Showing posts with label spiritual. Show all posts
Showing posts with label spiritual. Show all posts

Saturday, 26 July 2014

ഇറങ്ങി വരിക

ദൈവമേ; അങ്ങിലാണ് ജീവന്റെ ഉറവ,അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം(Psalms 36:9).പുത്രനെ കൈകൊള്ളുന്നവർക്ക് കാരുണ്യവും രക്ഷയും നൽകുന്ന ദൈവത്തിന്റെ ആത്മാവേ ഞങ്ങളെ സഹായിക്കണേ...

''ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു''(Luke 19:9). ലൂക്കാ സുവിശേഷകൻ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനഭാഗം; ഒരു വിശ്വാസിക്ക് സ്വയം തിരിച്ചറിയാനും വചനത്തിന്റെ ആത്മീയ സത്യത്തെ ആഴത്തിൽ ചിന്തിക്കാനും ഇടയാക്കുന്നു. തേനും പാലും ഒഴുകുന്ന കാനാൻദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് ദൈവജനം അനുഷ്ഠിക്കേണ്ടതിന് ദൈവം നൽകിയ ചട്ടങ്ങളുടെ തുടർച്ചയായി പാരമ്പര്യവിശ്വാസത്തിന്റെ നിറവിൽ നിന്നും വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലും(Deuteronomy 6:9)ഈ വചനം നമ്മൾ എഴുതിവെക്കാറുണ്ട്.

  • യേശു നൽകുന്ന രക്ഷയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഈ പ്രവർത്തി എന്തുമാത്രം യോജിക്കുന്നു?.
  • വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലുംഎഴുതി വച്ചാൽ ആ ഭവനവും അതോടൊപ്പം അതിലുള്ളവരും രക്ഷപ്രാപിക്കുമോ?. 
  • എന്താണ് എന്റെ ഭവനം?. 
  • എന്റെ ഭവനം രക്ഷ പ്രാപിക്കാൻ എന്ത് ചെയ്യണം?. 

ലൂക്ക 19:1-10 വചനഭാഗമാണ് ചുങ്കക്കാരിൽ പ്രധാനനും ധനികനുമായ സക്കേവൂസ് എന്ന വ്യക്തിയേയും അവന്റെ ഭവനത്തിന്റെ രക്ഷയേയും വിവരിക്കുന്നത്.യേശുവിനെ കാണാൻ മരത്തിൽ കയറിയ കുറിയവനായ സക്കേവൂസിന്റെ മാനസാന്തരം പലപ്പോഴും നമ്മൾ ആവർത്തിച്ചു കേട്ടിട്ടുണ്ട് എങ്കിലും അത് നമ്മുടെ വിശ്വാസ ജീവിതത്തെ എന്തുമാത്രം സ്പർശിച്ചിട്ടുണ്ട്?. സക്കേവൂസിന്റെ രക്ഷഘടന നമുക്ക് വചനത്തിൽ പരിശോധിക്കാം.

1: യേശുവിനെ കാണാൻ ആഗ്രഹിച്ചു (ലൂക്ക 19:3) :
അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതൽ നമ്മിൽ നിറയുന്ന ദൈവത്തിന്റെ മഹത്വത്തെ ജീവിത തിരക്കിനിടയിൽ അനുഭവിക്കാൻ കഴിയാതെ വരാറുണ്ട്.ഒരു പക്ഷെ സാഹചര്യം ഉണ്ടായാലും പാരമ്പര്യവിശ്വാസം  സത്യം തിരിച്ചറിയാൻ വിലങ്ങുതടിയാകാറുണ്ട്. യേശുവിനെ ദൈവപുത്രനായി സ്വീകരിക്കാൻ മടികാണിച്ചിരുന്ന പാരമ്പര്യവിശ്വാസത്തിന്റെ വക്താക്കളായ ചുങ്കക്കാർ.അതിൽ പ്രധാനനായ സക്കേവൂസ്.യേശുവിനെ കാണാൻ ആഗ്രഹിച്ചു എന്നതിന് യേശുവിനെ കാണാനും അവന്റെ രക്ഷയെ സ്വന്തമാക്കാനും ആഗ്രഹിച്ചു എന്നർത്ഥം. 

''അപ്പോൾ നിങ്ങൾ എന്നെ വിളിച്ചപേഷിക്കും;എന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കും.ഞാൻ നിങ്ങളുടെ പ്രാർത്ഥന ശ്രവിക്കും.നിങ്ങൾ എന്നെ അന്വേഷിക്കും;പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും.നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടയാക്കുമെന്നു കർത്താവ് അരുളിച്ചെയ്യുന്നു''(Jeremiah 29:12-14).

ഈ ലോകത്തിലെ എതോരവസ്ഥയിൽ ആയിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിലും; നിന്നിൽ നിലകൊള്ളുന്ന ആസന്നമരണമായി അവശേഷിച്ചിരിക്കുന്നതിനെ ഉയർത്തിയാൽ (Revelation 3:2) രക്ഷകനെ കാണാൻ ആഗ്രഹിച്ചാൽ നിങ്ങളുടെ രക്ഷാകർമ്മത്തിന്റെ ആദ്യഘട്ടം അവിടെ ആരംഭിക്കുന്നു.

2: മരത്തിൽ കയറി (ലൂക്കാ 19:4) :

സക്കേവൂസ് കയറിയ സിക്കമൂർ മരം താരതമേന്യ പോക്കമ്മുള്ളതും നിരവധി ചില്ലകൾ ഉള്ളതുമായ മരങ്ങളുടെ ഗണത്തിൽപ്പെടുന്നു.മരം എന്നതിന് ദൈവവചനത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നല്കിയിട്ടുണ്ട്.ഇവിടെ മരം എന്നതിന് ലോകസുഖസംതൃപ്തിയും ഈലോകവിശ്വാസവും  എന്നർത്ഥം (Ezekiel 31:10,Daniel 4:11).

സക്കേവൂസ് യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നുവെങ്കിലും അവൻ ആയിരുന്ന അവസ്ഥയിൽ നിന്നും അവന്റെ വിശ്വാസതലത്തിൽ നിന്നും അൽപ്പം പോലും വ്യതിചലിച്ചില്ല . വ്യക്തമാക്കിയാൽ; ചുങ്കക്കാരിൽ പ്രധാനൻ എന്ന സ്ഥാനം അവനെ ഈ ലോകസുഖത്തിന്റെയും വിശ്വാസ പ്രമാണങ്ങളുടെയും ഉയരമായ മരത്തിൽ എത്തിച്ചു.ആരും കാണാതെ മറഞ്ഞിരുന്ന് യേശുവിനെ കാണാൻ പ്രേരിപ്പിച്ചു. യേശുവിന്റെ രക്ഷയെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന സുഹൃത്തേ; ഈ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന മരത്തിലാണോ?.ആരും അറിയാതെ ഈ ലോകസുഖങ്ങളുടെ മറ പറ്റികൊണ്ട് യേശുവിനെ കാണാൻ കാത്തിരിക്കുകയാണോ?.

3: കാണാൻ കാത്തിരുന്നു (ലൂക്കാ 19:4) :

ക്രിസ്തു വിശ്വാസത്തിലേക്ക് കടന്നു വരുന്ന ഏതൊരു വ്യക്തതിയും വ്യക്തമായി തിരിച്ചറിയേണ്ട ഒരു ഭാഗമാണിത്. യേശുവിനെ കാ ണാൻ ആഗ്രഹിച്ച സക്കേവൂസ് അതിനുവേണ്ടി ഒരുങ്ങി കാത്തിരുന്നു.യേശു കടന്നു പോകുന്ന വഴിയും സമയവും അവൻമുൻകൂട്ടി അറിഞ്ഞ്  കാണാൻവേണ്ട സാഹചര്യം അവൻ ഒരുക്കിയിരുന്നു(ലൂക്കാ 19:4b). യേശുവിനെ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു ഒരുക്കം ആവശ്യമാണ്. പ്രാർത്ഥനക്ക്‌ വേണ്ടി ഒരു പ്രത്യേക സമയവും സാഹചര്യവും നമ്മൾ തന്നെ ഒരുക്കണം (Psalms 5:3). 
ഒരു ദിവസം വചനം വായിച്ചതുകൊണ്ടോ പ്രാർത്ഥിച്ചതുകൊണ്ടോ ഒരു ദിവസത്തേക്ക് മാത്രം എളിമപ്പെട്ടതുകൊണ്ടോ(Isaiah 58:5 )യേശുവിനെ കണ്ടെത്താൻ അവന്റെ രക്ഷയെ പ്രാപിക്കാൻ കഴിയണമെന്നില്ല കാരണം അവൻ നമ്മുടെ  ഹൃദയവിചാരങ്ങളെ പരിശോധിച്ചറിയുന്നു(Psalm 139:2). മടുപ്പില്ലാതെ കുറ്റപ്പെടുത്താതെ ചോദിച്ച് കാത്തിരിക്കുന്നവന്; ധാരളമായി നൽകുന്ന ദൈവത്തിന്റെ ജ്ഞാനം (James 1:5) നിങ്ങൾക്കും ലഭിക്കും എന്ന് വചനം ഉറപ്പുനല്കുന്നു.    

4: വേഗം ഇറങ്ങി വരിക (ലൂക്കാ 19:5 ):  

കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന സക്കേവൂസിന്റെ മുൻപിൽ അത്ഭുതങ്ങളുടെ പ്രവാഹം ആരംഭിക്കുകയാണ്.ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കാൻ കഴിവുള്ളവൻ അവന്റെ അവാച്യമായ നെടുവീർപ്പുപോലും തിരിച്ചറിഞ്ഞു. ''സക്കേവൂസ് വേഗം ഇറങ്ങി വരിക. ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'' (ലൂക്കാ 19:5). ആരും കാണാതെ ഇലകൾക്കുള്ളിൽ മറഞ്ഞിരുന്ന അവനെപോലും തിരഞ്ഞെടുക്കുന്ന യേശു. ''നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്''( John 15:16).വചനം എത്രയോ സത്യം. 

യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നാൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ തിരഞ്ഞുപിടിച്ചു പേരുചൊല്ലി വിളിച്ച് വേർതിരിക്കാൻ കഴിവുള്ളവൻ....അവന്റെ ആ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ?. 
നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും,ഈ ലോകവിശ്വാസത്തിൽ നിന്നും, ജഡികസുഖസംതൃപ്തിയിൽ നിന്നും നീ ഇറങ്ങി വരിക.

മകനെ/മകളെ ഇറങ്ങി വരിക.....പുറകിൽ നിന്നും ഗുരുവിന്റെ ഈ വിളി കേൾക്കാൻ(Isaiah 30:21) നമുക്ക് കഴിയണം.

നിന്നോട് കൂടി വസിക്കാൻ ആഗ്രഹിച്ച് നിന്നെ വിളിക്കുന്ന ആ രക്ഷകന്റെ വിളിയെ ഇനി കേട്ടില്ലെന്നു നടിക്കരുത്. വിവേകരഹിതമായ ഹൃദയം നിമിത്തം അന്ധകാരത്തിലാണ്ടുപോകരുത്(Romans 1:21).''പിതാവേ എന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗ്ഗം നീ ഉപ്ക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു''(Jeremiah 3:19b). ദൈവത്തിന്റെ മനോവ്യഥ നമുക്ക് തിരിച്ചറിയാം. 

5: തിടുക്കത്തിൽ ഇറങ്ങി വന്നു (ലൂക്കാ 19:6) :

ദൈവത്തിന്റെ മഹത്വത്തിന്റെ പൂർണ്ണ രൂപമായ യേശുവിന്റെ വിളി- ''ഇറങ്ങി വരിക''. 
സക്കേവൂസ്; ആ മരത്തിൽ എന്തുമാത്രം ഉയരത്തിൽ ആയിരുന്നു എന്ന് വ്യക്തമല്ല എങ്കിലും വിളിയുടെ അടുത്ത നിമിഷം അവൻ താഴെ  എത്തിയിട്ടുണ്ടാകം. കാത്തിരിപ്പിന്റെ സുഖത്തിന് മരമുകളിലേക്ക് കയറാൻ എടുത്തതിന്റെ  എത്രയോ കുറവ് സമയം കൊണ്ട് അവൻ ഇറങ്ങിയിട്ടുണ്ടാകാം.''അവൻ തിടുക്കത്തിൽ ഇറങ്ങി വന്ന് സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു''(ലൂക്ക 19:6).എന്നാ വചനം അവൻ ഇറങ്ങി വന്ന വേഗതയെ വെളിപ്പെടുത്തുന്നു.

കാലം കുറെയായി പ്രാർത്ഥന തുടങ്ങിയിട്ട്...യേശുവിനെ കാണാൻ അറിയാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു കാത്തിരുന്നു...അവന്റെ വിളി കേട്ടെങ്കിലും ഇറങ്ങി വരാൻ മടി കാണിച്ചിരിക്കയാണോ?.  അതോ; ഇറക്കം ആരംഭിച്ചിട്ട് കൂറേ നാളായി. എന്നിട്ട് ഇപ്പോഴും പാതി വഴിയെ ആയിട്ടുള്ളോ?. ഇറക്കത്തിന്റെ വേഗത ആഗ്രഹത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും. 

ഓർക്കുക; ഈ ലോക സുഖത്തിന്റെയും വിശ്വാസത്തിന്റെയും മരത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ, പേരുചൊല്ലി വിളിച്ച് അവൻ താഴെ മരച്ചുവട്ടിൽ കാത്തിരിക്കുന്നു....    

6:പാപിയുടെ വീട്ടിൽ അതിഥി (ലൂക്കാ 19:7 ):

മറ്റുള്ളവരാൽ തഴയപ്പെട്ട വ്യക്തി,പാപിയെന്ന് മുദ്ര കുത്തപ്പെട്ട വ്യക്തി; അവനോടൊപ്പം യേശുവിനെ കണ്ടപ്പോൾ വിശുദ്ധരെന്നു സ്വയം അഭിമാനിക്കുന്ന ഫരീസിയ ജനത്തിന് പിറുപിറുപ്പിനു കാരണമായി.എന്നാൽ ഇതൊന്നും വകവെക്കാതെ ഹൃദയ കവാടങ്ങൾ തുറന്ന് യേശുവെന്ന രക്ഷകനെ സ്വീകരിക്കാൻ സക്കേവൂസ് തയ്യാറായി.വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് അവൻ കടന്നുവന്നു.ദൈവരാജ്യത്തിലേക്ക് അവൻ വിളിക്കപ്പെട്ടു (John 3:3).

ജീവിതസാഹചര്യവും പാരംബര്യവിശ്വാസവും പിറുപിറുത്ത ജനത്തിന് തുല്യരായി നിനക്ക് മുൻപിൽ നിൽക്കുമ്പോൾ സുഹൃത്തേ; പതറരുത്.ഭയപ്പെടുകയും അരുത്. ദൈവത്തിൽ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അഭിലഷിക്കരുത്(John 12:42-43).കാരണം നിന്നെ വിളിച്ചിരിക്കുന്നവൻ യേശുവാണ്.അവൻ വിശ്വസ്തനാണ് (1 Thessalonians 5:24). 

വീണ്ടും ജനനത്തിൽ കൂടി യേശുവിൽ പുതിയ സൃഷ്ട്ടിയാകാൻ നിങ്ങൾക്ക് കഴിയണം.ഉചിതമായത് തിരഞ്ഞെടുത്ത് നിർഭയം സാക്ഷ്യം നൽകാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.

7: ഉപേക്ഷിക്കൽ (ലൂക്കാ 19:8) :

ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിക്കുകയും തന്റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുകയും ചെയ്യണം(Mathew 16:24). ഞാൻ എന്ന ചിന്തയെ ഉപേക്ഷിച്ച് യേശുവിനെ സ്വീകരിക്കാൻ തയ്യാറായ സക്കേവൂസിന്റെ ജീവിതത്തിൽ; ജനത്തിന്റെ പിറുപിറുപ്പുകൾ യേശുവിനെപ്രതി  കുരിശായി സഹിക്കേണ്ടിവരുന്നു.അതോടൊപ്പം ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരുന്ന പണത്തെ യേശുവിനെപ്രതി ത്യജിക്കാൻ തയാറാകുന്നു. 
വീണ്ടും ജനനം കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രകടമാകുന്ന അവസ്ഥകളാണ് - കുരിശു ചുമക്കലും പരിത്യജനവും. യേശുവിന്റെ രക്ഷയെ സ്വന്തമാക്കിയ വീണ്ടും ജനിച്ച ആത്മീയ മനുഷ്യന്റെ ആദ്യഘട്ടമാണ്  ജഡമോഹങ്ങളുടെ ഉപേക്ഷ.

ചുങ്കക്കാരിൽ പ്രധാനിയായിരുന്ന അവന്റെ ജീവിതത്തിലെ ഒന്നാം സ്ഥാനം സമ്പത്തായിരുന്നു.എന്നാൽ യേശുവിൽ വീണ്ടും ജനിച്ചപ്പോൾ ആ പണം വളരെ നിസാരമായി അവനിൽ മാറ്റപ്പെടുന്നു. ചിന്തിക്കുക;നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?. ഇത്തരം മാറ്റം നിങ്ങളിലും ഉണ്ടായിട്ടുണ്ടോ?. ഇല്ലെങ്കിൽ വീണ്ടും ജനനം സാധ്യമായിട്ടില്ല എന്നര്ഥം. വീണ്ടുംജനിക്കാതെ, ജീവിതത്തിൽ ആദ്യ സ്ഥാനം ദൈവത്തിനു നൽകാതെ എന്തെല്ലാം അന്ഷ്ട്ടനങ്ങൾ നടത്തിയാലും എന്തെല്ലാം നേർച്ച കാഴ്ചകൾ നടത്തിയാലും ദൈവമാഹത്വാത്തെ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയില്ല.

8:  മാനസാന്തരം (ലൂക്ക 19:9):

പുത്രനെ സ്വന്തമാക്കിയവാൻ ജീവൻ പ്രാപിച്ചവൻ മാനസാന്തരത്തിന്റെ ഉടമയാക്കപ്പെടുന്നു.താൻ ഉണ്ടാക്കിയെടുത്ത 
പണം, അതിൽ നിന്നും ലഭിച്ചിരുന്ന സംതൃപ്തി അതിനോന്നിനും അവനെ പൂർണ്ണനാക്കാൻ കഴിഞ്ഞില്ല. ജീവന്റെ പ്രകാശമായ യേശുക്രിസ്തുവിനെ അവന്റെ ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ വിവേകം നല്കുന്ന പരിശുധാത്മാവ്; അവന്റെ തെറ്റുകളെക്കുറിച്ചുള്ള പാപബോധം  ഉണ്ടാക്കുന്നതോടൊപ്പം മാനസാന്തരത്തിന്റെ ഫലങ്ങൾ അവനിൽ നിന്നും പുറപ്പെടുവിക്കുകയും ചെയ്യുന്നു. വഞ്ചിച്ചെടുത്ത പണത്തിന്റെ നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ അവൻ തയാറാകുന്നു.വിശ്വാസി എന്ന് സ്വയം പേരിട്ട് വിളിക്കുന്ന സുഹൃത്തേ; മാനസാന്തരത്തിന്റെ ഫലം നിങ്ങളിൽ രൂപം കൊണ്ടിട്ടുണ്ടോ?.മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാൻ(Mathew 3:8)നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?.
   
9: ഭവനത്തിന് രക്ഷ (ലൂക്ക 19:9):

അബ്രാഹത്തിന്റെ  മകനായ സക്കേവൂസ്(ലൂക്ക 19:9b) എന്നാണ് മാനസാന്തരം പ്രാപിച്ച സക്കേവൂസിനെ യേശു വിളിച്ചത്.ഇത് അബ്രാഹത്തിന്റെ പാരംബര്യത്തെക്കുറിച്ചല്ല മറിച്ചു അസധ്യമായതുപോലും സാധ്യമാകും എന്ന് വിശ്വസിച്ച അബ്രാഹത്തിന്റെ വിശ്വാസ നീതികരത്തെക്കുറിച്ചാണ്(Romans 4:3).
യേശുവിന്റെ വിളികേട്ടു അവന്റെയരികിൽ വന്നപ്പോൾ അവനെ സ്വീകരിക്കാൻ തയ്യാറായപ്പോൾ അവന് കൈവന്ന അവസ്ഥയെ യേശു വെളിപ്പെടുത്തി '' ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു''(ലൂക്ക 19:9).ഹൃദയ വികാരവിചാരങ്ങളെ പരിശോധിക്കുന്നവനായ യേശു ക്രിസ്തു;അവന്റെ രക്ഷ പ്രാപിച്ച അവന്റെ ഹൃദയമാകുന്ന ഭവനത്തെ, വീണ്ടും ജനനത്തൽ  പ്രകാശ പൂർണ്ണമായ അവനിലെ ആത്മീയ മനുഷ്യനെ വെളിപ്പെടുത്തുന്നു.മനുഷ്യൻ വസിക്കുന്ന ഭാവനമല്ല മറിച്ചു പുത്രൻ വസിക്കുന്ന ഭവനമാണ് രക്ഷ പ്രാപിക്കുന്നത്.  

ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ഭയപ്പെട്ടു,അറിഞ്ഞില്ലെന്ന് ധരിച്ച്  പാരംബര്യവിശ്വാസത്തിന്റെ മറയിൽ ജീവിക്കുന്ന സഹോദരാ; നിങ്ങളുടെ ഹൃദയമാകുന്ന ഭവനം രക്ഷപ്രാപിച്ചിട്ടില്ല എന്ന് ഓർക്കണം.
എവിടെയെല്ലാം വചനം എഴുതി വച്ചാല്ലും ഭവനത്തിന് രക്ഷ കൈവരില്ല.ദൈവം നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നില്ലെങ്കിൽ എന്തുപ്രയോജനം?. 
മനുഷ്യ ഹൃദയങ്ങളിൽ വസിക്കും (2Cori 6:16) എന്നരുൾ ചെയ്ത വചനമാകുന്ന യേശുക്രിസ്തു നിങ്ങളടെ ഹൃദയത്തിലും വസിക്കുന്നുണ്ടോ?. 

ഇറങ്ങി വരിക.....

ഒന്ന് ആഗ്രഹിച്ചാൽ അവനു വേണ്ടി കാത്തിരുന്നാൽ നിന്റെ അരികിൽ വന്ന്  നിന്നെ വിളിച്ച് നിത്യജീവനിലേക്ക്‌ നയിക്കാൻ കഴിവുള്ളവൻ....

നഷ്ട്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെത്തി മുറിവുകൾ കഴുകി ലേപനം പുരട്ടി രക്ഷിക്കാൻ കഴിവുള്ളവൻ...

ജീവന്റെ പ്രകാശമായ യേശുവിന്റെ വിളികേട്ട് നമുക്ക് താഴെ ഇറങ്ങാം...

പരിശുധാത്മാവ് നമ്മെ നയിക്കട്ടെ ...
                                             
                                                                         ദൈവത്തിന് നന്ദി...      

Monday, 5 May 2014

ദൈവവചനവും വിഗ്രഹങ്ങളും

തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.സദ്‌വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു(Proverbs 15:30). ജീവനേകുന്ന രക്ഷാവചനത്തിന്റെ പൊരുളറിയാൻ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
വിഗ്രഹം എന്നപദത്തെ വിശുദ്ധഗ്രന്ഥത്തിൽ വിവിധതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ''വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി'' (Colossians 3:5)എന്ന വചനം സമ്പത്തിനോടുള്ള അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.അമിതമായി ആഗ്രഹം വച്ച് പുലർത്തുന്നഎന്തും;പണമോ,വസ്തുക്കളോ,വ്യക്തികളോ,കഴിവുകളോ എന്തുമാകട്ടെ ഇവയെല്ലാം വിഗ്രഹാരാധന എന്ന ഗണത്തിൽപ്പെടും. കാരണം;ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. 


പാരബര്യവിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപമെന്ന വിഗ്രഹത്തിനും, വിഗ്രഹാരധനക്കും വലിയ ഒരു സ്ഥാനം നല്കപ്പെട്ടിരിക്കുന്നു.  
മണ്ണിലോ, മരത്തിലോ, മറ്റ് ലോഹങ്ങളിലോ നിർമ്മിക്കുന്ന രൂപത്തിന്( വിഗ്രഹത്തിന്) ദൈവത്തിന്റെ മഹത്വം നല്കി, ദൈവമെന്ന പേരുചൊല്ലി പ്രാർഥിക്കുന്നത് ദൈവവചനാടിസ്ഥാനത്തിൽ ശരിയാണോ? എന്നു് നമുക്ക് വചനത്തിൽ പരിശോധിക്കാം.
   
1:''പേരു പറയാൻ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകൾക്കും
ആരംഭവും,കാരണവും,അവസാനവും''(Wisdom 14:27)
:- അവിശ്വസ്തതയുടെ ആരംഭമായ ഈ വിഗ്രഹാരധനക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കുക.


2:''ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക് തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു''(Wisdom 14:22) :- ക്രിസ്തുവിന്റെ രൂപം എന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിനു മുൻപിൽ കൈവിരിച്ച് പ്രാർത്ഥിച്ച് കിട്ടുന്ന അവസ്ഥയെ സമാധാനമെന്ന് വിളിക്കുന്ന സുഹൃത്തേ; അതല്ല യഥാർത്ഥ ദൈവീക സമാധാനം എന്ന്  സത്യം തിരിച്ചറിയുക.


3:''വിഗ്രഹങ്ങൾക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു അവർ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകൾ പുലര്ത്തി,വിശുദ്ധിയോടുള്ള അവന്ജമൂലം കള്ളസത്യം ചെയ്തു.ഈ രണ്ടു കാര്യങ്ങൾക്കും അവർ ഉചിതമായ ശിക്ഷ അനുഭവിക്കും''(Wisdom 14:30) :-പള്ളികളിലും, വിഗ്രഹത്തിനുമുന്പിലും സ്വയം സമര്പ്പിച്ചു അനുഗ്രഹം യാചിക്കുന്ന സുഹൃത്തേ; നിങ്ങള്ക്ക് ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വചനം ഓർമിപ്പിക്കുന്നു.


4: ''സ്വർണം,വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളുടെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനിയമാണ്''(Wisdom 13:10) :-താങ്കളുടെ അവസ്ഥ ശോചനീയമാണോ ?. സ്വയം ചിന്തിക്കുക.


5: ''തടിയുടെ ഒരു ഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു.തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു;കൊള്ളാം നല്ല ചൂട്;ജ്വാലകൾ കാണേണ്ടതു തന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ തന്നെ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു.എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അതിനോട് പ്രാർത്ഥിക്കുന്നു''(Isaiah 44:16-17) :-മനോഹരമായ ഒരു ശിൽപിയുടെ ശിൽപത്തിന്റെ മനോഹാര്യതയിൽ ഭ്രമിച്ച് മനുഷ്യൻ അവയെ ദൈവമായി സ്വീകരിച്ചെങ്കിൽ അവയെക്കാൾ ശ്രേഷ്ഠനാണ് കർത്താവ് (Wisdom 13:3)എന്ന ദൈവ വചനം  നാം ഓർക്കണം.

6: ''വിഗ്രഹത്തെ ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അത് വീണുപോകാതെ ശ്രദ്ധിക്കുന്നു'' (Wisdom 13:15-16) :- താങ്കൾ തന്നെ ആണിയടിച്ച് വീണുപോകാതെ ഉചിതമായ സ്ഥാനത്ത് ഉറപ്പിച്ച അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ലല്ലോ?. 
    
7: ''കാലുകളില്ലാത്തതിനാൽ അവ (വിഗ്രഹം) മനുഷ്യന്റെ തോളുകളിൽ വഹിക്കപ്പെടുന്നു.അങ്ങനെ മനുഷ്യ വർഗത്തിന് അവയുടെ നിസാരത വ്യക്തമാകുന്നു.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകുന്നു.എന്തെന്നാൽ അവരാണ് അവയെ ഉറപ്പിച്ചു നിറുത്തുന്നത്.അല്ലെങ്കിൽ അവ വീണുപോകും.നിലത്ത് നാട്ടിനിറുത്തിയാൽ അവയ്ക്കു തന്നെത്താൻ ചലിക്കാൻ കഴിവില്ല.മറിച്ചിട്ടാൽ അവയ്ക്കു നേരെ നിൽക്കാനാവില്ല.
മരിച്ചവരുടെ മുൻപിൽ എന്നപോലെയാണ് അവയുടെ മുൻപിൽ കാഴ്ചകൾ അർപ്പിക്കുന്നത്'' (Baruch 6:26-2 7) :-വിഗ്രഹവും തോളിലേറ്റി പ്രദക്ഷിണം വെക്കുമ്പോൾ തങ്ങളുടെ വിശ്വാസമല്ല മറിച്ചു നിസാരതയെയാണ്‌ ദൈവസന്നിധിയിൽ  വെളിപ്പെടുത്തുന്നത് എന്ന് ഓർക്കണം.

8: ''അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം?. സ്വർണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകൾ ഭക്ഷണം വിള മ്പുന്നു''(Baruch 6:30) :- വിഗ്രഹർപ്പിത (നേർച്ച)ഭക്ഷണത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്.  

9: ''മരിച്ചവനുവേണ്ടിയുള്ള അടിയിന്തിരത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ അവയുടെ മുൻപിൽ അവർ അലറുകയും മുറവിളി കൂട്ടുകയും
ചെയുന്നു''(Baruch 6:32) :- വിഗ്രഹത്തിനു മുൻപിൽ മുട്ടുകുത്തി കൈവിരിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ ലജ്ജാകരമായ അവസ്ഥ ഒര്ക്കുമല്ലോ. 


10: സമ്പത്തോ പണമോ നൽകാൻ അവയ്ക്കു കഴിവില്ല.ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ട്ടിക്കാതിരുന്നാൽ അത് ഈടാക്കാൻ അവയ്ക്ക് സാധിക്കുകയില്ല.മരണത്തിൽ നിന്ന് മോചിപ്പിക്കാനോ  ബലവാനിൽ നിന്ന് ദുർബലനെ രക്ഷിക്കാനോ അവയ്ക്ക് കഴിവില്ല.അന്ധനു കാഴ്ച നൽകാനോ ആകുലതയിൽ നിന്ന് ഒരുവനെ വിമുക്തമാക്കാനോ അവയ്ക്ക് കഴിവില്ല''(Baruch 6:35-37)
 :- ഇനിയും രക്ഷക്കുവേണ്ടി ആ വിഗ്രഹങ്ങളുടെ മുൻപിൽ കുമ്പിട്ട്‌ ദൈവപ്രമാണം ലംഘിക്കണോ?.

11:''ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തവനോടു,യാത്രാ മംഗളത്തിന്  അചരവസ്തുവിനോടും അവൻ പ്രാർത്ഥിക്കുന്നു''(Wisdom 13:18) :- അനുധിന ജീവിതത്തിൽ ഈ വിഗ്രഹം നിങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ചിന്തിച്ച് നോക്കുക.


12 : ''എങ്കിലും; സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല. ധനസമ്പാദനത്തിനും ജോലിക്കും പ്രവർത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്,ശക്തിഹീനമായ കരത്തോട് പ്രാർത്ഥിക്കുന്നു''(Wisdom 13:17,19) :- താങ്കളുടെ വിശ്വാസജീവിതരീതിയോട് ഈ വചനം ചേർത്ത്ചിന്തിച്ച് നോക്കുക.

13: ''തടികൊണ്ട് നിർമിക്കുകയും സ്വർണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാർ പർവതങ്ങളിലെ കല്ലുകൾക്ക്  സമാനമാണ്.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകും'' (Baruch6:39) :- ലജ്ജാകരമായ ഈ പ്രവർത്തി ഇനിയും നമുക്ക് വേണോ?.


14 : ''ഭൂമിയിലെ കീടങ്ങൾ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോൾ അവയുടെ ഹൃദയം ഉരുകിയതാണ് എന്ന്
മനുഷ്യർ പറയുന്നു''(Baruch 6:21) :- ഈ അവസ്ഥകൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അവ ദൈവത്തിൽ നിന്നല്ല എന്ന സത്യം തിരിച്ചറിയുക.


15 : ''തങ്ങൾക്ക് ആവശ്യമുള്ളത്തിലും കൂടുതൽ വിളക്കുകൾ അവർ ദേവന്മാർക്കു വേണ്ടി കത്തിക്കുന്നു''(Baruch 6:19):- വിഗ്രഹത്തിനു മുൻപിൽ കൂടുകണക്കിന് മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ വചനം ഓർക്കണേ.

16 : ''രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാ വശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങൾ കള്ളന്മാർ അപഹരിക്കാതിരിക്കാൻ പുരോഹിതന്മാർ വാതിലുകളും താഴുകളും ഓടാബലകൾകൊണ്ടും ക്ഷേത്രം സുരക്ഷിതമാക്കുന്നു''(Baruch 6 18) :- നിങ്ങളുടെ വിഗ്രഹവും സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അല്ലെ?. 


17 : ''ആഡംബരഭ്രമമുള്ള യുവതികളെന്നപോലെ, അവയെ അവർ സുവർണ കിരീടം
ധരിപ്പിക്കുന്നു''(Baruch 6:9):-കിരീടധാരണവും മാലയർപ്പണവും ഓർമ്മയുണ്ടല്ലോ.

18 : ''തുരുമ്പ് പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താൻ രക്ഷിക്കാൻ അവയ്ക്കൊന്നിനും സാധ്യമല്ല''(Baruch 6:12):- എല്ലാ വര്ഷവും തിരുന്നാൾ പ്രമാണിച്ച് .

അവയെ തേച്ചുമിനുക്കുമ്പോൾ എങ്കിലും വിഗ്രഹം തെറ്റാണ് എന്ന ഈ ദൈവ വചനം ഓർക്കണേ.


19: ''വിഗ്രഹത്തിന്റെ വലതുകയ്യിൽ കഠാരയുണ്ട്;കോടാലിയുമുണ്ട്.
 എന്നാൽ യുദ്ധങ്ങളിൽ നിന്നോ കവർച്ചയിൽ നിന്നോ തന്നെത്തന്നെ രക്ഷിക്കാൻ അതിനു കഴിവില്ല.അതുകൊണ്ട് അവദേവന്മാരല്ലെന്ന് വ്യക്തമാണ്‌.അവയെ ഭയപ്പെടേണ്ട''(Baruch 6: 16):-പുണ്യാളനും രൂപങ്ങളും ഒര്മയിലുണ്ടല്ലോ.


20: അകാലത്തിൽ പുത്രൻ മരിച്ച ദുഖം ഗ്രസിച്ച പിതാവ് തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി; മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിൻഗാമികൾക്ക് വൃതാനുഷ്ട്ടനങ്ങൾ രഹസ്യമായി നിശ്ചയിച്ച് കൊടുക്കുകയും ചെയുന്നു''(Wisdom 14:15):- മനുഷ്യനെ വിശുദ്ധനാക്കി മാറ്റി ദൈവത്തിന് കൊടുക്കേണ്ട മഹത്വം നൽകുമ്പോൾ ഓർക്കണേ അത് ദൈവ പ്രമാണത്തിനു എതിരാണെന്ന സത്യം.

21: ''നീ നിനക്കായി നിർമ്മിച്ച ദേവന്മാരെവിടെ?. നിന്റെ കഷ്ട്ടകാലത്ത് നിന്നെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാർ നിനക്കുണ്ടല്ലോ''(Jeremiah 2:28):- പല രൂപത്തിലും ഭാവത്തിലും സ്ഥലപേരുകൾ കൂട്ടിച്ചേർത്തു ദൈവസന്നിധിയിൽ മാധ്യസ്തമായി പ്രാർത്ഥിക്കുമ്പോൾ ഈ ദൈവവചനം ഓർമയിൽ ഉണ്ടായിരിക്കട്ടെ.


22:''വരും തലമുറകൾക്ക് നുണകളും നിന്ദയും മാത്രമാണ് ഇത് അവശേഷിപ്പിക്കുന്നത്''(Baruch 6:47).:- അത്ഭുതം തുളുമ്പുന്ന, വിശ്വാസം ജനിപ്പിക്കുന്ന കഥകൾ ഓരോരോ വിഗ്രഹത്തിനും പറയാനുണ്ടാകും.


23: '' ആരാധിക്കാൻ വേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങളെ അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും''(Isaiah 2: 20):-സമ്പത്തിനനുസരിച്ച് പുതിയ വിഗ്രഹം വാങ്ങികൂട്ടിയപ്പോൾ തൊട്ടുമുൻപ് വരെ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ച വിഗ്രഹമെവിടെ?.ഉപയോഗശൂന്യമായ വസ്തുക്കൾക്കൊപ്പം തന്നെയല്ലേ ഇപ്പോൾ അവയുടെ സ്ഥാനം.   

ഇവയെല്ലാം;വിഗ്രഹാരാധന തെറ്റാണെന്നും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നും വെളിപ്പെടുത്തുന്ന ദൈവചനത്തിലെ(ബൈബിളിലെ )ചുരുക്കം ചില വചനങ്ങൾ മാത്രം. നമ്മിൽ തന്നെ നിലനില്ക്കുന്ന ഈ ലോകത്തിന്റെ പാരബര്യവിശ്വാസം  ഈ വചനസത്യത്തിനു നേരെ കണ്ണടക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു.''ഇത് മനുഷ്യ വർഗത്തിന് ഒളിഞ്ഞിരിക്കുന്ന  ഒരു കെണിയാണ്‌''(Wisdom 14:21a).മനുഷ്യർ നിർമിച്ച വിഗ്രഹത്തിന് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. വചനം പറയുന്നു'' എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു.ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറുകൾ കുഴിക്കുകയും ചെയ്തു''(Jeremiah 2:13). സത്യദൈവത്തിന്റെ മഹത്വം വിഗ്രഹത്തിന് കൈമാറി അതിൽ വിശ്വാസിച്ച്  സംതൃപ്തി അടയുകയും ചെയ്യുന്നതാണ് താങ്കളുടെ അവസ്ഥയെങ്കിൽ സൂക്ഷിക്കണം കാരണം; നിങ്ങൾ നിത്യജീവനിലേക്ക്‌ നയിക്കുന്ന പാതയില്ല.   

''ദൈവത്തെ ആരോട് നിങ്ങൾ തുലനം ചെയ്യും?. അവിടുത്തോട്‌ സാദ്രശ്യമുള്ള രൂപമേത്?. ശിൽപി വാർത്തതും സ്വർണ പണിക്കാരൻ സ്വർണം പൂശി വെള്ളിച്ചങ്ങലകൾ അണിയിച്ചതുമായ  വിഗ്രഹമോ''?.(Isaiah 40:18-19). ഈ വചനം നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യട്ടെ.

സീനായി മലമുകളിൽ വെച്ച് ദൈവത്തിൽ നിന്നും ഉടബടി പത്രിക സ്വീകരിച്ച ശേഷം മോശ കാണുന്നത് ''ഈജിപ്തിൽ നിന്നും നമ്മെ കൊണ്ടുവന്ന ദേവന്മാർ '' എന്നുപറഞ്ഞ് സ്വര്ണം കൊണ്ട് കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിന്  യാഗം കഴിക്കുന്ന ജനത്തെയാണ്(Exodus 32:4).ദൈവത്തിന്റെ മഹത്വ രൂപമായാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെങ്കിലും അത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല; ദൈവത്തിന്റെ ശിക്ഷയ്ക്ക് കാരണമാവുകയും ചെയ്തു. യേശുവിന്റെ രൂപം ഉണ്ടാക്കി ആ പ്രതിമയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഇസ്രയേല ജനത്തിൽ നിന്നും നമ്മളും ഒട്ടും വ്യത്യസ്തരല്ല. അനുഗ്രഹത്തിന് പകരം ദൈവത്തിന്റെ ശിക്ഷയ്ക്ക് പാത്രമാകപ്പെടും  എന്ന് കൂടി ഓർക്കണം.

നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗത്തില്ലേക്ക് ഉയർത്താം. അങ്ങനെ ആത്മാവിന്റെ നിറവിൽ ''വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം'' നമുക്ക് തിരിച്ചറിയാം(Ezekiel 44:23). സത്യ ദൈവത്തിലേക്ക് നമ്മുടെ ചിന്തകളെ ചായിക്കാൻ, എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ വചനമായ പുത്രനെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...

Wednesday, 19 March 2014

പ്രാർത്ഥനയുടെ പൂർണ്ണത...

നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെ നേരെ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക(Proverbs 2:2-3).ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുവാനും ദൈവത്തെകുറിച്ചുള്ള അറിവ് നൽകുന്ന ജ്ഞാനത്തിൽ നിറയുവാനും പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ.

ദൈവവുമായി ഒരു വിശ്വാസി പുലർത്തിപോരുന്ന വ്യക്തിപരമായ ബന്ധത്തെയാണ് പ്രാർത്ഥന എന്നുപറയുന്നത്. അതിനാലാണ് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് രഹസ്യങ്ങൾ, രഹസ്യമായി, പിതാവിനോട് പങ്കുവക്കണമെന്ന് (Mathew 6:6)വചനം അനുശാസിക്കുന്നതും.  
തനിക്ക്  ഇല്ലാതിരുനതും യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽ സാധ്യമായതും ആ വിശ്വാസത്തിലുള്ള സ്ഥിരതയാൽ പൂർണ്ണമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ആ വലിയ ആത്മരക്ഷ പ്രാപിച്ചവ്യക്തി ദൈവത്തിനർപ്പിക്കുന്ന കൃതന്ജത ബലിയാണ് പ്രാർത്ഥന(Psalms 50:14,23).

നാം വ്യക്തിപരമായും, കുടുംബമായും, കൂട്ടായ്മയിലൂടെയും വിവധ തരത്തിൽ പ്രാർത്ഥിക്കാറുണ്ട്. അവയെല്ലാം വചനാടിസ്ഥാനത്തിൽ ശരിയും സ്വീകര്യവുമാണ്. ചിന്തിക്കുവാൻ ചില ചോദ്യങ്ങൾ...
  • എന്തുകൊണ്ട് എപ്പോഴും പ്രാർത്ഥനക്ക്‌ ഒരേ അനുഭവം കൈവരാത്തത്?.
  • ചിലപ്പോൾ ദൈവീക സമാധാനം നൽകുന്ന പ്രാർത്ഥന; മറ്റുചിലപ്പോൾ ഒരു അനുഭവവും നൽകാത്തത് എന്തുകൊണ്ട്?.
  • പ്രാർത്ഥനയുടെ ബാഹ്യഘടനയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും ഈ വ്യത്യസ്തമായ അനുഭവത്തിന്റെ കാരണമെന്താണ്?.
  • പൂർണ്ണബലി സമർപ്പണം എനിക്ക് എങ്ങനെ അനുഭവവേദ്യമാക്കം?.  
  • പ്രാർത്ഥനയുടെ പൂർണ്ണത കൈവരിക്കാൻ ഞാൻ എന്തുചെയ്യണം?.

ഈ ചോദ്യങ്ങൾ ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ഉള്ളിൽ ഉയർന്നു വന്നിട്ടുണ്ടാകാം.നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ.എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാകുന്നു(Leviticus10:9). ജീവിതവിശുദ്ധി കൈവരിക്കാൻ പഴയനിയമത്തിൽ ദൈവം യഹൂദജനത്തിന് വിവിധങ്ങളായ ബലികളും കാഴ്ചകളും കല്പിച്ച് നല്കുന്നു.അഞ്ചുബലികളും  വിവിധങ്ങളായ ബലിയർപ്പണ്ണ നിയമങ്ങളും പഴയനിയമത്തിലെ ലേവ്യർ ( Leviticus) ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്തരീക വിശുദ്ധിയുടെ അടയാളമായ ഈ ബാഹ്യഅനുഷ്ഠനങ്ങളിൽ കൂടി മാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാൻ കഴിയും എന്ന തെറ്റായ വിശ്വാസം അവർ പുലർത്തിപോന്നിരുന്നു. ഇന്ന് നമുക്കിടയിലും ഇത്തരം ബഹ്യപ്രവർത്തിയിലുള്ള തെറ്റായ വിശ്വാസം നിലനില്ക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

സമഗമാകൂടാരത്തിൽ പുറം വാതിലിനോട് ചേർന്ന് ക്ഷാളനപാത്രത്തിന് മുൻപിൽ യവനികയാൽ മറക്കപ്പെട്ട് ആദ്യസ്ഥാനമാണ് ബലിപീഠത്തിനുള്ളത്.(Exodus 40:7,29). കർത്താവ് കല്പിച്ചതനുസരിച്ച് എല്ലാ ശുദ്ധീകരണങ്ങൾക്ക് ശേഷം അഹരോൻ ബലിയർപ്പിച്ചപ്പോൾ കർത്താവിന്റെ മഹത്വം സ്ഥിതിചെയ്യുന്ന അതിവിശുദ്ധസ്ഥലത്തുനിന്നും അഗ്നി പുറപ്പെട്ട്  ബലിപീഠത്തിലിരുന്ന ബലിവസ്തുവിനെ ദഹിപ്പിച്ചുകളഞ്ഞു(Leviticus 9:24). വ്യക്തമാക്കിയാൽ  പഴയനിയമത്തിലെ പുരോഹിതൻ; ജനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി ബലിയർപ്പിക്കുമ്പോൾ; ബലിവസ്തു ദൈവസന്നിധിയിൽ നിന്നുംപുറപ്പെടുന്ന അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടാൽ മാത്രമേ ആ ബലി ദൈവത്തിന് പ്രീതികരവും സ്വീകാര്യവുമായി മാറ്റപ്പെടുകയുള്ളൂ. എന്നാൽ മാത്രമേ ബലിസമർപ്പിച്ചവന്റെ അന്തകരണത്തെ ശുദ്ധികരിക്കപ്പെടുകയുള്ളൂ.

ഈ പഴയനിയമ ബലിയർപ്പണത്തിന് പുതിയനിയമ വിശ്വാസിയായ നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യവുമില്ല. പൂർണ്ണമായ മറ്റൊന്ന് സ്ഥാപിക്കുന്നതിനുവേണ്ടി യേശുവിന്റെ ഏകബലിയാൽ മാറ്റപ്പെട്ട (Hebrew 10:9-10)  ഇത്തരം ബാഹ്യപ്രവർത്തികളല്ല ആത്മീയ വിശ്വാസമാണ് നമുക്ക് രക്ഷനൽകുന്നത്. പ്രവർത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കുന്നു(Romans 4:5).  

പ്രാർത്ഥന എന്നത് ബലിയർപ്പണമെങ്കിൽ;എന്താണ് നമ്മുടെ ബലിവസ്തു?. അതെ; സുഹൃത്തേ പുതിയ നിയമ വിശ്വാസിയായ നമുക്കും ചില ബലിവസ്തുക്കൾ ഉണ്ട്. അത് പഴയനിയമ പ്രകാരമുള്ള മൃഗമോ പക്ഷിയോ,വിളവിന്റെ ഭാഗമോ,സ്വർണമോ വെള്ളിയോ,മറ്റു വസ്തുക്കളോ അല്ല; മറിച്ച് നമ്മുടെ പാപങ്ങൾ അവന്റെ മുൻപിൽ ബലിയായി സമർപ്പിക്കപ്പെടുകയും, പാപബോധം ബലിവസ്തുവായി കത്തപ്പെടുകയും ചെയ്യണം.

അറിഞ്ഞോ അറിയാതെയോ ദൈവഹിതത്തിനു എതിരായി ചിന്തിച്ചു പോയ നിമിഷങ്ങൾ, പ്രവർത്തിച്ചു പോയ സാഹചര്യങ്ങൾ,അവന്റെ വാഗ്ദാനത്തിന് എതിരായി  വന്നുപോയ ഓരോ പാപങ്ങളും അവന്റെ മുൻപിൽ ബലിവസ്തുവായി നമ്മുടെ പ്രാർത്ഥനയിൽ സമർപ്പിക്കപ്പെടണം. ചെയ്തുപോയ തെറ്റിന്റെ ബോധ്യത്തിൽ നിന്നും ജനിപ്പിക്കുന്ന പശ്ചാതാപം; മാനസാന്തരത്തിലേക്കും, പാപമോചനത്തിലേക്കും നമ്മെ നയിക്കണം.നമുക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തോത്രങ്ങളും (Psalms50:14)അവന്റെ മുൻപിൽ അർപ്പിക്കപ്പെടുമ്പോൾ അവന്റെ വിശുദ്ധി എത്രയോ അതികമായി നമ്മിൽ നിറയും. 

ഇങ്ങനെ പാപബോധവും അതിൽ നിന്നും ഉടലെടുക്കുന്ന പശ്ചാതാപവും അവന്റെ മുൻപിൽ ഓരോ പ്രാർത്ഥനയിലും  അക്ഷരാർത്ഥത്തിലല്ല മറിച്ച് ; ആത്മാവിന്റെ ഉത്തമ ബോധ്യത്തിൽ നിന്ന് സമർപ്പിക്കപ്പെടുമ്പോൾ നമ്മിൽ വസിക്കുന്ന ദൈവത്തിന്റെ മഹത്വമായ പരിശുദ്ധത്മാവ് നമ്മിൽ വ്യാപരിക്കും(2Cori 6:16). പന്തക്കുസ്താത്തിരുന്നാളിൽ ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്ന അഗ്നിജ്വാലപോലുള്ള പരിശുദ്ധത്മാവിന്റെ നാവുകൾ (acts of apostles 2:3)നമ്മിലും നിറയും.കർത്താവിന്റെ സന്നിധിയിൽ നിന്നും അഗ്നിയിറങ്ങി ബലിവസ്തു കത്തപ്പെടുന്നതുപോലെ(Leviticus 9:24) ആത്മാവിന്റെ കത്തുന്ന അനുഭവം ഓരോ പ്രാർത്ഥന നിമിഷങ്ങളിലും നമുക്കുണ്ടാകണം. സുഹൃത്തേ; ഈ ആത്മാവിന്റെ കത്തുന്ന അനുഭവമാണ്‌ പ്രാർത്ഥനയുടെ പൂർണ്ണത.നമ്മിൽ തന്നെ അനുഭവിക്കാൻ കഴിയുന്ന ആത്മാവിന്റെ വ്യപാരമാണ് പ്രാർത്ഥനയുടെ യഥാർത്ഥ അനുഭവവും ദൈവത്തിന് സ്വീകാര്യമായ ബലിയുടെ തെളിവും.

നമ്മുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റെ പൂർണത കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണങ്ങൾ..
  • പ്രാർത്ഥനയ്ക്ക് വേണ്ടവിധം ഒരുങ്ങിയോ?(Mathew 6:6).
  • പാപവും പാപമാർഗ്ഗങ്ങളുമായ ബലിവസ്തു ഉണ്ടായിരുന്നോ?.
  • ബലിവസ്തുക്കളെ അവന്റെ മുൻപിൽ സമർപ്പിച്ചുവോ?.
  • ആ സമർപ്പണം പാപബോധത്തിൽ  നിന്നും ജനിപ്പിച്ച പശ്ചാതാപത്തോടെ ആയിരുന്നോ?.
  • ബലിവസ്തുക്കൾ കർത്താവിന്റെ സന്നിധിയിലെ അഗ്നിയാൽ ദാഹിച്ചുവോ?(പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടുവോ?).
  • പരിശുദ്ധത്മാവിന്റെ കത്തുന്ന അനുഭവം ഉണ്ടായിരുന്നോ?.

ഇതിൽ എന്താണ് എനിക്ക് കൈമോശം വന്നിരിക്കുന്നത്, എന്താണ് എന്റെ ബലിയിൽ കുറവുള്ളത് എന്ന് നമുക്ക് സ്വയം ചിന്തിക്കാം. പ്രാർത്ഥനക്കുവേണ്ട ഒരുക്കവും ബലിവസ്തുക്കളും നമുക്കുണ്ടായിരിക്കാം; പക്ഷേ ബലിവസ്തുവിന്റെ പൂർണ്ണ സമർപ്പണക്കുറവും കത്തപ്പെടാത്ത അവസ്ഥയുമാണ് പലപ്പോഴും നമ്മുടെ പ്രാർത്ഥനയുടെ അപൂർണതക്ക് കാരണമാകുന്നത്. പാരമ്പര്യവിശ്വാസവും ഈ ലോകമോഹങ്ങളും പൂർണമായ പ്രാർത്ഥനയുടെ അനുഭവത്തിന് തടസമാകുന്നു.ഈ ലോകവിശ്വാസത്തെയും ജഡമോഹങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് കഴിയണം.നമ്മുടെ ഓരോ ബലിയർപ്പണങ്ങളും നമ്മിൽ തന്നെയുള്ള ജഡികമനുഷ്യനെയും അവന്റെ മോഹങ്ങളെയും ഇല്ലായ്മ ചെയ്ത് ആത്മീയ മനുഷ്യനെ ശക്തിപ്പെടുത്തലായിരിക്കണം(Corinthians 4:16).ജഡമോഹങ്ങൾ കത്തപ്പെടുകയും ആത്മീയരക്ഷ ദൃഡമാക്കുകയും ചെയ്യണം. പാപബന്ധനത്തെ  ഇല്ലായ്മചെയ്തു ആത്മാവിൽ നിറയപ്പെടണം.  ജഡശരീരത്തിൽ അധികാരമുള്ള പിശാചിൽ നിന്നും പൂർണ്ണ വിടുതൽ പ്രാപിക്കുന്ന ഈ ലോകജീവിതഅവസാനം വരെ നീണ്ടുനിൽകുന്ന ഒരു പ്രക്രിയയാണിത്. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് കഴിയും(Romans 12:2b).

കാലഹാരണപ്പെട്ട പഴയനിയമ പുരോഹിതന്റെ മുൻപിൽ; അർപ്പിക്കുന്നവന്റെ അന്തകരണത്തെപ്പോലും  വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത ഭൗതീകമായ ബലിവസ്തുക്കള്ളൂമായി (Hebrew 9:9) പാപ മോചനം യാചിക്കുന്ന സുഹൃത്തെ ഓർക്കുക; യേശുവിന്റെ എകബലി സമർപ്പണം വഴി നമുക്ക് ലഭ്യമായ അതിവിശുദ്ധ സ്ഥലമായ ശ്രീ കോവിലിലേക്കുള്ള പാത തങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ടിട്ടില്ല(Hebrew 8:9). അവനുമായി ബന്ധം പുലർത്താൻ താങ്കൾ യോഗ്യനല്ല. അടിസ്ഥാനപരമായി തെറ്റിയവന് ദൈവവുമായി ബന്ധമില്ലാത്തവന് അവനിൽ ഒന്നും സ്വീകരിക്കാൻ സാധ്യമല്ല എന്നസത്യം താങ്കൾ ഓർക്കണം.

കുഞ്ഞാടിന്റെ രക്തത്താൽ ലഭ്യമായ ശുദ്ധീകരണം നമുക്ക് പ്രാപിക്കാം.ജഡമോഹങ്ങളെ ഉപേഷിച്ച് ആത്മാവിൽ ശക്തിപ്രാപിക്കാൻ നമുക്ക് കഴിയട്ടെ.  അവനുമായി രഹസ്യങ്ങൾ  പങ്കുവയ്ക്കാനും അങ്ങനെ നമ്മിൽ ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനെ അനുഭവിക്കാനും നമുക്ക് കഴിയട്ടെ.ഓരോ പ്രാർത്ഥനയിലും ആത്മാവിന്റെ കത്തുന്ന അനുഭവം പ്രാർത്ഥനയുടെ പൂർണതയിലേക്ക് നമ്മെ നയിക്കട്ടെ.
                                                        ദൈവത്തിന് നന്ദി...    

Friday, 20 September 2013

ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷം...

എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു. ജാഗരൂകതയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു(Proverbs8:17). ജ്ഞാനത്തിന്റെ  ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ച് കണ്ടെത്താൻ പരിശുദ്ധാത്മാവ് നമ്മെ അനുഗ്രഹിക്കട്ടെ. 

ഭുമിയിലെ പൂഴികൊണ്ട് രൂപപ്പെടുത്തി ജീവന്റെ ശ്വാസം നാസാരന്ധ്രങ്ങളില്ലേക്കു നിശ്വസിച്ചതുവഴി  ജീവനുള്ളതായി തീർന്ന മനുഷ്യന്,സകല സൃഷ്ടികളിന്മേലും ലഭിച്ച ആധ്യപത്യത്തോടെയാണ് ആറ് ദിവസം നീണ്ടുനിന്ന പ്രപഞ്ചസൃഷ്ട്ടി പൂർണ്ണമാകുന്നത്.ജീവിക്കാൻ ഏദൻ തോട്ടം,തോട്ടം നനയ്ക്കാൻ നദികൾ,ഭക്ഷിക്കാൻ തോട്ടത്തിൽ സ്വാദുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങൾ, തോട്ടത്തിൽ കൃഷി ചെയ്യാൻ അവകാശം,സകല ജീവജാലങ്ങളുടെമേലും അധികാരം. തന്റെ എല്ലാ സൃഷ്ടികളും നല്ലതെന്ന് കണ്ട ദൈവം;സൃഷ്ട്ടിയുടെ മകുടമായ മനുഷ്യനോട് ഒന്ന് കൽപ്പിച്ചു 'തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും' (Genesis2:16-17). 

  • ഭക്ഷിച്ചാൽ മരിക്കുമെങ്കിൽ എന്തിന് അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുവിൽ വളർത്തി ?.
  • സാത്താനെ എന്തിന് തോട്ടത്തിൽ കടക്കാൻ ദൈവം അനുവദിച്ചു?. 
  • എന്താണ് ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും?.
  • എന്താണ് അറിവിന്റെ വൃക്ഷത്തിലെ നന്മയും തിന്മയും?. 
  • ഭക്ഷിച്ചാൽ മരിക്കുമെന്ന് കല്പിച്ച  വൃക്ഷത്തിന്റെ പഴം ഭക്ഷിച്ചിട്ടും എന്തുകൊണ്ട് അവർ മരിച്ചില്ല?.    

ചിന്തകൾ ....
ദൈവമനുഷ്യബന്ധത്തെ വിശുദ്ധഗ്രന്ഥത്തിൽ പ്രത്യേകിച്ച് പുതിയ നിയമത്തിൽ വിവധതരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടയനും ആട്ടിൻകൂട്ടവും, മുന്തിരിചെടിയും ശാഖകളും ഇങ്ങനെ വിവധങ്ങൾ. എന്നാൽ ഏദൻ തോട്ടത്തിലെ ദൈവമനുഷ്യ ബന്ധം ഇതിനെക്കാൾ ശക്തമായിരുന്നു. സൃഷ്ട്ടികർമ്മം മുതൽ ദൈവം മനുഷ്യന് നൽകിയ അവകാശം അതിന് തെളിവാണ്. ഭുമിയിലും ആകാശത്തുമുള്ള സകല ജീവജാലങ്ങളെയും മനുഷ്യന്റെ മുൻപിൽ കൊണ്ടുവന്ന്; അവൻ അവയ്ക്ക് വിളിക്കുന്ന പേരിന് കാതോർത്ത് കാത്ത് നിന്ന(Genesis 2:19) ദൈവത്തിന്റെ പ്രവർത്തി ദൈവമനുഷ്യബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിവേചന ശക്ത്തിയാൽ അവർ ദൈവബന്ധത്തെ തിരിച്ചറിയുമെന്നും ദൈവനിവേശിതമല്ലാത്തതിനെ അവർ സ്വീകരിക്കുകയില്ല എന്നുമ്മുള്ള ദൈവത്തിന്റെ വിശ്വാസം.  അതിനേക്കാളുപരി ദൈവം മനുഷ്യനു നൽകിയ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ദ്ര്യം(Ecclesiasticus15:14). ഈ ബന്ധമാണ് തോട്ടത്തിന്റെ നടുവിൽ ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ വളർത്താൻ കാരണമായത്. മനുഷ്യന് ദൈവത്തോടുള്ള വിശ്വാസവും ബന്ധവും പരീക്ഷിച്ചറിയുക എന്ന് സാരം.

ദൈവവുമായി മത്സരിച്ചതിനാൽ ദൈവസന്നിധിയിൽ നിന്നും മാറ്റപ്പെട്ട ദൈവദൂതനാണ്(Isaiah 14 :11-15) സാത്താനായി രൂപം പ്രാപിച്ചത്. ദൈവത്തെ തോൽപ്പിക്കാൻ കാത്തിരിക്കുന്ന അവനെ; തന്റെ സൃഷ്ട്ടിക്ക് പോലും തകർക്കാൻ കഴിയും എന്ന ദൈവത്തിന്റെ കാഴ്ചപ്പാടാണ്, സാത്താൻ തോട്ടത്തിൽ പ്രവേശിക്കാൻ ഇടയായത്. ഈ വിശ്വാസബന്ധമാണ് പാപത്തിന്റെ ഇടപെടലിനാൽ തകർന്നു പോയത്.   

ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങൾ:

ഏദൻ തോട്ടത്തിന് നടുവിൽ  വളർന്നിരുന്ന ഇവ രണ്ടും; ഇന്ന് നമുക്ക് ചുറ്റും കാണാൻ കഴിയുന്ന തരത്തിലുള്ള ഫലങ്ങൾ കായ്ക്കുന്ന രണ്ട് മരങ്ങളല്ല മറിച്ച്  രണ്ട് വിശ്വാസതലങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി  കാണുന്നതാണ് ഉചിതം . 

'കൈവശപ്പെടുത്തുന്നവർക്ക്  ജീവന്റെ വൃക്ഷമാണ്.മുറുകെപ്പിടിക്കുന്നവർ സന്തുഷ്ട്ടരെന്ന് വിളിക്കപ്പെടുന്നു(Proverbs 3:18).വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തിൽ നിന്നും ഞാൻ ഭക്ഷിക്കാൻ കൊടുക്കും (Revelation 2:7). ദൈവീക സ്നേഹത്തെയും ആത്മീയ രക്ഷയേയുമാണ്  ജീവന്റെ വൃക്ഷം  പ്രതിനിധാനം ചെയ്യുന്നത്.

എന്നാൽ,അറിവിന്റെ വൃക്ഷം എന്നത് കൂടുതൽ സൂക്ഷ്മതയോടെ ഗ്രഹിക്കേണ്ട ഒന്നാണ്.ഫലം ഭക്ഷിക്കരുത് എന്ന് ദൈവം കൽപ്പിച്ചതിനാൽ തന്നെ അറിവിന്റെ വൃക്ഷം ദൈവത്തിന് സ്വീകാര്യമല്ല എന്നത്  വ്യക്തമല്ലോ. പക്ഷേ ആ    ഫലത്തിൽ ഒരു നന്മയും തിന്മയും ഉണ്ട്.ഇവ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാൻ കാരണമായേക്കാവുന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ട്.  

തിന്മ എന്നത് പാപത്തിന്റെ പര്യായമായാതിനാൽ അത് പിശാചിൽ നിന്നാണ് എന്നതിന് സംശയമില്ല.എന്നാൽ ഫലത്തിലെ നന്മ ഒളിഞ്ഞിരിക്കുന്ന ഒരു കെണിയാണ്. കൗശലക്കാരനായ സർപ്പത്താൽ വശീകരിക്കപ്പെട്ട ഹവ്വ; വിലക്കപ്പെട്ട കനി ഭക്ഷിക്കുവാൻ ആഗ്രഹിച്ചപ്പോൾ തന്നെ അതിന്റെ ഗുണങ്ങളായ നന്മയും തിന്മയും വേർത്തിരിച്ചറിഞ്ഞു. ആ പഴം ആസ്വാദ്യവും,കണ്ണിനു കൗതുകവും,അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണെനു അവൾ തിരിച്ചറിഞ്ഞു(Genesis 3:6). പിശാചുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ദൈവത്തിന്റെ കല്പന മറക്കുകയും  പിശാച് നല്കിയ പുതിയ അറിവ് സത്യമാണെന്ന്  അവൾ മനസിലാക്കി. നമ്മൾ തന്നെ തീരുമാനിക്കും ഏതാണ് ശരി,ഏതാണ് തെറ്റ് എന്ന്. നമ്മെ പിടികൂടിയിരിക്കുന്ന തെറ്റായ വിശ്വാസവും അതിന് കാരണമായ അറിവും സാഹചര്യവും അറിവിന്റെ വൃക്ഷത്തിലെ നന്മയെ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.  

  • അറിവിന്റെ വൃക്ഷത്തിലെ നന്മ തിന്മയുടെ മൂടുപടമാണ്.
  • ദൈവത്തിന് സ്വീകര്യമല്ലാത്ത നന്മ.
  • പാപത്തിന്റെ പിടിയിലകപ്പെടുന്ന നമുക്ക് കൈവരുന്ന നിർഭാഗ്യകരമായ അവസ്ഥയാണ്‌ അറിവിന്റെ വൃക്ഷത്തിലെ നന്മ.
  • ഇത് പിശാചിന്റെ ഒരു തെറ്റായ ബോധ്യമാണ്. 
  • ദൈവീക നന്മയെ കണ്ടെത്താതിരിക്കാൻ പിശാച്ച് നല്കുന്ന ഒരു കുറുക്കുവഴി.
  • പാപത്തിൽ നിന്നും ലഭിക്കുന്ന താല്കാലിക സുഖവും സംതൃപ്തിയും.

നമ്മുടെ അനുദിന ജീവിതസാഹചര്യത്തിലും ഇത്തരം അറിവിന്റെ വൃക്ഷത്തിലെ നന്മയെ കണ്ടുമുട്ടാൻ കഴിയും. തിന്മയിലേക്കുള്ള ആകർഷണവും,അറിഞ്ഞോ അറിയാതയോ ചെയ്തുപോകുന്ന തെറ്റുകളോടുള്ള നമ്മുടെ ന്യായീകരണങ്ങളും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണെന്ന് മനസിലാക്കണം.ജീവിത സാഹചര്യങ്ങൾ മാത്രമല്ല;തെറ്റായി വ്യാഖനിക്കപ്പെടുന്ന ദൈവ വചനം പോലും അറിവിന്റെ വൃക്ഷത്തിലെ നന്മയായ തിന്മയാണ്.സ്വയം തെറ്റുകൾ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്നതിനു പകരം; നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാരുള്ള(Jeremiah2:28b) ഈ ലോകവിശ്വാസത്തിനു പുറകേ പായുമ്പോൾ ഓർക്കണം സുഹൃത്തേ;അറിവിന്റെ വൃക്ഷത്തിലെ ഫലമാണ് നമ്മൾ ഭക്ഷിക്കുന്നത്. ജീവനില്ലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്(Mathew 7:14) എന്ന് വചനം പറയുമ്പോൾ; ദൈവത്തെ എളുപ്പത്തിൽ ലഭ്യമാക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തിന് തുല്യമായ ഈ ലോകവിശ്വാസം നമ്മെ ദൈവത്തിലേക്ക് അടുക്കുന്നതിനു പകരം ദൈവത്തിൽ നിന്നും അകലാൻ കാരണമാക്കുന്നു.അത്ഭ്തങ്ങളിലും അടയാളങ്ങളിലും അകൃഷ്ട്ടരായി സത്യദൈവത്തെ കണ്ടുമുട്ടതെവരുന്നു.സത്യമെന്ന് തോന്നിപ്പിക്കുന്ന പിശാചിന്റെ വക്രതയാർന്ന പ്രവർത്തി.

ദൈവത്തിന് സ്വീകര്യമല്ലാത്ത തിന്മയായണ്  അറിവിന്റെ വൃക്ഷത്തിലെ നന്മ.

ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതം നന്മയും തിന്മയും തിരിച്ചറിഞ്ഞായിരിക്കണം എന്നതിനേക്കാൾ; ജീവന്റെ ഫലത്തെയും, അറിവിന്റെ ഫലത്തെയും വിവേജിച്ചറിയുന്നതായിരിക്കണം എന്നതാണ് ഉത്തമം. 

പഴം കഴിക്കരുതെന്ന് ദൈവം കല്പ്പിച്ചിട്ടുണ്ടോ ? എന്ന സർപ്പത്തിന്റെ ചോദ്യം ഹവ്വയെ കീഴ്പ്പെടുത്തി എന്നതിന് തെളിവാണ്; കഴിക്കരുത് എന്ന് മാത്രമല്ല,തൊടുകപോലും അരുത് (Genesis 3:3) എന്ന് മറുപടി പറയാൻ കാരണമായത്.പഴം കഴിച്ചാൽ നിങ്ങൾ മരിക്കില്ല മറിച്ച് നന്മ തിന്മകൾ തിരിച്ചറിഞ്ഞ് ദൈവത്തെപോലെ ആകും എന്ന് ദൈവത്തിനറിയാം (Genesis 3:5) എന്ന പിശാചിന്റെ വെളിപ്പെടുത്തൽ അവളെ കൂടുതൽ ആകൃഷ്ട്ടയാക്കി. കണ്ണുകൾ തുറന്ന് ദൈവത്തെപോലെ ആകാം എന്ന ബോദ്ധ്യം അവളെ;ഭീകരമായ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചു.

ദൈവെഷ്ട്ടമാണെന്ന് കരുതി നാം ചെയുന്ന ബലികളും കാഴ്ച്ചകളും അറിവിന്റെ വൃക്ഷത്തിലെ നന്മയുടെ ഭാഗമാണോ?.

ലോകം ശരിയും സത്യവുമെന്ന് വിളിക്കുമ്പോൾ വിശ്വാസി, നീ ഒന്ന് കൂടി ചിന്തിക്കണം- ഇത് അറിവിന്റെ വൃക്ഷമാണോ? അതോ ജീവന്റെ വൃക്ഷമാണോ ?.

ദൈവത്തെ കാണുന്നതിനായി ഒന്നിനു പുറകെ ഒന്നായി ധ്യാനകേന്ദ്രങ്ങളും ആരാധനാലയങ്ങളും തിരക്കി നടക്കുമ്പോൾ ചിന്തിക്കുക സുഹൃത്തേ, സർപ്പം ഹവ്വയെ ചതിച്ചതുപോലെ നിങ്ങളും ചതിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

ദൈവം അവരോട് പറഞ്ഞത് 'അറിവിന്റെ ഫലം കഴിക്കുന്ന ദിവസം നിങ്ങൾ മരിക്കും(Genesis2:17b). എന്നാൽ സർപ്പം പറഞ്ഞു നിങ്ങൾ മരിക്കില്ല (Genesis 3:4). സത്യത്തിൽ ഫലം കഴിച്ച അവർ മരിച്ചില്ലല്ലോ?...ദൈവകല്പന നിറവേറാതായി പോയോ?...പിശാചിന്റെ വെളിപ്പെടുത്തലുകൾ സത്യമല്ലേ?... 
ആദ്യ ചിന്തയിൽ  ശരിയെന്ന് തോന്നിയേക്കാം. പക്ഷേ മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം (Psalms 89:34) അവിടെ നിറവേറപ്പെട്ടു - അവർ മരിച്ചു. മനുഷ്യനിൽ പാപത്താൽ കടന്നുകൂടിയതും നിലനിന്നുപോരുന്നതുമായ മൂന്നു തരത്തിലുള്ള മരണത്തിന്റെ ആദ്യഭാഗമായ ആത്മീയ മരണം അവർക്ക് സംഭവിച്ചു. വിവേചന ശക്തിയാൽ തിരഞ്ഞെടുക്കുവാനുള്ള അവകാശം ദുരുപയോഗം ചെയ്തതിനാൽ ദൈവീക ജീവൻ അവർക്ക് നഷ്ട്ടപ്പെട്ടു..ദൈവവുമായുള്ള ആത്മീയ ബന്ധം അറ്റുപോയി.
  • ആത്മീയ മരണം സംഭവിച്ചു.
  • ആത്മീയ നേത്രം അടഞ്ഞു.
  • ഭുതീക നേത്രത്തൽ അവർ നഗ്നരെന്ന് അവർ കണ്ടു.
  • അത്തി ഇലകളാൽ അരകച്ച ഉണ്ടാക്കി.
  • ദൈവത്തിൽ നിന്നും ഓടി ഒളിച്ചു.
  • ജീവന്റെ വൃക്ഷവും ഏദൻ തോട്ടവും നഷ്ട്ടമായി.
യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ പ്രദാനം കഴിയുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലമായ ദൈവവചനവും, സത്യവിശ്വാസവും ഒരു വശത്തും ദൈവത്തെ നേടാൻ എളുപ്പ വഴികളുമായി അറിവിന്റെ വൃക്ഷമായ ഈ ലോകവിശ്വാസം മറുവശത്തും. ആദ്യമാതപിതക്കന്മാർക്ക് കൊടുത്തതുപോലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ദ്ര്യം ദൈവം നമുക്കും നല്കിയിരിക്കുന്നു. കഴിക്കരുതെന്ന് ദൈവം കൽപ്പിച്ച താത്കാലിക സംതൃപ്തി നല്കുന്ന ഈ ലോക വിശ്വാസം പിഞ്ചെല്ലണോ അതോ  യഥേഷ്ട്ടം ഭക്ഷിച്ചുകൊള്ളുക എന്നുകൽപ്പിച്ചുനല്കിയ യേശുവെന്ന ജീവന്റെ ഫലം ഭക്ഷിക്കണമോ?. തീരുമാനം നമ്മുടെതാണ്‌...
 വചനം നമുക്ക് സമീപസ്ഥമാണ് (Deuteronomy30:14 ) മനസുവച്ചാൽ കല്പനകൾ പാലിക്കാൻ കഴിയും. വിശ്വസ്തതപ്പൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്(Ecclesiasticus15:15 ). ഇതാ,ഇന്നു നമ്മുടെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു.(Deuteronomy 30:15).ഓർക്കണം പാപം ചെയ്യാൻ അവിടന്ന് ആരോടും കല്പിപ്പിച്ചിട്ടില്ല.ആർക്കും അനുവാദം കൊടുത്തിട്ടുമില്ല(Ecclesiasticus 15:20). 

ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ  എന്നറിഞ്ഞു അരിശം പൂണ്ട പിശാച്ച് ഈ ലോകത്തില്ലേക്കു ഇറങ്ങിയിരിക്കുന്ന (Revelation 12:12b)  ഈ അവസാന കാലഘട്ടത്തിൽ നമ്മെ പിടികൂടിയിരിക്കുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലത്തെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. വിജയം വരിക്കുന്നവന് നല്കുമെന്ന് കൽപ്പിച്ച ദൈവത്തിന്റെ പാറുദീസായിലെ ജീവന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ.അതിന് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...