Monday 5 May 2014

ദൈവവചനവും വിഗ്രഹങ്ങളും

തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.സദ്‌വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു(Proverbs 15:30). ജീവനേകുന്ന രക്ഷാവചനത്തിന്റെ പൊരുളറിയാൻ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
വിഗ്രഹം എന്നപദത്തെ വിശുദ്ധഗ്രന്ഥത്തിൽ വിവിധതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ''വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി'' (Colossians 3:5)എന്ന വചനം സമ്പത്തിനോടുള്ള അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.അമിതമായി ആഗ്രഹം വച്ച് പുലർത്തുന്നഎന്തും;പണമോ,വസ്തുക്കളോ,വ്യക്തികളോ,കഴിവുകളോ എന്തുമാകട്ടെ ഇവയെല്ലാം വിഗ്രഹാരാധന എന്ന ഗണത്തിൽപ്പെടും. കാരണം;ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. 


പാരബര്യവിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപമെന്ന വിഗ്രഹത്തിനും, വിഗ്രഹാരധനക്കും വലിയ ഒരു സ്ഥാനം നല്കപ്പെട്ടിരിക്കുന്നു.  
മണ്ണിലോ, മരത്തിലോ, മറ്റ് ലോഹങ്ങളിലോ നിർമ്മിക്കുന്ന രൂപത്തിന്( വിഗ്രഹത്തിന്) ദൈവത്തിന്റെ മഹത്വം നല്കി, ദൈവമെന്ന പേരുചൊല്ലി പ്രാർഥിക്കുന്നത് ദൈവവചനാടിസ്ഥാനത്തിൽ ശരിയാണോ? എന്നു് നമുക്ക് വചനത്തിൽ പരിശോധിക്കാം.
   
1:''പേരു പറയാൻ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകൾക്കും
ആരംഭവും,കാരണവും,അവസാനവും''(Wisdom 14:27)
:- അവിശ്വസ്തതയുടെ ആരംഭമായ ഈ വിഗ്രഹാരധനക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കുക.


2:''ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക് തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു''(Wisdom 14:22) :- ക്രിസ്തുവിന്റെ രൂപം എന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിനു മുൻപിൽ കൈവിരിച്ച് പ്രാർത്ഥിച്ച് കിട്ടുന്ന അവസ്ഥയെ സമാധാനമെന്ന് വിളിക്കുന്ന സുഹൃത്തേ; അതല്ല യഥാർത്ഥ ദൈവീക സമാധാനം എന്ന്  സത്യം തിരിച്ചറിയുക.


3:''വിഗ്രഹങ്ങൾക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു അവർ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകൾ പുലര്ത്തി,വിശുദ്ധിയോടുള്ള അവന്ജമൂലം കള്ളസത്യം ചെയ്തു.ഈ രണ്ടു കാര്യങ്ങൾക്കും അവർ ഉചിതമായ ശിക്ഷ അനുഭവിക്കും''(Wisdom 14:30) :-പള്ളികളിലും, വിഗ്രഹത്തിനുമുന്പിലും സ്വയം സമര്പ്പിച്ചു അനുഗ്രഹം യാചിക്കുന്ന സുഹൃത്തേ; നിങ്ങള്ക്ക് ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വചനം ഓർമിപ്പിക്കുന്നു.


4: ''സ്വർണം,വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളുടെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനിയമാണ്''(Wisdom 13:10) :-താങ്കളുടെ അവസ്ഥ ശോചനീയമാണോ ?. സ്വയം ചിന്തിക്കുക.


5: ''തടിയുടെ ഒരു ഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു.തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു;കൊള്ളാം നല്ല ചൂട്;ജ്വാലകൾ കാണേണ്ടതു തന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ തന്നെ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു.എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അതിനോട് പ്രാർത്ഥിക്കുന്നു''(Isaiah 44:16-17) :-മനോഹരമായ ഒരു ശിൽപിയുടെ ശിൽപത്തിന്റെ മനോഹാര്യതയിൽ ഭ്രമിച്ച് മനുഷ്യൻ അവയെ ദൈവമായി സ്വീകരിച്ചെങ്കിൽ അവയെക്കാൾ ശ്രേഷ്ഠനാണ് കർത്താവ് (Wisdom 13:3)എന്ന ദൈവ വചനം  നാം ഓർക്കണം.

6: ''വിഗ്രഹത്തെ ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അത് വീണുപോകാതെ ശ്രദ്ധിക്കുന്നു'' (Wisdom 13:15-16) :- താങ്കൾ തന്നെ ആണിയടിച്ച് വീണുപോകാതെ ഉചിതമായ സ്ഥാനത്ത് ഉറപ്പിച്ച അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ലല്ലോ?. 
    
7: ''കാലുകളില്ലാത്തതിനാൽ അവ (വിഗ്രഹം) മനുഷ്യന്റെ തോളുകളിൽ വഹിക്കപ്പെടുന്നു.അങ്ങനെ മനുഷ്യ വർഗത്തിന് അവയുടെ നിസാരത വ്യക്തമാകുന്നു.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകുന്നു.എന്തെന്നാൽ അവരാണ് അവയെ ഉറപ്പിച്ചു നിറുത്തുന്നത്.അല്ലെങ്കിൽ അവ വീണുപോകും.നിലത്ത് നാട്ടിനിറുത്തിയാൽ അവയ്ക്കു തന്നെത്താൻ ചലിക്കാൻ കഴിവില്ല.മറിച്ചിട്ടാൽ അവയ്ക്കു നേരെ നിൽക്കാനാവില്ല.
മരിച്ചവരുടെ മുൻപിൽ എന്നപോലെയാണ് അവയുടെ മുൻപിൽ കാഴ്ചകൾ അർപ്പിക്കുന്നത്'' (Baruch 6:26-2 7) :-വിഗ്രഹവും തോളിലേറ്റി പ്രദക്ഷിണം വെക്കുമ്പോൾ തങ്ങളുടെ വിശ്വാസമല്ല മറിച്ചു നിസാരതയെയാണ്‌ ദൈവസന്നിധിയിൽ  വെളിപ്പെടുത്തുന്നത് എന്ന് ഓർക്കണം.

8: ''അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം?. സ്വർണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകൾ ഭക്ഷണം വിള മ്പുന്നു''(Baruch 6:30) :- വിഗ്രഹർപ്പിത (നേർച്ച)ഭക്ഷണത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത് 

9: ''മരിച്ചവനുവേണ്ടിയുള്ള അടിയിന്തിരത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ അവയുടെ മുൻപിൽ അവർ അലറുകയും മുറവിളി കൂട്ടുകയും
ചെയുന്നു''(Baruch 6:32) :- വിഗ്രഹത്തിനു മുൻപിൽ മുട്ടുകുത്തി കൈവിരിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ ലജ്ജാകരമായ അവസ്ഥ ഒര്ക്കുമല്ലോ


10: സമ്പത്തോ പണമോ നൽകാൻ അവയ്ക്കു കഴിവില്ല.ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ട്ടിക്കാതിരുന്നാൽ അത് ഈടാക്കാൻ അവയ്ക്ക് സാധിക്കുകയില്ല.മരണത്തിൽ നിന്ന് മോചിപ്പിക്കാനോ  ബലവാനിൽ നിന്ന് ദുർബലനെ രക്ഷിക്കാനോ അവയ്ക്ക് കഴിവില്ല.അന്ധനു കാഴ്ച നൽകാനോ ആകുലതയിൽ നിന്ന് ഒരുവനെ വിമുക്തമാക്കാനോ അവയ്ക്ക് കഴിവില്ല''(Baruch 6:35-37)
 :- ഇനിയും രക്ഷക്കുവേണ്ടി ആ വിഗ്രഹങ്ങളുടെ മുൻപിൽ കുമ്പിട്ട്‌ ദൈവപ്രമാണം ലംഘിക്കണോ?.

11:''ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തവനോടു,യാത്രാ മംഗളത്തിന്  അചരവസ്തുവിനോടും അവൻ പ്രാർത്ഥിക്കുന്നു''(Wisdom 13:18) :- അനുധിന ജീവിതത്തിൽ ഈ വിഗ്രഹം നിങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ചിന്തിച്ച് നോക്കുക.


12 : ''എങ്കിലും; സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല. ധനസമ്പാദനത്തിനും ജോലിക്കും പ്രവർത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്,ശക്തിഹീനമായ കരത്തോട് പ്രാർത്ഥിക്കുന്നു''(Wisdom 13:17,19) :- താങ്കളുടെ വിശ്വാസജീവിതരീതിയോട് ഈ വചനം ചേർത്ത്ചിന്തിച്ച് നോക്കുക.

13: ''തടികൊണ്ട് നിർമിക്കുകയും സ്വർണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാർ പർവതങ്ങളിലെ കല്ലുകൾക്ക്  സമാനമാണ്.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകും'' (Baruch6:39) :- ലജ്ജാകരമായ ഈ പ്രവർത്തി ഇനിയും നമുക്ക് വേണോ?.


14 : ''ഭൂമിയിലെ കീടങ്ങൾ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോൾ അവയുടെ ഹൃദയം ഉരുകിയതാണ് എന്ന്
മനുഷ്യർ പറയുന്നു''(Baruch 6:21) :- ഈ അവസ്ഥകൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അവ ദൈവത്തിൽ നിന്നല്ല എന്ന സത്യം തിരിച്ചറിയുക.


15 : ''തങ്ങൾക്ക് ആവശ്യമുള്ളത്തിലും കൂടുതൽ വിളക്കുകൾ അവർ ദേവന്മാർക്കു വേണ്ടി കത്തിക്കുന്നു''(Baruch 6:19):- വിഗ്രഹത്തിനു മുൻപിൽ കൂടുകണക്കിന് മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ വചനം ഓർക്കണേ.

16 : ''രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാ വശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങൾ കള്ളന്മാർ അപഹരിക്കാതിരിക്കാൻ പുരോഹിതന്മാർ വാതിലുകളും താഴുകളും ഓടാബലകൾകൊണ്ടും ക്ഷേത്രം സുരക്ഷിതമാക്കുന്നു''(Baruch 6 18) :- നിങ്ങളുടെ വിഗ്രഹവും സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അല്ലെ?. 


17 : ''ആഡംബരഭ്രമമുള്ള യുവതികളെന്നപോലെ, അവയെ അവർ സുവർണ കിരീടം
ധരിപ്പിക്കുന്നു''(Baruch 6:9):-കിരീടധാരണവും മാലയർപ്പണവും ഓർമ്മയുണ്ടല്ലോ.

18 : ''തുരുമ്പ് പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താൻ രക്ഷിക്കാൻ അവയ്ക്കൊന്നിനും സാധ്യമല്ല''(Baruch 6:12):- എല്ലാ വര്ഷവും തിരുന്നാൾ പ്രമാണിച്ച് .

അവയെ തേച്ചുമിനുക്കുമ്പോൾ എങ്കിലും വിഗ്രഹം തെറ്റാണ് എന്ന ഈ ദൈവ വചനം ഓർക്കണേ.


19: ''വിഗ്രഹത്തിന്റെ വലതുകയ്യിൽ കഠാരയുണ്ട്;കോടാലിയുമുണ്ട്.
 എന്നാൽ യുദ്ധങ്ങളിൽ നിന്നോ കവർച്ചയിൽ നിന്നോ തന്നെത്തന്നെ രക്ഷിക്കാൻ അതിനു കഴിവില്ല.അതുകൊണ്ട് അവദേവന്മാരല്ലെന്ന് വ്യക്തമാണ്‌.അവയെ ഭയപ്പെടേണ്ട''(Baruch 6: 16):-പുണ്യാളനും രൂപങ്ങളും ഒര്മയിലുണ്ടല്ലോ.


20: അകാലത്തിൽ പുത്രൻ മരിച്ച ദുഖം ഗ്രസിച്ച പിതാവ് തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി; മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിൻഗാമികൾക്ക് വൃതാനുഷ്ട്ടനങ്ങൾ രഹസ്യമായി നിശ്ചയിച്ച് കൊടുക്കുകയും ചെയുന്നു''(Wisdom 14:15):- മനുഷ്യനെ വിശുദ്ധനാക്കി മാറ്റി ദൈവത്തിന് കൊടുക്കേണ്ട മഹത്വം നൽകുമ്പോൾ ഓർക്കണേ അത് ദൈവ പ്രമാണത്തിനു എതിരാണെന്ന സത്യം.

21: ''നീ നിനക്കായി നിർമ്മിച്ച ദേവന്മാരെവിടെ?. നിന്റെ കഷ്ട്ടകാലത്ത് നിന്നെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാർ നിനക്കുണ്ടല്ലോ''(Jeremiah 2:28):- പല രൂപത്തിലും ഭാവത്തിലും സ്ഥലപേരുകൾ കൂട്ടിച്ചേർത്തു ദൈവസന്നിധിയിൽ മാധ്യസ്തമായി പ്രാർത്ഥിക്കുമ്പോൾ ഈ ദൈവവചനം ഓർമയിൽ ഉണ്ടായിരിക്കട്ടെ.


22:''വരും തലമുറകൾക്ക് നുണകളും നിന്ദയും മാത്രമാണ് ഇത് അവശേഷിപ്പിക്കുന്നത്''(Baruch 6:47).:- അത്ഭുതം തുളുമ്പുന്ന, വിശ്വാസം ജനിപ്പിക്കുന്ന കഥകൾ ഓരോരോ വിഗ്രഹത്തിനും പറയാനുണ്ടാകും.


23: '' ആരാധിക്കാൻ വേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങളെ അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും''(Isaiah 2: 20):-സമ്പത്തിനനുസരിച്ച് പുതിയ വിഗ്രഹം വാങ്ങികൂട്ടിയപ്പോൾ തൊട്ടുമുൻപ് വരെ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ച വിഗ്രഹമെവിടെ?.ഉപയോഗശൂന്യമായ വസ്തുക്കൾക്കൊപ്പം തന്നെയല്ലേ ഇപ്പോൾ അവയുടെ സ്ഥാനം.   

ഇവയെല്ലാം;വിഗ്രഹാരാധന തെറ്റാണെന്നും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നും വെളിപ്പെടുത്തുന്ന ദൈവചനത്തിലെ(ബൈബിളിലെ )ചുരുക്കം ചില വചനങ്ങൾ മാത്രം. നമ്മിൽ തന്നെ നിലനില്ക്കുന്ന ഈ ലോകത്തിന്റെ പാരബര്യവിശ്വാസം  ഈ വചനസത്യത്തിനു നേരെ കണ്ണടക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു.''ഇത് മനുഷ്യ വർഗത്തിന് ഒളിഞ്ഞിരിക്കുന്ന  ഒരു കെണിയാണ്‌''(Wisdom 14:21a).മനുഷ്യർ നിർമിച്ച വിഗ്രഹത്തിന് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. വചനം പറയുന്നു'' എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു.ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറുകൾ കുഴിക്കുകയും ചെയ്തു''(Jeremiah 2:13). സത്യദൈവത്തിന്റെ മഹത്വം വിഗ്രഹത്തിന് കൈമാറി അതിൽ വിശ്വാസിച്ച്  സംതൃപ്തി അടയുകയും ചെയ്യുന്നതാണ് താങ്കളുടെ അവസ്ഥയെങ്കിൽ സൂക്ഷിക്കണം കാരണം; നിങ്ങൾ നിത്യജീവനിലേക്ക്‌ നയിക്കുന്ന പാതയില്ല.   

''ദൈവത്തെ ആരോട് നിങ്ങൾ തുലനം ചെയ്യും?. അവിടുത്തോട്‌ സാദ്രശ്യമുള്ള രൂപമേത്?. ശിൽപി വാർത്തതും സ്വർണ പണിക്കാരൻ സ്വർണം പൂശി വെള്ളിച്ചങ്ങലകൾ അണിയിച്ചതുമായ  വിഗ്രഹമോ''?.(Isaiah 40:18-19)ഈ വചനം നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യട്ടെ.

സീനായി മലമുകളിൽ വെച്ച് ദൈവത്തിൽ നിന്നും ഉടബടി പത്രിക സ്വീകരിച്ച ശേഷം മോശ കാണുന്നത് ''ഈജിപ്തിൽ നിന്നും നമ്മെ കൊണ്ടുവന്ന ദേവന്മാർ '' എന്നുപറഞ്ഞ് സ്വര്ണം കൊണ്ട് കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിന്  യാഗം കഴിക്കുന്ന ജനത്തെയാണ്(Exodus 32:4).ദൈവത്തിന്റെ മഹത്വ രൂപമായാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെങ്കിലും അത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല; ദൈവത്തിന്റെ ശിക്ഷയ്ക്ക് കാരണമാവുകയും ചെയ്തു. യേശുവിന്റെ രൂപം ഉണ്ടാക്കി ആ പ്രതിമയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഇസ്രയേല ജനത്തിൽ നിന്നും നമ്മളും ഒട്ടും വ്യത്യസ്തരല്ല. അനുഗ്രഹത്തിന് പകരം ദൈവത്തിന്റെ ശിക്ഷയ്ക്ക് പാത്രമാകപ്പെടും  എന്ന് കൂടി ഓർക്കണം.

നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗത്തില്ലേക്ക് ഉയർത്താം. അങ്ങനെ ആത്മാവിന്റെ നിറവിൽ ''വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം'' നമുക്ക് തിരിച്ചറിയാം(Ezekiel 44:23). സത്യ ദൈവത്തിലേക്ക് നമ്മുടെ ചിന്തകളെ ചായിക്കാൻ, എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ വചനമായ പുത്രനെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...