Showing posts with label സഭ. Show all posts
Showing posts with label സഭ. Show all posts

Saturday, 6 February 2016

ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്...

ശരിയായി അറിയുന്നതിന് നീ ദൈവത്തിന്റെ മുൻപിൽ നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിന്റെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു(Daniel 10:12). മനുഷ്യ ഹൃദയവികാര വിചാരങ്ങൾ  ഗ്രഹിക്കുന്ന ദൈവത്മാവേ; പുത്രന്റെ മഹത്വം ദർശിക്കാൻ ഞങ്ങളെ ഒരുക്കണമേ.

യേശുവിനെ ലോകത്തിന് വെളിപ്പെടുത്താൻ ദൈവകൽപ്പനയായ സ്നാനം നൽകി കൊണ്ടിരിക്കുന്ന സ്നാപകയോഹന്നാൻ; യേശുവിനെ കണ്ടുമുട്ടുന്ന നിമിഷം  വിളിച്ചു പറയുന്ന ഈ വചനം ''ഇതാ  ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്''(John 1:29,36). ആത്മീയ ചിന്തകളുടെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

വിശുദ്ധ വചനത്തിൽ യേശുവിനെ വിവധതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായും,നല്ല സമരിയക്കരനായും,സ്വർഗത്തിലേക്കുള്ള വാതിലായും ഉപമകൾ വെളിപ്പെടുത്തുന്നു. യേശുവിനെ അറിഞ്ഞ്  അവന്റെ മഹത്വം അനുഭവിച്ചതിന്ശേഷം മാത്രമാണ് ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16) എന്ന പത്രോസിന്റെ വിശേഷണമെങ്കിൽ; '' ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്''  എന്ന സ്നാപകയോഹന്നാന്റെ അഭിസംബോധനം;  തന്നെ അയച്ച പിതാവിന്റെ ശക്തിയാൽ പൂരിതനായികൊണ്ടായിരുന്നു. താൻ വഴി ഒരുക്കുന്നവൻ എങ്ങിനെയാണ്‌ ഈ ലോകത്തെ പാപങ്ങളിൽ നിന്നും രക്ഷിക്കുക എന്ന് സ്നാപകയോഹന്നാന് അറിവുണ്ടായിരുന്നില്ല.എങ്കിലും അയച്ചവനിൽ വിശ്വസിച്ചുകൊണ്ട്  മാനസാന്തരം  ഓർമ്മിപ്പിച്ച് കടന്നുവന്ന സ്നാപകയോഹന്നാന്റെ ഈ അഭിസംബോധനരീതി നമുക്ക്  ചിന്തിക്കാം.
എന്തുകൊണ്ടാണ് സ്നാപകയോഹന്നാൻ യേശുവിനെ കണ്ടപ്പോൾ ''ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'' എന്ന് വിശേഷിപ്പിച്ചത്‌?.

ചിന്തകൾ നമ്മെ പഴയനിയമ ലേവ്യർ 16 (Leviticus 16)അദ്ധ്യായത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നു. തനിക്കുവേണ്ടിയും തന്റെ കുടുംബ ത്തിന് വേണ്ടിയും പാപപരിഹാരബലി അർപ്പിച്ചതിനുശേഷം (16:6) അഹരോൻ ;ജനത്തിന്റെ   പാപപരിഹാരബലിക്കായി അർപ്പിക്കപ്പെട്ട  രണ്ട് ആണ്‍ കോലാടുക്കളെ(16:5) കൂടാര വാതിൽക്കൽ കർത്താവിന്റെ സന്നിധിയിൽ കൊണ്ടുവരണം.  അതിൽ ഒന്നിനെ ദൈവത്തിനായും മറ്റേതിനെ അസസേലിനായും  കുറിയിട്ട് നിശ്ചയിക്കണം(16:8).ജനത്തിന്റെ ശുദ്ധികരണത്തിനായി; ദൈവത്തിന് വേണ്ടി കുറിവീണ കോലാടിനെ ബലിയർപ്പിച്ചതിനുശേഷം അതിന്റെ രക്തം കൃപാസനത്തിൽ ഏഴു പ്രാവശ്യം തളിക്കണം.തുടർന്ന്; അസസേലിനായി കുറിവീണ കോലാടിനെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈകൾ വച്ച് അഹരോൻ ഇസ്രയേൽ ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം.അവയെല്ലാം അതിന്റെ ശിരസിൽ ചുമത്തി ഒരുങ്ങി നിൽക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭുമിയിലേക്ക് കൊടുത്തുവിടണം. കോലാട് അവരുടെ കുറ്റങ്ങൾ വഹിച്ച്കൊണ്ട് വിജനപ്ര ദേശ ത്തേക്ക് പോകണം. ആടിനെ നയിക്കുന്ന ആൾ അതിനെ മരുഭുമിയിൽ ഉപേഷിക്കണം(Leviticus 16:20-22).

അസസേൽ എന്നതിനെക്കുറിച്ച് വചനത്തിൽ മറ്റൊരുഭാഗത്തും രേഖപ്പെടുത്താത്തതിനാൽ കൂടുതൽ വ്യാഖ്യാനം ലഭ്യമല്ല.ജനത്തിന്റെ പാപം ചുമത്തി ദൈവസന്നിധിയിൽ നിന്നും നീക്കി കളയുന്ന ഒരു പ്രവർത്തിയുടെ ലക്ഷ്യമായതിനാൽ;ദൈവസ്വീകാര്യമല്ല എന്ന് വ്യാഖ്യാനം. 

ഈ കല്ലുകളിൽ നിന്നും അബ്രാഹത്തിന്റെ സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും(Mathew 3:9)എന്ന  സ്നാപകയോഹന്നന്റെ  വെളിപ്പെടുത്തൽ താൻ വഴിയൊരുക്കുന്നവനിൽ നിറയപ്പെടുന്ന ദൈവീകശക്തിയുടെ പ്രഭാവം വെളിപ്പെടുത്തുന്നു. ഒരു പക്ഷേ യേശുവിനെ വ്യഖാനിക്കാൻ ഇതിലും നല്ലൊരു വിശേഷണം വചനത്തിൽ ഉണ്ടാകില്ല.

അവനിൽ നാമെല്ലാവരും നീതിയാ കേണ്ടതിന്; പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി(2Cori.5:21).മനുഷ്യ വർഗ്ഗ ത്തിന്റെ മുഴുവൻ പാപങ്ങളും യേശു എന്ന കുഞ്ഞാടിന്റെ ശിരസിൽ അടിചേൽപ്പിച്ച് സർവ്വഅതിക്രമങ്ങളും ചുമലിൽ വഹിച്ചുകൊണ്ട് കാൽവരി മലയിലേക്കുള്ള അവന്റെ യാത്ര അസസേലിനായി കുറിവീണ ആടിനെക്കാൾ ഭീകരവും വേദനാജനകവുമാണ്.

അതുതന്നെയാണ് കാലഘട്ട ങ്ങൾക്ക് മുൻപ് തന്നെ ഏശ യ്യ പ്രവാചകൻ വഴി അരുളിചെയ്യപ്പെട്ടതും. ''നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഖങ്ങളാണ് അവൻ ചുമന്നത്. നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവൻ മുറിവേ ൽക്കപ്പെട്ടു.നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവൻ ക്ഷതമേൽപ്പിക്കപ്പെട്ടു  ''(Isaiah 53:4-5). കോലടിനെ മരുഭുമിയിൽ ഉപേക്ഷിക്കുന്നതു വഴി ഇസ്രയേൽ ജനത്തിന്റെ മുഴുവൻ പാപങ്ങളെയും ഇല്ലായ്മ ചെയ്യപ്പെടുന്നു.അവർ പാപരഹിതരാക്കപ്പെടുന്നു. വചനം പറയുന്നു; ''കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്ന് നമ്മിൽ നിന്നും അകറ്റി(Psalms 103:12).

മനുഷ്യ വർഗത്തിന്റെ മുഴുവന്റെയും പാപങ്ങൾ ചുമന്ന് നീക്കാൻ അഭിഷേകം ചെയ്യപ്പെട്ട ആടിൻകുഞ്ഞാണ്  യേശു എന്ന സത്യം; സ്നാനം വഴി യേശുവിൽ നിറയപ്പെട്ട ദൈവമഹത്വം സ്നാപകയോഹന്നാന് വെളിപ്പെടുത്തികൊടുത്തു.ആ ആതമീയനിറവിൽ നിന്നുകൊണ്ടാണ് സ്നാപക യോഹന്നാൻ യേശുവിനെ നോക്കി ''ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് '' എന്ന് പറഞ്ഞത്.

എന്നാൽ പുതിയനിയമ വിശ്വാസിയായ നമുക്ക് മറ്റൊരു സത്യവുംകൂടി വചനം വെളിപ്പെടുത്തുന്നു. പാപാപരിഹരബലിക്കായി  അർപ്പിക്കപ്പെടുന്ന രണ്ട് ആടുകളുടെ ധർമ്മങ്ങളും യേശു എന്ന ഒരു ദൈവത്തിന്റെ കുഞ്ഞാടിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു.

വചനം പറയുന്നു '' നമുക്ക് യേശുക്രിസ്തുവിൽ (പാപം വഹിക്കുന്ന ആട്) പാപമോചനവും , അവന്റെ രക്തം വഴി (അറുക്കപ്പെട്ട ആട്)  രക്ഷയും കൈവന്നിരിക്കുന്നു''(Ephesians 1:7). ബലിയർപ്പിക്ക പ്പെട്ട ശരീരം വഴി അവൻ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു(Hebrew 10:19).

നമ്മുടെ പ്രാർത്ഥനകളിൽ ഈ വചന ഭാഗം പലപ്പോഴും ഉരുവിടാറുണ്ട്.ഒരു നിമിഷം സ്വയം ചിന്തിക്കുവിൻ;യേശു എന്ന കുഞ്ഞാട്  എന്റെ പാപങ്ങൾക്കായി  ഗാഗുൽത്താ മലയിൽ (Mathew 27:32-34).ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ അവന്റെ രക്തത്താലുള്ള രക്ഷ എനിക്ക് ലഭ്യമാക്കാൻ;  എന്റെ   പാപങ്ങൾ ആ കുഞ്ഞാടിന്റെ തലയിൽ ഞാൻ സമർപ്പിച്ചിട്ടുണ്ടോ?.യേശു നിന്റെ പാപം വഹിക്കാതെ എങ്ങനെ അവന്റെ രക്തത്താലുള്ള രക്ഷ സാധ്യമാകും?.


യേശുവിനെ അറിഞ്ഞിട്ടും; കഴിഞ്ഞ കാല പാപമോഹങ്ങൾ നിങ്ങളെ  കീഴ്പ്പെടുത്തുന്നുവെങ്കിൽ ശ്രദ്ധിക്കു...യേശു എന്ന കുഞ്ഞാട് നിന്റെ പാപം ചുമന്നിട്ടില്ല.... ചുമക്കാൻ നിങ്ങളെ നിങ്ങൾ വിട്ടുകൊടുത്തിട്ടില്ല. നമ്മെ ശുദ്ധീകരിക്കാൻ..നമ്മുടെ പാപം വഹിച്ച്; പാപ കറകൾ കഴുകി  ശിക്ഷയിൽ നിന്നും രക്ഷ നൽകാൻ യേശു  കാത്തിരിക്കുന്നു. വിട്ട് കൊടുക്കുക..സ്വയം യേശുവിന് സമർപ്പിക്കുക.. കടും ചുവപ്പാർന്ന നിങ്ങളുടെ പാപങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി അവൻ നിങ്ങളുടെ വിളിയും കാത്തിരിക്കുന്നു. അങ്ങനെ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടുമായി ബന്ധം സ്ഥാപിക്കാം.

കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യ രക്തം കൊണ്ട് (1Peter 1:19) വ്യർഥമായ ജീവിത രീതിയിൽ നിന്നും വീണ്ടെടുപ്പ് പ്രാപിച്ച ജീവിതം നയിക്കാം. അങ്ങനെ പുത്രന്റെ പൂർണ്ണതയിൽ നിന്നും കൃപക്ക് മേൽ കൃപ സ്വീകരിച്ച് ദൈവമഹത്വം ദർശിക്കാം. പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തട്ടെ...
                                                                       ദൈവത്തിന് നന്ദി...  

Sunday, 15 February 2015

അവനെ തടയേണ്ടാ...

ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം;മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു. അങ്ങിലാണ് ജീവന്റെ ഉറവ.അങ്ങയുടെ പ്രകാശത്തിലാണു ഞങളുടെ പ്രകാശം. അങ്ങയെ അറിയുന്നവർക്ക് അങ്ങയുടെ കാരുണ്യവും നിഷ്കളങ്ക ഹൃദയർക്ക് അങ്ങയുടെ രക്ഷയും തുടർന്നും നല്കണമേ(Psalms 36:7-10).


യേശു പറഞ്ഞു,''അവനെ തടയേണ്ടാ;എന്തെന്നാൽ,നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്''(Luke 9:50).വളരെ ചെറുതും ഒറ്റ വാചകത്തിൽ കല്പനാതുല്യമായ നിർദേശം നല്കുന്നതുമായ ഇത്തരം ചില വചനത്തെ നമ്മൾ പലപ്പോഴും നിസരവൽക്കരിക്കാറുണ്ട്. വലിയ ആത്മീയ ചിന്തശലകങ്ങൾക്കിടമില്ല എന്നു കരുതി ഒഴിവാക്കാറുണ്ട്. എന്നാൽ മർക്കോസ് (9:40) ലൂക്കാ (9:50) സുവിശേഷങ്ങളിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനഭാഗം സ്വയം ആത്മീയ തിരിച്ചറിവിനും അതോടൊപ്പം ആത്മീയ വളർച്ചക്കും കാരണമാകും വിധം രുചിയേരിയതാണ്. ഈ വചന സാഹചര്യത്തെയും ചിന്തകളെയും തിരിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

1. വചന സാഹചര്യം:

  • തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാരെയും ആദ്യ പ്രേഷിതപ്രവർത്തനത്തിന് അയക്കുകയും ശേഷം തിരിച്ചുവന്നു അത്ഭുതകരമായ അനുഭവെളിപ്പെടുത്തലുകൾ കഴിഞ്ഞിരിക്കുന്ന സമയം(Luke 9:1-6,Mark 6:7-12). 
  • വീര്യ പ്രവർത്തികൾ ചെയ്ത സംതൃപ്തിയിൽ തിരിച്ചുവന്നിരിക്കുന്ന ശിഷ്യന്മാർക്ക് പിന്നീടു; പിശാചു ബാധിതനെ സുഖപ്പെടുത്താൻ കഴിയാതിരുന്നത്(Mark 9:28) അവരിൽ  ആശങ്കക്ക് ഇടവരുത്തി. ''പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും ഈ വർഗ്ഗം പുറത്തുപോകില്ല''(Mark 9:29) എന്ന യേശുവിന്റെ മറുപടി അവരുടെ ആത്മീയ ദൗർബല്യത്തെ വെളിപ്പെടുത്തുന്നു.
  • പന്ത്രണ്ടു ശിഷ്യന്മാരിൽ പ്രധാനികളായ പത്രോസ്,യാക്കോബ്,യോഹന്നാൻ എന്നിവരെ മാത്രം വിളിച്ച് കൊണ്ടുപോയി;ദൈവപുത്രനെന്ന സത്യം അവർക്കുമുൻപിൽ രൂപാന്തരപ്പെടുത്തിയത് (Mark 9:2) ശിഷ്യന്മാർക്കിടയിൽ ഇടർച്ചക്കുള്ള കാരണങ്ങളിൽ ഒന്നായി കണക്കാകാം.
  • തങ്ങളിൽ;ആരാണ് വലിയവൻ എന്ന ചോദ്യം അവരില ഒരു വലിയ തർക്ക വിഷയം തന്നെ ആയിരുന്നു(Mark 9:34). സെബദിപുത്രന്മാരുടെ മാതാവിന്റെ യാചന (Mathew 20:20-21)ഇതിന് തെളിവാണ്. 

മുകളിൽ പറഞ്ഞ സാഹചര്യവും അതിന്റെ സമ്മർദ്ധങ്ങളും അവരെയാകെ ആശംങ്കപ്പെടുത്തിയിരിക്കുന്ന സമയത്താണ് ഒരുവൻ;തങ്ങളോടുകൂടെയല്ലാത്തവൻ യേശുവിന്റെ നാമത്തിൽ അത്ഭുതപ്രവർത്തികൾ ചെയുന്നത് കാണുന്നത്. ഈ പ്രവർത്തി അവരെ കുറച്ചൊന്നുമല്ല അവരെ ചൊടിപ്പിച്ചത് എന്നതിന് തെളിവാണ് അവനെ തടയാൻ അവരെ പ്രേരിപ്പിച്ചത്.(Mark 9:38-39). എന്നാൽ; ''അവനെ തടയേണ്ടാ'' എന്ന യേശുവിന്റെ മറുപടി അവരെ മാത്രമല്ല നമ്മെയും അൽപ്പം ചിന്താകുഴപ്പത്തിലക്കിയിട്ടുണ്ട്.

അത്ഭുതപ്രവർത്തി ചെയ്തിരുന്ന ആ വ്യക്തി ആരെന്നോ  പിന്നീടു എന്തു സംഭവിച്ചുവെന്നോ വചനം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ അവരെ തടഞ്ഞ ശിഷ്യന്മാരെയും തടയണ്ടാ  എന്ന് കൽപിച്ച യേശുവിന്റെ ചിന്തകളെയും നമ്മുക്ക്ഗ്ര ഹിക്കേണ്ടതുണ്ട്‌. 

2. ശിഷ്യന്മാരുടെ ചിന്തകൾ : 
വിശ്വാസക്കുറവിനാൽ  തങ്ങൾക്കു കഴിയാതെ പോയ വീര്യപ്രവർത്തി; തങ്ങക്ക് മാത്രം അവകാശപ്പെട്ടിരുന്ന യേശുവിന്റെ നാമത്തിൽ മറ്റൊരുവാൻ ചെയ്യുന്നത് കാണുമ്പോൾ അവരിൽ രൂപം കൊണ്ട അസൂയയും, തങ്ങളുടെ പ്രമുഖ ശിഷ്യസ്ഥാനം നഷ്ട്ടപ്പെടുമോ എന്ന സംശയവുമാണ്  ആ വ്യക്തിയെ തടയാൻ അവരെ പ്രേരിപ്പിച്ചത്.

3. യേശുവിന്റെ മറുപടി:

മനുഷ്യന്റെ അന്തരംഗംപോലും ഗ്രഹിക്കാൻ കഴിയുന്ന യേശു(Psalms 139:1-4); ആ വ്യക്തിയെ ന്യായീകരിക്കുകയല്ല മറിച്ച്  ആ സംഭവം ശിഷ്യരിൽ ഉണ്ടാക്കിയെടുത്ത അവരുടെ മനോഭാവത്തെയാണ്, അവരുടെ മനസിൽ രൂപം കൊണ്ട അഹങ്കാര ചിന്തയെയാണ് വെളിപ്പെടുത്തിയത്.

4. ഒരു വിശ്വാസിയുടെ ജീവിതത്തിൽ:
വിശ്വാസ ജീവിതം നയിക്കുന്ന നമുക്കും ഇത്തരം സാഹചര്യങ്ങൾ അഭിമുഖികരിക്കേണ്ടി വരാറുണ്ട്. ഒരുമിച്ച് വിശ്വാസത്തിലേക്ക് കടന്നു വന്നവർ, ബന്ധുക്കളോ,സുഹൃത്തുക്കള്ളോ, കൂട്ടായ്മയിൽ ഉള്ളവരോ ആരുമായിക്കൊള്ളട്ടെ; നമ്മുടെ പ്രാർത്ഥനകൾ ലക്ഷ്യം പറ്റാതിരിക്കുമ്പോൾ, നമ്മുടെ വിശ്വാസ വളർച്ച കുറയുമ്പോൾ അതേസമയം മറ്റുള്ളവർക്ക് തന്നെക്കാൾ ദൈവീക അനുഗ്രഹവും കൃപയും ലഭിക്കുമ്പോൾ, മറ്റുള്ളവരിൽ തന്നെക്കാൾ ആത്മീയ നിറവുകാണുമ്പോൾ സുഹൃത്തെ;അവനെ തടയണം എന്നതിന് തത്തുല്യമായ ചിന്ത നിങ്ങളിലും കടന്നു വന്നിട്ടില്ലേ?.

അവരുടെ പ്രാർത്ഥന ശരിയല്ല, തെറ്റായ പ്രബോധനമാണ്, ജീവിതം വചനടിസ്ഥാനത്തിലല്ല എന്നുംപറഞ്ഞു  മറ്റുള്ളവരെ തടയാനും വിധിക്കാനും ഇറങ്ങിത്തിരിക്കുമ്പോൾ ഒരു നിമിഷം; യേശുവിന്റെ മറുപടി ഒന്ന് ഓർക്കണേ'' അവനെ തടയേണ്ട.നമുക്ക് എതിരല്ലാത്തവാൻ നമ്മുടെ പക്ഷത്താണ്''(Mark 9:40).മറ്റുള്ളവരെ വിധിക്കാൻ നീ ആരാണ് (Romans 14:4)എന്ന ചോദ്യം നിങ്ങളുടെ ഹൃദയത്തിൽ മുഴങ്ങട്ടെ.

5. ശ്രശ്രുഷകന്റെ ജീവിതത്തിൽ :
തങ്ങൾക്കു മാത്രം അവകാശപ്പെട്ടിരുന്നതും അതിനാൽ തന്നെ ചെയ്തിരുന്നതും എന്നാൽ പിന്നീടു തങ്ങൾക്കു കഴിയാതെ പോയതുമായ വീര്യ പ്രവർത്തി മറ്റൊരുവാൻ ചെയ്യുന്നത് കണ്ടപ്പോൾ ശിഷ്യരിൽ ഉണ്ടാക്കിയ അസൂയയും നീരസവും തങ്ങളുടെ ശ്രശ്രുഷാജീവിതത്തിലും ഉണ്ടായിട്ടുണ്ടോ?.

ഓ..ഇല്ലേയില്ല എന്ന് പറയാൻ വരട്ടെ; തങ്ങളുടെ ആത്മീയ വളർച്ച അൽപ്പം കുറയുമ്പോൾ,ശ്രശ്രുഷകളിൽ ആത്മാവിന്റെ സാനിധ്യം കുറയുമ്പോൾ,മറ്റൊരു വ്യക്തിയിൽ തന്നെക്കാൾ ദൈവീക കൃപകൾ ധാരാളമായി നിറയുന്നതു കാണുമ്പോൾ; അവനെ / അവരെ തടയുന്നതിനു തുല്യമായ ചിന്ത അല്പമെങ്കിലും നിങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടോ?. 

ഇവൻ പിശാചുക്കളുടെ തലവനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത്(Mathew 12:24) എന്ന ഫരിസേയരുടെ ചിന്ത നിങ്ങളിലും കടന്നുവന്നിട്ടുണ്ടോ?. മനുഷ്യന്റെ എല്ലാ പാപങ്ങളും ദൈവദൂഷണങ്ങളും ക്ഷമിക്കപ്പെടും; എന്നാൽ, ആത്മവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31) എന്ന യേശുവിന്റെ മറുപടി നമുക്ക് ഓർക്കാം. മറ്റൊരു വ്യക്തിയുടെ ശ്രശ്രുഷയെ കുറ്റം പറയുമ്പോൾ ആ വ്യക്തിയെ അല്ല മറിച്ച് അവനില്ലുള്ള ആത്മീയ ശക്തിയെയാണ് ദുഷിക്കുന്നത് എന്ന് മനസിലാക്കണം.

ശരിയാണ്; നമുക്ക് ചുറ്റും  ദൈവീകപരിവേഷകെട്ടിയ പലതിനെയും കണ്ടുമുട്ടിയേക്കാം  എന്നാൽ അതിനെ വിധിക്കുവാൻ നിനക്ക് അവകാശമില്ല എന്ന സത്യം തിരിച്ചറിയണം.

ഈ ലോകത്തിലുള്ളവയിലേക്കല്ല മറിച്ച് നിത്യ ജീവൻ നൽകുന്ന സ്വർഗത്തില്ലേക്ക് നമുക്ക് ലക്‌ഷ്യമിടാം(1John 1:15-17). അങ്ങനെ അവൻ നമുക്ക് നൽകിയ രക്ഷയുടെ വിശുദ്ധി കാത്തുസംരഷിക്കം. സ്വയം തിരിച്ചറിഞ്ഞു ആത്മാവിനാൽ ശക്തിപ്രാപിക്കുന്നതിനു പകരം; അസൂയയും അഹങ്കാരവും നിറഞ്ഞ കലുഷിത ചിന്ത നിങ്ങളെ ഭരണം നടത്താതിരിക്കട്ടെ. മറ്റുള്ളവരെ വിധിക്കാതെ അവൻ നമുക്ക് നല്കിയ ആത്മാവിന്റെ ചൈതന്യത്തിൽ കൃപക്കുമേൽ കൃപ സ്വീകരിച്ചു (John 1:16) നിത്യരക്ഷയെ കാത്തിരിക്കാം. ദൈവീക ജ്ഞാനത്താലും വിവേകശക്തിയാലും പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തട്ടെ...

ദൈവത്തിന് നന്ദി...

Saturday, 25 October 2014

ആരോടും പറയരുത്

യുഗങ്ങളുടെയും തലമുറകളുടേയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്ന് തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
ഈ രഹസ്യമാകട്ടെ മഹത്വത്തെക്കു റിച്ചുള്ള പ്രത്യാശയായ - ക്രിസ്തു  നിങ്ങളിലുണ്ട് എന്നതു തന്നെ(Colossians 1:27). ദൈവവചന രഹസ്യം പരിശുദ്ധത്മാവിനാൽ നമ്മിൽ പ്രകാശിക്കട്ടെ.

അടയാളങ്ങൾ, അത്ഭുതങ്ങൾ, പല വിധത്തിലുള്ള ശക്തമായ പ്രവർത്തികൾ എന്നിവ കൊണ്ടും  യേശു ദൈവപുത്രൻ എന്നു വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ദൈവ വചനത്തിൽ കാണാൻ കഴിയും. മത്തായി(8:1-4), ലൂക്ക(5:12-16),മർക്കോസ്(1:40-45); ഈ മൂന്നു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കുഷ്ഠരോഗി സുഖം പ്രാപിക്കുന്ന സംഭവം മറ്റുള്ള വെളിപ്പെടുത്തലുകളേക്കാൾ പ്രാധാന്യമുള്ളതാണ്.

കുഷ്ഠരോഗമെന്ന മാറാരോഗത്തൽ അശുദ്ധൻ എന്ന് വിളിക്കപ്പെട്ടു (Levi 13:45) സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു മനുഷ്യൻ യേശുവിന്റെ മുൻപിൽ മുട്ടുകുത്തി അപേഷിച്ചു '' അങ്ങേക്കു മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും''(Mark 1:40).
നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ദൈവത്തോടുള്ള പരാതികളും പരിഭവങ്ങളും നമ്മുടെ ആഗ്രഹത്തിന്റെ പൂർത്തികരണത്തിന് വേണ്ടി  ദൈവമേ ഇത് ചെയ്യണം എന്ന കൽപ്പിക്കലുകളായി പോലും മാറ്റപ്പെടുന്ന ഈ സാഹചര്യത്തിൽ ; യേശു ആ കുഷ്ഠരോഗിക്ക് നൽക്കുന്ന മറുപടി നാം ഓർമയിൽ സൂക്ഷിക്കേണ്ടാതാണ്. '' എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ '' (Mark 1:41).തന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കാതിരിക്കാൻ ജീവന്റെ പ്രകാശം വാഗ്ദാനം നൽകിയവനിൽ(John:12:46) എന്തുമാത്രം നിലനിൽക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. അവന്റെ ഹിതം തിരിച്ചറിഞ്ഞ് അവന്റെ മനസലിവിന് വേണ്ടി കാത്തിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?.ഒന്ന് ചിന്തിച്ച് നോക്കുക...

ഞൊടിയിടയിൽ കുഷ്ഠരോഗം സുഖം പ്രാപിച്ച ആ മനുഷ്യന് യേശു നല്കുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇവിടെ കൂടുതൽ ചിന്തകൾക്ക് കാരണമാകുന്നു. 

''നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്''.എന്നാൽ നീ പോയി പുരോഹിതന് നിന്നെത്തന്നെ കാണിച്ച് കൊടുക്കുക.മോശയുടെ കല്പനയനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷിയായി ശുദ്ധീകരണക്കാഴ്ചകൾ  സമർപ്പിക്കുക''(Mark 1:44).

:- എന്തുകൊണ്ടാണ് ആരോടും പറയരുത് എന്ന് യേശു ആ കുഷ്ഠരോഗിയോട്  നിർദ്ദേശിച്ചത്?.


:- പുരോഹിതനെ കാണിച്ചു കൊടുക്കാൻ പറയാൻ കാരണം എന്താണ്?.


:- ''പറയരുത്'' എന്ന് നിർദ്ദേശിച്ചിട്ടും എന്തുകൊണ്ട് സുഖം പ്രാപിച്ച ആ മനുഷ്യൻ യേശുവിനെ ധിക്കരിച്ച് ഇക്കാര്യങ്ങൾ പ്രസ്താവിച്ച് നടന്നു(Mark 1: 45)?. 


ആരോടും പറയരുത്: 


വ്യതസ്തങ്ങളായ ചില സംഭവങ്ങൾക്ക് ശേഷം യേശു ഇത്തരം നിർദേശങ്ങൾ നല്കിയിരുന്നതായി സുവിശേഷങ്ങിൽ പലയിടത്തും കാണാൻ കഴിയും.


ആരോടും പറയരുത്( Mathew 8:4, 16:20 17:9, Luk 8:56),ആരും അറിയാനിടയാകരുത്( Mathew 9:30),പരസ്യപ്പെടുത്തരുത് ( Mathew 12:16),ആരും അറിയരുത്( Mark 5:43). ഒരേ അർത്ഥങ്ങൾ വ്യാഖ്യനിക്കപ്പെടുന്ന ഈ നിർദേശങ്ങൾക്ക് ആ സാഹചര്യവുമായി വളരെയേറെ പ്രധാന്യവുമുണ്ട്.തന്നെ അയച്ചവന്റെ ലക്‌ഷ്യം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുക എന്നത് മാത്രമല്ല മറിച്ച് കുരിശുമരണത്തിൽ  ചെന്നെത്തുന്ന രക്ഷയാത്ര അവന് അറിവുണ്ടായിരുന്നു. വ്യക്തമായി പറഞ്ഞാൽ യേശു മാനുഷീകമായ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. 


മനുഷ്യരിൽ നിന്നും ഞാൻ മഹത്വം സ്വീകരിക്കുന്നില്ല.നിങ്ങളിൽ ദൈവ സ്നേഹമില്ല(John 5:41). യേശുവിന്റെ നാമത്തിൽ ശ്രശ്രുഷകളുടെ പേര് പറഞ്ഞു പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ  ശ്രശ്രുഷകരും ഈ വചനം ആഴത്തിൽ ചിന്തിക്കണം. അത്ഭുപ്രവർത്തികളുടെ നീണ്ട നിരാകാണിച്ചു; സത്യവചനരക്ഷ മാർഗ്ഗം അന്വേഷിക്കുന്ന ജനത്തെ ആകർഷിക്കാൻ ശ്രമിക്കുന്ന എല്ലാ ശ്രശ്രുഷപ്രമുഖരും ഈ വചനം ഒരാവർത്തികൂടി വായിക്കണം.സഭാമുന്നേറ്റവും വിശ്വാസവളർച്ചയും എന്ന പരസ്യം നൽകി  അംഗസംഖ്യ കൂട്ടാൻ വ്യഗ്രതകൊള്ളുന്ന എല്ലാ ശ്രശ്രുഷ ശ്രേഷ്ഠരും  ഈ വചനം ഓർക്കണം.


പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?(John 5:44). സ്വയം ഒരു ചിന്തകൾക്ക് ഈ വചനം കാരണമാകട്ടെ.


പുരോഹിതനെ കാണിച്ചു കൊടുക്കുക: 


പഴയനിയമത്തിലെ ഏറ്റവും ഭീകരമായ ഒരു രോഗമായിട്ടാണ് കുഷ്ഠരോഗത്തെ പ്രദിപാതിച്ചിരിക്കുന്നത്. കുഷ്ഠരോഗത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നവ്യക്തിക്ക്; എട്ടു ദിവസം നീണ്ടു നില്ക്കുന്ന ശുദ്ധീകരണശ്രശ്രുഷയിൽ പുരോഹിതന്റെ സ്ഥാനംലേവ്യർ പുസ്തകത്തിൽ (Levi 14)വിവരിച്ചിട്ടുണ്ട്.പുരോഹിതന്റെ പരിശോധനയാൽ വെളിപ്പെടുത്തുന്ന രോഗസൗഖ്യവും തുടർന്നുള്ള  ശ്രശ്രുഷകളും യഹൂദവിശ്വാസത്തിന്റെ  അടിസ്ഥാന നിയമങ്ങളായിരുന്നു. 


ഇവിടെ കുഷ്ഠരോഗം മാറ്റപ്പെട്ട ആ മനുഷ്യനോട് പുരോഹിതനെ കാണിച്ചു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നതിൽ കൂടി രണ്ട് കാര്യങ്ങൾ യേശു വെളിപ്പെടുത്തുന്നു.

:- രോഗം മാറിയ അവസ്ഥയിൽ സമൂഹം അംഗീകരിക്കണമെങ്കിൽ പുരോഹിതന്റെ സാക്ഷ്യം ആവശ്യമായിരുന്നു.
:- മാറരോഗമായി കരുതപ്പെട്ടിരുന്ന കുഷ്ഠരോഗത്തിന്റെ പൂർണ്ണസൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്ന പുരോഹിതനിൽ യേശു ദൈവ പുത്രൻ എന്ന സത്യം സ്ഥാപിക്കണമെന്നു യേശു ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ മഹത്വം തിരിച്ചറിയുന്ന ആ പുരോഹിതനിലും അവന്റെ വെളിപ്പെടുത്തലുകൾ ശിരസാവഹിക്കുന്ന യഹൂദജനത്തിനും  ദൈവപുത്രനായ യേശുവിന്റെ രക്ഷ വെളിപ്പെടുത്താൻ ദൈവം ആഗ്രഹിച്ചിരുന്നു.എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും   അവിടുന്ന് ആഗ്രഹിക്കുന്നു(1 Timothy 2:4). 
    
സാക്ഷ്യകർമ്മങ്ങൾ:  
പാളയത്തിനു വെളിയിൽ മാത്രം താമസിക്കാൻ അനുവദിച്ചു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കുഷ്ഠരോഗിയുടെ  സൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്നതിനോടൊപ്പം പഴയനിയം അനുശാസിക്കുന്ന ശ്രശ്രുഷയിൽ കാഴ്ചകൾ സമർപ്പിച്ചാൽ മാത്രമേ ആ  ശുദ്ധീകരണപ്രക്രിയ പൂർണ്ണമായിരുന്നുള്ളൂ(Levi 14).
പുരോഹിതന്റെ സാക്ഷ്യവും ശുദ്ധീകരണശ്രശ്രുഷ ഒരു പുതിയ നിയമ വിശ്വാസിക്ക് ബാധകമല്ല.കാരണം പുതിയ നിയമ വിശ്വാസി നിയമത്തിൻ കീഴിലല്ല മറിച്ച് കൃപക്ക് കീഴിലാണ്(Romans 6:4).

അവൻ വളരെ കാര്യങ്ങൾ പ്രഘോഷിച്ചു:-

ആയിരക്കണക്കിന് ജനങ്ങൾ രോഗശാന്തിതേടി യേശുവിനരികിൽ വന്നിരുന്നെങ്കിലും ചുരുക്കം ചിലരോട് മാത്രമേ ആരോടും പറയരുത് എന്ന  നിർദേശം നൽകിയിട്ടുള്ളത് എന്നത് ശ്രദ്ധേയം.സുവിശേഷത്തിൽ എടുത്തു പറഞ്ഞിട്ടുള്ള എല്ലാ രോഗസൗഖ്യ സംഭവങ്ങളിലും ആ വ്യക്തിയുടെ വിശ്വാസംയേശു  ഏറ്റുപറയിപ്പിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആരോടും പറയരുത് എന്ന് നിർദേശിക്കുന്നതിൽ നിന്നും അവന്റെ വിശ്വാസത്തിന്റെ ആഴം മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുകയാണ് യേശു ചെയ്തത്. വ്യക്തമാക്കിയാൽ;യഥാർത്ഥത്തിൽ യേശുവിന്റെ  സ്വീകരിച്ചവന്, പുത്രസ്വീകരണത്തിന്റെ ആത്മാവിനെ ലഭിച്ചവന്, സാഹചര്യം പ്രതികൂലമാണെങ്കിലും തനിക്കു ലഭിച്ച മഹത്വത്തെ വെളിപ്പെടുത്താൻ ഭയമുണ്ടാകില്ല.കാരണം അവനിൽ നിറഞ്ഞിരിക്കുന ശക്തി അവനിൽ നിന്നും ഒഴുകികൊണ്ടിരിക്കും. സൗഖ്യo നേടിയ ആ കുഷ്ഠരോഗിയോട് പറയരുത് എന്ന്  നിർദേശച്ചതിന്റെ ഇരട്ടിശക്തതിയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കാരണം അവൻ അനുഭവിച്ച ദൈവമഹത്വത്തിന്റെ  പ്രകാശമാണ്. ദൈവത്തിന് സാക്ഷിയാകാൻ, അവൻ നല്കിയ വിടുതലിനെ വെളിപ്പെടുത്താൻ , അവന്റെ രക്ഷയെ വെളിപ്പെടുത്താൻ  ഈ ലോകത്തിന്റെ പരിശോധയോ അംഗികാരമോ ആവശ്യമില്ല. പുതിയ സൃഷ്ട്ടിയുടെ അനുഭവം അവനിൽ നിന്നും ധാരധാരയായി ഒഴുകികൊണ്ടിരിക്കും. 


യേശുവിന്റെ കരുണയാൽ നിങ്ങൾ ശുദ്ധീകരണം പ്രാപിച്ചിട്ടുണ്ടോ?.

നിങ്ങൾക്ക് ലഭിച്ച അവന്റെ ശുദ്ധീകരണത്തെ നിങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ?.       

ദൈവമഹത്വത്തെ അനുഭവിച്ചറിഞ്ഞിട്ടും സാഹചര്യത്തിന്റെ സമ്മർദ്ധത്താൽ, സമൂഹത്തിലെ സ്ഥാനമാനങ്ങളെ മറന്ന് അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ്‌ നിങ്ങളുടെതെങ്കിൽ നിങ്ങൾ ഭയപ്പെടണം(Romans 1:21-24). അശുദ്ധിയാൽ അവമാനിതരകാൻ ഇടയകതിരിക്കട്ടെ. തെറ്റുകളെ തിരിച്ചറിഞ്ഞ് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിച്ച് അവന്റെ സന്നിധിയിലേക്ക് തിരിച്ചുവരാൻ നമുക്ക് കഴിയട്ടെ.ഞാൻ എന്തായിരിക്കുന്നോവോ അത് ദൈവ ക്രിപയലാണ്.എന്റെമേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമയിപ്പോയിട്ടില്ല (1 Corinthians15:10)എന്ന് നമുക്ക് വെളിപ്പെടുത്താം. അങ്ങനെ ദൈവത്തിന്റെ സാക്ഷിയായി മാറാം.പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
                               ദൈവത്തിന് നന്ദി... 








Wednesday, 18 December 2013

ക്രിസ്ത്യാനിയുടെ ക്രിസ്തുമസ്സ്

കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമലമാണ്.ഉലയിൽ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്(Psalms 12:6).കാപട്യം നിറഞ്ഞ ഈ ലോകത്തിന്റെ ശക്ത്തിയിൽ നിന്നും നീചത്വം നിറഞ്ഞ മനുഷ്യരുടെ പിടിയിൽ നിന്നും കർത്താവ് നമ്മെ കാത്തുക്കൊള്ളട്ടെ....

തൂവെള്ള നിറമുള്ള മഞ്ഞു പെയ്യുന്ന ഡിസംബറിലെ തണുത്ത രാത്രി.ദാവീദിന്റെ പട്ടണമായ ബേത്‌ലെഹമിൽ കർത്താവായ യേശു ക്രിസ്തു ജനിച്ചിരിക്കുന്നു.പിള്ളക്കച്ചകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾക്ക് കാണാം (Luke 2:10-12) എന്ന  ദൈവദൂതന്റെ   വെളിപ്പെടുത്തൽ  രക്ഷകനെ കാത്തിരുന്ന ഈ ലോകത്തിന്  പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തൂകി.എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഡിസംബറിലെ തണുത്ത രാത്രി പ്രതീക്ഷിച്ചിരിക്കുന്ന സുഹൃത്തേ; ഇതാ ചില ചിന്തകൾ...
  • യേശുവിന്റെ ജനനത്തെക്കുറിച്ച് വചനത്തിൽ എന്ത് രേഖപ്പെടുത്തിയിരിക്കുന്നു?.
  • ഡിസംബർ 25ന്റെ തണുത്ത രാവിൽ തന്നെയാണോ യേശുവിന്റെ ജനനം?.
  • അല്ലെങ്കിൽ എന്നാണ്‌ യേശുവിന്റെ ജനനം?.
  • എന്തുകൊണ്ട് ഡിസംബർ 25 യേശുവിന്റെ ജനനമായി കണക്കാക്കുന്നു?.
  • യഥാർത്ഥത്തിൽ എന്താണ് ഒരു ക്രിസ്തു വിശ്വാസിയുടെ ക്രിസ്തുമസ്സ്?.
വൈരുദ്ധ്യ ഭാവങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ ഈ ചിന്തകൾ ചിലപ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം.ഞാൻ ഇതെല്ലാം അറിയേണ്ടതുണ്ടോ എന്ന തോന്നലും അസാധാരണമല്ല. ദൈവവചനം വിശ്വാസ വളർച്ചയുടെ അടിസ്ഥാനവും പരിശുധനായവനെ അറിയുന്നത് അറിവിന്റെ പൂർണ്ണതയുമായതിനാൽ(Proverbs 9:10-11) ജ്ഞാനത്തിന്റെ ഉറവിടമായ ദൈവവചനത്തെ അന്വേഷിച്ചറിയേണ്ടതുണ്ട്.സുഗമവും സന്തോഷകരവുമായ വിശ്വാസജീവിതയാത്രക്ക് ഇത്തരം തിരിച്ചറിവുകൾ കൂടുതൽ സഹായകമാകും എന്ന് ഞാൻ കരുതുന്നു.

യേശുവിന്റെ ജനനം :

ബേത്‌ലെഹമിൽ യേശു എന്ന് ജനിച്ചുവെന്ന് (തീയ്യതിയോ,മാസമോ,സമയമോ,വർഷമോ) വചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വ്യതസ്ത വീക്ഷണകോണുകളിൽ നിന്നും പരിശുദ്ധാത്മാവിനാൽ പൂരിതരായി എഴുതപ്പെട്ട നാല് സുവിശേഷങ്ങളിലും ഇതിനെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല.രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെട്ടു എന്നതിനാലും ( Luke 2:8) ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെട്ടു എന്നതിനാലും (Mathew2:2) യേശുവിന്റെ ജനനം രാത്രിയിലായിരുന്നു എന്ന് കണക്കാക്കാം.

മഞ്ഞു പെയ്യുന്ന ഡിസംബർ :

ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ ദൈവം; മോശ വഴി കാനാൻ ദേശത്തേക്ക് നയിക്കുന്ന ദിവസം മുതൽ അവരുമായി ഇടപ്പെടുന്ന എല്ലാ സാഹചര്യങ്ങൾക്കും ദൈവം സമയവും, മാസവും, വർഷവും കുറിച്ചിരുന്നതായി പഴയനിയമത്തിൽ നമുക്ക് കാണാം(Exodus 12:1,12:4,13:3....).
അഹറോന്റെ സന്തതികളെ ദാവിദു് ശുശ്രുഷയുടെ ക്രമമനുസരിച്ച്‌; എലെയാസറിന്റെ പിൻഗാമികളെ പതിനാറ് ഗണമായും ഇത്താമറിന്റെ പിൻഗാമികളെ എട്ട് ഗണമായും (1Chronicles 24:4) തിരിക്കുന്നു.അങ്ങനെ ആകെ 24 ഗണമായി പുരോഹിതവംശമായി അവരെ തിരഞ്ഞെടുക്കുന്നു.കർത്താവ് കൽപ്പിച്ചതനുസരിച്ച് പിതാവായ അഹറോൻ നിശ്ചയിച്ച ക്രമമനുസരിച്ച്‌  (30 ദിവസങ്ങൾ ഉള്ള 12 മാസങ്ങളാണ് ഹീബ്രു കലണ്ടർ. അതിനാൽ ഒരു ഗണം ഏകദേശം 14/ 15 ദിവസം) ദേവാലയത്തിൽ ശുശ്രുഷചെയ്യാൻ അവർ വരേണ്ടിയിരുന്നു (1Chronicles 24: 5-19). 

യേശുവിന്റെ ജനനത്തിന് മുന്നോടിയായി യോഹന്നാന്റെ ജനനത്തെക്കുറിച്ച് (Luke 1:5)വചനത്തിൽ കാണാൻ കഴിയും.യോഹന്നാന്റെ പിതാവായ സഖറിയ;അബിയ ഗണത്തിലെ പുരോഹിതനായിരുന്നു. പുരോഹിത ക്രമമനുസരിച്ച്‌ എട്ടാമത്തെ ഗണം(1Chronicles 24:10).ഹീബ്രു കലണ്ടർ ശുശ്രുഷ ക്രമമനുസരിച്ച് നാലാമത്തെ മാസം(ഒരു മാസം രണ്ട് ഗണം).അതായത് ഈ കാലഘട്ടത്തിലെ കലണ്ടർ (Gregorian) അനുസരിച്ച് ജുണ്‍ /ജൂലായ്‌ മാസത്തിൽ.
സഖറിയുടെ ശുശ്രുഷയുടെ ദിവസങ്ങൾ പൂർത്തിയാക്കി വീട്ടിൽ ചെന്നതിനു ശേഷമാണ് എലിസബത്ത് ഗർഭം ധരിച്ചതായി (കലണ്ടർ അനുസരിച്ച് June /July) വചനത്തിൽ(Luke1:23)രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട മറിയത്തിന് ദൈവീക മഹത്വത്തിന്റെ പ്രത്യക്ഷ അടയാളമായി ദൂതന്റെ വെളിപ്പെടുത്തലിൽ നിന്നും മറിയം യേശുവിനെ ഗർഭം ധരിക്കുമ്പോൾ ചാർച്ചക്കാരിയായ എലിസബത്തിന്   അത് ആറാം മാസം(Luke1:36). വ്യക്തമാക്കിയാൽ ജുണ്‍ /ജൂലായ്‌ മാസത്തിൽ ഗർഭം ധരിക്കപ്പെട്ട എലിസബത്തിനെ മറിയം സന്ദർശിക്കുന്നത് ആറ്  മാസങ്ങൾക്ക് ശേഷം ഏകദേശം ഡിസംബർ / ജനുവരി മാസത്തിൽ. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട  മറിയത്തിന് ഇത് ആദ്യ മാസം(Dec/Jan). അങ്ങനെയെങ്കിൽ കണക്കുകൾ അനുസരിച്ച് ഡിസംബറിൽ അല്ല; ഏകദേശം സെപ്റ്റംബർ / ഒക്ടോബർ (Sep/Oct) മാസത്തിലാണ് യേശുവിന്റെ ജനനം എന്ന് അനുമാനിക്കേണ്ടിവരും. 

ചരിത്ര കണക്കുകൾ അനുസരിച്ചുള്ള ഈ ചിന്തകൾ ശരിയായിരിക്കാം എന്ന് ഉറപ്പ് നൽകുന്ന ഒരു ഭാഗം വചനത്തിൽ കാണാൻ കഴിയും.  വയലുകളിൽ രാത്രി കാലങ്ങളിൽ ആടുകളെ കത്ത് കൊണ്ടിരുന്ന ഇടയന്മാർക്കാണ് (Luke 2:8) ആദ്യമായി ദൈവത്തിന്റെ ദൂതൻ രക്ഷയുടെ സദ്‌വാർത്ത അറിയിക്കുന്നത്. തണുപ്പ് രാജ്യങ്ങളിൽ മഞ്ഞുകാലത്ത് ആടുകളെ മേയിക്കാൻ വയലുകളിൽ വിടുന്ന പതിവില്ല.പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ; കാരണം മഞ്ഞിനാൽ പൊതിഞ്ഞ പുല്ല് ഭക്ഷിക്കാൻ യോഗ്യമല്ലാത്തതിനാലും, അതിശൈത്യം  അവയെ യഥേഷ്ട്ടം മേയാൻ  അനുവദിക്കാത്തതിനാലും അവയെ കൂടുകളിൽ തന്നെ പാർപ്പിക്കാൻ ഇടയന്മാർ താൽപ്പര്യപ്പെട്ടിരുന്നു. വയലുകളിൽ രാത്രികാലങ്ങളിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർ എന്ന പ്രയോഗം തണുപ്പ് കാലത്തിന് മുൻപുള്ള സെപ്റ്റംബർ / ഒക്ടോബർ(Sep/Oct) മാസങ്ങളിലായിരിക്കാം യേശുവിന്റെ ജനനം എന്ന ചിന്തകൾക്ക് ഉറപ്പുനൽകുന്നു. 

ഡിസംബർ 25 - ക്രിസ്തുമസ്സ് :

ആദിമ സഭയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ യേശുവിന്റെ ജനനത്തിന്റെ ഓർമ്മ (ക്രിസ്തുമസ്സ് ) എന്ന ഒരു ചിന്തയോ ആഘോഷമോ ഉണ്ടായിരുന്നില്ല.പകരം, യേശു എന്ന ഏക രക്ഷകന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ വിശ്വാസ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മൂദീസായും (Ephesians 4:5) എന്ന വചന പ്രകാരം തന്നെ.

സഭയുടെ വളർച്ചയോടൊപ്പം സാന്മാർഗ്ഗിക നിയമങ്ങൾ സംബന്ധിച്ച വിജ്ഞാനം കുറവുണ്ടായിരുന്ന കൊരിന്തീസിലെ ഉൾപ്പെടെ ഗ്രീസിലെ  ജനങ്ങൾക്കിടയിൽ വിഗ്രഹാരാധാനയും തതുല്യമായ വിശ്വാസ രീതികളും (Paganisam) നടമാടി കൊണ്ടിരുന്നു.ഇവ പിന്നീട് റോമിലേക്കും പടർന്നു പന്തലിച്ചു. കോരിന്തൊസ്സ് ലേഖനങ്ങൾ ഇവ വ്യക്ത്തമാക്കുന്നു.

A D 313-ൽ റോമാ ചക്രവർത്തിയായിരുന്ന കോണ്‍സ്റ്റന്റിൻ(Constantine) ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായും നിർബന്ധിത വിശ്വാസ മാർഗ്ഗമായും പ്രഖ്യാപിച്ചു. എങ്കിലും അന്തവിശ്വാസങ്ങളെയും സൂര്യ-ചന്ദ്രന്മാർ  ഉൾപ്പെടുന്ന ഗ്രീക്ക്- റോമൻ ദേവന്മാരെയും (Paganisam) പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

റോമിൽ ഡിസംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം സൂര്യന്റെ പ്രകാശ ദൈർഘ്യം മറ്റുള്ള  ദിവസങ്ങളേക്കാൾ കൂടുതലായിരിക്കും എന്നതിനാൽ അവർ ആ ദിവസം പ്രതീക്ഷയുടെ പുതിയ വർഷമായി മലാക്കി പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള  നീതി സൂര്യന്റെ ജനനമായി (Malakki 4: 2) തെറ്റായി വിശ്വസിച്ചിരുന്നു. അങ്ങനെ രക്ഷകനായി സൂര്യനെ (Unconquered Sun) അവർ ആരാധിച്ചു പോന്നിരുന്നു. 

ഇത്തരം അന്തവിശ്വാസങ്ങൾക്ക് മുഴുവനായും മാറ്റം വരുത്താൻ കഴിയാത്തതിനാലും ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന മതമായി മറ്റേണ്ടാതിനാലും അവരുടെ അന്തവിശ്വാസ ചുവടുപിടിച്ച്  പുതിയ വ്യാഖ്യനവുമായി ഡിസംബർ 25 യേശുവിന്റെ ജനനമായി  കോണ്‍സ്റ്റന്റിൻ ചക്രവർത്തി പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഒന്നാകെ  സ്വീകരിച്ചിരിക്കുന്ന ഒരു വിശ്വാസത്തിന്റെ രത്നചുരുക്കമാണിത്. ക്രിസ്തുമസ്സ് എന്നതിന്റെ ആത്മീയ ബോധ്യം നഷ്ട്ടപ്പെട്ട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസ്തൃതമായി വ്യതിയാനം സംഭവിച്ച് ഇന്ന്  2013-ൽ നമ്മുടെ മുൻപിൽ എത്തപ്പെട്ടിരിക്കുന്നു.

ഒരു ക്രിസ്ത്യാനിക്ക് എന്താണ് ക്രിസ്തുമസ്സ്?.

ഡിസംബറോ... സെപ്റ്റംബറോ...യേശുവിന്റെ ജനനം എന്നുമാകട്ടെ...ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തിൽ ആ ദിവസ കണക്കിന് ഒട്ടുംതന്നെ പ്രാധാന്യം ഇല്ല. യേശുവിനേയും ദൈവവചനത്തേയും വിവേചിച്ചറിഞ്ഞ് അതിന്റെ ഉൾക്കാഴ്ചയിൽ നിലനിൽക്കുന്ന ജീവിതം അതാണ് യേശു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസും,യൂദാസും.  തന്റെ സ്വാർത്ഥ ധന ലാഭം കണക്കാക്കിയാണ്  യൂദാസ് യേശുവിനെ ഉൾകൊണ്ടിരുന്നത് എന്നാൽ നീ ജീവിക്കുന്ന ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവാണ്‌ (Mathew 16:16)  എന്ന പത്രോസിന്റെ ഉൾകാഴ്ച അവനെ ഉറച്ച വിശ്വാസത്തിലേക്ക് നയിച്ചു.
ലോകത്തിന്റെ കണക്കനുസരിച്ച് ഡിസംബർ 25ന് മാത്രം യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുമ്പോൾ, ഭൌതീകമായ സന്തോഷത്തിനും ആഘോഷത്തിനും മാത്രമായി ക്രിസ്തുമസ്സ് മാറ്റപ്പെടുമ്പോൾ സുഹൃത്തെ;യൂദാസിന്റെ ചിന്തയിൽ നിന്നും നീ വ്യത്യസ്തനല്ല എന്ന് നീ ഓർക്കണം. 




  • യേശുവിനോടൊപ്പം കുരിശിൽ  വലത്ത്  ഭാഗത്ത്‌ തറക്കപ്പെട്ട കള്ളൻ; ആ കുരിശിൽ കിടന്നാണ് യേശു എന്ന രക്ഷകനെ അവൻ കൈകൊള്ളുന്നത്‌(Luke 23:42-43).അന്നായിരുന്നു അവന് ക്രിസ്തുമസ്സ്.....
  • കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ വധ ഭീക്ഷണി മുഴക്കി മുന്നേറിയിരുന്ന സാവൂൾ; 'നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ' (Acts 9:3-6) എന്ന ദൈവശബ്ദം  അവനിൽ യേശു എന്ന രക്ഷകന്റെ ജനനത്തിനു കാരണമാക്കി...
  • യേശുവിനെ കാണാൻ മരത്തിൽ കയറിയ സക്കേവൂസ്; 'ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'(Luke 19:5)എന്ന ദൈവവിളി അവനെ പുതിയ ഒരു മനുഷ്യനാക്കാൻ, യേശു എന്ന രക്ഷകൻ അവനിൽ ജനിക്കാൻ ഇടയാക്കി...
  • മുടന്തനും, കുഷ്ട്ടരോഗിയും പാപിനിയായ സ്ത്രീയും എല്ലാം വിശ്വാസം ഏറ്റുപറഞ്ഞ്  ഈ ലോകത്തിലേക്ക് വന്ന രക്ഷകനെ കണ്ട് മുട്ടിയ എത്രയോ സന്ദർഭങ്ങൾ വചനത്തിൽ കാണാൻ കഴിയും.

  • ക്രിസ്തു മഹത്വത്തെ അറിയുവാനും അങ്ങനെ യേശു ക്രിസ്തു എന്റെ രക്ഷകനാണെന്ന സത്യം ഹൃദയത്തിൽ സ്വീകരിക്കപ്പെടുവാനും നമുക്ക് കഴിയണം. അങ്ങനെ വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് കടന്ന് വരുന്ന നിമിഷം; നിനക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു(Luke 2:11)....അവന്റെ കരുണയാൽ നിനക്ക് രക്ഷ(Ephesians 1:8)കൈവന്നിരിക്കുന്നു എന്ന; നിനക്ക് വേണ്ടിയുള്ള  സദ്‌വാർത്ത കേൾക്കാൻ കഴിയണം. അതെ സുഹൃത്തെ; യേശുവിനെ രക്ഷകനും നാഥനുമായി നീ അനുഭവിച്ചറിഞ്ഞ്  അവനെ നിന്റെ ഹൃദയത്തിൽ  സ്വീകരിക്കുന്ന നിമിഷം, നീ വീണ്ടും ജനനത്തിന്റെ അനുഭവത്തില്ലേക്ക് കടന്നു വരുന്ന നിമിഷം, അന്നാണ് നിനക്കുവേണ്ടിയുള്ള രക്ഷകന്റെ ജനനം- നിന്റെ  ക്രിസ്തുമസ്സ്.


    വിശ്വാസി എന്ന നാമകരണം ചെയ്യപ്പെട്ട സഹോദരാ; എന്നായിരുന്നു നിന്നിൽ യേശുവിന്റെ ജനനം?.... അല്ല;യേശു എന്ന രക്ഷകൻ നിന്നിൽ ജനിച്ചിട്ടുണ്ടോ?. യേശുവിനോടൊപ്പം നടന്നപ്പോഴും യൂദാസിന് യേശു രക്ഷകൻ ആകപ്പെട്ടിട്ടില്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം.

    യേശു എന്ന രക്ഷകൻ നിന്റെ ഹൃദയത്തിൽ ജനിക്കാതെ, ഈ ലോകത്തിന്റെ ആചാര ചടങ്ങുകൾക്ക് അനുസരിച്ച് ഡിസംബർ 25 നു കൃത്യം രാത്രി 12 മണിക്ക് യേശുവിനെ ജനിപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന സുഹൃത്തേ;'നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല' (Mathew 7:23) എന്ന യേശുവിന്റെ വചനം ഓർക്കണമേ...

    യേശുവിന്റെ ജനനം ഓർമ്മിക്കപ്പെടുന്നത് തെറ്റാണെന്നല്ല; മറിച്ച് നമ്മുടെ വിശ്വാസ വഴിയെ പരിശോധോച്ചറിയാൻ, വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ നമുക്ക് കഴിയണം എന്ന് ഓർമിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വാസ തലത്തെ സ്വയം വിലയിരുത്തി തനെത്തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാൻ അങ്ങനെ അവന്റെ നാമത്തിൽ വിശ്വസിക്കാൻ, അവനെ സ്വീകരിക്കാൻ, വീണ്ടും ജനിക്കാൻ, അവന്റെ കൃപയാൽ രക്ഷപ്രാപിക്കാൻ,ദൈവമക്കളാകാൻ നമുക്ക് കഴിയട്ടെ....

    പുൽകൂട്ടിൽ പിറന്ന യേശുവിലുണ്ടായിരുന്ന കൃപയും സത്യവും നിറഞ്ഞ ക്രിസ്തു എന്ന ദൈവത്തിന്റെ മഹത്വം ദർശിക്കാൻ, ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ ഇടയാകട്ടെ....പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
                                                                             ദൈവത്തിന് നന്ദി...

    Sunday, 27 October 2013

    ആരാണ് എന്റെ ശത്രു...?

    മുൻപിലും പിൻപിലും അവിടുന്ന് എനിക്കു കാവൽനിൽക്കുന്നു.അവിടുത്തെ കരം എന്റെമേലുണ്ട്. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു.എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്(Psalms 139:5-6).അമൂല്യവും വിപുലവുമായ അങ്ങയുടെ ചിന്തകൾ ഗ്രഹിക്കാനും അങ്ങയുടെ ഹിതം അനുവർത്തിക്കാനും പരിശുദ്ധാത്മാവ്  നിരപ്പുള്ള വഴിയിലൂടെ നമ്മെ നയിക്കട്ടെ.

    മോശ വഴി നൽകപ്പെട്ട കല്പനകളെ പാലിച്ചുപോന്ന ജനത്തെ സ്നേഹിതരായും കല്പനകൾ പാലിക്കാത്തവരെ ശത്രുവായും കണക്കാക്കിപ്പോന്ന യഹൂദജനത്തോട് പ്രവചനങ്ങളുടെ പൂർത്തീകരണമായ യേശു പറഞ്ഞു 'ശത്രുക്കളെ സ്നേഹിക്കുവിൻ' (Mathew 5:44). 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു  ചുറ്റി നടക്കുന്നു'(1Peter 5:8).ഈ ദൈവവചനം പിശാച് നമ്മുടെ ശത്രു എന്ന് ഓർമ്മപ്പെടുത്തുമ്പോൾ സുഹൃത്തേ;ചില ചോദ്യങ്ങൾ...

    • പിശാചാണ് എന്റെ ശത്രുവെങ്കിൽ;ഞാൻ പിശാചിനെ സ്നേഹിക്കണമോ?.
    • പിശാചല്ല എന്റെ ശത്രുവെങ്കിൽ; ആരാണ് എന്റെ ശത്രു ?. 
    • എങ്ങനെയാണ് എന്റെ ശത്രുവിനെ സ്നേഹിക്കുക ?.

    അവിശ്വാസിയിൽ നിന്നുമുയരുന്ന ഇത്തരം ചില ചോദ്യങ്ങൾ നമ്മുടെ വിശ്വാസവളർച്ചയെ ഹാനികരമായി ബാധിച്ചേക്കാം.അതിനാൽ ആത്മാവും ജീവനുമായ ദൈവവചനത്തിന്റെ (John6:63b)കലർപ്പില്ലാത്ത സത്യം തിരിച്ചറിയുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ അത്യന്താപേഷികമാണ്.മുകളിൽ പ്രതിപാദിച്ചിരിക്കുന്ന  രണ്ട് വചനങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. സത്യമെന്ന് തോന്നിപ്പിച്ച്, ഒറ്റനോട്ടത്തിൽ ശരിയല്ലേ? എന്ന സംശയം ഉണ്ടാക്കാവുന്ന വിധം കൂട്ടിച്ചേർത്തവ.
     
    ദൈവവചനാടിസ്ഥാനത്തിൽ രണ്ട് തരത്തിലുള്ള ശത്രുക്കളെ നമുക്ക് കാണാൻ കഴിയും. അനുദിന ജീവിതത്തിൽ ഭൌതീകമായി ശത്രുതക്ക് കാരണമായേക്കാവുന്ന സഹോദരൻ എന്ന ശത്രുവും ദൈവസ്നേഹത്തിലേക്ക് നാം എത്തപ്പെടാതിരിക്കാൻ നമ്മെച്ചോല്ലി ദൈവവുമായി മത്സരിക്കുന്ന പിശാച് എന്ന ആത്മീയ ശത്രുവും.

           ഭൌതീക ശത്രു ---> സഹോദരൻ. 

    ആത്മീയ ശത്രു ---> പിശാച്.

    ഭൌതീക ശത്രു :
    യേശു തന്റെ ജീവിതത്തിൽക്കൂടിനമുക്ക് നൽകിയ ഒരു ഉദാത്തമാതൃകയാണ്‌ ശത്രുസ്നേഹം.സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരാൻ  ശത്രുക്കളെപ്പോലും സ്നേഹിക്കണം (Mathew 5:45) എന്ന് ദൈവവചനം നമ്മോട് പറയുന്നു. ഈ ശത്രുസ്നേഹം പിശാചായ ശത്രുവിനെയല്ല മറിച്ച്; തന്നെപ്പോലെതന്നെ ദൈവത്തിന്റെ നിശ്വാസത്താൽ ജീവൻ പ്രാപിച്ച സഹോദരനെ സ്നേഹിക്കണം എന്നാണ് വെളിപ്പെടുത്തുന്നത്.ഈ ലോകജീവിതത്തിലെ നൈമീഷിക ആഗ്രഹ സഫലീകരണത്തിനായി ശത്രുവായി മാറ്റിയ സഹോദരനെയാണ് സ്നേഹിക്കേണ്ടത്. തെറ്റുകൾ ക്ഷമിച്ചു അവനെ സ്നേഹിക്കാൻ, അവനുവേണ്ടി പ്രാർത്ഥിക്കാൻ (Luke 6:27-29)വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. തന്റെ സഹോദരന്മാർ കൈവിട്ടപ്പോഴും,സ്വന്തം നാട്ടിൽ അവഹേളിക്കപ്പെട്ടപ്പോഴും,അകാരണമായി കുറ്റപ്പെടുത്തിയപ്പോഴും,സ്വന്തം ശിഷ്യൻ തള്ളിപ്പറഞ്ഞപ്പോഴും, കുറ്റവാളിയായി ചുമത്തപ്പെട്ടപ്പോഴുമെല്ലാം ശത്രുസ്നേഹത്തിന്റെ വ്യക്തമായ പ്രകടനമാണ് നമുക്ക് കാണുവാൻ കഴിയുന്നത്‌.
       
    ആത്മീയ ശത്രു:
    പിശാചാണ് എന്റെ ആത്മീയ ശത്രു എന്ന് വിളിച്ചുപറയാൻ വരട്ടെ...അതിനുമുൻപ്‌ ചില സത്യങ്ങൾ പരിശോധിച്ചറിയേണ്ടതായുണ്ട്.തന്റെ ആഗ്രഹങ്ങൾക്കും മാർഗ്ഗങ്ങൾക്കും തടസമായി വരുന്നവരെ ശത്രുവായി കണക്കാക്കുന്നത് ശത്രുതയുടെ ഒരു ഭാഗമെങ്കിൽ മറ്റുള്ളവരെ തന്നില്ലേക്ക് കടന്നുവരാൻ തന്നിൽ ഇടപ്പെടാൻ അനുവധിക്കാതിരിക്കുന്നതും ഒറ്റപ്പെടുത്തുന്നതും ശത്രുതയുടെ വേദനാജനകമായ മറുഭാഗമാണ്.  
    'ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങൾ അറിയുന്നില്ലേ?. ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു'(Jacob 4:4:).

    ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്താതെ അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാതെ യുക്തിവിചാരത്താൽ(Romans 1:11) മുന്നോട്ടുപോകുന്ന സുഹൃത്തേ; ആരാണ് നിന്റെ ശത്രു?.

    ജ്ഞാനികളെന്ന് ഭാവിച്ച് അന്ധകരത്തിലാണ്ടിരിക്കുന്ന നിങ്ങളുടെ ശത്രു പിശാചല്ല മറിച്ച് ദൈവമാണ്. 

    പ്രാർത്ഥിക്കുവാൻപോലും സമയം ലഭിക്കാതെ തിരക്കിട്ട്  ഈ ലോകമോഹങ്ങൾക്ക് പുറകേ ഓടുന്ന നാം; ദൈവത്തെ തന്നിലേക്ക് കടന്നുവരാൻ അനുവദിക്കാതെ(ശത്രുവായി) മാറ്റി നിറുത്തിയിരിക്കുന്നു. ദൈവവചനം വായിച്ച് ആത്മാവിന്റെ ശക്തിയാൽ ഗ്രഹിക്കുമ്പോൾ, താൻ ഇതുവരെ പിന്തുടർന്ന് വന്ന പാരബര്യവിശ്വാസത്തിന് മുറിവേൽക്കുമെന്നതിനാൽ വചനത്തെ കൗശലപൂർവം അവഗണിക്കുന്ന (Mark7:8-9) സുഹൃത്തേ നിങ്ങൾ തിരിച്ചറിയണം; പിശാച്ചല്ല,ദൈവമാണ് നിങ്ങളുടെ ശത്രു. 'പ്രകാശത്തിന്റെ വഴി പരിചരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്യാതെ അതിനെഎതിർക്കുന്നതാണ് '(Job24:13) ദൈവത്തോടുള്ള ശത്രുതയുടെ ഒരു ബാഹ്യപ്രകടനം. 

    സത്യം അറിഞ്ഞിട്ടും സ്വീകരിക്കാൻ കഴിയാതെ നഷ്ട്ടങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ഭയം നൽകി പിന്തിരിപ്പിക്കുന്ന പിശാച്ച്, ഇപ്പോൾ നിന്റെ ശത്രുവല്ല മിത്രമാണ്.സത്യവചനമായ യേശു സമീപസ്ഥമാണെങ്കിലും എനിക്ക് ഒന്നും അറിയില്ല, എനിക്ക് കൂടുതൽ അറിയേണ്ടതില്ല എന്ന് ചിന്തിച്ച്  ജീവിക്കുന്ന നാം യേശുവിനെ നമ്മിലേക്ക്‌ കടന്നുവരാൻ അനുവദിക്കാതെ ശത്രുവാക്കി മാറ്റി നിറുത്തുന്നു.

    സഭയുടേയും സമൂഹത്തിന്റെയും അംഗീകാരം നേടിയെടുക്കാൻ വിശ്വാസി എന്ന തലപ്പാവ് ധരിച്ചിരിക്കുന്ന സുഹൃത്തേ,ജഡിക താൽപര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്റെ ശത്രുവാണ്(Romans 8:7).കർത്താവേ കർത്താവേ എന്ന് വിളിച്ചപേക്ഷിക്കുബോഴും ഞാൻ നിന്നെ അറിഞ്ഞില്ല എന്ന ഉത്തരമാണ് നിനക്ക് ലഭിക്കുക കാരണം ജഡിക പ്രവണതകൾക്ക് അനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല(Romans 8:8). 

    ദൈവത്തിന്റെ അലയമാകേണ്ട നിങ്ങളുടെ ഹൃദയം (1 Cori 6:19) ഇപ്പോൾ ദൈവേഷ്ട്ടമാണെന്ന്  തോന്നിപ്പിച്ച് നാം പോലും അറിയാതെ പിശാചിന്റെ കുടില തന്ത്രങ്ങളുടെ പ്രവർത്തന കേന്ദ്രമാക്കിയിരിക്കുന്നു. ദൈവത്തെ നമ്മുടെ ഹൃദയത്തിൽ  വാഴാനും നമ്മിൽ വ്യപരിക്കാനും അനുവദിക്കാതെ പിശാച്ച് നൽകിയ അത്തിഇലകളാൽ മറഞ്ഞിരിക്കുന്നു.രക്ഷിക്കാൻ കഴിയുന്ന ജീവന്റെ ഉറവയെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറ്റിൽ  അഭയം പ്രാപിക്കുന്നതുപോലെ (Jermiah 2:13) ഈ ലോകത്തിന്റെ ദേവന്മാർക്ക് പിറകേ പോകുമ്പോൾ, പിശാച് എന്ന തന്ത്രശാലിയുടെ പിടിയിലാണ് നാമ്മെന്ന് തിരിച്ചറിയണം. 
    'എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടബടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം?.നീ ശിക്ഷണത്തെ വെറുക്കുന്നു;എന്റെ വചനത്തെ നീ അവഗണിക്കുന്നു(Psalms 50:16-17)എന്ന വചനം നാം ഓർക്കണം.
        
    ദൈവവുമായി അടിസ്ഥാന ബന്ധംപോലും പുലർത്താൻ കഴിയാതെ വചനത്തെ കൂട്ടിതുന്നി കോർത്തിണക്കി എത്രതവണ പ്രാർത്ഥിച്ചാലും പിശാചെന്ന മിത്രത്തിലേക്ക് അടുക്കുവാൻ; അറിയാതെ ആണെങ്കിലും ദൈവത്തെ ശത്രുവായി മാറ്റുവാൻ കാരണമാകുന്നു.

    യേശുമാത്രമാണ് എന്റെ രക്ഷകനെന്നും(Acts4:12) ദൈവത്തിന്റെ മുൻപിൽ യേശുവല്ലാതെ മറ്റൊരു മദ്ധ്യസ്ഥനുമില്ലയെന്ന (1John 2:1)സത്യം ഉൾകൊണ്ടുകൊണ്ട് അവന്റെ കുരിശിലെ ബലി എന്റെ ജീവിതത്തിലും അനുഭവവേദ്യമാകുമ്പോൾ(Romans 6:4) മാത്രമേ പിശാച്ച് എന്റെ ശത്രു ആയി മാറ്റപ്പെടുന്നുള്ളൂ  എന്ന സത്യവചന തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ. 

    അവിശ്വസ്തരായ മക്കളെ.തിരിച്ചുവരുവിൻ.ഞാൻ നിങ്ങളുടെ അവിശ്വതത പരിഹരിക്കാം(Jermiah 3:22).സ്നേഹനിധിയായ സ്വർഗ്ഗസ്ഥനായ പിതാവിന്റെ വിളിക്ക് കാതോർക്കാം.നമുക്ക് തന്നെത്തന്നെ ആത്മപരിശോധ ചെയ്യാം.യേശുവിനെ രക്ഷകനും നാഥനുമായി നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ട്ടിക്കം.അങ്ങനെ പിശാചിനെ ശത്രുവാക്കി ദൂരെയകറ്റാം.സ്നേഹിക്കുവനുള്ള ശത്രുവായിട്ടല്ല മറിച്ച് ദൈവത്തിന്റെ വലതുഭാഗത്തേക്ക് എത്തപ്പെടുന്നതുവരെ നിഗ്രഹിക്കേണ്ടതായ നിത്യ ശത്രുവാക്കി മാറ്റാം.പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.   
    ദൈവത്തിന് നന്ദി...

    Saturday, 19 January 2013

    'എമ്മാനുവേല്‍ ' എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ ?

    'ഈ ലോകത്തിന്റെ 
    ദേവന്‍ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്ക് ദൃശ്യമല്ല'(2 Corinthians 4:4). അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ജീവന്റെ വചനം ഓരോ നിമിഷവും നമ്മെ വഴിനടത്തട്ടെ...

    ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യക്തി.ക്രിസ്തുവിശ്വാസിയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ ആവേശത്തോടെ ദൈവചനത്തെക്കുറിചുള്ള സംസാരമായി.അദ്ദേഹം നിലനില്‍ക്കുന്ന കൂട്ടായ്മയുടെ അടിസ്ഥാന ബോധ്യത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ ശരം പോലെ വന്നു തറച്ച ഒരു ചോദ്യം.തിരക്കുപിടിച്ച ജീവിതത്തിനിടയില്‍  ആശ്വാസം തേടി, മനുഷ്യന്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍  ഈ ചിന്തകള്‍ പങ്കുവക്കുന്നത് അനുവാര്യമാണെന്നു തോന്നി....

    ഗര്‍ഭണിയായ മറിയത്തിനെ രഹസ്യമായി ഉപേഷിക്കേണ്ടതിനെക്കുറിച്ച്  അകുലതപ്പെട്ടിരിക്കുന്ന ജോസഫ്‌....... കര്‍ത്താവിന്റെ ദൂതന്‍ പ്രത്യഷപ്പെട്ട് അരുളിച്ചെയുന്നതിന്റെ അവസാനഭാഗം.'ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും'.( Mathew 1:23). 

    ചോദ്യങ്ങള്‍ ഇതാണ്....
    • യേശു എമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ?.
    • ഉണ്ടെങ്കില്‍ എവിടെ? എപ്പോള്‍ ?.
    • ഇല്ലെങ്കില്‍ എന്തുകൊണ്ട് ആ വചനം നിറവേറാതായിപ്പോയി?
    യേശു എമ്മാനുവേല്‍ എന്ന്  വിളിക്കപ്പെടാത്തതിനാല്‍ നാം പ്രാര്‍ത്ഥിക്കേണ്ടതും കാത്തിരിക്കേണ്ടതും അവന്റെ രണ്ടാമത്തെ വരവില്‍ രാജാക്കന്മാരുടെ രാജാവായി, അവന്‍ എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുന്ന ആ സമയത്തിനു വേണ്ടിയായിരിക്കണം. രക്ഷകനായ  എമ്മാനുവേലിനു വേണ്ടിയായിരിക്കണം.അന്ന് ഒരെഒരു ദേവാലയവും മറ്റു സിനഗോഗുകളും മാത്രമേ  നിലനില്‍ക്കു എന്നതിനാല്‍ ,  വിശ്വാസികള്‍ എല്ലാവരും സിനഗോഗില്‍ ഇമ്മാനുവേലിനു വേണ്ടി ഒന്നുചേരണം. ചിന്തകള്‍ക്ക് കാരണമായ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തെ അവിടെ വിട്ടുകൊണ്ട് നമുക്ക് ദൈവവചനത്തിലേക്ക് വരാം. 

    വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കത്തതിനാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു'(Mathew 22:29). ഒരു ക്രിസ്തുവിശ്വാസിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനമായതിനാലും, വചനത്തില്‍ ഒന്നുപോലും മാറ്റമില്ലാത്തതിനാല്ലും ഉത്തരം വചനത്തില്‍ നിന്നുതന്നെ കിട്ടണം.

    വിശുദ്ധഗ്രന്ഥത്തില്‍ ആകെ മൂന്ന് ഭാഗങ്ങളില്‍ മാത്രമേ എമ്മാനുവേല്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമായി പഴയനിയമത്തിലെ ഏശയ്യ ഗ്രന്ഥത്തില്ലും(Isaiah 7:14,8:8). ദുതന്‍ ജോസഫിനോട് വെളിപ്പെടുത്തുന്ന ഭാഗത്ത്‌ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി (Mathew  1:23) പുതിയനിയമത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. 

    • യേശു എമ്മാനുവേല്‍ എന്ന പേരില്‍ വിളിക്കപ്പെട്ടതായി വചനത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
    • യേശു, മിശിഹാ, കര്‍ത്താവ്, ക്രിസ്തു, പുത്രന്‍ എന്നിങ്ങനെ വിളിക്കപ്പെട്ടതായി വചനത്തില്‍ കാണുവാന്‍ കഴിയും.
    • ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍ (Anointed one) എന്നര്‍ത്ഥമുള്ള മിശിഹാ എന്ന ഹീബ്രു  (Hebrew) പദത്തിന്റെ ഗ്രീക്ക് (Greek) വാക്കാണ്‌ ക്രിസ്തു (Christ). കര്‍ത്താവ് എന്നത് മലയാള പദവും.  വ്യക്തമായിപറഞ്ഞാല്‍ ,ക്രിസ്തു എന്നതിന്റെയും മിശിഹാ എന്നതിന്റെയും അര്‍ത്ഥം  ഒന്നുതന്നെ - ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍.
     പരിശുദ്ധത്മവിനാല്‍ ഗര്‍ഭണിയായ മറിയത്തോട് ദൂതന്‍ ഇങ്ങനെ പറഞ്ഞു 'നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും.അവന് യേശു എന്ന് പേരിടണം.അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും.(Luke1:31) ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍,ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും(Luke 1:35).തന്റെ ജനത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നര്‍ത്ഥമുള്ള യേശു എന്ന്, ജനിക്കുന്ന ശിശു  വിളിക്കപ്പെടണം(Mathew 1:21). ജോസഫിനും മറിയത്തിനും ദൂതന്‍ നല്‍കുന്ന  ഈ  വെളിപ്പെടുത്തലില്‍ ,ശിശു ദൈവത്തിന്റെ പൂര്‍ണ്ണ മഹത്വം നിറഞ്ഞവനാണ് എന്നതിന്റെ  ആത്മീയ അടയാളമാണ്  ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍((( എന്ന് വിളിക്കപ്പെടുമെന്നത്. ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്ത് ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നുള്ളത് ദൈവീകമായ വെളിപ്പെടുത്തലിന്റെ  ഭൗവുതീകമായ അടയാളവും (Luke1:36).

    യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന സമയം.സ്വര്‍ഗ്ഗം തുറന്നു ഇങ്ങനെ പറഞ്ഞു ' ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു'(Mathew 3:17). 

    പരിശുദ്ധി എന്നത് ദൈവീക മഹത്വത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നാണ്. യേശുവിലുള്ള ഈ ദൈവീക മഹത്വം തിരിച്ചറിഞ്ഞ പത്രോസ് ഇങ്ങനെ പറയുന്നു.നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ (John 6:69). ഇങ്ങനെ ദൂതന്‍ പറഞ്ഞ ആത്മീയ അടയാളങ്ങള്‍ ശരിവെക്കപ്പെടുന്നു. 

    എമ്മാനുവേല്‍ എന്ന്‍ വിളിക്കപ്പെടും എന്നത് ദൂതന്‍ ജോസഫിന് കൊടുത്ത അടയാളമല്ല മറിച്ചു ഏശ്ശായ്യാ പ്രവാചകന്‍ മുഖേന ദൈവം അരുളിചെയ്തതാണ്.( Isaiah 7:14, Mathew  1:23). 

    പൂര്‍വ്വകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന സംസാരിച്ചിരുന്നു.എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു.(Hebrews1:1). ഇങ്ങനെ,ദൈവം നമ്മോടു കാണിച്ച ആ വലിയ സ്നേഹം, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച,കൃപയും സത്യവും നിറഞ്ഞ യേശുവാണ് എമ്മാനുവേല്‍. മനുഷ്യന്റെ സാദ്രശ്യത്തില്‍ ആയിത്തീര്‍ന്ന (Philippians 2:7) യേശുവില്‍ കുടികൊണ്ടിരുന്ന ദൈവത്തിന്റെ മഹത്വമാണ് എമ്മാനുവേല്‍ . 

    എമ്മാനുവേല്‍ എന്നത് അക്ഷരാര്‍ത്ഥതത്തില്‍ യേശുവിനെ വിളിക്കേണ്ട ഒരു പേരായിട്ടല്ല,മറിച്ച് യേശു ദൈവപുത്രനാണെന്ന വിശ്വാസത്തില്‍ക്കൂടി അനുഭവിച്ചു അറിയേണ്ട ഒരു ദൈവീകമഹത്വമാണ്.

    എമ്മാനുവേല്‍ :
    • പ്രവചനങ്ങളുടെ പൂര്‍ത്തീകരണം‍...(Mathew 5:17). 
    • പിതാവായ ദൈവത്തിന്റെ ഏകാജതന്റെതുമായ മഹത്വം.(John 1:14 )
    • നമ്മോടുകൂടെ വസിക്കുന്ന ദൈവത്തിന്റെ മഹത്വം.(2 Corinthians 6:16).
    • ദൈവത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ മൂര്‍ത്തിഭവിച്ചിരിക്കുന്ന ദൈവത്തിന്റെ ഏകപുത്രന്‍. (Colossians 2:9).
    • അദ്രശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും ആദ്യജാതനുമയവാന്‍. (Colossians 1:15).
    • ദൈവീക രൂപത്തിലായിരുന്നു എങ്കിലും തന്നെത്തന്നെ ശൂന്യനാക്കിയവന്‍. (Philippians 2:6).
    • നാം ദൈവത്തിന്റെ നീതിയാകേണ്ടതിന്,പാപം അറിയാത്തവനെങ്കിലും  ദൈവം നമുക്കുവേണ്ടി പപമാക്കിമാറ്റിയവന്‍ (2 Corinthians 5:21).
    • പഴയനിയമത്തില്‍ നിഴലായി മാത്രം നല്‍കപ്പെട്ടതും, വരാനിരുന്ന നന്മയുടെ പൂര്‍ണ്ണരൂപവുമായ രക്ഷകനായ യേശു.(Hebrews 10:1).
    • ജീവന്‍ നല്കാന്‍ കഴിവുള്ള ദൈവത്തിന്റെ ഏകപുത്രന്‍. (1John 5:12). 

    യേശുവിനെ മറിയത്തിന്റെ മകനും യാക്കോബ്, ജോസഫ്‌,ശിമയോന്‍,യൂദാസ് എന്നിവരുടെ സഹോദരനുമായി(Mathew13:25) സ്വീകരിക്കാന്‍ യഹൂദന്  മടിയുണ്ടായിരുന്നില്ല. എന്നാല്‍ അവനെ ദൈവമായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 'നീ ദൈവപുത്രനാണോ' ? (Mathew 28:63) എന്ന ന്യായാധിപസംഘത്തിന്റെ ചോദ്യം ഈ ഭയത്തെ ശരിവയ്ക്കുന്നു.അതിനാല്‍ത്തന്നെ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉന്നല്‍ കൊടുക്കുന്നതും  'യേശു തന്നെ ക്രിസ്തു' എന്ന പ്രബോധനത്തിനു തന്നെയാണ്.( Acts 17:3,10:36-38).
     ഞാന്‍ അരെന്നാണ് നിങ്ങള്‍ പറയുന്നത്? യേശുവിന്റെ ഈ ചോദ്യത്തിനു  'നീ ക്രിസ്തുവാണ്‌'(Mark 8:29) എന്ന പത്രോസിന്റെ മറുപടി വളരെ ശ്രദ്ധേയമാണ്.

    രക്ഷകനായ മിശിഹാ വരുമെന്ന് പ്രതീഷിച്ചിരിക്കുന്ന ജനം, ഇനിയും ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?? (Luke 7:19) സ്നാപകയോഹന്നാനില്‍ നിന്നും ഉയരുന്ന ഈ ചോദ്യത്തിനു യേശു തന്നെ മറുപടി പറയുന്നുണ്ട്.'എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കാത്തവന്‍ ഭാഗ്യവാന്‍.'. വചനം പറയുന്നു 'ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വാസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും'(John 8:24). എന്താണ് ഉണ്ടാകാവുന്ന ഇടര്‍ച്ച എന്ന് ഇതിനകം തന്നെ താങ്കള്‍ക്ക് മനസിലായിട്ടുണ്ടാകാം എന്നു കരുതട്ടെ... 

    നമുക്ക് പാപത്തില്‍ നിന്നും രക്ഷ നല്‍കിയ, നമ്മോടു കൂടെ വസിക്കുന്ന പുത്രനെ (യേശു/മിശിഹാ/ക്രിസ്തു) സ്വന്തമാക്കാതെ ഇനിയും മറ്റൊരു രക്ഷകന് വേണ്ടി, ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുന്ന ഒരുവന് വേണ്ടി  കാത്തിരിക്കുകയല്ല, മറിച്ച് ജീവന്‍ നല്‍കി രക്ഷിക്കാന്‍ കഴിവുള്ള ദൈവം തന്നെയായ,യേശുവിനെ പ്രാപിക്കുകയാണ് വേണ്ടത്. നമ്മുടെ രക്ഷക്കുവേണ്ടി നല്‍കപ്പെട്ട   ഒരെഒരു നാമം.

    തെറ്റായ പ്രബോധനത്തില്‍പ്പെട്ട് അന്ധമാക്കപ്പെട്ട നേത്രങ്ങളിലേക്ക് ദൈവവചനത്തിന്റെ  ശക്തി പ്രകാശം ചൊരിയട്ടെ. തെറ്റിന്റെ വഞ്ചനയില്‍പ്പെട്ട് മനുഷ്യര്‍ കുശലപൂര്‍വ്വം  നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍പ്പെട്ട് ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യപ്പെടുന്നവരകാതെ ദൈവവചനതിലുള്ള അറിവിനാലും വിശ്വാസത്താലും യേശുക്രിസ്തുവില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
    ദൈവത്തിനു നന്ദി....
     

    Saturday, 12 January 2013

    കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ .....

    'വചനം കേള്‍ക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ  അത് അനുവര്‍ത്തിക്കുന്നവരും   കൂടി ആയിരിക്കുവിന്‍ (James 1:23). കണ്ണാടിയില്‍  മുഖം നോക്കി കടന്നുപോകുന്നവന്‍  താന്‍ എങ്ങനെയിരിക്കുന്നുവെന്ന്  അല്‍പനേരത്തിനുശേഷം മറന്നുപോകുന്നു. കേള്‍ക്കുകയും  അറിയുകയും ചെയുന്ന ദൈവവചനം മറക്കാനല്ല  മറിച്ച് അതിനെ സൂഷ്മമായി ഗ്രഹിച്ചു, ഉത്തമമ്മായ വിശ്വാസത്തില്‍ നിലനില്‍ക്കുവാനും നമുക്ക് കഴിയണം. 

    ജീവിതത്തിലെ  ചില  സാഹചര്യങ്ങളില്‍,  പ്രതേകിച്ച്  പുതുവത്സരത്തില്‍ നാം പല തീരുമാനങ്ങളും എടുക്കാറുണ്ട് . കൈവരിക്കാനഗ്രഹിക്കുന്ന നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് മുന്നിലുണ്ടാകും .

    നമ്മുടെ കഴിവിലും സാമര്‍ത്ഥ്യത്തിലും വിശ്വസിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ഇത്തരം സാഹചര്യത്തില്‍ എത്രമാത്രം വിജയം കൈവരിക്കാന്‍ നമുക്ക് കഴിയാറുണ്ട് ?.


    എടുക്കുന്ന തീരുമാനത്തില്‍ എത്രമാത്രം ഉറച്ചുനില്‍ക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. 


    ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങള്‍  എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടോ?. 


    വിശ്വാസജീവിതത്തിന്റെ വഴിവിളക്കായ ദൈവവചനം വെളിപ്പെടുത്തുന്നത് എന്താണെന്നു ഗ്രഹിച്ചിട്ടുണ്ടോ?. 


    വീണ്ടും ജനനത്തിന്റെ അനുഭവത്തിലൂടെ യേശുവിന്റെ രക്ഷയെ സാധ്യമാക്കുന്ന ഒരു വ്യക്തി, ദൈവത്തെ 'പിതാവേ' എന്ന് വിളിക്കാന്‍ അര്‍ഹനാകുന്നത്തിനോടൊപ്പം, ദൈവരാജ്യത്തിലുള്ള ജീവിതത്തിന് (നിത്യജീവന്) യോഗ്യനാവുകയും ചെയുന്നു. പാപത്തില്‍ നിന്നുള്ള നീതികരണത്താല്‍ ഈ രക്ഷ ലഭ്യമായത് നിയമത്തിന്റെ അനുഷ്ടാനത്തിലൂടെയല്ല  മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തമാണ്(Galathians 2:15). ഇക്കാരണത്താല്‍ -ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത്- (Galathians 2:20) ഇതായിരിക്കണം,ഒരു പുതിയനിയമവിശ്വാസിയുടെ(ക്രിസ്ത്യാനിയുടെ) ജീവിതത്തിന്റെ അടിസ്ഥാനബോധ്യവും വെളിപെടുത്തലും. തന്നെ സ്നേഹിക്കുകയും,തന്റെ പാപത്തില്‍ നിന്നുള്ള രക്ഷക്കുവേണ്ടി സ്വയം ബലിയായിത്തീരുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വാസിച്ചുക്കൊണ്ടായിരിക്കണം  അവന്റെ പിന്നീടുള്ള ജിവിതം. അങ്ങനെ വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം (Ezakiel‍ 44:23)  വേര്‍തിരിച്ചറിയുകയും ചെയ്യണം.

    നാളെമുതല്‍  ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ചെയ്യും...ഇങ്ങനെ ആയിരിക്കും...ഈ തീരുമാനങ്ങളെല്ലാം ഞാനെന്ന ചിന്തയില്‍ നിന്നും ഉണ്ടാകുന്ന  ആത്മധൈര്യത്തിന്റെ പ്രതിഫലനങ്ങളാണ് . അതുകൊണ്ട് തന്നെയാന്ന് പലപ്പോഴും  അതിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍  നമുക്ക് കഴിയാതെ പോകുന്നത്. നമ്മെ ഭരിക്കുന്ന അഹങ്കാരചിന്തയില്‍ നിന്നും ഉടലെടുക്കുന്ന ആത്മപ്രശംസ എന്നാണ് ഇതിനെ വചനം വെളിപ്പെടുത്തുന്നത്. 'നീ അഹങ്കരിക്കേണ്ട... ഒരു ദിവസം കൊണ്ട് എന്തു സംഭവിക്കുമെന്നു നീ അറിയുന്നില്ല' (വിലാപങ്ങള്‍ 27:1). നമുക്ക്   ഒരു  സ്വയംവിലയിരുത്തലിന് ഈ   വചനം കാരണമാകട്ടെ....  

    ഇന്നോ നാളെയോ ഇന്ന പട്ടണത്തില്‍ പോയി,അവിടെ ഒരു വര്‍ഷം താമസിച്ച്,വ്യാപാരം ചെയ്തു ലാഭമുണ്ടാക്കമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ.അല്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയുന്ന മൂടല്‍മഞ്ഞാണുനിങ്ങള്‍ . നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത് : കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ , ഞങ്ങള്‍  ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസ ചെയുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്. (James 4:13-16)                    

    ഇത് ഒരു വിശ്വാസപ്രഖ്യാപനമാണ്.എന്റെ കഴിവിനാലല്ല,ദൈവത്തിന്റെ കരുണയാല്‍ എനിക്ക് എല്ലാം സാധ്യമാണ് എന്ന തിരിച്ചറിവും, ഞാന്‍ ദൈവത്തിനു സ്വീകാര്യനാണെന്നും ജീവിക്കുന്ന ദൈവം എന്നില്‍ വസിക്കുകയും ചെയുന്നു,എന്ന വെളിപ്പെടുത്തല്‍ ....

    2013ന്റെ ആരംഭത്തില്‍ പുതിയ ആഗ്രഹങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സുഹൃത്തെ ഒരു നിമിഷം.....

    • ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും രൂപംകൊണ്ട വഞ്ചനയും കാപട്യവും നിറഞ്ഞ കലുഷിതനായ ആ പഴയമനുഷ്യനെ ദൂരേയെറിയുവിന്‍(.(Ephesians 4:22) ആത്മാവിന്റെ വിശ്വാസ ചൈതന്യത്താല്‍ നവീകരിക്കപ്പെട്ട ഒരു പുതിയ മനുഷ്യനാകാന്‍   നമുക്ക് കഴിയട്ടെ.....


    • ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1Corinthains 15:10) എന്ന അറിവ്  നമുക്ക് പ്രകാശമാകട്ടെ.....


    • എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു കഴിയും(Philippains4:13) എന്ന ബോധ്യം  നമുക്ക് ശക്തിയകട്ടെ......

    ദൈവത്തിന്റെ കരുണയെപ്രാപിച്ച് അങ്ങനെ ജീവിതത്തിന്റെ മനോഹാര്യതയും സമാധാനവും അനുഭവിക്കുവാന്‍ നമുക്ക് കഴിയട്ടെ....  

    ....ദൈവത്തിന് നന്ദി