Showing posts with label Christian. Show all posts
Showing posts with label Christian. Show all posts

Monday, 5 May 2014

ദൈവവചനവും വിഗ്രഹങ്ങളും

തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.സദ്‌വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു(Proverbs 15:30). ജീവനേകുന്ന രക്ഷാവചനത്തിന്റെ പൊരുളറിയാൻ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
വിഗ്രഹം എന്നപദത്തെ വിശുദ്ധഗ്രന്ഥത്തിൽ വിവിധതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ''വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി'' (Colossians 3:5)എന്ന വചനം സമ്പത്തിനോടുള്ള അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.അമിതമായി ആഗ്രഹം വച്ച് പുലർത്തുന്നഎന്തും;പണമോ,വസ്തുക്കളോ,വ്യക്തികളോ,കഴിവുകളോ എന്തുമാകട്ടെ ഇവയെല്ലാം വിഗ്രഹാരാധന എന്ന ഗണത്തിൽപ്പെടും. കാരണം;ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. 


പാരബര്യവിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപമെന്ന വിഗ്രഹത്തിനും, വിഗ്രഹാരധനക്കും വലിയ ഒരു സ്ഥാനം നല്കപ്പെട്ടിരിക്കുന്നു.  
മണ്ണിലോ, മരത്തിലോ, മറ്റ് ലോഹങ്ങളിലോ നിർമ്മിക്കുന്ന രൂപത്തിന്( വിഗ്രഹത്തിന്) ദൈവത്തിന്റെ മഹത്വം നല്കി, ദൈവമെന്ന പേരുചൊല്ലി പ്രാർഥിക്കുന്നത് ദൈവവചനാടിസ്ഥാനത്തിൽ ശരിയാണോ? എന്നു് നമുക്ക് വചനത്തിൽ പരിശോധിക്കാം.
   
1:''പേരു പറയാൻ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകൾക്കും
ആരംഭവും,കാരണവും,അവസാനവും''(Wisdom 14:27)
:- അവിശ്വസ്തതയുടെ ആരംഭമായ ഈ വിഗ്രഹാരധനക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കുക.


2:''ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക് തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു''(Wisdom 14:22) :- ക്രിസ്തുവിന്റെ രൂപം എന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിനു മുൻപിൽ കൈവിരിച്ച് പ്രാർത്ഥിച്ച് കിട്ടുന്ന അവസ്ഥയെ സമാധാനമെന്ന് വിളിക്കുന്ന സുഹൃത്തേ; അതല്ല യഥാർത്ഥ ദൈവീക സമാധാനം എന്ന്  സത്യം തിരിച്ചറിയുക.


3:''വിഗ്രഹങ്ങൾക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു അവർ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകൾ പുലര്ത്തി,വിശുദ്ധിയോടുള്ള അവന്ജമൂലം കള്ളസത്യം ചെയ്തു.ഈ രണ്ടു കാര്യങ്ങൾക്കും അവർ ഉചിതമായ ശിക്ഷ അനുഭവിക്കും''(Wisdom 14:30) :-പള്ളികളിലും, വിഗ്രഹത്തിനുമുന്പിലും സ്വയം സമര്പ്പിച്ചു അനുഗ്രഹം യാചിക്കുന്ന സുഹൃത്തേ; നിങ്ങള്ക്ക് ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വചനം ഓർമിപ്പിക്കുന്നു.


4: ''സ്വർണം,വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളുടെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനിയമാണ്''(Wisdom 13:10) :-താങ്കളുടെ അവസ്ഥ ശോചനീയമാണോ ?. സ്വയം ചിന്തിക്കുക.


5: ''തടിയുടെ ഒരു ഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു.തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു;കൊള്ളാം നല്ല ചൂട്;ജ്വാലകൾ കാണേണ്ടതു തന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ തന്നെ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു.എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അതിനോട് പ്രാർത്ഥിക്കുന്നു''(Isaiah 44:16-17) :-മനോഹരമായ ഒരു ശിൽപിയുടെ ശിൽപത്തിന്റെ മനോഹാര്യതയിൽ ഭ്രമിച്ച് മനുഷ്യൻ അവയെ ദൈവമായി സ്വീകരിച്ചെങ്കിൽ അവയെക്കാൾ ശ്രേഷ്ഠനാണ് കർത്താവ് (Wisdom 13:3)എന്ന ദൈവ വചനം  നാം ഓർക്കണം.

6: ''വിഗ്രഹത്തെ ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അത് വീണുപോകാതെ ശ്രദ്ധിക്കുന്നു'' (Wisdom 13:15-16) :- താങ്കൾ തന്നെ ആണിയടിച്ച് വീണുപോകാതെ ഉചിതമായ സ്ഥാനത്ത് ഉറപ്പിച്ച അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ലല്ലോ?. 
    
7: ''കാലുകളില്ലാത്തതിനാൽ അവ (വിഗ്രഹം) മനുഷ്യന്റെ തോളുകളിൽ വഹിക്കപ്പെടുന്നു.അങ്ങനെ മനുഷ്യ വർഗത്തിന് അവയുടെ നിസാരത വ്യക്തമാകുന്നു.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകുന്നു.എന്തെന്നാൽ അവരാണ് അവയെ ഉറപ്പിച്ചു നിറുത്തുന്നത്.അല്ലെങ്കിൽ അവ വീണുപോകും.നിലത്ത് നാട്ടിനിറുത്തിയാൽ അവയ്ക്കു തന്നെത്താൻ ചലിക്കാൻ കഴിവില്ല.മറിച്ചിട്ടാൽ അവയ്ക്കു നേരെ നിൽക്കാനാവില്ല.
മരിച്ചവരുടെ മുൻപിൽ എന്നപോലെയാണ് അവയുടെ മുൻപിൽ കാഴ്ചകൾ അർപ്പിക്കുന്നത്'' (Baruch 6:26-2 7) :-വിഗ്രഹവും തോളിലേറ്റി പ്രദക്ഷിണം വെക്കുമ്പോൾ തങ്ങളുടെ വിശ്വാസമല്ല മറിച്ചു നിസാരതയെയാണ്‌ ദൈവസന്നിധിയിൽ  വെളിപ്പെടുത്തുന്നത് എന്ന് ഓർക്കണം.

8: ''അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം?. സ്വർണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകൾ ഭക്ഷണം വിള മ്പുന്നു''(Baruch 6:30) :- വിഗ്രഹർപ്പിത (നേർച്ച)ഭക്ഷണത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്.  

9: ''മരിച്ചവനുവേണ്ടിയുള്ള അടിയിന്തിരത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ അവയുടെ മുൻപിൽ അവർ അലറുകയും മുറവിളി കൂട്ടുകയും
ചെയുന്നു''(Baruch 6:32) :- വിഗ്രഹത്തിനു മുൻപിൽ മുട്ടുകുത്തി കൈവിരിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ ലജ്ജാകരമായ അവസ്ഥ ഒര്ക്കുമല്ലോ. 


10: സമ്പത്തോ പണമോ നൽകാൻ അവയ്ക്കു കഴിവില്ല.ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ട്ടിക്കാതിരുന്നാൽ അത് ഈടാക്കാൻ അവയ്ക്ക് സാധിക്കുകയില്ല.മരണത്തിൽ നിന്ന് മോചിപ്പിക്കാനോ  ബലവാനിൽ നിന്ന് ദുർബലനെ രക്ഷിക്കാനോ അവയ്ക്ക് കഴിവില്ല.അന്ധനു കാഴ്ച നൽകാനോ ആകുലതയിൽ നിന്ന് ഒരുവനെ വിമുക്തമാക്കാനോ അവയ്ക്ക് കഴിവില്ല''(Baruch 6:35-37)
 :- ഇനിയും രക്ഷക്കുവേണ്ടി ആ വിഗ്രഹങ്ങളുടെ മുൻപിൽ കുമ്പിട്ട്‌ ദൈവപ്രമാണം ലംഘിക്കണോ?.

11:''ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തവനോടു,യാത്രാ മംഗളത്തിന്  അചരവസ്തുവിനോടും അവൻ പ്രാർത്ഥിക്കുന്നു''(Wisdom 13:18) :- അനുധിന ജീവിതത്തിൽ ഈ വിഗ്രഹം നിങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ചിന്തിച്ച് നോക്കുക.


12 : ''എങ്കിലും; സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല. ധനസമ്പാദനത്തിനും ജോലിക്കും പ്രവർത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്,ശക്തിഹീനമായ കരത്തോട് പ്രാർത്ഥിക്കുന്നു''(Wisdom 13:17,19) :- താങ്കളുടെ വിശ്വാസജീവിതരീതിയോട് ഈ വചനം ചേർത്ത്ചിന്തിച്ച് നോക്കുക.

13: ''തടികൊണ്ട് നിർമിക്കുകയും സ്വർണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാർ പർവതങ്ങളിലെ കല്ലുകൾക്ക്  സമാനമാണ്.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകും'' (Baruch6:39) :- ലജ്ജാകരമായ ഈ പ്രവർത്തി ഇനിയും നമുക്ക് വേണോ?.


14 : ''ഭൂമിയിലെ കീടങ്ങൾ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോൾ അവയുടെ ഹൃദയം ഉരുകിയതാണ് എന്ന്
മനുഷ്യർ പറയുന്നു''(Baruch 6:21) :- ഈ അവസ്ഥകൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അവ ദൈവത്തിൽ നിന്നല്ല എന്ന സത്യം തിരിച്ചറിയുക.


15 : ''തങ്ങൾക്ക് ആവശ്യമുള്ളത്തിലും കൂടുതൽ വിളക്കുകൾ അവർ ദേവന്മാർക്കു വേണ്ടി കത്തിക്കുന്നു''(Baruch 6:19):- വിഗ്രഹത്തിനു മുൻപിൽ കൂടുകണക്കിന് മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ വചനം ഓർക്കണേ.

16 : ''രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാ വശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങൾ കള്ളന്മാർ അപഹരിക്കാതിരിക്കാൻ പുരോഹിതന്മാർ വാതിലുകളും താഴുകളും ഓടാബലകൾകൊണ്ടും ക്ഷേത്രം സുരക്ഷിതമാക്കുന്നു''(Baruch 6 18) :- നിങ്ങളുടെ വിഗ്രഹവും സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അല്ലെ?. 


17 : ''ആഡംബരഭ്രമമുള്ള യുവതികളെന്നപോലെ, അവയെ അവർ സുവർണ കിരീടം
ധരിപ്പിക്കുന്നു''(Baruch 6:9):-കിരീടധാരണവും മാലയർപ്പണവും ഓർമ്മയുണ്ടല്ലോ.

18 : ''തുരുമ്പ് പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താൻ രക്ഷിക്കാൻ അവയ്ക്കൊന്നിനും സാധ്യമല്ല''(Baruch 6:12):- എല്ലാ വര്ഷവും തിരുന്നാൾ പ്രമാണിച്ച് .

അവയെ തേച്ചുമിനുക്കുമ്പോൾ എങ്കിലും വിഗ്രഹം തെറ്റാണ് എന്ന ഈ ദൈവ വചനം ഓർക്കണേ.


19: ''വിഗ്രഹത്തിന്റെ വലതുകയ്യിൽ കഠാരയുണ്ട്;കോടാലിയുമുണ്ട്.
 എന്നാൽ യുദ്ധങ്ങളിൽ നിന്നോ കവർച്ചയിൽ നിന്നോ തന്നെത്തന്നെ രക്ഷിക്കാൻ അതിനു കഴിവില്ല.അതുകൊണ്ട് അവദേവന്മാരല്ലെന്ന് വ്യക്തമാണ്‌.അവയെ ഭയപ്പെടേണ്ട''(Baruch 6: 16):-പുണ്യാളനും രൂപങ്ങളും ഒര്മയിലുണ്ടല്ലോ.


20: അകാലത്തിൽ പുത്രൻ മരിച്ച ദുഖം ഗ്രസിച്ച പിതാവ് തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി; മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിൻഗാമികൾക്ക് വൃതാനുഷ്ട്ടനങ്ങൾ രഹസ്യമായി നിശ്ചയിച്ച് കൊടുക്കുകയും ചെയുന്നു''(Wisdom 14:15):- മനുഷ്യനെ വിശുദ്ധനാക്കി മാറ്റി ദൈവത്തിന് കൊടുക്കേണ്ട മഹത്വം നൽകുമ്പോൾ ഓർക്കണേ അത് ദൈവ പ്രമാണത്തിനു എതിരാണെന്ന സത്യം.

21: ''നീ നിനക്കായി നിർമ്മിച്ച ദേവന്മാരെവിടെ?. നിന്റെ കഷ്ട്ടകാലത്ത് നിന്നെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാർ നിനക്കുണ്ടല്ലോ''(Jeremiah 2:28):- പല രൂപത്തിലും ഭാവത്തിലും സ്ഥലപേരുകൾ കൂട്ടിച്ചേർത്തു ദൈവസന്നിധിയിൽ മാധ്യസ്തമായി പ്രാർത്ഥിക്കുമ്പോൾ ഈ ദൈവവചനം ഓർമയിൽ ഉണ്ടായിരിക്കട്ടെ.


22:''വരും തലമുറകൾക്ക് നുണകളും നിന്ദയും മാത്രമാണ് ഇത് അവശേഷിപ്പിക്കുന്നത്''(Baruch 6:47).:- അത്ഭുതം തുളുമ്പുന്ന, വിശ്വാസം ജനിപ്പിക്കുന്ന കഥകൾ ഓരോരോ വിഗ്രഹത്തിനും പറയാനുണ്ടാകും.


23: '' ആരാധിക്കാൻ വേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങളെ അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും''(Isaiah 2: 20):-സമ്പത്തിനനുസരിച്ച് പുതിയ വിഗ്രഹം വാങ്ങികൂട്ടിയപ്പോൾ തൊട്ടുമുൻപ് വരെ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ച വിഗ്രഹമെവിടെ?.ഉപയോഗശൂന്യമായ വസ്തുക്കൾക്കൊപ്പം തന്നെയല്ലേ ഇപ്പോൾ അവയുടെ സ്ഥാനം.   

ഇവയെല്ലാം;വിഗ്രഹാരാധന തെറ്റാണെന്നും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നും വെളിപ്പെടുത്തുന്ന ദൈവചനത്തിലെ(ബൈബിളിലെ )ചുരുക്കം ചില വചനങ്ങൾ മാത്രം. നമ്മിൽ തന്നെ നിലനില്ക്കുന്ന ഈ ലോകത്തിന്റെ പാരബര്യവിശ്വാസം  ഈ വചനസത്യത്തിനു നേരെ കണ്ണടക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു.''ഇത് മനുഷ്യ വർഗത്തിന് ഒളിഞ്ഞിരിക്കുന്ന  ഒരു കെണിയാണ്‌''(Wisdom 14:21a).മനുഷ്യർ നിർമിച്ച വിഗ്രഹത്തിന് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. വചനം പറയുന്നു'' എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു.ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറുകൾ കുഴിക്കുകയും ചെയ്തു''(Jeremiah 2:13). സത്യദൈവത്തിന്റെ മഹത്വം വിഗ്രഹത്തിന് കൈമാറി അതിൽ വിശ്വാസിച്ച്  സംതൃപ്തി അടയുകയും ചെയ്യുന്നതാണ് താങ്കളുടെ അവസ്ഥയെങ്കിൽ സൂക്ഷിക്കണം കാരണം; നിങ്ങൾ നിത്യജീവനിലേക്ക്‌ നയിക്കുന്ന പാതയില്ല.   

''ദൈവത്തെ ആരോട് നിങ്ങൾ തുലനം ചെയ്യും?. അവിടുത്തോട്‌ സാദ്രശ്യമുള്ള രൂപമേത്?. ശിൽപി വാർത്തതും സ്വർണ പണിക്കാരൻ സ്വർണം പൂശി വെള്ളിച്ചങ്ങലകൾ അണിയിച്ചതുമായ  വിഗ്രഹമോ''?.(Isaiah 40:18-19). ഈ വചനം നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യട്ടെ.

സീനായി മലമുകളിൽ വെച്ച് ദൈവത്തിൽ നിന്നും ഉടബടി പത്രിക സ്വീകരിച്ച ശേഷം മോശ കാണുന്നത് ''ഈജിപ്തിൽ നിന്നും നമ്മെ കൊണ്ടുവന്ന ദേവന്മാർ '' എന്നുപറഞ്ഞ് സ്വര്ണം കൊണ്ട് കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിന്  യാഗം കഴിക്കുന്ന ജനത്തെയാണ്(Exodus 32:4).ദൈവത്തിന്റെ മഹത്വ രൂപമായാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെങ്കിലും അത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല; ദൈവത്തിന്റെ ശിക്ഷയ്ക്ക് കാരണമാവുകയും ചെയ്തു. യേശുവിന്റെ രൂപം ഉണ്ടാക്കി ആ പ്രതിമയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഇസ്രയേല ജനത്തിൽ നിന്നും നമ്മളും ഒട്ടും വ്യത്യസ്തരല്ല. അനുഗ്രഹത്തിന് പകരം ദൈവത്തിന്റെ ശിക്ഷയ്ക്ക് പാത്രമാകപ്പെടും  എന്ന് കൂടി ഓർക്കണം.

നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗത്തില്ലേക്ക് ഉയർത്താം. അങ്ങനെ ആത്മാവിന്റെ നിറവിൽ ''വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം'' നമുക്ക് തിരിച്ചറിയാം(Ezekiel 44:23). സത്യ ദൈവത്തിലേക്ക് നമ്മുടെ ചിന്തകളെ ചായിക്കാൻ, എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ വചനമായ പുത്രനെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...

Wednesday, 19 March 2014

പ്രാർത്ഥനയുടെ പൂർണ്ണത...

നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെ നേരെ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക(Proverbs 2:2-3).ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുവാനും ദൈവത്തെകുറിച്ചുള്ള അറിവ് നൽകുന്ന ജ്ഞാനത്തിൽ നിറയുവാനും പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ.

ദൈവവുമായി ഒരു വിശ്വാസി പുലർത്തിപോരുന്ന വ്യക്തിപരമായ ബന്ധത്തെയാണ് പ്രാർത്ഥന എന്നുപറയുന്നത്. അതിനാലാണ് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് രഹസ്യങ്ങൾ, രഹസ്യമായി, പിതാവിനോട് പങ്കുവക്കണമെന്ന് (Mathew 6:6)വചനം അനുശാസിക്കുന്നതും.  
തനിക്ക്  ഇല്ലാതിരുനതും യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽ സാധ്യമായതും ആ വിശ്വാസത്തിലുള്ള സ്ഥിരതയാൽ പൂർണ്ണമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ആ വലിയ ആത്മരക്ഷ പ്രാപിച്ചവ്യക്തി ദൈവത്തിനർപ്പിക്കുന്ന കൃതന്ജത ബലിയാണ് പ്രാർത്ഥന(Psalms 50:14,23).

നാം വ്യക്തിപരമായും, കുടുംബമായും, കൂട്ടായ്മയിലൂടെയും വിവധ തരത്തിൽ പ്രാർത്ഥിക്കാറുണ്ട്. അവയെല്ലാം വചനാടിസ്ഥാനത്തിൽ ശരിയും സ്വീകര്യവുമാണ്. ചിന്തിക്കുവാൻ ചില ചോദ്യങ്ങൾ...
  • എന്തുകൊണ്ട് എപ്പോഴും പ്രാർത്ഥനക്ക്‌ ഒരേ അനുഭവം കൈവരാത്തത്?.
  • ചിലപ്പോൾ ദൈവീക സമാധാനം നൽകുന്ന പ്രാർത്ഥന; മറ്റുചിലപ്പോൾ ഒരു അനുഭവവും നൽകാത്തത് എന്തുകൊണ്ട്?.
  • പ്രാർത്ഥനയുടെ ബാഹ്യഘടനയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും ഈ വ്യത്യസ്തമായ അനുഭവത്തിന്റെ കാരണമെന്താണ്?.
  • പൂർണ്ണബലി സമർപ്പണം എനിക്ക് എങ്ങനെ അനുഭവവേദ്യമാക്കം?.  
  • പ്രാർത്ഥനയുടെ പൂർണ്ണത കൈവരിക്കാൻ ഞാൻ എന്തുചെയ്യണം?.

ഈ ചോദ്യങ്ങൾ ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ഉള്ളിൽ ഉയർന്നു വന്നിട്ടുണ്ടാകാം.നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ.എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാകുന്നു(Leviticus10:9). ജീവിതവിശുദ്ധി കൈവരിക്കാൻ പഴയനിയമത്തിൽ ദൈവം യഹൂദജനത്തിന് വിവിധങ്ങളായ ബലികളും കാഴ്ചകളും കല്പിച്ച് നല്കുന്നു.അഞ്ചുബലികളും  വിവിധങ്ങളായ ബലിയർപ്പണ്ണ നിയമങ്ങളും പഴയനിയമത്തിലെ ലേവ്യർ ( Leviticus) ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്തരീക വിശുദ്ധിയുടെ അടയാളമായ ഈ ബാഹ്യഅനുഷ്ഠനങ്ങളിൽ കൂടി മാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാൻ കഴിയും എന്ന തെറ്റായ വിശ്വാസം അവർ പുലർത്തിപോന്നിരുന്നു. ഇന്ന് നമുക്കിടയിലും ഇത്തരം ബഹ്യപ്രവർത്തിയിലുള്ള തെറ്റായ വിശ്വാസം നിലനില്ക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

സമഗമാകൂടാരത്തിൽ പുറം വാതിലിനോട് ചേർന്ന് ക്ഷാളനപാത്രത്തിന് മുൻപിൽ യവനികയാൽ മറക്കപ്പെട്ട് ആദ്യസ്ഥാനമാണ് ബലിപീഠത്തിനുള്ളത്.(Exodus 40:7,29). കർത്താവ് കല്പിച്ചതനുസരിച്ച് എല്ലാ ശുദ്ധീകരണങ്ങൾക്ക് ശേഷം അഹരോൻ ബലിയർപ്പിച്ചപ്പോൾ കർത്താവിന്റെ മഹത്വം സ്ഥിതിചെയ്യുന്ന അതിവിശുദ്ധസ്ഥലത്തുനിന്നും അഗ്നി പുറപ്പെട്ട്  ബലിപീഠത്തിലിരുന്ന ബലിവസ്തുവിനെ ദഹിപ്പിച്ചുകളഞ്ഞു(Leviticus 9:24). വ്യക്തമാക്കിയാൽ  പഴയനിയമത്തിലെ പുരോഹിതൻ; ജനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി ബലിയർപ്പിക്കുമ്പോൾ; ബലിവസ്തു ദൈവസന്നിധിയിൽ നിന്നുംപുറപ്പെടുന്ന അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടാൽ മാത്രമേ ആ ബലി ദൈവത്തിന് പ്രീതികരവും സ്വീകാര്യവുമായി മാറ്റപ്പെടുകയുള്ളൂ. എന്നാൽ മാത്രമേ ബലിസമർപ്പിച്ചവന്റെ അന്തകരണത്തെ ശുദ്ധികരിക്കപ്പെടുകയുള്ളൂ.

ഈ പഴയനിയമ ബലിയർപ്പണത്തിന് പുതിയനിയമ വിശ്വാസിയായ നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യവുമില്ല. പൂർണ്ണമായ മറ്റൊന്ന് സ്ഥാപിക്കുന്നതിനുവേണ്ടി യേശുവിന്റെ ഏകബലിയാൽ മാറ്റപ്പെട്ട (Hebrew 10:9-10)  ഇത്തരം ബാഹ്യപ്രവർത്തികളല്ല ആത്മീയ വിശ്വാസമാണ് നമുക്ക് രക്ഷനൽകുന്നത്. പ്രവർത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കുന്നു(Romans 4:5).  

പ്രാർത്ഥന എന്നത് ബലിയർപ്പണമെങ്കിൽ;എന്താണ് നമ്മുടെ ബലിവസ്തു?. അതെ; സുഹൃത്തേ പുതിയ നിയമ വിശ്വാസിയായ നമുക്കും ചില ബലിവസ്തുക്കൾ ഉണ്ട്. അത് പഴയനിയമ പ്രകാരമുള്ള മൃഗമോ പക്ഷിയോ,വിളവിന്റെ ഭാഗമോ,സ്വർണമോ വെള്ളിയോ,മറ്റു വസ്തുക്കളോ അല്ല; മറിച്ച് നമ്മുടെ പാപങ്ങൾ അവന്റെ മുൻപിൽ ബലിയായി സമർപ്പിക്കപ്പെടുകയും, പാപബോധം ബലിവസ്തുവായി കത്തപ്പെടുകയും ചെയ്യണം.

അറിഞ്ഞോ അറിയാതെയോ ദൈവഹിതത്തിനു എതിരായി ചിന്തിച്ചു പോയ നിമിഷങ്ങൾ, പ്രവർത്തിച്ചു പോയ സാഹചര്യങ്ങൾ,അവന്റെ വാഗ്ദാനത്തിന് എതിരായി  വന്നുപോയ ഓരോ പാപങ്ങളും അവന്റെ മുൻപിൽ ബലിവസ്തുവായി നമ്മുടെ പ്രാർത്ഥനയിൽ സമർപ്പിക്കപ്പെടണം. ചെയ്തുപോയ തെറ്റിന്റെ ബോധ്യത്തിൽ നിന്നും ജനിപ്പിക്കുന്ന പശ്ചാതാപം; മാനസാന്തരത്തിലേക്കും, പാപമോചനത്തിലേക്കും നമ്മെ നയിക്കണം.നമുക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തോത്രങ്ങളും (Psalms50:14)അവന്റെ മുൻപിൽ അർപ്പിക്കപ്പെടുമ്പോൾ അവന്റെ വിശുദ്ധി എത്രയോ അതികമായി നമ്മിൽ നിറയും. 

ഇങ്ങനെ പാപബോധവും അതിൽ നിന്നും ഉടലെടുക്കുന്ന പശ്ചാതാപവും അവന്റെ മുൻപിൽ ഓരോ പ്രാർത്ഥനയിലും  അക്ഷരാർത്ഥത്തിലല്ല മറിച്ച് ; ആത്മാവിന്റെ ഉത്തമ ബോധ്യത്തിൽ നിന്ന് സമർപ്പിക്കപ്പെടുമ്പോൾ നമ്മിൽ വസിക്കുന്ന ദൈവത്തിന്റെ മഹത്വമായ പരിശുദ്ധത്മാവ് നമ്മിൽ വ്യാപരിക്കും(2Cori 6:16). പന്തക്കുസ്താത്തിരുന്നാളിൽ ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്ന അഗ്നിജ്വാലപോലുള്ള പരിശുദ്ധത്മാവിന്റെ നാവുകൾ (acts of apostles 2:3)നമ്മിലും നിറയും.കർത്താവിന്റെ സന്നിധിയിൽ നിന്നും അഗ്നിയിറങ്ങി ബലിവസ്തു കത്തപ്പെടുന്നതുപോലെ(Leviticus 9:24) ആത്മാവിന്റെ കത്തുന്ന അനുഭവം ഓരോ പ്രാർത്ഥന നിമിഷങ്ങളിലും നമുക്കുണ്ടാകണം. സുഹൃത്തേ; ഈ ആത്മാവിന്റെ കത്തുന്ന അനുഭവമാണ്‌ പ്രാർത്ഥനയുടെ പൂർണ്ണത.നമ്മിൽ തന്നെ അനുഭവിക്കാൻ കഴിയുന്ന ആത്മാവിന്റെ വ്യപാരമാണ് പ്രാർത്ഥനയുടെ യഥാർത്ഥ അനുഭവവും ദൈവത്തിന് സ്വീകാര്യമായ ബലിയുടെ തെളിവും.

നമ്മുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റെ പൂർണത കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണങ്ങൾ..
  • പ്രാർത്ഥനയ്ക്ക് വേണ്ടവിധം ഒരുങ്ങിയോ?(Mathew 6:6).
  • പാപവും പാപമാർഗ്ഗങ്ങളുമായ ബലിവസ്തു ഉണ്ടായിരുന്നോ?.
  • ബലിവസ്തുക്കളെ അവന്റെ മുൻപിൽ സമർപ്പിച്ചുവോ?.
  • ആ സമർപ്പണം പാപബോധത്തിൽ  നിന്നും ജനിപ്പിച്ച പശ്ചാതാപത്തോടെ ആയിരുന്നോ?.
  • ബലിവസ്തുക്കൾ കർത്താവിന്റെ സന്നിധിയിലെ അഗ്നിയാൽ ദാഹിച്ചുവോ?(പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടുവോ?).
  • പരിശുദ്ധത്മാവിന്റെ കത്തുന്ന അനുഭവം ഉണ്ടായിരുന്നോ?.

ഇതിൽ എന്താണ് എനിക്ക് കൈമോശം വന്നിരിക്കുന്നത്, എന്താണ് എന്റെ ബലിയിൽ കുറവുള്ളത് എന്ന് നമുക്ക് സ്വയം ചിന്തിക്കാം. പ്രാർത്ഥനക്കുവേണ്ട ഒരുക്കവും ബലിവസ്തുക്കളും നമുക്കുണ്ടായിരിക്കാം; പക്ഷേ ബലിവസ്തുവിന്റെ പൂർണ്ണ സമർപ്പണക്കുറവും കത്തപ്പെടാത്ത അവസ്ഥയുമാണ് പലപ്പോഴും നമ്മുടെ പ്രാർത്ഥനയുടെ അപൂർണതക്ക് കാരണമാകുന്നത്. പാരമ്പര്യവിശ്വാസവും ഈ ലോകമോഹങ്ങളും പൂർണമായ പ്രാർത്ഥനയുടെ അനുഭവത്തിന് തടസമാകുന്നു.ഈ ലോകവിശ്വാസത്തെയും ജഡമോഹങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് കഴിയണം.നമ്മുടെ ഓരോ ബലിയർപ്പണങ്ങളും നമ്മിൽ തന്നെയുള്ള ജഡികമനുഷ്യനെയും അവന്റെ മോഹങ്ങളെയും ഇല്ലായ്മ ചെയ്ത് ആത്മീയ മനുഷ്യനെ ശക്തിപ്പെടുത്തലായിരിക്കണം(Corinthians 4:16).ജഡമോഹങ്ങൾ കത്തപ്പെടുകയും ആത്മീയരക്ഷ ദൃഡമാക്കുകയും ചെയ്യണം. പാപബന്ധനത്തെ  ഇല്ലായ്മചെയ്തു ആത്മാവിൽ നിറയപ്പെടണം.  ജഡശരീരത്തിൽ അധികാരമുള്ള പിശാചിൽ നിന്നും പൂർണ്ണ വിടുതൽ പ്രാപിക്കുന്ന ഈ ലോകജീവിതഅവസാനം വരെ നീണ്ടുനിൽകുന്ന ഒരു പ്രക്രിയയാണിത്. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് കഴിയും(Romans 12:2b).

കാലഹാരണപ്പെട്ട പഴയനിയമ പുരോഹിതന്റെ മുൻപിൽ; അർപ്പിക്കുന്നവന്റെ അന്തകരണത്തെപ്പോലും  വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത ഭൗതീകമായ ബലിവസ്തുക്കള്ളൂമായി (Hebrew 9:9) പാപ മോചനം യാചിക്കുന്ന സുഹൃത്തെ ഓർക്കുക; യേശുവിന്റെ എകബലി സമർപ്പണം വഴി നമുക്ക് ലഭ്യമായ അതിവിശുദ്ധ സ്ഥലമായ ശ്രീ കോവിലിലേക്കുള്ള പാത തങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ടിട്ടില്ല(Hebrew 8:9). അവനുമായി ബന്ധം പുലർത്താൻ താങ്കൾ യോഗ്യനല്ല. അടിസ്ഥാനപരമായി തെറ്റിയവന് ദൈവവുമായി ബന്ധമില്ലാത്തവന് അവനിൽ ഒന്നും സ്വീകരിക്കാൻ സാധ്യമല്ല എന്നസത്യം താങ്കൾ ഓർക്കണം.

കുഞ്ഞാടിന്റെ രക്തത്താൽ ലഭ്യമായ ശുദ്ധീകരണം നമുക്ക് പ്രാപിക്കാം.ജഡമോഹങ്ങളെ ഉപേഷിച്ച് ആത്മാവിൽ ശക്തിപ്രാപിക്കാൻ നമുക്ക് കഴിയട്ടെ.  അവനുമായി രഹസ്യങ്ങൾ  പങ്കുവയ്ക്കാനും അങ്ങനെ നമ്മിൽ ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനെ അനുഭവിക്കാനും നമുക്ക് കഴിയട്ടെ.ഓരോ പ്രാർത്ഥനയിലും ആത്മാവിന്റെ കത്തുന്ന അനുഭവം പ്രാർത്ഥനയുടെ പൂർണതയിലേക്ക് നമ്മെ നയിക്കട്ടെ.
                                                        ദൈവത്തിന് നന്ദി...    

Wednesday, 18 December 2013

ക്രിസ്ത്യാനിയുടെ ക്രിസ്തുമസ്സ്

കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമലമാണ്.ഉലയിൽ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്(Psalms 12:6).കാപട്യം നിറഞ്ഞ ഈ ലോകത്തിന്റെ ശക്ത്തിയിൽ നിന്നും നീചത്വം നിറഞ്ഞ മനുഷ്യരുടെ പിടിയിൽ നിന്നും കർത്താവ് നമ്മെ കാത്തുക്കൊള്ളട്ടെ....

തൂവെള്ള നിറമുള്ള മഞ്ഞു പെയ്യുന്ന ഡിസംബറിലെ തണുത്ത രാത്രി.ദാവീദിന്റെ പട്ടണമായ ബേത്‌ലെഹമിൽ കർത്താവായ യേശു ക്രിസ്തു ജനിച്ചിരിക്കുന്നു.പിള്ളക്കച്ചകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾക്ക് കാണാം (Luke 2:10-12) എന്ന  ദൈവദൂതന്റെ   വെളിപ്പെടുത്തൽ  രക്ഷകനെ കാത്തിരുന്ന ഈ ലോകത്തിന്  പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തൂകി.എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഡിസംബറിലെ തണുത്ത രാത്രി പ്രതീക്ഷിച്ചിരിക്കുന്ന സുഹൃത്തേ; ഇതാ ചില ചിന്തകൾ...
  • യേശുവിന്റെ ജനനത്തെക്കുറിച്ച് വചനത്തിൽ എന്ത് രേഖപ്പെടുത്തിയിരിക്കുന്നു?.
  • ഡിസംബർ 25ന്റെ തണുത്ത രാവിൽ തന്നെയാണോ യേശുവിന്റെ ജനനം?.
  • അല്ലെങ്കിൽ എന്നാണ്‌ യേശുവിന്റെ ജനനം?.
  • എന്തുകൊണ്ട് ഡിസംബർ 25 യേശുവിന്റെ ജനനമായി കണക്കാക്കുന്നു?.
  • യഥാർത്ഥത്തിൽ എന്താണ് ഒരു ക്രിസ്തു വിശ്വാസിയുടെ ക്രിസ്തുമസ്സ്?.
വൈരുദ്ധ്യ ഭാവങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ ഈ ചിന്തകൾ ചിലപ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം.ഞാൻ ഇതെല്ലാം അറിയേണ്ടതുണ്ടോ എന്ന തോന്നലും അസാധാരണമല്ല. ദൈവവചനം വിശ്വാസ വളർച്ചയുടെ അടിസ്ഥാനവും പരിശുധനായവനെ അറിയുന്നത് അറിവിന്റെ പൂർണ്ണതയുമായതിനാൽ(Proverbs 9:10-11) ജ്ഞാനത്തിന്റെ ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ചറിയേണ്ടതുണ്ട്.സുഗമവും സന്തോഷകരവുമായ വിശ്വാസജീവിതയാത്രക്ക് ഇത്തരം തിരിച്ചറിവുകൾ കൂടുതൽ സഹായകമാകും എന്ന് ഞാൻ കരുതുന്നു.

യേശുവിന്റെ ജനനം :

ബേത്‌ലെഹമിൽ യേശു എന്ന് ജനിച്ചുവെന്ന് (തീയ്യതിയോ,മാസമോ,സമയമോ,വർഷമോ) വചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വ്യതസ്ത വീക്ഷണകോണുകളിൽ നിന്നും പരിശുദ്ധാത്മാവിനാൽ പൂരിതരായി എഴുതപ്പെട്ട നാല് സുവിശേഷങ്ങളിലും ഇതിനെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല.രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെട്ടു എന്നതിനാലും ( Luke 2:8) ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെട്ടു എന്നതിനാലും (Mathew2:2) യേശുവിന്റെ ജനനം രാത്രിയിലായിരുന്നു എന്ന് കണക്കാക്കാം.

മഞ്ഞു പെയ്യുന്ന ഡിസംബർ :

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ ദൈവം; മോശ വഴി കാനാൻ ദേശത്തേക്ക് നയിക്കുന്ന ദിവസം മുതൽ അവരുമായി ഇടപ്പെടുന്ന എല്ലാ സാഹചര്യങ്ങൾക്കും ദൈവം സമയവും, മാസവും, വർഷവും കുറിച്ചിരുന്നതായി പഴയനിയമത്തിൽ നമുക്ക് കാണാം(Exodus 12:1,12:4,13:3....).
അഹറോന്റെ സന്തതികളെ ദാവിദു് ശുശ്രുഷയുടെ ക്രമമനുസരിച്ച്‌; എലെയാസറിന്റെ പിൻഗാമികളെ പതിനാറ് ഗണമായും ഇത്താമറിന്റെ പിൻഗാമികളെ എട്ട് ഗണമായും (1Chronicles 24:4) തിരിക്കുന്നു.അങ്ങനെ ആകെ 24 ഗണമായി പുരോഹിതവംശമായി അവരെ തിരഞ്ഞെടുക്കുന്നു.കർത്താവ് കൽപ്പിച്ചതനുസരിച്ച് പിതാവായ അഹറോൻ നിശ്ചയിച്ച ക്രമമനുസരിച്ച്‌  (30 ദിവസങ്ങൾ ഉള്ള 12 മാസങ്ങളാണ് ഹീബ്രു കലണ്ടർ. അതിനാൽ ഒരു ഗണം ഏകദേശം 14/ 15 ദിവസം) ദേവാലയത്തിൽ ശുശ്രുഷചെയ്യാൻ അവർ വരേണ്ടിയിരുന്നു (1Chronicles 24: 5-19). 

യേശുവിന്റെ ജനനത്തിന് മുന്നോടിയായി യോഹന്നാന്റെ ജനനത്തെക്കുറിച്ച് (Luke 1:5)വചനത്തിൽ കാണാൻ കഴിയും.യോഹന്നാന്റെ പിതാവായ സഖറിയ;അബിയ ഗണത്തിലെ പുരോഹിതനായിരുന്നു. പുരോഹിത ക്രമമനുസരിച്ച്‌ എട്ടാമത്തെ ഗണം(1Chronicles 24:10).ഹീബ്രു കലണ്ടർ ശുശ്രുഷ ക്രമമനുസരിച്ച് നാലാമത്തെ മാസം(ഒരു മാസം രണ്ട് ഗണം).അതായത് ഈ കാലഘട്ടത്തിലെ കലണ്ടർ (Gregorian) അനുസരിച്ച് ജുണ്‍ /ജൂലായ്‌ മാസത്തിൽ.
സഖറിയുടെ ശുശ്രുഷയുടെ ദിവസങ്ങൾ പൂർത്തിയാക്കി വീട്ടിൽ ചെന്നതിനു ശേഷമാണ് എലിസബത്ത് ഗർഭം ധരിച്ചതായി (കലണ്ടർ അനുസരിച്ച് June /July) വചനത്തിൽ(Luke1:23)രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട മറിയത്തിന് ദൈവീക മഹത്വത്തിന്റെ പ്രത്യക്ഷ അടയാളമായി ദൂതന്റെ വെളിപ്പെടുത്തലിൽ നിന്നും മറിയം യേശുവിനെ ഗർഭം ധരിക്കുമ്പോൾ ചാർച്ചക്കാരിയായ എലിസബത്തിന്   അത് ആറാം മാസം(Luke1:36). വ്യക്തമാക്കിയാൽ ജുണ്‍ /ജൂലായ്‌ മാസത്തിൽ ഗർഭം ധരിക്കപ്പെട്ട എലിസബത്തിനെ മറിയം സന്ദർശിക്കുന്നത് ആറ്  മാസങ്ങൾക്ക് ശേഷം ഏകദേശം ഡിസംബർ / ജനുവരി മാസത്തിൽ. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട  മറിയത്തിന് ഇത് ആദ്യ മാസം(Dec/Jan). അങ്ങനെയെങ്കിൽ കണക്കുകൾ അനുസരിച്ച് ഡിസംബറിൽ അല്ല; ഏകദേശം സെപ്റ്റംബർ / ഒക്ടോബർ (Sep/Oct) മാസത്തിലാണ് യേശുവിന്റെ ജനനം എന്ന് അനുമാനിക്കേണ്ടിവരും. 

ചരിത്ര കണക്കുകൾ അനുസരിച്ചുള്ള ഈ ചിന്തകൾ ശരിയായിരിക്കാം എന്ന് ഉറപ്പ് നൽകുന്ന ഒരു ഭാഗം വചനത്തിൽ കാണാൻ കഴിയും.  വയലുകളിൽ രാത്രി കാലങ്ങളിൽ ആടുകളെ കത്ത് കൊണ്ടിരുന്ന ഇടയന്മാർക്കാണ് (Luke 2:8) ആദ്യമായി ദൈവത്തിന്റെ ദൂതൻ രക്ഷയുടെ സദ്‌വാർത്ത അറിയിക്കുന്നത്. തണുപ്പ് രാജ്യങ്ങളിൽ മഞ്ഞുകാലത്ത് ആടുകളെ മേയിക്കാൻ വയലുകളിൽ വിടുന്ന പതിവില്ല.പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ; കാരണം മഞ്ഞിനാൽ പൊതിഞ്ഞ പുല്ല് ഭക്ഷിക്കാൻ യോഗ്യമല്ലാത്തതിനാലും, അതിശൈത്യം  അവയെ യഥേഷ്ട്ടം മേയാൻ  അനുവദിക്കാത്തതിനാലും അവയെ കൂടുകളിൽ തന്നെ പാർപ്പിക്കാൻ ഇടയന്മാർ താൽപ്പര്യപ്പെട്ടിരുന്നു. വയലുകളിൽ രാത്രികാലങ്ങളിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർ എന്ന പ്രയോഗം തണുപ്പ് കാലത്തിന് മുൻപുള്ള സെപ്റ്റംബർ / ഒക്ടോബർ(Sep/Oct) മാസങ്ങളിലായിരിക്കാം യേശുവിന്റെ ജനനം എന്ന ചിന്തകൾക്ക് ഉറപ്പുനൽകുന്നു. 

ഡിസംബർ 25 - ക്രിസ്തുമസ്സ് :

ആദിമ സഭയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ യേശുവിന്റെ ജനനത്തിന്റെ ഓർമ്മ (ക്രിസ്തുമസ്സ് ) എന്ന ഒരു ചിന്തയോ ആഘോഷമോ ഉണ്ടായിരുന്നില്ല.പകരം, യേശു എന്ന ഏക രക്ഷകന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ വിശ്വാസ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മൂദീസായും (Ephesians 4:5) എന്ന വചന പ്രകാരം തന്നെ.

സഭയുടെ വളർച്ചയോടൊപ്പം സാന്മാർഗ്ഗിക നിയമങ്ങൾ സംബന്ധിച്ച വിജ്ഞാനം കുറവുണ്ടായിരുന്ന കൊരിന്തീസിലെ ഉൾപ്പെടെ ഗ്രീസിലെ  ജനങ്ങൾക്കിടയിൽ വിഗ്രഹാരാധാനയും തതുല്യമായ വിശ്വാസ രീതികളും (Paganisam) നടമാടി കൊണ്ടിരുന്നു.ഇവ പിന്നീട് റോമിലേക്കും പടർന്നു പന്തലിച്ചു. കോരിന്തൊസ്സ് ലേഖനങ്ങൾ ഇവ വ്യക്ത്തമാക്കുന്നു.

A D 313-ൽ റോമാ ചക്രവർത്തിയായിരുന്ന കോണ്‍സ്റ്റന്റിൻ(Constantine) ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായും നിർബന്ധിത വിശ്വാസ മാർഗ്ഗമായും പ്രഖ്യാപിച്ചു. എങ്കിലും അന്തവിശ്വാസങ്ങളെയും സൂര്യ-ചന്ദ്രന്മാർ  ഉൾപ്പെടുന്ന ഗ്രീക്ക്- റോമൻ ദേവന്മാരെയും (Paganisam) പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

റോമിൽ ഡിസംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം സൂര്യന്റെ പ്രകാശ ദൈർഘ്യം മറ്റുള്ള  ദിവസങ്ങളേക്കാൾ കൂടുതലായിരിക്കും എന്നതിനാൽ അവർ ആ ദിവസം പ്രതീക്ഷയുടെ പുതിയ വർഷമായി മലാക്കി പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള  നീതി സൂര്യന്റെ ജനനമായി (Malakki 4: 2) തെറ്റായി വിശ്വസിച്ചിരുന്നു. അങ്ങനെ രക്ഷകനായി സൂര്യനെ (Unconquered Sun) അവർ ആരാധിച്ചു പോന്നിരുന്നു. 

ഇത്തരം അന്തവിശ്വാസങ്ങൾക്ക് മുഴുവനായും മാറ്റം വരുത്താൻ കഴിയാത്തതിനാലും ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായി മറ്റേണ്ടാതിനാലും അവരുടെ അന്തവിശ്വാസ ചുവടുപിടിച്ച്  പുതിയ വ്യാഖ്യനവുമായി ഡിസംബർ 25 യേശുവിന്റെ ജനനമായി  കോണ്‍സ്റ്റന്റിൻ ചക്രവർത്തി പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഒന്നാകെ  സ്വീകരിച്ചിരിക്കുന്ന ഒരു വിശ്വാസത്തിന്റെ രത്നചുരുക്കമാണിത്. ക്രിസ്തുമസ്സ് എന്നതിന്റെ ആത്മീയ ബോധ്യം നഷ്ട്ടപ്പെട്ട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസ്തൃതമായി വ്യതിയാനം സംഭവിച്ച് ഇന്ന്  2013-ൽ നമ്മുടെ മുൻപിൽ എത്തപ്പെട്ടിരിക്കുന്നു.

ഒരു ക്രിസ്ത്യാനിക്ക് എന്താണ് ക്രിസ്തുമസ്സ്?.

ഡിസംബറോ... സെപ്റ്റംബറോ...യേശുവിന്റെ ജനനം എന്നുമാകട്ടെ...ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തിൽ ആ ദിവസ കണക്കിന് ഒട്ടുംതന്നെ പ്രാധാന്യം ഇല്ല. യേശുവിനേയും ദൈവവചനത്തേയും വിവേചിച്ചറിഞ്ഞ് അതിന്റെ ഉൾക്കാഴ്ചയിൽ നിലനിൽക്കുന്ന ജീവിതം അതാണ് യേശു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസും,യൂദാസും.  തന്റെ സ്വാർത്ഥ ധന ലാഭം കണക്കാക്കിയാണ്  യൂദാസ് യേശുവിനെ ഉൾകൊണ്ടിരുന്നത് എന്നാൽ നീ ജീവിക്കുന്ന ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16)  എന്ന പത്രോസിന്റെ ഉൾകാഴ്ച അവനെ ഉറച്ച വിശ്വാസത്തിലേക്ക് നയിച്ചു.
ലോകത്തിന്റെ കണക്കനുസരിച്ച് ഡിസംബർ 25ന് മാത്രം യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുമ്പോൾ, ഭൌതീകമായ സന്തോഷത്തിനും ആഘോഷത്തിനും മാത്രമായി ക്രിസ്തുമസ്സ് മാറ്റപ്പെടുമ്പോൾ സുഹൃത്തെ;യൂദാസിന്റെ ചിന്തയിൽ നിന്നും നീ വ്യത്യസ്തനല്ല എന്ന് നീ ഓർക്കണം. 




  • യേശുവിനോടൊപ്പം കുരിശിൽ  വലത്ത്  ഭാഗത്ത്‌ തറക്കപ്പെട്ട കള്ളൻ; ആ കുരിശിൽ കിടന്നാണ് യേശു എന്ന രക്ഷകനെ അവൻ കൈകൊള്ളുന്നത്‌(Luke 23:42-43).അന്നായിരുന്നു അവന് ക്രിസ്തുമസ്സ്.....
  • കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ വധ ഭീക്ഷണി മുഴക്കി മുന്നേറിയിരുന്ന സാവൂൾ; 'നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ' (Acts 9:3-6) എന്ന ദൈവശബ്ദം  അവനിൽ യേശു എന്ന രക്ഷകന്റെ ജനനത്തിനു കാരണമാക്കി...
  • യേശുവിനെ കാണാൻ മരത്തിൽ കയറിയ സക്കേവൂസ്; 'ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'(Luke 19:5)എന്ന ദൈവവിളി അവനെ പുതിയ ഒരു മനുഷ്യനാക്കാൻ, യേശു എന്ന രക്ഷകൻ അവനിൽ ജനിക്കാൻ ഇടയാക്കി...
  • മുടന്തനും, കുഷ്ട്ടരോഗിയും പാപിനിയായ സ്ത്രീയും എല്ലാം വിശ്വാസം ഏറ്റുപറഞ്ഞ്  ഈ ലോകത്തിലേക്ക് വന്ന രക്ഷകനെ കണ്ട് മുട്ടിയ എത്രയോ സന്ദർഭങ്ങൾ വചനത്തിൽ കാണാൻ കഴിയും.

  • ക്രിസ്തു മഹത്വത്തെ അറിയുവാനും അങ്ങനെ യേശു ക്രിസ്തു എന്റെ രക്ഷകനാണെന്ന സത്യം ഹൃദയത്തിൽ സ്വീകരിക്കപ്പെടുവാനും നമുക്ക് കഴിയണം. അങ്ങനെ വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് കടന്ന് വരുന്ന നിമിഷം; നിനക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു(Luke 2:11)....അവന്റെ കരുണയാൽ നിനക്ക് രക്ഷ(Ephesians 1:8)കൈവന്നിരിക്കുന്നു എന്ന; നിനക്ക് വേണ്ടിയുള്ള  സദ്‌വാർത്ത കേൾക്കാൻ കഴിയണം. അതെ സുഹൃത്തെ; യേശുവിനെ രക്ഷകനും നാഥനുമായി നീ അനുഭവിച്ചറിഞ്ഞ്  അവനെ നിന്റെ ഹൃദയത്തിൽ  സ്വീകരിക്കുന്ന നിമിഷം, നീ വീണ്ടും ജനനത്തിന്റെ അനുഭവത്തില്ലേക്ക് കടന്നു വരുന്ന നിമിഷം, അന്നാണ് നിനക്കുവേണ്ടിയുള്ള രക്ഷകന്റെ ജനനം- നിന്റെ  ക്രിസ്തുമസ്സ്.


    വിശ്വാസി എന്ന നാമകരണം ചെയ്യപ്പെട്ട സഹോദരാ; എന്നായിരുന്നു നിന്നിൽ യേശുവിന്റെ ജനനം?.... അല്ല;യേശു എന്ന രക്ഷകൻ നിന്നിൽ ജനിച്ചിട്ടുണ്ടോ?. യേശുവിനോടൊപ്പം നടന്നപ്പോഴും യൂദാസിന് യേശു രക്ഷകൻ ആകപ്പെട്ടിട്ടില്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം.

    യേശു എന്ന രക്ഷകൻ നിന്റെ ഹൃദയത്തിൽ ജനിക്കാതെ, ഈ ലോകത്തിന്റെ ആചാര ചടങ്ങുകൾക്ക് അനുസരിച്ച് ഡിസംബർ 25 നു കൃത്യം രാത്രി 12 മണിക്ക് യേശുവിനെ ജനിപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന സുഹൃത്തേ;'നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല' (Mathew 7:23) എന്ന യേശുവിന്റെ വചനം ഓർക്കണമേ...

    യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുന്നത് തെറ്റാണെന്നല്ല; മറിച്ച് നമ്മുടെ വിശ്വാസ വഴിയെ പരിശോധോച്ചറിയാൻ, വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ നമുക്ക് കഴിയണം എന്ന് ഓർമിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വാസ തലത്തെ സ്വയം വിലയിരുത്തി തനെത്തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാൻ അങ്ങനെ അവന്റെ നാമത്തിൽ വിശ്വസിക്കാൻ, അവനെ സ്വീകരിക്കാൻ, വീണ്ടും ജനിക്കാൻ, അവന്റെ കൃപയാൽ രക്ഷപ്രാപിക്കാൻ,ദൈവമക്കളാകാൻ നമുക്ക് കഴിയട്ടെ....

    പുൽകൂട്ടിൽ പിറന്ന യേശുവിലുണ്ടായിരുന്ന കൃപയും സത്യവും നിറഞ്ഞ ക്രിസ്തു എന്ന ദൈവത്തിന്റെ മഹത്വം ദർശിക്കാൻ, ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ ഇടയാകട്ടെ....പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
                                                                             ദൈവത്തിന് നന്ദി...