Saturday, 9 March 2013

സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ ...






പഴയനിയമ പത്ത് കല്‍പനകള്‍ക്ക് പൂര്‍ണ്ണത നല്‍കികൊണ്ട്,പുതിയനിയമ വിശ്വാസിയോട് യേശു കല്പിച്ചു 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം'(John 15:12,13:35). 

ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു  പുതിയ കല്പന.... യേശുവഴി ദൈവം നമ്മില്‍ പ്രകടമാക്കിയ ആ വലിയ സ്നേഹം...ക്ഷമ എന്ന പുണ്യം.... 

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്  ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ക്ഷമിക്കുവിന്‍ (Mark11:25). നീ കാഴ്ചയര്‍പ്പിക്കുമ്പോള്‍ , നിന്റെ സഹോദരന് നിന്നോട്   എന്തെങ്കിലും വിരോധം ഉണ്ടെന്ന്‍  അവിടെ വച്ച് ഓര്‍ത്താല്‍ , കാഴ്ചവസ്തു അവിടെ വച്ചിട്ട് പോയി സഹോദരനുമായി  രമ്യതപ്പെടുക;പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക (Mathew 5:23-24).നന്ദിയും സ്തോത്രങ്ങളും ബലിയായി ദൈവത്തിനു അര്‍പ്പിക്കാന്(Psalms 50:14) ഒരുങ്ങുന്ന  സുഹൃത്തെ; 

താങ്കള്‍ സഹോദരനുമായി രമ്യതപ്പെട്ടുവോ ?. 
താങ്കളുടെ സഹോദരന്‍ താങ്കളുമായി രമ്യതയിലാണോ ?.

വിശുദ്ധഗ്രന്ഥത്തില്‍ സഹോദരന്‍ എന്ന വാക്ക് പല അര്‍ത്ഥത്തിലും പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയേയും  ഈ വാക്കിനാല്‍ സൂചിപ്പിച്ചിട്ടുണ്ട്.സഹോദരന്‍; വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഈ ചിന്തകളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരുങ്ങുന്ന നമുക്കാണ് പ്രാധാന്യം. സഹോദരനുമായി രമ്യതപ്പെടാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല എന്ന വചന വെളിപാടിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രണ്ട് ജീവിത സാഹചര്യങ്ങളെ നിങ്ങളുമായി പങ്കുവെക്കട്ടെ.... 

സാഹചര്യം :1 
ഞാനുമായി  കഠിന ശത്രുതയിലായിരിക്കുന്ന ഒരു വ്യക്തി.രമ്യപ്പെടണമെന്ന് വചനം അനുശാസിക്കുന്നതിനാല്‍ ,ക്ഷമ പറഞ്ഞ് രമ്യതയിലകാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞുപോയതിനെല്ലാം മാപ്പ് പറഞ്ഞ എന്നോട് കൂടുതല്‍ ആക്രോശത്തോടെ  അദ്ദേഹം പാഞ്ഞടുത്തു. ക്ഷമിക്കുന്ന സ്നേഹത്തിന്റെ  വക്താവകാന്‍ ചെന്ന എനിക്ക് അത് അസഹ്യമായിരുന്നു. സഹനശക്തി നഷ്ട്ടപ്പെട്ടുപോയ  നിമിഷങ്ങള്‍ . വചനത്തെയും വിശ്വാസത്തെയും കാറ്റില്‍ പറത്തി  അതീവശക്തിയോടെ ഞാനും തിരിച്ചടിച്ചു. സംഗതി ആദ്യത്തെതിനെക്കള്‍ കൂടുതല്‍ വഷളായി.

എന്റെ ന്യായീകരണങ്ങള്‍   :
  1. എന്റെ ഭാഗത്തെ തെറ്റ് എന്താണ് ?
  2. ഞാന്‍ ക്ഷമ പറയാന്‍ ചെന്നവനല്ലേ ?
  3. വീണ്ടും എന്നെ പഴിചാരിയത് കൊണ്ടല്ലേ ?
  4. എന്റെ ക്ഷമയ്ക്കും ഒരു അതിരില്ലേ ?
  5. സഹികെട്ടപ്പോള്‍ ഞാന്‍ ചെയ്തു (പറഞ്ഞു) പോയതല്ലേ ?
സാഹചര്യം :2  
ക്ഷമ പറയാന്‍ ചെന്ന എന്നോട് കുപിതനായി സംസാരിച്ചു എങ്കിലും ആദ്യത്തെ സാഹചര്യം പോലെ ഞാന്‍ തിരിച്ചടിച്ചില്ല. ആ വ്യക്തിയുടെ കലി അടങ്ങുന്നത് വരെ ഞാന്‍ ക്ഷമയോടെ ചിരിച്ചു നിന്നു.  ദൈവവചനത്തിന്റെ പ്രചോദനത്തല്‍ ,ഒന്നും പറയാതെ തിരിച്ചു പോന്ന ഞാന്‍, ആരും കേള്‍ക്കാതെ മനസ്സില്‍ ഇങ്ങനെ പറഞ്ഞു - ഇപ്പോള്‍ ഞാന്‍ പോകുന്നു. പിന്നെ കാണാം. തിരിച്ച് തരാന്‍ ദൈവം ഒരു വഴി ഒരുക്കും.ഒരക്ഷരവും എതിര്‍ത്തു പറയാതെ പോന്ന എന്നെ കണ്ട് മറ്റുള്ളവര്‍ ഇങ്ങനെ പറഞ്ഞു, അവന്‍ നല്ലൊരു വിശ്വാസിയാണ്. 

എന്റെ ന്യായീകരണങ്ങള്‍   :

  • വചനം പറയുന്നതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചില്ലേ ?
  • എന്നെ വീണ്ടും കുറ്റപ്പെടുതിയപ്പോഴും ഞാന്‍ ക്ഷമിച്ചില്ലേ ?
  • എന്നെ അകാരണമായി പീഡിപ്പിച്ചപ്പോഴും ഞാന്‍ സഹോദരനോട് കരുണ കാണിച്ചില്ലേ ?
  • ഞാന്‍ ദൈവത്തിന്റെ അനുഗ്രഹത്തിന് യോഗ്യനല്ലേ ?

വിചിന്തനം : 
ഈ രണ്ടു സാഹചര്യങ്ങളും നമുക്ക് സുപരിചിതം ആണല്ലോ.ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യത്തില്‍ കൂടി കടന്നു പോകാത്തവര്‍ വിരളമാണ്. ഈ രണ്ട് ന്യായീകരണങ്ങളും ദൈവ വചന അടിസ്ഥാനത്തില്‍ തെറ്റാണ്. ദൈവ സന്നിധിയില്‍ സ്വീകാര്യമാകില്ല.
ആദ്യ സാഹചര്യത്തില്‍ ; ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞു എങ്കിലും,യഥാര്‍ത്ഥ രക്ഷാ അനുഭവം ഉണ്ടാകാത്തതും  വിശ്വാസസ്ഥിരത കുറവുമാണ് കാരണമായത്.മണല്‍പ്പുറത്തു ഭവനം പണിത ഭോഷന് തുല്യം(Mathew 7:26). ഒരു ധ്യാനമോ , ബൈബിള്‍ ക്ലാസോ , കൂട്ടായ്മയിലോ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഉണ്ടാകുന്ന ഒരു എടുത്ത് ചാട്ടം. ദൈവനീതിയെക്കുറിച്ചുള്ള അഞ്ജാത നിമിത്തം തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്ന ദൈവനീതിക്ക് കീഴ്വഴങ്ങാത്തവര്‍  ആയിട്ടല്ല മറിച്ച്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീക്ഷണത ആയിരിക്കണം നമുക്ക് ഉണ്ടായിരിക്കേണ്ടത്(Romans 10:2-3).ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം ആദ്യം നമുക്ക് അനുഭവിക്കാന്‍ കഴിയണം എങ്കില്‍ മാത്രമേ നമുക്കുംക്ഷമിക്കുവാന്‍ കഴിയുകയുള്ളൂ . 

രണ്ടാമത്തെ സാഹചര്യമാകട്ടെ അതീവ ഗുരുതരമാണ്. വിശ്വാസി എന്ന മൂടുപടം ധരിച്ചിരിക്കുന്ന ഇതരക്കാര്‍ക്ക് അവരുടെ തെറ്റിനെ കുറിച്ച് അറിയുന്നില്ല.മറ്റാര്‍ക്കും തിരിച്ചറിയാനും കഴിയുകയില്ല. ദൈവസ്നേഹം ക്രിയചെയ്യപ്പെടാത്തതിനാല്‍ ബാഹ്യമായി പാപം ചെയ്തതാണ് ആദ്യ സാഹചര്യമെങ്കില്‍ , രണ്ടാമത്തെ സാഹചര്യത്തില്‍ പാപം ചെയ്തിരിക്കുന്നത്   അവന്റെ ഹൃദയത്തില്‍ , ദൈവത്തിന്റെ ആത്മാവിന് എതിരയിട്ടാണ്. ഇത് സൂക്ഷിക്കണം, കാരണം ആത്മാവിന് എതിരായ പാപം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31). കണ്ട് നിന്ന വ്യക്തികള്‍ വിശ്വാസി എന്ന് പുകഴ്ത്തി എന്നാല്‍ ദുഷിച്ചുനാറിയ നിന്റെ ഹൃദയം ദൈവം കാണുന്നു. മനുഷ്യന്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയം കാണുന്നു(1 Samuel 16:7) എന്ന വചനം നാം ഓര്‍ക്കണം.
ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞ്, രക്ഷയുടെ അനുഭവത്തില്‍ കൂടി കടന്നുപോയി എങ്കിലും പൂര്‍ണമായി അവനില്‍ ഒരു മാറ്റം വരുത്താന്‍ കഴിയാത്തതാണ് ഇതിനു കാരണം.ആത്മീയ മനുഷ്യന്റെ ബലഹീനമായ അവസ്ഥ. സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ ക്ഷമിച്ചു എങ്കിലും ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടുംജനനത്തിന്റെ അനുഭവം സാധ്യമായിട്ടില്ല എന്നര്‍ത്ഥം.

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി ഇങ്ങനെ പറയും- ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചതിനാല്‍  ഞാനും ക്ഷമിക്കുന്നു.(Colossians 3:13) ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനെ പ്രതി ക്ഷമിക്കുവാനും നമുക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു( Philippians 1:29)  എന്നാ ഉള്‍കാഴ്ച . 

'നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെകില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും'(Mathew 18:35).ഈ തിരുവചനം നമുക്ക് ഓര്‍ക്കാം . 

സഹോദരനോട് മനസിലുള്ള ശത്രുത ഒരു രഹസ്യ പാപമാണ്.ആരും അറിയാതെ ചെയുന്നതും എന്നാല്‍ ദൈവ മഹത്വത്തിന്റെ മുന്‍പില്‍ വെളിപെടുന്നതുമായ  ഒരു രഹസ്യ പാപം(Psalms 90:8).
ഇങ്ങനെ നാം പോലും അറിയാതെ സഹോദരനോടുള്ള വിദ്വേഷം നമ്മില്‍ വളര്‍ന്ന് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്തപ്പെടും.കാരണം ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ്  എല്ലാ തിന്മകളും പുറപ്പെടുന്നത് (Mark 7:21-23). അവ മനുഷ്യനെ അശുദ്ധനാക്കുന്നു.

നമുക്ക് ആത്മശോധന ചെയ്യാം.ലോകത്തോടൊപ്പം ദൈവത്തിന്റെ ശിക്ഷവിധിക്ക്കാ രണമാകതിരിക്കാന്‍ ദൈവവചനത്തെ വിവേചിച്ചറിഞ്ഞു നമുക്ക് ഭക്ഷിക്കാം. നമുക്ക് നമ്മുടെ ഹൃദയം പരിച്ഛെദനം ചെയ്യാം(Romans 2:29).  

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധരുമെന്ന നിലയില്‍ നമുക്ക് ദൈവീക പുണ്യങ്ങള്‍ ധരിക്കാം.എല്ലാറ്റിനെയും ഐക്യത്തില്‍ കൂട്ടിയിണക്കുന്ന ദൈവ സ്നേഹം നമുക്ക്  അനുഭവിക്കാം (Colossians 3:13).അങ്ങനെ വചനം പറയുന്നതുപോലെ 'രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പ്രാര്‍ത്ഥിക്കാം' (Mathew 6:6). കര്‍ത്താവ് നമ്മോടു ക്ഷമിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരരോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാം.അങ്ങനെ ദൈവീക സന്തോഷം അനുഭവിക്കാം. 

ദൈവത്തിന് നന്ദി ....   

Sunday, 24 February 2013

പ്രാര്‍ത്ഥനക്ക് മുന്‍പ്...ഒരു നിമിഷം.

ദൈവവചനത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന വിശ്വാസം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുമ്പോള്‍ മാത്രമേ ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഫലദായകമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനകള്‍  ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. പ്രാര്‍ത്ഥനയുടെ അടിസ്ഥാനം നിത്യജീവനാണെന്നും രക്ഷയുടെ ആദ്യാനുഭവം വീണ്ടുംജനനമാണെന്നും നാം കണ്ടുകഴിഞ്ഞു.... അല്ല, അനുഭവിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.....  

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. കുടുംബാഗങ്ങള്‍ ഒന്നു ചേര്‍ന്നും, കൂട്ടായ്മയില്‍ക്കൂടിയും നമ്മള്‍ വിവിധ തരത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവവചന അടിസ്ഥാനത്തില്‍ ഇവയെല്ലാം ശരിയും ആവശ്യവുമാണ്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യമുണ്ട്. വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു വിശ്വാസ പ്രഖ്യാപനം എന്നതിലുപരി വിശ്വാസത്തില്‍ വളരുവാനും, കൂടുതല്‍ ആത്മീയശക്തിയോടുകൂടി മുന്നോട്ടു പോകുവാനും നമ്മെ സഹായിക്കുന്നു. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായി നടത്തുന്ന ഒരു സ്വകാര്യ സംഭാഷണമാണ്.(Mathew 6:6 )

എപ്പോള്‍ .....എവിടെ വച്ച് .....എങ്ങനെ....ഞാന്‍ പ്രാര്‍ത്ഥിക്കണം ?. 

പ്രാര്‍ത്ഥിക്കേണ്ട സമയമോ, സ്ഥലമോ,  ക്രമങ്ങളോ വചനം നിഷ്കര്‍ഷിക്കുന്നില്ല. ഒരു പുതിയ നിയമ വിശ്വാസി ആത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാലും(Romans 8:14), ദൈവാത്മാവ് അവനില്‍ വസിക്കുന്നതിനാലും (Galatians 2:20) പഴയനിയമം അനുശാസിക്കുന്നതുപോലെ ആഴ്ചയില്‍ ഒരിക്കലോ ആണ്ടിലൊരിക്കലോ അല്ല  മറിച്ച്, ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരിക്കണം. കാരണം അവന്‍ നമ്മെ ഉയര്‍ത്തിയത്‌, നമുക്ക് രക്ഷ നല്‍കിയിരിക്കുന്നത്  നമ്മുടെ പ്രവര്‍ത്തിയാലല്ല മറിച്ച് അവന്റെ കാരുണ്യത്താല്‍  ദാനമായിട്ടാണ്(Ephesians 2:8). അതിനാല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത് (Galatians 2:20) എന്ന വെളിപാട്‌ നമ്മില്‍  ഉണ്ടാകണം.

തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനയുടെ സമയം ഏതാനും ചില നിമിഷങ്ങള്‍ ... പലപ്പോഴും അതുപോലും ഇല്ലാത്ത ഒരു അവസ്ഥ. ഒരുവിധ യാന്ത്രിക ജീവിതം അല്ലെ സുഹൃത്തേ.... യഥാര്‍ത്ഥ രക്ഷാനുഭവം അനുഭവിക്കാത്തതാണ് ഇതിനു കാരണം.പ്രാര്‍ത്ഥനയ്ക്ക് ഭൗതീകമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. എന്ന്...എപ്പോള്‍ ...എവിടെ...എങ്ങനെ.....ഈ തീരുമാനം തികച്ചും വ്യക്തിപരമാണ് .  

പ്രാര്‍ത്ഥനയുടെ സമയം :  പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു( Psalms5:3). ആലോചിച്ചുറക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ ?(Amos 3:). ദൈവത്തില്‍ ആശ്രയം വച്ച് , പ്രാര്‍ത്ഥനയോടുകൂടി, ആരംഭിക്കുന്ന ദിവസം എത്രയോ സന്തോഷകരം. ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഊര്‍ജ്ജമായി നമ്മില്‍ നിലനില്‍ക്കും.പ്രാര്‍ത്ഥനയോടുകൂടി ഒരു ദിവസം അരംഭിക്കുനത് കൂടുതല്‍ അഭികാമ്യം. 

ഈ ലോകത്ത് ആയിരിക്കുന്ന നമുക്ക് ഭൗതീകമായ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം നിറവേറ്റുന്നതിനൊടൊപ്പം, പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സ്വസ്ഥമായ ഒരു സമയം ഉണ്ടാക്കിയെടുക്കാന്‍ നാം തന്നെ ശ്രമിക്കണം. സ്വസ്ഥമായ ഒരു സമയം...അതിനാണ് കഴിയാത്തത് എന്നായിരിക്കും ഇപ്പോള്‍ തങ്ങളുടെ മനസ്സില്‍ . മനസിലുള്ള ആലോചന അഗാധമായ ജലം പോലെയാണ് . ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കാം(Proverbs 20:5 ).നമ്മുടെ ചിന്തകളും മനസും അറിയുന്ന ദൈവം, നാം ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും ദൈവം വഴിയൊരുക്കും.നാം എന്തുമാത്രം ആഗ്രഹിക്കാറുണ്ട് എന്ന് ചിന്തിച്ച് നോക്കുക. ദിവസത്തില്‍ മറ്റ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ കഴിയുമെങ്കില്‍  ജീവന്റെ അപ്പം ഭക്ഷിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ എന്തുകൊണ്ട് നമുക്ക് സമയം ലഭിക്കുന്നില്ല ?.വചനം പറയുന്നു' എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'(Ephesian 6:18). നിശ്ചിത സമയത്തിനല്ല മറിച്ച് ദൈവീക അനുഭവത്തിനാണ് പ്രാധാന്യം.

സ്ഥലം  : പഴയനിയമ ക്രമമനുസരിച്ച് ദൈവീക മഹത്വം നിറഞ്ഞിരിക്കുന്നത്‌ കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്താണ്(Exodus 25:21-22). എന്നാല്‍ പുതിയ നിയമ വിശ്വാസിയോട് വചനം പറയുന്നു 'നിങ്ങള്‍ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ??(1Corinthians 3:16). എന്നാല്‍ നമ്മളോ ദൈവം വസിച്ചിരുന്ന മനുഷ്യ നിര്‍മ്മിതമായ ആലയം, കാലഹരണപ്പെട്ട  ആ  പഴയനിയമ കൂടാരം  അന്വേഷിച്ചു നടക്കുന്നു(Acts 17:24). ഇത്തരം പാരമ്പര്യ വിശ്വാസത്തില്‍ നിന്നും, പുണ്യ സ്ഥലങ്ങള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന  ചില പ്രത്യേക സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന  ക്രിസ്തീയാടിസ്ഥാനമല്ലാത്ത, തെറ്റായ വിശ്വാസം നാം പുലര്‍ത്തി പോരുന്നു. ഇവിടെ പ്രാര്‍ത്ഥന എന്നത് ദൈവത്തോടുള്ള ബന്ധം എന്നതില്‍ നിന്നും ആ സ്ഥലത്തോടും സാഹചര്യത്തോടുമുള്ള ഒരു  വിശ്വാസം ആയി മാറ്റപ്പെടുന്നു .എളുപ്പത്തില്‍ ദൈവത്തെ അനുഭവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തുന്ന കുറുക്കുവഴികള്‍ . സ്വസ്തമായിരിക്കാന്‍ കഴിയുന്ന എവിടെയും നമുക്ക് പ്രാര്‍ത്ഥിക്കാം.വീട്ടിലോ, കാറിലോ,മറ്റു എവിടെയുമാകട്ടെ, പ്രാര്‍ത്ഥിക്കുന്ന സ്ഥലമല്ല മറിച്ച്  ദൈവം നമ്മില്‍ വസിക്കുന്നു(Galatians 2:20) എന്ന തിരിച്ചറിവാണ് പ്രാധാന്യം. നമ്മുടെ ആത്മീയ അന്ധതയെ നീക്കി വചനത്തിന്റെ പ്രകാശത്തില്‍ നടക്കാം.   

സൗകര്യം : മുട്ടുകള്‍ കുത്തി, കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രീതികള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.(1Kings8:54, Psalms95:6).മുട്ടുകുത്തല്‍ എളിമപ്പെടലിന്റെയും, കൈകള്‍ ഉയര്‍ത്തുന്നത് യാചനയുടെയും ബാഹ്യ പ്രകടനങ്ങള്‍ ആണ്.പഴയനിയമത്തില്‍ , ഇവയെല്ലാം സ്വീകാര്യവുമായിരുന്നു . എന്നാല്‍ നമ്മോടു വചനം പറയുന്നു' പ്രവര്‍ത്തികള്‍ കൂടാതെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു(Romans 4:5). പുതിയനിയമ വിശ്വാസത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല . മുട്ടുകുത്തുന്നതും , കൈകള്‍ ഉയര്‍ത്തി  പ്രാര്‍ത്ഥിക്കുന്നതും തെറ്റാണ് എന്നല്ല, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകു എന്ന തെറ്റായ ബോധ്യം നാം മാറ്റണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പ്രാര്‍ത്ഥന എന്നത് ചിട്ടയായ നിയമത്തിന്റെ സാക്ഷാത്കാരമല്ല മറിച്ച്, എളിമയുള്ള ഹൃദയം ദൈവവുമായി പങ്കുവെക്കുന്നതില്‍ കൂടിയുള്ള സന്തോഷത്തിന്റെ ഒരു അനുഭവമായിരിക്കണം .നിയമത്തിന് കീഴിലല്ല , കൃപക്ക് കീഴിലാണ് എന്ന വെളിപാട്(Romans 6:14).   

ഉയര്‍ന്ന സ്വരത്തില്‍ : ശക്ത്തമായ വാക്കുകള്‍ പറഞ്ഞ് ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തപ്പെടു എന്ന മിഥ്യാധാരണ നമ്മില്‍ പലര്‍ക്കും ഉണ്ട് .  നന്ദികളും, സ്തുതികളും നമ്മുടെ അധരങ്ങള്‍ സംസാരിക്കുന്നത്; ഹൃദയത്തിന്റെ നിറവില്‍ നിന്നു കൊണ്ടായിരിക്കണം(Luke 6:43). മനപാഠം ആക്കിയ ചില വാചകങ്ങള്‍ക്ക്  പ്രാര്‍ത്ഥന എന്ന പേര്‍ ചൊല്ലി അതിനെ വീണ്ടും വീണ്ടും ഉരിവിടുന്ന നാം വിജാതിയന് തുല്ല്യനാണ്.ഹൃദയത്തിന്റെ നിറവില്‍ നിന്നല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ സംതൃപ്തികണ്ടെത്താന്‍  ശ്രമിക്കുന്ന നമ്മെ നോക്കി കാപട്യനാട്യക്കാര്‍ നടത്തുന്ന അതിഭാഷണം(Mathew 6:7)എന്ന് യേശു പറയുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ . എന്നാല്‍ , അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(Romans 8:26).പ്രാര്‍ത്ഥന എന്നത് ആകുലതകള്‍  വെടിഞ്ഞ്  ദൈവസന്നിധിയില്‍ നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണ്‌(((Philippians 4:6). 

സ്വയം നീതികരിക്കല്‍ : നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന നല്ല പ്രവര്‍ത്തികളെ നമ്മുടെ വിശ്വാസത്തില്‍ കൂടി ഉയര്‍ത്തി കാണിക്കുന്ന അവസ്ഥയായിരിക്കരുത് പ്രാര്‍ത്ഥന. ഫരിസേയന്റെയും  ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളും അതിന്റെ അവസാനം അവര്‍ക്ക് ലഭിച്ച നീതികരണവും നമുക്കറിയാം.'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടു; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയും'(Luke18:9-14). ഈ വചന ഭാഗം നമുക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ .

ദൈവത്തെ ശ്രവിക്കല്‍ : പ്രാര്‍ത്ഥന എന്നത് നാം ദൈവത്തോട് സംസാരിക്കുന്ന അവസ്ഥയല്ല; അതിനെക്കാളുപരി ദൈവം നമ്മോട് സംസാരിക്കുന്ന, ദൈവത്തെ ശ്രവിക്കുന്ന അവസ്ഥ കൂടി ആയിരിക്കണം.നമ്മില്‍ വസിക്കുന്ന ദൈവീക ശക്തി നമ്മില്‍ വ്യാപരിക്കുക കൂടി ചെയ്യണം(2 Corinthians 6:16). ഈ അനുഭവം നമ്മില്‍ എത്ര പേര്‍ക്ക് ഉണ്ടായിട്ടുണ്ട് ?.ദര്‍ശനങ്ങള്‍ ,വെളിപാടുകള്‍ , വചനങ്ങള്‍ , സാഹചര്യങ്ങള്‍  ഇങ്ങനെ ആത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം .അതോടൊപ്പം ആത്മാവിന്റെ ഉത്കൃഷ്ട ദാനങ്ങള്‍ക്കായി(1 Corinthians 12:31) നാം അഭിലഷിക്കണം. 

ഇങ്ങനെയുള്ള തിരിച്ചറിവുകളും തയ്യാറെടുപ്പുകളും ഭൗതീകജീവിത ചിന്തയില്‍ നിന്നും മാറി പൂര്‍ണ്ണമായും ദൈവത്തില്‍ ആയിരിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഇതിനെ വചനം പറയുന്നു' നീ  പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്‌, രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പങ്കുവെക്കണം'(Mathew 6:6-7).    

ആചാര അനുഷ്ടാനങ്ങള്‍ക്ക് വിരാമം ഇട്ടുക്കൊണ്ട്  യേശുവില്‍ കൂടി രക്ഷ അനുഭവിക്കാന്‍ യോഗ്യരായ നാം, ഇപ്പോഴും കാലഹാരണപ്പെട്ട ആ പഴയ നിയമ ചിന്താഗതിയുടെ, നിയമത്തിന്റെ  പുറകേയാണോ ?. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സമയവും ദിവസവും നോക്കിയാണോ നാം  പ്രാര്‍ത്ഥിക്കുന്നത് ? നാം  ദൈവത്തിന്റെ ആലയം ആകുന്നു എന്ന് നാം തിരിച്ചറിയണം(1 Corinthians 3:16)

'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.........
ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍... 
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കിന്‍....'....   
                     (1 Thessalonians 5 : 1 6 - 1 8). 

ദൈവത്തിന് നന്ദി ..... 

Saturday, 9 February 2013

വീണ്ടും ജനനവും ക്രിസ്തീയജീവിതവും

'ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം' (Mathew  7:14). നമ്മില്‍നിറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തിയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ നിത്യജീവന്റെ വഴിയെ ആയിരിക്കാം.....

നിത്യജീവനെ  ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഈ ലോകജീവിതത്തില്‍ ,ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുക ??? വചനം പറയുന്നു ' വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).ദൈവവുമായി ബന്ധത്തിന് , പ്രാര്‍ഥിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യതയാണ് വീണ്ടും ജനനം. നിത്യജീവന്റെ ആദ്യഭാഗം.

പാരമ്പര്യവിശ്വാസത്തില്‍ നിലയുറച്ച് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്ന പുതിയ നിയമ വിശ്വാസി, ഒരു നിമിഷം.....താങ്കള്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ???
ചെറുപ്പം മുതല്‍ , ദൈവവും ദൈവവചനങ്ങളും നിങ്ങള്‍ക്ക് അന്യമായിരുന്നില്ല. എന്നാല്‍ ദൈവം നിങ്ങളെ തിരഞ്ഞെടുത്തോ ?(John 15:16).
അനുഷ്ഠടാനങ്ങളിലും ആചാരങ്ങളിലും സംതൃപ്തിയടയുന്ന ക്രിസ്ത്യാനി, നിങ്ങള്‍ യേശുവിന്റെ നാമത്തില്‍ എത്ര വീര്യ പ്രവര്‍ത്തികളും ചെയ്താലും, വീണ്ടും ജനിക്കാത്ത നിങ്ങളോട് ദൈവം ഇങ്ങനെ പറയുന്നു  'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞട്ടില്ല'(Mathew 7:22-23).ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയാല്‍  നിങ്ങള്‍ ദൈവത്തെ തിരഞ്ഞെടുത്തു.എന്നാല്‍ ആ തിരഞ്ഞെടുപ്പ് ശരിയായ ദൈവവചന അറിവിന്റെ അടിസ്ഥാനത്തില്‍ അല്ല  എന്നേയുള്ളു. ദൈവത്തിന്റെ  നീതിയെകുറീച്ചുള്ള അഞാതയാണ് ഇതിന് കാരണം (Romans 10:2-3). 
വീണ്ടും ജനനത്തെക്കുറിച്ച് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ നമുക്ക് ചുറ്റുമുണ്ട്. ആചാരഅനുഷ്ഠടാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചി രിക്കുന്ന സഭാസമൂഹങ്ങള്‍ വളരെ നിസാരമായി ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.ദൈവവചനം ആഴത്തില്‍ ചിന്തിക്കാതിരിക്കാന്‍ സഭയുടെ വിശ്വാസപ്രമാണങ്ങള്‍  കൊണ്ട്  വീണ്ടുംജനനം എന്ന നിത്യരക്ഷയുടെ അടിസ്ഥാന ചിന്തയെ മൂടിവെക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ വെളിച്ചം വിതരേണ്ടവര്‍ തന്നെ സത്യത്തില്‍ നിന്നും മുഖം മറക്കാന്‍ ശ്രമിക്കുന്നു. 

ജീവിതത്തിലെ ഓരോ ഘട്ടത്തില്ലും ഉണ്ടാകുന്ന തിരിച്ചറിവുകള്‍ നമ്മില്‍ പല മാറ്റങ്ങളും വരുത്താറുണ്ട്.ശിശുസഹജമായ ചിന്തകളും കാഴ്ചപ്പാടുകളും യവ്വനത്തില്‍ എത്തുമ്പോള്‍ നമ്മില്‍നിന്ന് മാറ്റപ്പെടുന്നു.തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ , അതുവരെയുള്ള സ്വതന്ത്രമായ ഈ ലോക ജീവിതത്തില്‍ നിന്നും  ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാതാന്യം നല്‍കികൊണ്ട് ഒതുങ്ങിയ ജീവിതശൈലി കൈവരുന്നു.തെറ്റായ പഴയ കൂട്ടുകെട്ടുകളെ ഉപേഷിച്ച് ശ്വാശതമായ പുതിയ ജീവിതം. ഒരു പുതിയ വ്യക്തിയായി മറ്റപ്പെടുന്ന അവസ്ഥ.... ഭവുതീകമായി  ഇതിനെ വീണ്ടും ജനനം എന്ന് തന്നെ പറയാം...പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ ജീവിതം...ഇതേ മാറ്റം ആത്മീയതലത്തിലും ആവശ്യമാണ്.അതാണ് വചനം ആവശ്യപ്പെടുന്ന വീണ്ടും ജനനം. 

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).

അത്മാവിനാല്‍ വീണ്ടും ജനനം എന്നതിന് പരിശുദ്ധത്മാവിനാല്‍  എന്നതിന്  സംശയമില്ല.കുരിശു മരണത്തിനു മുന്‍പ് യേശു, പരിശുദ്ധത്മാവിനെ സഹായകനായി  വാഗ്ദാനം ചെയ്യുന്നുണ്ട് (John 14:26). എന്നാല്‍ ജലത്താല്‍ വീണ്ടുംജനിക്കണം എന്നതിനെ ജലത്താലുള്ള സ്നാനമായി (Water Baptism) ചില സഭാസമൂഹങ്ങള്‍  വിശ്വസിക്കുന്നു.എന്നാല്‍ ദൈവ വചനത്തിന്റെ ഉള്‍ക്കാഴ്ച്ചയില്‍ സ്നാനവും വീണ്ടുംജനനവും ഒന്നല്ല . അവ രണ്ടും രണ്ടാണ്.

വീണ്ടും ജനനത്തല്‍ ഒരുവന്‍ പാപത്തില്‍ നിന്നും മോചനം പ്രാപിക്കുന്നു.എന്നാല്‍ സ്നാനം എന്നത് ശാരീരങ്ങളുടെ വീണ്ടെടുപ്പാണ് (Romans 6:5).  യേശുക്രിസ്തുവിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ  പ്രകടമായ അടയാളമാണ്.(Mathew 28:19,Mark 1:8).യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ( ശിശു സ്നാനമോ?? മുതിര്‍ന്ന സ്നാനമോ??) സ്നാനം സ്വീകരിക്കുന്നതു വഴി എല്ലാം സാധ്യമാകുമെങ്കില്‍ ജീവിതം എത്രയോ സുഖകരം..... നിത്യജീവനില്ലേക്കുള്ള വഴി വീതികുറഞ്ഞതാണ് എന്ന വചനം പൂര്‍ണ്ണമല്ലാതാകും. പ്രവര്‍ത്തിയാലുള്ള ഇത്തരത്തിലുള്ള നീതികരണം പഴയനിയമ വിശ്വാസമാണ്. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍  മാത്രമേ പുതിയനിയമ വിശ്വാസി നീതികരിക്കപ്പെടുന്നത്.(Romans 4:5).സ്നാനം തെറ്റാണെന്നോ, ആവശ്യമില്ലെന്നോ ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല.യേശു ക്രിസ്തു കല്പിച്ചരുളിയ സ്നാനം വഴി, ഈ ലോകം ഒരുവനെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നു.ഒരു ക്രിസ്ത്യാനിയുടെ ജഡികശരീരത്തിനു മുകളിലുള്ള ഈ ലോകത്തിന്റെ അവകാശം അംഗീകരിക്കപ്പെടുന്നു(John 19:40).എന്നാല്‍ വീണ്ടും ജനനം വഴി ഒരുവന്‍ ആത്മാവില്‍ പുതിയ സൃഷ്ട്ടിയായി മാറ്റപ്പെടുന്നു.

താങ്കള്‍ ദൈവത്തിന്റെ രക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ , താങ്കളെ തന്നെ കഴുകേണ്ടത്, താങ്കള്‍ കഴുകപ്പെടെണ്ടത്,  ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന സ്പടികം പോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദിയിലാണ്(Revelation 22:1).സജീവവും സന്നാതനവുമായ ദൈവവചനത്തില്‍ നിന്ന്(1 Peter 1:23). മാംസമായി നമ്മുടെയിടയില്‍ വസിച്ച ദൈവവചനത്തില്‍ നിന്ന്(John 1:14).

ദൈവവചനമാകുന്ന ജലം നമ്മുടെ അറിവിനെയും, വിശ്വാസത്തെയും, ആഗ്രഹത്തെയും കഴുകണം.തെറ്റായ വിശ്വാസസംഹിതയെ  ഉപേഷിച്ച് ജീവജലത്തിന്റെ ഉറവയായ ദൈവ വചനത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയണം.അങ്ങനെ ആത്മാവില്‍ പുതിയ സൃഷ്ട്ടിയാകാന്‍ നമുക്ക് കഴിയണം             
ജലം    ---->  വചനം. 
ആത്മാവ്   ----> പരിശുദ്ധത്മാവ്.

ഒരുവനെ വീണ്ടും ജനിപ്പിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയുകയില്ല.വ്യക്തമായി പറഞ്ഞാല്‍ , വിശ്വാസി എന്ന് ലോകം പറയുന്ന ഒരു വ്യക്തിയുടെ കൈവയ്പ്പു പ്രാര്‍ത്ഥനയിലൂടെയോ , മറ്റ് ഏതെങ്കിലും ശ്രുശ്രൂഷവഴിയോ ഒരുവനെ വീണ്ടുംജനിപ്പിക്കാന്‍ കഴിയുകയില്ല.കാരണം വീണ്ടുംജനനം എന്നത് ഒരു പ്രവര്‍ത്തിയല്ല മറിച്ച് അനുഭവമാണ്‌.. . കാറ്റു എവിടെനിന്ന് വരുന്നു എന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.ഇതു പോലെയാണ് ആത്മാവില്‍ വീണ്ടും ജനിക്കുനവന്‍ (John 3:8). വിശ്വാസത്തിന്റെ ബഹ്യപ്രവര്‍ത്തികള്‍ പ്രകടമാക്കാന്‍ ഒരു വ്യക്തിക്ക് കഴിഞ്ഞേക്കാം.എന്നാല്‍ ആത്മാവിനെ ജനിപ്പിക്കാന്‍ ഒരു വ്യക്തി തന്നെ വിചാരിക്കണം.തന്നില്‍ ജീവിക്കുന്ന ദൈവത്തെ അതിന് നാം അനുവദിക്കണം.


  • ഏതെങ്കിലും സഭയില്‍ ചേര്‍ന്നത്‌ കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • സ്നാനം സ്വീകരിച്ചതു  കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • കൂട്ടായ്മയില്‍ പോയതുകൊണ്ട്  മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പാരമ്പര്യനിയമത്തില്‍ വിശ്വസിച്ചാല്‍ വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദാനധര്‍മങ്ങളും എളിമ പ്രവര്‍ത്തികളും ചെയ്തതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ആത്മീയശ്രശ്രൂഷകള്‍ നടത്തിയതിന്റെ പേരില്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദൈവവചനഗ്രന്ഥം കൈയില്‍ കൊണ്ടുനടക്കുന്നതുക്കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പ്രത്യേകമായ വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം വീണ്ടുംജനനം  സാധ്യമാകുകയില്ല.

യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുവന്‍ യേശുവിനെ ദുഷിച്ച് പറഞ്ഞപ്പോള്‍ ,അപരന്‍ യേശു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു.'യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ' എന്ന അവന്റെ യാചന രക്ഷയായി മാറി.'നീ ഇന്ന് എന്നോടൊപ്പം പറുദീസായില്‍ ആയിരിക്കും' (Luke 23:39-41)എന്ന രക്ഷ വാഗ്ദാനം നമുക്കും അനുഭവിക്കാന്‍ കഴിയണം. 

ദൈവവചനത്തിന്റെ മര്‍മ്മം ഗ്രഹിച്ചു യേശു എന്റെ രക്ഷകനാണ്‌ എന്ന് സത്യം ഹൃദയത്തില്‍ നിറയപ്പെടുമ്പോള്‍ മാത്രമാണ് ഒരുവന്‍ വീണ്ടും ജനിക്കുന്നത്.

വീണ്ടുംജനന അനുഭവങ്ങള്‍  :
  • പുതിയ വിശ്വാസം: യേശു രക്ഷകന്‍ ആണെന്നും ,  ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി യേശുക്രിസ്തു മാത്രമേയുള്ളൂ(1Thimothy 2:4, 1John 2:1) എന്ന സത്യത്തിന്റെ തിരിച്ചറിവ്.
  • മാനസാന്തരം: വചനത്തിന്റെ വെളിച്ചത്താല്‍ അനുദിന ജീവിതത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞു അതില്‍നിന്നും പിന്തിരിയനുള്ള ഉള്‍കാഴ്ച.പുത്രനില്‍ക്കൂടി തന്നെ സമീപിക്കുന്നവര്‍ക്ക് ജീവന്‍ ഉണ്ടാകും എന്ന വചനത്താല്‍  പാപങ്ങളെ ഏറ്റുപറഞ്ഞാല്‍ (1John 1:8) പാപമോചനം ലഭിക്കും എന്ന ബോധ്യം.
  • പാപമോചനം: ആരും അറിയാത്ത , ഇരുട്ടില്‍ ചെയ്ത പാപം പോലും അവന്റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ പൂര്‍ണ്ണപാപമോചനം നല്കും എന്ന ഉറപ്പ്.
  • ആത്മീയ വിശുദ്ധീകരണം: ഇനിയും പാപം ചെയ്യാതിരിക്കാന്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന ധൈര്യം (2Cori .5:7).നിയമത്തിന്‍ കീഴിലല്ല കൃപക്ക് കീഴിലാണ് എന്ന തിരിച്ചറിവ്(Romans 5:14).
  • നീതികരണം:യേശു ക്രിസ്തുവില്‍കൂടി ഒരു പുതിയ സൃഷ്ട്ടിയായി (2Cori .5:17,Hebrew 10:17)എന്ന പരിപൂര്‍ണ്ണ പാപമോചനത്തിന്റെ അനുഭവം.
ചിന്തിക്കുക....എന്താണ് താങ്കളുടെ അവസ്ഥ....വീണ്ടുംജനനം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? നമുക്ക് ആത്മീയ പാരിച്ഛെദനാം നടത്താം (Romans 2:29) വ്യര്‍ത്ഥമായ  ഈ ലോക  ജീവിതരീതിയില്‍ നിന്നും നമ്മെ വീണ്ടെടുത്ത കുഞ്ഞാടിന്റെ രക്തം ആത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കട്ടെ...

ദൈവത്തിന് നന്ദി....


Saturday, 2 February 2013

ഞാന്‍ എന്തിനു പ്രാര്‍ത്ഥിക്കണം ?

'വരുവിന്‍, നമുക്ക് കുമ്പിട്ട്‌ ആരാധിക്കാം.നമ്മെ സൃഷ്‌ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.എന്തെന്നാല്‍ , അവിടുന്നാണ് നമ്മുടെ ദൈവം.നാം അവിടുന്ന് മേക്കുന്ന ജനവും'(Psalm 95:6-7).നമ്മെ കരുതലോടെ കാണുന്ന ദൈവത്തിനു മുന്‍പില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം......

ഒരു ക്രിസ്തുവിശ്വാസിക്ക്, അവന്റെ വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത് ദൈവവുമായി പുലര്‍ത്തുന്ന നിരന്തരബന്ധം മുഖേനയാണ്.അക്കാരണത്താല്‍ പ്രാര്‍ത്ഥന എന്നത് ദൈവവുമായി ബന്ധം നിലനിര്‍ത്തുവാനുള്ള ഒരു മാര്‍ഗ്ഗമാകുമ്പോള്‍ ,പ്രാര്‍ത്ഥനയുടെ അടിസ്ഥാനം ദൈവത്തോടുള്ള അപേഷകളും,യാചനകളും,കൃതന്ജതസ്തോത്രങ്ങളും ആകുന്നു.(Philippians 4:6, Ephesian 6:18). 
നമ്മുടെ  ഓരോ  പ്രവര്‍ത്തികള്‍ക്കും വ്യക്തമായഒരു ഉദ്ദേശശുദ്ധി  ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ ശരിയായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നമുക്ക് കഴിയാതെവരും.മരുന്ന് കഴിക്കുന്നത്‌ രോഗം മാറുവാന്‍ വേണ്ടിയാണ്.ഇതില്‍ പ്രവര്‍ത്തിയുടെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യവും വ്യക്തമാണ്. എങ്കില്‍ ,സുഹൃത്തെ ഒന്ന് ചോദിച്ചോട്ടെ....


എന്തിനാണ്  നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്‌?.
എന്തുകൊണ്ടാണ് നമ്മള്‍  പ്രാര്‍ഥിക്കേണ്ടിവരുന്നത്? 
പ്രാര്‍ത്ഥന എന്നത്  യാചന ആണെങ്കില്‍ , എന്താണ് നാം യാചിക്കേണ്ടത് ?

അടിസ്ഥാനപരമായി  വിശ്വാസത്തില്‍ തെറ്റിയവന്,ദൈവവുമായി ഒരു ബന്ധവും നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. ദൈവവചനാടിസ്ഥാന ഉറപ്പില്ലാത്തതിനാലാണ് വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നാം പതറിപ്പോകുന്നത്തും തെറ്റായ പ്രബോധനങ്ങളുടെ പിറകെപ്പോകുന്നതും. അതിനാല്‍ അന്യൂന്യമായ വിശ്വാസസംഹിതയില്‍ ,(ദൈവവചനത്തില്‍ ) യഥാര്‍ത്ഥ ബോധ്യം ജനിപ്പിക്കാന്‍ കഴിയേണ്ടത്തിന്  താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം(Titus 1:9).  

'ജീവിച്ചിരിക്കുന്നവന്‍ എന്നാണ് നിന്നെക്കുറിച്ച്  പറയുന്നത്.പക്ഷെ,നീ മൃതനാണ്'(Revelation 3:1).

സുഖമായി ജീവനോടെ നമ്മുടെ കണ്‍മുന്‍പില്‍ ഇരിക്കുന്ന ഒരു വ്യക്തി മരിച്ചവനെന്നു വചനം വിളിക്കുന്നു.ഇവിടെ ഏതു മരണത്തെക്കുറിച്ചാണ് പ്രതിപാതിച്ചിരിക്കുന്നത്?. താങ്കള്‍ക്ക് എന്ത് തോന്നുന്നു?.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അഞ്ചു ദിവസത്തെ പ്രപഞ്ച സൃഷ്ടിക്കര്‍മ്മത്തിനു ശേഷം ആറാം ദിവസം സകല സൃഷ്ടികളുടെയും മേല്‍ സര്‍വ്വ ആധ്യപത്യം നല്‍കിക്കൊണ്ട് ദൈവം മനുഷ്യനെ തന്റെ ഛായയിലും  സാദൃശ്യത്തിലും   സൃഷ്ടിക്കുന്നു.(Genesis 1:26). ജന്മം കൊണ്ട് മാതാപിതാക്കന്മാരുടെ രൂപസാദൃശ്യങ്ങള്‍ മക്കള്‍ക്ക്‌ ലഭിക്കുന്നതുപോലെ, ദൈവം മനുഷ്യന് നല്‍കിയത് തന്റെ ഭുതീകമായ ശരീരരൂപസാദൃശ്യമാണോ....?.

  • 'സമ്പൂര്‍ണ്ണജ്ഞാനത്താല്‍ സൃഷ്ടാവിന്റെ പ്രതിഛായക്കനുസൃതമായി നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Colossians 3:10).
  • 'യഥാര്‍ത്ഥമായ വിശുദ്ധിയിലും  നീതിയിലും ദൈവത്തിന്റെ  സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Ephesians 4:24).

ദൈവത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണജ്ഞാനത്തിലും, അവന്റെ യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലുമാണ് ആദ്യ മാതാപിതാക്കന്മാരായ ആദവും ഹവ്വയും(Genesis 3:20)  സൃഷ്ടിക്കപ്പെട്ടത്. ഇതിന്റെ ആകത്തുകയായ  വെളിപ്പെടുത്തലായിട്ടാണ്, 'ഏദന്‍ തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്.തിന്നുന്ന ദിവസം നീ മരിക്കും' (Genesis 2:16-17) എന്ന് ദൈവം കല്പിക്കാന്‍ ഇടയാക്കിയത്.

എവിടെയാണോ ഈ അടിസ്ഥാന ബന്ധത്തിന് കോട്ടം സംഭവിച്ചത്,അവിടെ മനുഷ്യന്റെ തകര്‍ച്ച ആരംഭിക്കുന്നു. സൃഷ്ടികര്‍മ്മം മുതല്‍ ദൈവീകസംരക്ഷണത്തില്‍വസിച്ചിരുന്ന അവര്‍ക്ക്, ഞാന്‍.. ...എന്റെ...എനിക്ക് എന്ന ചിന്തകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ എപ്പോഴാണോ സാത്തനില്‍ ആകര്‍ഷ്ടരായി, പാപത്തിന്റെ കനി ഭക്ഷിച്ച ആ നിമിഷം മുതല്‍ അവര്‍ ദൈവത്തില്‍ നിന്നും ഓടി ഒളിക്കുവാന്‍ തുടങ്ങി.

'നിങ്ങള്‍ മരിക്കും'എന്നതാണ് ദൈവകല്പനയെങ്കില്‍ ഫലം കഴിച്ച അവര്‍ മരിച്ചില്ല എന്ന് വ്യക്തമല്ലെ?.
ദൈവം പറഞ്ഞ മരണം ഭുതീകമല്ല മറിച്ചു ആത്മീയമാണ്.

പാപം ചെയ്തതിനാല്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവും നഷ്ടപ്പെട്ടതിനോടൊപ്പം അവര്‍ക്ക് (ദൈവീകജീവന്‍))))) നിത്യജീവനും നഷ്ടമായി.അങ്ങനെ ആത്മീയമരണം സംഭവിച്ചു. നിത്യജീവന്‍ നഷ്ട്ടപ്പെട്ട അവരുടെ ആത്മീയ നേത്രങ്ങള്‍ അടയപ്പെടുകയും ജഡികനേത്രങ്ങളാല്‍ അവര്‍ നഗ്നനരാണെന്ന് കാണുകയും ചെയ്തു.അതുവരെ ദൈവത്തോടൊപ്പം ആയിരുന്ന അവര്‍ , പാപം മൂലം ഇപ്പോള്‍ അവരില്‍ ആധ്യപത്യം പുലര്‍ത്തുന്ന സാത്താന്റെ ചിന്തയാല്‍ നഗ്നനരാണെന്ന് കാണുകയും നഗ്നനത മറക്കാന്‍ അത്തി ഇലകള്‍ കൂട്ടിത്തുന്നി അരക്കച്ചയുണ്ടാക്കുകയും ചെയ്തു(Genesis 3:7).അങ്ങനെ പാപത്തിന്റെ  കുടുക്കില്‍ അകപ്പെടുകയും ചെയ്തു.

ഇങ്ങനെ ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ നാം എല്ലാവരും പാപികളാകപ്പെടുകയും മരണം ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു(Romans 5:12).അങ്ങനെ ജീവിതക്കാലം മുഴുവന്‍ മനുഷ്യന്‍  മരണഭയത്താല്‍ പാപത്തിന്റെ അടിമത്വത്തില്‍ ആകപ്പെട്ടു(Hebrew 2:15). ഇക്കാരണത്താല്‍ ജന്മ പാപത്താലാണ് ഓരോ മനുഷ്യനും ഈ ലോകത്തില്‍ പിറവികൊള്ളുന്നത് (Psalms 51:5). 

പിന്നീട്, ഭുമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുകയും അതില്‍ സൃഷ്ടാവായ ദൈവം പരിതപിക്കുകയും ചെയ്തു(Genesis 6:5-6). ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം നിര്‍വ്വചിക്കാന്‍ കഴിയാത്തവിധം അഗാധമാണ്(Jeremiah 31:20).അതിനാല്‍ പാപത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിനുവേണ്ടി, നഷ്ടപ്പെട്ട നിത്യജീവനിലേക്ക്‌ അവനെ തിരികെ കൊണ്ടുചെന്ന് എത്തിക്കുന്നതിനുവേണ്ടി കാലാകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന നമ്മോടു സംസാരിച്ചിരുന്നു(Hebrew 1:1). പാപത്തിന്റെ പിടിയില്‍നിന്നും രക്ഷനേടുവാന്‍ നല്‍കിയ പ്രമാണത്തില്‍ , പാപം അവസരം കണ്ടെത്തി അതുവഴി എല്ലാ മോഹങ്ങളും വീണ്ടും മനുഷ്യനില്‍ നിറച്ചു (Romans 7:8).അങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം കൂടുതല്‍ തകര്‍ച്ചക്ക് കാരണമായി.

ഒരുവന്‍പോലും നശിച്ചുപോകാതെ,എല്ലാവരും രക്ഷ പ്രാപിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹം(1 Timothy 2:4). ഈ ലോകത്തെ വീണ്ടെടുക്കുവാന്‍.., നമ്മുടെ രക്ഷയുടെ അവസാന വാക്കായി ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്കയച്ചു. (Hebrew 1:2).  ക്രിസ്തു കാല്‍വരി കുരിശില്‍ അര്‍പ്പിച്ച ഏകബലി സമര്‍പ്പണം വഴി സകല മനുഷ്യ വര്‍ഗ്ഗത്തിന്റെയും പാപങ്ങളുടെ ശിക്ഷ അവന്‍ വഹിക്കുകയും, അവനെ മരിച്ചവരില്‍ നിന്നും ദൈവം ഉയര്‍പ്പിച്ചതുവഴി നമുക്ക് പാപത്തിന്റെ ബന്ധനത്തില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്തു (Hebrew 10:14).

ചിന്തകള്‍ ഒറ്റനോട്ടത്തില്‍ ....

ആദ്യ മാതാപിതാക്കന്മാരുടെ പാപം നിമിത്തം നിത്യജീവന്‍ നഷ്ടപ്പെട്ട നമുക്ക് പാപത്തിന്റെ ഫലമായ ആത്മീയ മരണത്തില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍, ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തു കാല്‍വരി കുരിശില്‍ ജീവനര്‍പ്പിക്കുകയും,മൂന്നാം ദിവസം ദൈവം അവനെ ഉയര്‍പ്പിക്കുകയും  ചെയ്തതു വഴി( Acts 17:31)  നിത്യജീവനിലേക്കുള്ള വാതായനം തുറക്കപ്പെട്ടിരിക്കുന്നു.


  •  .ദൈവം മനുഷ്യന് നല്‍കിയ നിത്യജീവന്‍ പാപം മൂലം നഷ്ടപ്പെട്ടതിനാല്‍ ...
  • പാപത്തോടുകൂടി നാം പിറക്കുന്നതിനാല്‍ ...
  • യേശുവില്‍കൂടി നിത്യജീവന്റെ വേണ്ടെടുപ്പ് ഉറപ്പാക്കിയതിനാല്‍ ...

നാം പ്രാര്‍ത്ഥിക്കേണ്ടത് നിത്യജീവന് വേണ്ടിയാണ്.  വീണ്ടും ജനനത്താല്‍  ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കുവാന്‍ ആരംഭിക്കുന്ന നിത്യജീവന് വേണ്ടിയായിരിക്കണം.  


നിത്യജീവന്റെ ആദ്യഭാഗമായ വീണ്ടുംജനനത്താല്‍(John 3:3), അത്മരക്ഷയെ പ്രാപിക്കുന്ന നമുക്ക് ദൈവപുത്രനിലുള്ള വിശ്വാസം വഴി ആത്മീയഅന്ധത മാറിപോവുകയും (John 9:3-5) അങ്ങനെ ദൈവവചനത്തിലൂടെ, നഷ്ടപ്പെട്ടുപോയ ദൈവത്തിന്റെ ഛായയും സാദൃശ്യവും കൈവരുകയും ചെയുന്നു (Ephesians 4:24,Colossians 3:10).     
   
പിന്നീടുള്ള ഈ ലോകജീവിതത്തില്‍ ,പരീക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയും വചനത്തിന്റെ ശക്തിയാല്‍ സഹിച്ച്, ആത്മാവിന്റെ വീണ്ടെടുപ്പ് പ്രാപിച്ച നാം, ശരീരങ്ങളുടെ  വീണ്ടെടുപ്പാകുന്ന പൂര്‍ണ്ണപുത്രാലബ്ദി  പ്രതീക്ഷിച്ചുകൊണ്ട് (Romans 8:23, 1John 3:2) ലഭിച്ച വിളിക്ക് അനുസൃതമായി ജീവിക്കണം. അതിനാല്‍ രക്ഷയുടെ അനുഭവത്തില്‍ കൂടി  കടന്നുപോയ ഒരു വ്യക്തി, അനുദിന ജീവിതത്തിലെ സഹനങ്ങളെ നേരിടുവാന്‍ സഹായകനായ പരിശുദ്ധാത്മ ശക്തിക്ക് വേണ്ടി (John 14:16)  ആഗ്രഹിക്കണം.

ഉണരുക....നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക . അതുകൊണ്ട് നാം  കേട്ടതും സ്വീകരിച്ചതും എന്തെന്ന് അനുസ്മരിച്ച്  അത് കാത്തുസൂഷിക്കുകയും അനുതപിക്കുകയും ചെയുക (Revelation 2:3).

പുനരുത്ഥാനവും ജീവനുമായ യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല(John 11:26) കാരണം അവനില്‍ നിത്യജീവനുണ്ട് (John 6:47) എന്ന രക്ഷാവചനത്തെ നമുക്ക് മുറുകെ പിടിക്കാം.

കൃപയും സത്യവും നിറഞ്ഞ പുത്രന്‍ വഴി, അനശ്വരമായ ബീജത്തില്‍ നിന്ന്......സജീവവും സനതനവുമായ ദൈവവചനത്തില്‍ നിന്ന്....നമുക്ക് വീണ്ടും ജനിക്കാം(Peter 1:23-25).അങ്ങനെ നിത്യജീവന്‍ പ്രാപിക്കാന്‍ നമുക്ക് ഒരുങ്ങാം.....


ദൈവത്തിന് നന്ദി.....

Saturday, 19 January 2013

'എമ്മാനുവേല്‍ ' എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ ?

'ഈ ലോകത്തിന്റെ 
ദേവന്‍ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്ക് ദൃശ്യമല്ല'(2 Corinthians 4:4). അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ജീവന്റെ വചനം ഓരോ നിമിഷവും നമ്മെ വഴിനടത്തട്ടെ...

ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യക്തി.ക്രിസ്തുവിശ്വാസിയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ ആവേശത്തോടെ ദൈവചനത്തെക്കുറിചുള്ള സംസാരമായി.അദ്ദേഹം നിലനില്‍ക്കുന്ന കൂട്ടായ്മയുടെ അടിസ്ഥാന ബോധ്യത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ ശരം പോലെ വന്നു തറച്ച ഒരു ചോദ്യം.തിരക്കുപിടിച്ച ജീവിതത്തിനിടയില്‍  ആശ്വാസം തേടി, മനുഷ്യന്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍  ഈ ചിന്തകള്‍ പങ്കുവക്കുന്നത് അനുവാര്യമാണെന്നു തോന്നി....

ഗര്‍ഭണിയായ മറിയത്തിനെ രഹസ്യമായി ഉപേഷിക്കേണ്ടതിനെക്കുറിച്ച്  അകുലതപ്പെട്ടിരിക്കുന്ന ജോസഫ്‌....... കര്‍ത്താവിന്റെ ദൂതന്‍ പ്രത്യഷപ്പെട്ട് അരുളിച്ചെയുന്നതിന്റെ അവസാനഭാഗം.'ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും'.( Mathew 1:23). 

ചോദ്യങ്ങള്‍ ഇതാണ്....
  • യേശു എമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ?.
  • ഉണ്ടെങ്കില്‍ എവിടെ? എപ്പോള്‍ ?.
  • ഇല്ലെങ്കില്‍ എന്തുകൊണ്ട് ആ വചനം നിറവേറാതായിപ്പോയി?
യേശു എമ്മാനുവേല്‍ എന്ന്  വിളിക്കപ്പെടാത്തതിനാല്‍ നാം പ്രാര്‍ത്ഥിക്കേണ്ടതും കാത്തിരിക്കേണ്ടതും അവന്റെ രണ്ടാമത്തെ വരവില്‍ രാജാക്കന്മാരുടെ രാജാവായി, അവന്‍ എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുന്ന ആ സമയത്തിനു വേണ്ടിയായിരിക്കണം. രക്ഷകനായ  എമ്മാനുവേലിനു വേണ്ടിയായിരിക്കണം.അന്ന് ഒരെഒരു ദേവാലയവും മറ്റു സിനഗോഗുകളും മാത്രമേ  നിലനില്‍ക്കു എന്നതിനാല്‍ ,  വിശ്വാസികള്‍ എല്ലാവരും സിനഗോഗില്‍ ഇമ്മാനുവേലിനു വേണ്ടി ഒന്നുചേരണം. ചിന്തകള്‍ക്ക് കാരണമായ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തെ അവിടെ വിട്ടുകൊണ്ട് നമുക്ക് ദൈവവചനത്തിലേക്ക് വരാം. 

വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കത്തതിനാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു'(Mathew 22:29). ഒരു ക്രിസ്തുവിശ്വാസിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനമായതിനാലും, വചനത്തില്‍ ഒന്നുപോലും മാറ്റമില്ലാത്തതിനാല്ലും ഉത്തരം വചനത്തില്‍ നിന്നുതന്നെ കിട്ടണം.

വിശുദ്ധഗ്രന്ഥത്തില്‍ ആകെ മൂന്ന് ഭാഗങ്ങളില്‍ മാത്രമേ എമ്മാനുവേല്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമായി പഴയനിയമത്തിലെ ഏശയ്യ ഗ്രന്ഥത്തില്ലും(Isaiah 7:14,8:8). ദുതന്‍ ജോസഫിനോട് വെളിപ്പെടുത്തുന്ന ഭാഗത്ത്‌ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി (Mathew  1:23) പുതിയനിയമത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. 

  • യേശു എമ്മാനുവേല്‍ എന്ന പേരില്‍ വിളിക്കപ്പെട്ടതായി വചനത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
  • യേശു, മിശിഹാ, കര്‍ത്താവ്, ക്രിസ്തു, പുത്രന്‍ എന്നിങ്ങനെ വിളിക്കപ്പെട്ടതായി വചനത്തില്‍ കാണുവാന്‍ കഴിയും.
  • ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍ (Anointed one) എന്നര്‍ത്ഥമുള്ള മിശിഹാ എന്ന ഹീബ്രു  (Hebrew) പദത്തിന്റെ ഗ്രീക്ക് (Greek) വാക്കാണ്‌ ക്രിസ്തു (Christ). കര്‍ത്താവ് എന്നത് മലയാള പദവും.  വ്യക്തമായിപറഞ്ഞാല്‍ ,ക്രിസ്തു എന്നതിന്റെയും മിശിഹാ എന്നതിന്റെയും അര്‍ത്ഥം  ഒന്നുതന്നെ - ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍.
 പരിശുദ്ധത്മവിനാല്‍ ഗര്‍ഭണിയായ മറിയത്തോട് ദൂതന്‍ ഇങ്ങനെ പറഞ്ഞു 'നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും.അവന് യേശു എന്ന് പേരിടണം.അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും.(Luke1:31) ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍,ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും(Luke 1:35).തന്റെ ജനത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നര്‍ത്ഥമുള്ള യേശു എന്ന്, ജനിക്കുന്ന ശിശു  വിളിക്കപ്പെടണം(Mathew 1:21). ജോസഫിനും മറിയത്തിനും ദൂതന്‍ നല്‍കുന്ന  ഈ  വെളിപ്പെടുത്തലില്‍ ,ശിശു ദൈവത്തിന്റെ പൂര്‍ണ്ണ മഹത്വം നിറഞ്ഞവനാണ് എന്നതിന്റെ  ആത്മീയ അടയാളമാണ്  ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍((( എന്ന് വിളിക്കപ്പെടുമെന്നത്. ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്ത് ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നുള്ളത് ദൈവീകമായ വെളിപ്പെടുത്തലിന്റെ  ഭൗവുതീകമായ അടയാളവും (Luke1:36).

യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന സമയം.സ്വര്‍ഗ്ഗം തുറന്നു ഇങ്ങനെ പറഞ്ഞു ' ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു'(Mathew 3:17). 

പരിശുദ്ധി എന്നത് ദൈവീക മഹത്വത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നാണ്. യേശുവിലുള്ള ഈ ദൈവീക മഹത്വം തിരിച്ചറിഞ്ഞ പത്രോസ് ഇങ്ങനെ പറയുന്നു.നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ (John 6:69). ഇങ്ങനെ ദൂതന്‍ പറഞ്ഞ ആത്മീയ അടയാളങ്ങള്‍ ശരിവെക്കപ്പെടുന്നു. 

എമ്മാനുവേല്‍ എന്ന്‍ വിളിക്കപ്പെടും എന്നത് ദൂതന്‍ ജോസഫിന് കൊടുത്ത അടയാളമല്ല മറിച്ചു ഏശ്ശായ്യാ പ്രവാചകന്‍ മുഖേന ദൈവം അരുളിചെയ്തതാണ്.( Isaiah 7:14, Mathew  1:23). 

പൂര്‍വ്വകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന സംസാരിച്ചിരുന്നു.എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു.(Hebrews1:1). ഇങ്ങനെ,ദൈവം നമ്മോടു കാണിച്ച ആ വലിയ സ്നേഹം, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച,കൃപയും സത്യവും നിറഞ്ഞ യേശുവാണ് എമ്മാനുവേല്‍. മനുഷ്യന്റെ സാദ്രശ്യത്തില്‍ ആയിത്തീര്‍ന്ന (Philippians 2:7) യേശുവില്‍ കുടികൊണ്ടിരുന്ന ദൈവത്തിന്റെ മഹത്വമാണ് എമ്മാനുവേല്‍ . 

എമ്മാനുവേല്‍ എന്നത് അക്ഷരാര്‍ത്ഥതത്തില്‍ യേശുവിനെ വിളിക്കേണ്ട ഒരു പേരായിട്ടല്ല,മറിച്ച് യേശു ദൈവപുത്രനാണെന്ന വിശ്വാസത്തില്‍ക്കൂടി അനുഭവിച്ചു അറിയേണ്ട ഒരു ദൈവീകമഹത്വമാണ്.

എമ്മാനുവേല്‍ :
  • പ്രവചനങ്ങളുടെ പൂര്‍ത്തീകരണം‍...(Mathew 5:17). 
  • പിതാവായ ദൈവത്തിന്റെ ഏകാജതന്റെതുമായ മഹത്വം.(John 1:14 )
  • നമ്മോടുകൂടെ വസിക്കുന്ന ദൈവത്തിന്റെ മഹത്വം.(2 Corinthians 6:16).
  • ദൈവത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ മൂര്‍ത്തിഭവിച്ചിരിക്കുന്ന ദൈവത്തിന്റെ ഏകപുത്രന്‍. (Colossians 2:9).
  • അദ്രശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും ആദ്യജാതനുമയവാന്‍. (Colossians 1:15).
  • ദൈവീക രൂപത്തിലായിരുന്നു എങ്കിലും തന്നെത്തന്നെ ശൂന്യനാക്കിയവന്‍. (Philippians 2:6).
  • നാം ദൈവത്തിന്റെ നീതിയാകേണ്ടതിന്,പാപം അറിയാത്തവനെങ്കിലും  ദൈവം നമുക്കുവേണ്ടി പപമാക്കിമാറ്റിയവന്‍ (2 Corinthians 5:21).
  • പഴയനിയമത്തില്‍ നിഴലായി മാത്രം നല്‍കപ്പെട്ടതും, വരാനിരുന്ന നന്മയുടെ പൂര്‍ണ്ണരൂപവുമായ രക്ഷകനായ യേശു.(Hebrews 10:1).
  • ജീവന്‍ നല്കാന്‍ കഴിവുള്ള ദൈവത്തിന്റെ ഏകപുത്രന്‍. (1John 5:12). 

യേശുവിനെ മറിയത്തിന്റെ മകനും യാക്കോബ്, ജോസഫ്‌,ശിമയോന്‍,യൂദാസ് എന്നിവരുടെ സഹോദരനുമായി(Mathew13:25) സ്വീകരിക്കാന്‍ യഹൂദന്  മടിയുണ്ടായിരുന്നില്ല. എന്നാല്‍ അവനെ ദൈവമായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 'നീ ദൈവപുത്രനാണോ' ? (Mathew 28:63) എന്ന ന്യായാധിപസംഘത്തിന്റെ ചോദ്യം ഈ ഭയത്തെ ശരിവയ്ക്കുന്നു.അതിനാല്‍ത്തന്നെ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉന്നല്‍ കൊടുക്കുന്നതും  'യേശു തന്നെ ക്രിസ്തു' എന്ന പ്രബോധനത്തിനു തന്നെയാണ്.( Acts 17:3,10:36-38).
 ഞാന്‍ അരെന്നാണ് നിങ്ങള്‍ പറയുന്നത്? യേശുവിന്റെ ഈ ചോദ്യത്തിനു  'നീ ക്രിസ്തുവാണ്‌'(Mark 8:29) എന്ന പത്രോസിന്റെ മറുപടി വളരെ ശ്രദ്ധേയമാണ്.

രക്ഷകനായ മിശിഹാ വരുമെന്ന് പ്രതീഷിച്ചിരിക്കുന്ന ജനം, ഇനിയും ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?? (Luke 7:19) സ്നാപകയോഹന്നാനില്‍ നിന്നും ഉയരുന്ന ഈ ചോദ്യത്തിനു യേശു തന്നെ മറുപടി പറയുന്നുണ്ട്.'എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കാത്തവന്‍ ഭാഗ്യവാന്‍.'. വചനം പറയുന്നു 'ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വാസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും'(John 8:24). എന്താണ് ഉണ്ടാകാവുന്ന ഇടര്‍ച്ച എന്ന് ഇതിനകം തന്നെ താങ്കള്‍ക്ക് മനസിലായിട്ടുണ്ടാകാം എന്നു കരുതട്ടെ... 

നമുക്ക് പാപത്തില്‍ നിന്നും രക്ഷ നല്‍കിയ, നമ്മോടു കൂടെ വസിക്കുന്ന പുത്രനെ (യേശു/മിശിഹാ/ക്രിസ്തു) സ്വന്തമാക്കാതെ ഇനിയും മറ്റൊരു രക്ഷകന് വേണ്ടി, ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുന്ന ഒരുവന് വേണ്ടി  കാത്തിരിക്കുകയല്ല, മറിച്ച് ജീവന്‍ നല്‍കി രക്ഷിക്കാന്‍ കഴിവുള്ള ദൈവം തന്നെയായ,യേശുവിനെ പ്രാപിക്കുകയാണ് വേണ്ടത്. നമ്മുടെ രക്ഷക്കുവേണ്ടി നല്‍കപ്പെട്ട   ഒരെഒരു നാമം.

തെറ്റായ പ്രബോധനത്തില്‍പ്പെട്ട് അന്ധമാക്കപ്പെട്ട നേത്രങ്ങളിലേക്ക് ദൈവവചനത്തിന്റെ  ശക്തി പ്രകാശം ചൊരിയട്ടെ. തെറ്റിന്റെ വഞ്ചനയില്‍പ്പെട്ട് മനുഷ്യര്‍ കുശലപൂര്‍വ്വം  നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍പ്പെട്ട് ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യപ്പെടുന്നവരകാതെ ദൈവവചനതിലുള്ള അറിവിനാലും വിശ്വാസത്താലും യേശുക്രിസ്തുവില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിനു നന്ദി....
 

Saturday, 12 January 2013

കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ .....

'വചനം കേള്‍ക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ  അത് അനുവര്‍ത്തിക്കുന്നവരും   കൂടി ആയിരിക്കുവിന്‍ (James 1:23). കണ്ണാടിയില്‍  മുഖം നോക്കി കടന്നുപോകുന്നവന്‍  താന്‍ എങ്ങനെയിരിക്കുന്നുവെന്ന്  അല്‍പനേരത്തിനുശേഷം മറന്നുപോകുന്നു. കേള്‍ക്കുകയും  അറിയുകയും ചെയുന്ന ദൈവവചനം മറക്കാനല്ല  മറിച്ച് അതിനെ സൂഷ്മമായി ഗ്രഹിച്ചു, ഉത്തമമ്മായ വിശ്വാസത്തില്‍ നിലനില്‍ക്കുവാനും നമുക്ക് കഴിയണം. 

ജീവിതത്തിലെ  ചില  സാഹചര്യങ്ങളില്‍,  പ്രതേകിച്ച്  പുതുവത്സരത്തില്‍ നാം പല തീരുമാനങ്ങളും എടുക്കാറുണ്ട് . കൈവരിക്കാനഗ്രഹിക്കുന്ന നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് മുന്നിലുണ്ടാകും .

നമ്മുടെ കഴിവിലും സാമര്‍ത്ഥ്യത്തിലും വിശ്വസിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ഇത്തരം സാഹചര്യത്തില്‍ എത്രമാത്രം വിജയം കൈവരിക്കാന്‍ നമുക്ക് കഴിയാറുണ്ട് ?.


എടുക്കുന്ന തീരുമാനത്തില്‍ എത്രമാത്രം ഉറച്ചുനില്‍ക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. 


ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങള്‍  എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടോ?. 


വിശ്വാസജീവിതത്തിന്റെ വഴിവിളക്കായ ദൈവവചനം വെളിപ്പെടുത്തുന്നത് എന്താണെന്നു ഗ്രഹിച്ചിട്ടുണ്ടോ?. 


വീണ്ടും ജനനത്തിന്റെ അനുഭവത്തിലൂടെ യേശുവിന്റെ രക്ഷയെ സാധ്യമാക്കുന്ന ഒരു വ്യക്തി, ദൈവത്തെ 'പിതാവേ' എന്ന് വിളിക്കാന്‍ അര്‍ഹനാകുന്നത്തിനോടൊപ്പം, ദൈവരാജ്യത്തിലുള്ള ജീവിതത്തിന് (നിത്യജീവന്) യോഗ്യനാവുകയും ചെയുന്നു. പാപത്തില്‍ നിന്നുള്ള നീതികരണത്താല്‍ ഈ രക്ഷ ലഭ്യമായത് നിയമത്തിന്റെ അനുഷ്ടാനത്തിലൂടെയല്ല  മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തമാണ്(Galathians 2:15). ഇക്കാരണത്താല്‍ -ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത്- (Galathians 2:20) ഇതായിരിക്കണം,ഒരു പുതിയനിയമവിശ്വാസിയുടെ(ക്രിസ്ത്യാനിയുടെ) ജീവിതത്തിന്റെ അടിസ്ഥാനബോധ്യവും വെളിപെടുത്തലും. തന്നെ സ്നേഹിക്കുകയും,തന്റെ പാപത്തില്‍ നിന്നുള്ള രക്ഷക്കുവേണ്ടി സ്വയം ബലിയായിത്തീരുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വാസിച്ചുക്കൊണ്ടായിരിക്കണം  അവന്റെ പിന്നീടുള്ള ജിവിതം. അങ്ങനെ വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം (Ezakiel‍ 44:23)  വേര്‍തിരിച്ചറിയുകയും ചെയ്യണം.

നാളെമുതല്‍  ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ചെയ്യും...ഇങ്ങനെ ആയിരിക്കും...ഈ തീരുമാനങ്ങളെല്ലാം ഞാനെന്ന ചിന്തയില്‍ നിന്നും ഉണ്ടാകുന്ന  ആത്മധൈര്യത്തിന്റെ പ്രതിഫലനങ്ങളാണ് . അതുകൊണ്ട് തന്നെയാന്ന് പലപ്പോഴും  അതിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍  നമുക്ക് കഴിയാതെ പോകുന്നത്. നമ്മെ ഭരിക്കുന്ന അഹങ്കാരചിന്തയില്‍ നിന്നും ഉടലെടുക്കുന്ന ആത്മപ്രശംസ എന്നാണ് ഇതിനെ വചനം വെളിപ്പെടുത്തുന്നത്. 'നീ അഹങ്കരിക്കേണ്ട... ഒരു ദിവസം കൊണ്ട് എന്തു സംഭവിക്കുമെന്നു നീ അറിയുന്നില്ല' (വിലാപങ്ങള്‍ 27:1). നമുക്ക്   ഒരു  സ്വയംവിലയിരുത്തലിന് ഈ   വചനം കാരണമാകട്ടെ....  

ഇന്നോ നാളെയോ ഇന്ന പട്ടണത്തില്‍ പോയി,അവിടെ ഒരു വര്‍ഷം താമസിച്ച്,വ്യാപാരം ചെയ്തു ലാഭമുണ്ടാക്കമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ.അല്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയുന്ന മൂടല്‍മഞ്ഞാണുനിങ്ങള്‍ . നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത് : കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ , ഞങ്ങള്‍  ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസ ചെയുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്. (James 4:13-16)                    

ഇത് ഒരു വിശ്വാസപ്രഖ്യാപനമാണ്.എന്റെ കഴിവിനാലല്ല,ദൈവത്തിന്റെ കരുണയാല്‍ എനിക്ക് എല്ലാം സാധ്യമാണ് എന്ന തിരിച്ചറിവും, ഞാന്‍ ദൈവത്തിനു സ്വീകാര്യനാണെന്നും ജീവിക്കുന്ന ദൈവം എന്നില്‍ വസിക്കുകയും ചെയുന്നു,എന്ന വെളിപ്പെടുത്തല്‍ ....

2013ന്റെ ആരംഭത്തില്‍ പുതിയ ആഗ്രഹങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സുഹൃത്തെ ഒരു നിമിഷം.....

  • ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും രൂപംകൊണ്ട വഞ്ചനയും കാപട്യവും നിറഞ്ഞ കലുഷിതനായ ആ പഴയമനുഷ്യനെ ദൂരേയെറിയുവിന്‍(.(Ephesians 4:22) ആത്മാവിന്റെ വിശ്വാസ ചൈതന്യത്താല്‍ നവീകരിക്കപ്പെട്ട ഒരു പുതിയ മനുഷ്യനാകാന്‍   നമുക്ക് കഴിയട്ടെ.....


  • ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1Corinthains 15:10) എന്ന അറിവ്  നമുക്ക് പ്രകാശമാകട്ടെ.....


  • എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു കഴിയും(Philippains4:13) എന്ന ബോധ്യം  നമുക്ക് ശക്തിയകട്ടെ......

ദൈവത്തിന്റെ കരുണയെപ്രാപിച്ച് അങ്ങനെ ജീവിതത്തിന്റെ മനോഹാര്യതയും സമാധാനവും അനുഭവിക്കുവാന്‍ നമുക്ക് കഴിയട്ടെ....  

....ദൈവത്തിന് നന്ദി