16 (Leviticus 16)അദ്ധ്യായത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നു. തനിക്കുവേണ്ടിയും തന്റെ കുടുംബ ത്തിന് വേണ്ടിയും പാപപരിഹാരബലി അർപ്പിച്ചതിനുശേഷം (16:6) അഹരോൻ ;ജനത്തിന്റെ   പാപപരിഹാരബലിക്കായി അർപ്പിക്കപ്പെട്ട  രണ്ട് ആണ്‍ കോലാടുക്കളെ(16:5) കൂടാര വാതിൽക്കൽ കർത്താവിന്റെ സന്നിധിയിൽ കൊണ്ടുവരണം.  അതിൽ ഒന്നിനെ ദൈവത്തിനായും മറ്റേതിനെ അസസേലിനായും  കുറിയിട്ട് നിശ്ചയിക്കണം(16:8).ജനത്തിന്റെ ശുദ്ധികരണത്തിനായി; ദൈവത്തിന് വേണ്ടി കുറിവീണ കോലാടിനെ ബലിയർപ്പിച്ചതിനുശേഷം അതിന്റെ രക്തം കൃപാസനത്തിൽ ഏഴു പ്രാവശ്യം തളിക്കണം.തുടർന്ന്; അസസേലിനായി കുറിവീണ കോലാടിനെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈകൾ വച്ച് അഹരോൻ ഇസ്രയേൽ ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം.അവയെല്ലാം അതിന്റെ ശിരസിൽ ചുമത്തി ഒരുങ്ങി നിൽക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭുമിയിലേക്ക് കൊടുത്തുവിടണം. കോലാട് അവരുടെ കുറ്റങ്ങൾ വഹിച്ച്കൊണ്ട് വിജനപ്ര ദേശ ത്തേക്ക് പോകണം. ആടിനെ നയിക്കുന്ന ആൾ അതിനെ മരുഭുമിയിൽ ഉപേഷിക്കണം(Leviticus 16:20-22).

അസസേൽ എന്നതിനെക്കുറിച്ച് വചനത്തിൽ മറ്റൊരുഭാഗത്തും രേഖപ്പെടുത്താത്തതിനാൽ കൂടുതൽ വ്യാഖ്യാനം ലഭ്യമല്ല.ജനത്തിന്റെ പാപം ചുമത്തി ദൈവസന്നിധിയിൽ നിന്നും നീക്കി കളയുന്ന ഒരു പ്രവർത്തിയുടെ ലക്ഷ്യമായതിനാൽ;ദൈവസ്വീകാര്യമല്ല എന്ന് വ്യാഖ്യാനം. 

ഈ കല്ലുകളിൽ നിന്നും അബ്രാഹത്തിന്റെ സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും(Mathew 3:9)എന്ന  സ്നാപകയോഹന്നന്റെ  വെളിപ്പെടുത്തൽ താൻ വഴിയൊരുക്കുന്നവനിൽ നിറയപ്പെടുന്ന ദൈവീകശക്തിയുടെ പ്രഭാവം വെളിപ്പെടുത്തുന്നു. ഒരു പക്ഷേ യേശുവിനെ വ്യഖാനിക്കാൻ ഇതിലും നല്ലൊരു വിശേഷണം വചനത്തിൽ ഉണ്ടാകില്ല.

അവനിൽ നാമെല്ലാവരും നീതിയാ കേണ്ടതിന്; പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി(2Cori.5:21).മനുഷ്യ വർഗ്ഗ ത്തിന്റെ മുഴുവൻ പാപങ്ങളും യേശു എന്ന കുഞ്ഞാടിന്റെ ശിരസിൽ അടിചേൽപ്പിച്ച് സർവ്വഅതിക്രമങ്ങളും ചുമലിൽ വഹിച്ചുകൊണ്ട് കാൽവരി മലയിലേക്കുള്ള അവന്റെ യാത്ര അസസേലിനായി കുറിവീണ ആടിനെക്കാൾ ഭീകരവും വേദനാജനകവുമാണ്.

അതുതന്നെയാണ് കാലഘട്ട ങ്ങൾക്ക് മുൻപ് തന്നെ ഏശ യ്യ പ്രവാചകൻ വഴി അരുളിചെയ്യപ്പെട്ടതും. ''നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഖങ്ങളാണ് അവൻ ചുമന്നത്. നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവൻ മുറിവേ ൽക്കപ്പെട്ടു.നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവൻ ക്ഷതമേൽപ്പിക്കപ്പെട്ടു  ''(Isaiah 53:4-5). കോലടിനെ മരുഭുമിയിൽ ഉപേക്ഷിക്കുന്നതു വഴി ഇസ്രയേൽ ജനത്തിന്റെ മുഴുവൻ പാപങ്ങളെയും ഇല്ലായ്മ ചെയ്യപ്പെടുന്നു.അവർ പാപരഹിതരാക്കപ്പെടുന്നു. വചനം പറയുന്നു; ''കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്ന് നമ്മിൽ നിന്നും അകറ്റി(Psalms 103:12).

മനുഷ്യ വർഗത്തിന്റെ മുഴുവന്റെയും പാപങ്ങൾ ചുമന്ന് നീക്കാൻ അഭിഷേകം ചെയ്യപ്പെട്ട ആടിൻകുഞ്ഞാണ്  യേശു എന്ന സത്യം; സ്നാനം വഴി യേശുവിൽ നിറയപ്പെട്ട ദൈവമഹത്വം സ്നാപകയോഹന്നാന് വെളിപ്പെടുത്തികൊടുത്തു.ആ ആതമീയനിറവിൽ നിന്നുകൊണ്ടാണ് സ്നാപക യോഹന്നാൻ യേശുവിനെ നോക്കി ''ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് '' എന്ന് പറഞ്ഞത്.

എന്നാൽ പുതിയനിയമ വിശ്വാസിയായ നമുക്ക് മറ്റൊരു സത്യവുംകൂടി വചനം വെളിപ്പെടുത്തുന്നു. പാപാപരിഹരബലിക്കായി  അർപ്പിക്കപ്പെടുന്ന രണ്ട് ആടുകളുടെ ധർമ്മങ്ങളും യേശു എന്ന ഒരു ദൈവത്തിന്റെ കുഞ്ഞാടിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു.

വചനം പറയുന്നു '' നമുക്ക് യേശുക്രിസ്തുവിൽ (പാപം വഹിക്കുന്ന ആട്) പാപമോചനവും , അവന്റെ രക്തം വഴി (അറുക്കപ്പെട്ട ആട്)  രക്ഷയും കൈവന്നിരിക്കുന്നു''(Ephesians 1:7). ബലിയർപ്പിക്ക പ്പെട്ട ശരീരം വഴി അവൻ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു(Hebrew 10:19).

നമ്മുടെ പ്രാർത്ഥനകളിൽ ഈ വചന ഭാഗം പലപ്പോഴും ഉരുവിടാറുണ്ട്.ഒരു നിമിഷം സ്വയം ചിന്തിക്കുവിൻ;യേശു എന്ന കുഞ്ഞാട്  എന്റെ പാപങ്ങൾക്കായി  ഗാഗുൽത്താ മലയിൽ (Mathew 27:32-34).ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ അവന്റെ രക്തത്താലുള്ള രക്ഷ എനിക്ക് ലഭ്യമാക്കാൻ;  എന്റെ   പാപങ്ങൾ ആ കുഞ്ഞാടിന്റെ തലയിൽ ഞാൻ സമർപ്പിച്ചിട്ടുണ്ടോ?.യേശു നിന്റെ പാപം വഹിക്കാതെ എങ്ങനെ അവന്റെ രക്തത്താലുള്ള രക്ഷ സാധ്യമാകും?.


യേശുവിനെ അറിഞ്ഞിട്ടും; കഴിഞ്ഞ കാല പാപമോഹങ്ങൾ നിങ്ങളെ  കീഴ്പ്പെടുത്തുന്നുവെങ്കിൽ ശ്രദ്ധിക്കു...യേശു എന്ന കുഞ്ഞാട് നിന്റെ പാപം ചുമന്നിട്ടില്ല.... ചുമക്കാൻ നിങ്ങളെ നിങ്ങൾ വിട്ടുകൊടുത്തിട്ടില്ല. നമ്മെ ശുദ്ധീകരിക്കാൻ..നമ്മുടെ പാപം വഹിച്ച്; പാപ കറകൾ കഴുകി  ശിക്ഷയിൽ നിന്നും രക്ഷ നൽകാൻ യേശു  കാത്തിരിക്കുന്നു. വിട്ട് കൊടുക്കുക..സ്വയം യേശുവിന് സമർപ്പിക്കുക.. കടും ചുവപ്പാർന്ന നിങ്ങളുടെ പാപങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി അവൻ നിങ്ങളുടെ വിളിയും കാത്തിരിക്കുന്നു. അങ്ങനെ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടുമായി ബന്ധം സ്ഥാപിക്കാം.

കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യ രക്തം കൊണ്ട് (1Peter 1:19) വ്യർഥമായ ജീവിത രീതിയിൽ നിന്നും വീണ്ടെടുപ്പ് പ്രാപിച്ച ജീവിതം നയിക്കാം. അങ്ങനെ പുത്രന്റെ പൂർണ്ണതയിൽ നിന്നും കൃപക്ക് മേൽ കൃപ സ്വീകരിച്ച് ദൈവമഹത്വം ദർശിക്കാം. പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തട്ടെ...
                                                                       ദൈവത്തിന് നന്ദി...  

No comments:

Post a Comment