Sunday, 28 July 2013

ഉറീം - തുമ്മീം

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ;അങ്ങയുടെ പ്രമാണങ്ങൾ നിർദേശിക്കുന്ന വഴി എനിക്കു കാണിച്ചു തരണമേ. ജീവൻ  നൽകുന്ന ദൈവപ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ അവിടുന്ന്, നമ്മുടെ കണ്ണുകളെ   തുറക്കട്ടെ(Psalms 119  :18,26).


നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട  എന്റെ സ്വന്തം ജനം. നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും(Exodus 19:6). സൃഷ്ടികർമ്മം മുതൽ ആരംഭിക്കുന്ന ദൈവമനുഷ്യബന്ധം. കൂടെ നടന്നു പരസ്പരം പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്ന  പിതാവായ ദൈവവുമായുള്ള  ബന്ധത്തിന് പാപത്തിന്റെ ഇടപ്പെടിലിനാൽ ഉലച്ചിൽത്തട്ടി. ദൈവമനുഷ്യ ബന്ധത്തെ പുനസ്ഥാപിക്കുന്നതിനായി ദൈവം, മോശ വഴി ജനത്തിനു നിയമങ്ങൾ നല്കുന്നു.

പാപ പരിഹാരത്തിനും, വിശുദ്ധീകരണത്തിനുമായി വിവിധ ബലിയർപ്പണ രീതികൾ നല്കുന്നുണ്ടെങ്കിലും; ദൈവ മഹത്വത്തെ നേരിട്ട് ദർശിക്കാനോ, അനുഭവിക്കാനോ പഴയനിയമ വിശ്വാസിക്ക് അവകാശം ഉണ്ടായിരുന്നില്ല(Exodus 19:12).  പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധി, ജനങ്ങൾക്ക്‌ പകർന്നു നല്കുന്നതിനായി പഴയനിയമത്തിൽ ദൈവം മോശ വഴി പുരോഹിതന്മാരെ  അഭിഷേകം ചെയുന്നു.  ഇങ്ങനെ അഭിഷേകം ചെയ്യപ്പെട്ട അഹറോനും അനുജരന്മാർക്കും (Exodus 29:4) മാത്രമേ  സമാഗമ കൂടാരത്തിൽ ദൈവമഹത്വം നിലനിൽക്കുന്ന അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനോ, ദൈവമഹത്വം അനുഭവിക്കാനോ കഴിഞ്ഞിരുന്നുള്ളൂ(Exodus 29:42-43). 

ജനത്തിനു വേണ്ടി;ദൈവഹിതം ആരാഞ്ഞ്, ദൈവ ജനത്തെ നയിക്കുന്നതിനു വേണ്ടി ദൈവം  പുരോഹിതനു നൽകപ്പെട്ട രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


പഴയനിയമത്തിൽ, സമാഗമകൂടാരത്തിൽ പുരോഹിത വസ്ത്രങ്ങളുടെ വിവരണവുമായി ബന്ധപ്പെട്ടാണ് ഉറീം, തുമ്മീം (Exodus 29:30)നമുക്ക് കാണാൻ കഴിയുന്നത്‌.

 പ്രധാന വസ്ത്രങ്ങളിൽ ഒന്നായ എഫോദിന്റെ (Ephod) അരപ്പട്ടക്ക് മുകളിലായി നിലനിൽക്കേണ്ട(Exodus 28 :28), ഇസ്രായേലിന്റെ പന്ത്രണ്ടു പേരുകൾ കൊത്തിയിട്ടുള്ള പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ(Breastplate) നിക്ഷേപിക്കേണ്ട(Exodus 29:13,30) രണ്ട് വസ്തുക്കളാണ് - ഉറീം, തുമ്മീം.


ഉറീം----> വെളിപാട്‌. 

തുമ്മീം----> സത്യം


  • ദൈവ സന്നിധിയിൽ പ്രവേശിക്കുമ്പോൾ പുരോഹിതനായ അഹറോൻ അണിയേണ്ടവയാണിത്(Exodus 28 :30b).
  • ദൈവത്തിന്റെ ഹിതം അറിയുവാൻ ഇവ  ഉപയോഗിച്ചിരുന്നു(Numbers 27:21).
  • തെറ്റുകൾക്ക് മേലുള്ള ദൈവത്തിന്റെ വിധി തിരിച്ചറിയാൻ ഇവ ഉപയോഗിച്ചിരുന്നു (1 Samuel 14:41).
  • പഴയനിയമത്തിൽ ഇവയെ കുറിച്ചും, ഇവ ഉപയോഗിച്ചതായും വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തിയുട്ടുള്ളൂ.
  • ഇവയുടെ  ഭൗതീകമായ രൂപത്തെ കുറിച്ച് വചനത്തിൽ  രേഖപ്പെടുത്തിയിട്ടില്ല.
  • പന്ത്രണ്ട് രത്നങ്ങൾ പതിച്ച ന്യായവിധിയുടെ ഉരസ്ത്രാണം(Breastplate) സ്വർണ്ണ തികിടിൽ നിർമ്മിക്കേണ്ടതിനാൽ ഇവ തകിട് രൂപത്തിലാ ണെന്നും, ഉരസ്ത്രാണത്തിൽ നിക്ഷേപിക്കേണ്ടതിനാൽ ഇവ രത്ന തുല്യമായ കല്ലുകളാണെന്നും അനുമാനിക്കപ്പെടുന്നു.
  •  പുതിയനിയമത്തിൽ ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല.


ആത്മീയ ചിന്തകൾ :

പഴയനിയമത്തിൽ,ദൈവ ഹിതം അറിയുവാനായി ഉറീം, തുമ്മീം ഉപയോഗിച്ചിരുന്നുവെങ്കിൽ; പുതിയനിയമ വിശ്വാസികളായ നമുക്ക് ദൈവം തന്റെ മഹത്വത്തിന്റെ മൂന്നാമത്തെ ഭാഗമായ പരിശുദ്ധാത്മാവിനെ വർഷിച്ചിരിക്കുന്നു.ഈ  ആത്മാവിനാൽ ദൈവം നമുക്ക് വേണ്ടി വർഷിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ഗ്രഹിക്കാൻ കഴിയുന്നു(1 Corinthian 2 : 12). ഒരു പ്രത്യേക വസ്തുവിൽ വന്നുചേരുന്ന മാറ്റങ്ങളിൽ കൂടിയല്ല മറിച്ചോ;നമ്മിൽ തന്നെ കുടികൊള്ളുന്ന ആത്മാവിന്റെ പ്രവർത്തനത്താൽ (1 Corinthian 12 : 11)നമുക്ക് വിവേചിച്ചറിയാൻ കഴിയുന്നു. ദൈവമഹത്വം വ്യക്തിപരമായി  അനുഭവിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾ എത്രയോ ശ്രേഷ്ട്ടരാണ് ?.  
വചനം പറയുന്നതുപോലെ, 'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും ;ഇതാണ് വഴി ,ഇതിലെ പോവുക'(Isaiah30:21)ആത്മാവിന്റെ വിളിക്കനുസരിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ.

എന്നിട്ടും..... 

നമ്മൾ ഇപ്പോഴും ദൈവേഷ്ട്ടം അറിയാൻ ഉറീം, തുമ്മീം തുല്യമായ വസ്തുതകൾക്ക് പുറകെ പോവുകയാണോ?.

ദൈവമഹത്വം കാണാൻ ഭയപ്പെട്ട്; നീ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് സംസാരിച്ചാൽ മതി എന്ന് പറഞ്ഞ ഇസ്രായേൽ ജനത്തെ പോലെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന അപേക്ഷയാണോ ഇപ്പോഴും നമുക്കുള്ളത്?.

ചിന്തിച്ചു നോക്കുക എന്താണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. ദൈവത്തിന്റെ ആത്മാവിനെ കാണാൻ, അനുഭവിക്കാൻ കഴിയാത്തയത്രേം ആത്മീയ അന്ധത ബാധിച്ചിരിക്കുകയാണോ?.  
  • യേശു എന്റെ രക്ഷകനാണ്‌ എന്ന സത്യം;ആത്മാവിന്റെ ദാനത്തൽ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ എന്ന് നാംതിരിച്ചറിയണം.
  • വിശ്വസിക്കുന്ന ഏവനും വന്നു ചേരുന്ന ആത്മാവിന്റെ മഹത്വത്തെ അനുഭവിക്കാൻ നമുക്ക് കഴിയണം.
  • പഴയ നിയമ പുരോഹിതന് തുല്യനായി, നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ മഹത്വത്തെ ശുശ്രുഷിക്കാൻ അവകാശം ലഭിച്ചവൻ.
  •   വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മില്ലുള്ള വ്യത്യാസം വേർത്തിരിച്ചറിയാൻ ആത്മാവ് മുഖേന ഭാഗ്യം സിദ്ധിച്ചവർ(Ezakiel  44:23).
  • പുത്രന്റെ വചനം വഴി ആത്മാവിന്റെ ശക്തിയാൽ പിതാവിന്റെ അരികിലേക്ക് എത്തപ്പെടാൻ വിളിക്കപ്പെട്ടവർ.
  • പിതാവുമായി രഹസ്യങ്ങൾ പങ്കുവയ്ക്കാൻ യോഗ്യരായവർ.
  • ഒന്നായിരിക്കുന്ന ദൈവത്തിന്റെ ത്രിത്വ്യക മഹത്വത്തെ ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ . 

പ്രമാണങ്ങളെ അക്ഷരാർഥത്തിൽ അനുഷ്ട്ടിച്ചുപോന്ന  ഇസ്രായേൽ ജനത്തെക്കാളും ദൈവ പുത്രനെ കണ്ടിട്ടും വിശ്വസിക്കാൻ കഴിയാതെ പോയ യഹുദജനത്തെക്കാളുംഎത്രയോ വിലപ്പെട്ടവരാണ് നമ്മൾ. 

ആത്മാവിന്റെ ദാനങ്ങളാൽ(1 Corinthians :12) നിറഞ്ഞ്; ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ നമുക്ക് കഴിയട്ടെ(Romans12:2b). അങ്ങനെ;നമ്മെ ശക്തനാക്കുന്നവനിലൂടെ ദൈവ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നമുക്ക് കഴിയട്ടെ.പരിശുധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...   

Friday, 28 June 2013

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ....

നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ  വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു  ദൈവത്തിന്റെ ശക്തിയത്രേ(1 Corinthians 1: 18). നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ ദൈവീക ശക്തിയായ വചനമായിത്തീരാൻ  ആത്മാവ് നമ്മെ നയിക്കട്ടെ. 

നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ തന്നെ ചില പരിവേഷങ്ങൾ നൽകാറുണ്ട്. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച് വചനശൃശ്രുഷയും  വിചിന്തനങ്ങളും തുടർന്ന് നന്ദിയും സ്തുതിപ്പും. ഇങ്ങനെ പോകുന്നു നമ്മുടെ പ്രാർത്ഥനാഘടനകൾ. പ്രാർത്ഥനക്ക് ഒരു പ്രത്യേക ഘടന  പുതിയ നിയമം നിഷ്കർഷിക്കുന്നില്ലെങ്കിലും ഇവയെല്ലാം ശരിയും ഉചിതവുമാണ്. 

ഒരു വ്യക്തി മനപാഠമാക്കുന്ന ആദ്യ ദൈവവചനവും അവന്റെ ജീവിതത്തിലെ പ്രാർത്ഥനയുടെ ആദ്യരൂപവുമാണ് യേശു പഠിപ്പിച്ച 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' (Mathew 6:9-13)എന്ന് തുടങ്ങുന്ന വചനഭാഗം. ചെറുപ്പത്തിലെ  മനപാഠമാക്കിയതിനാൽ നല്ല ഒഴുക്കോടെ ചെല്ലാൻ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ആത്മാവും ജീവനുമായ ഈ ദൈവവചനത്തിന്റെ(John 6:63)അത്മീയരഹസ്യം ഗ്രഹിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?. അതോ ശരീരത്തെ വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കുന്നതുപോലെ(1 Corinthians 11:29) ഒരു ഗുണവും ഇല്ലാതെ ആർക്കോ വേണ്ടി ചെയുന്ന ഒരു പ്രവർത്തി മാത്രമാണോ നമ്മുടെ പ്രാർത്ഥന?.
    
സുവിശേഷത്തിൽ രണ്ട് ഭാഗങ്ങളിലാണ് (Mathew 6:9-13, Luke 11:1-4) ഈ പ്രാർത്ഥനയെക്കുറിച്ച്  പ്രതിപാദിച്ചിരിക്കുന്നത്. യോഹന്നാൻ തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാണമേ എന്ന ഒരു ക്രിസ്തു ശിഷ്യന്റെ ആവശ്യത്തിനു മറുപടിയായിട്ടാണ് ലൂക്കാ സുവിശേഷം ഈ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സന്ദർഭം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അല്പംകൂടി വിപുലവും വ്യക്തമായിട്ടാണ്  മത്തായി സുവിശേഷകൻ  രേഖപ്പെടുത്തിയിരിക്കുന്നത്. 
  
നമുക്ക് ചിന്തിക്കാം .....

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...
  • സൃഷ്ടാവായ ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ആർക്കാണ്‌ അവകാശമുള്ളത് ?.
  • പിതാവേ എന്ന് വിളിക്കാൻ എനിക്ക് യോഗ്യതയുണ്ടോ?. 

ആദ്യമാതപിതാക്കന്മാരുടെ പാപം നിമിത്തം ദൈവസ്നേഹത്തിൽ നിന്നും അകന്നു പോയ മനുഷ്യനെ രക്ഷിക്കാൻ വേണ്ടി നമ്മെപ്പോലെ അകപ്പെട്ട് ,  ഈ ലോകത്തിലേക്ക് എഴുന്നുള്ളിവന്ന് 
(Philippians 2:7-8)പാപ പരിഹാരമായി കുരിശിൽ ജീവാർപ്പണം ചെയ്ത് ഉയിർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്  ഉപവിഷ്ട്ടനായിരിക്കുന്ന(Romans 8:3-4 ) യേശു; കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ഹൃദയത്തിൽ വിശ്വസിക്കുകയും ചെയുന്നതുവഴി (Romans 10:9-10) നമുക്ക് കൈവരുന്ന പുത്രസ്വീകരണത്തിന്റെ ആത്മാവിനാൽ ദൈവത്തെ അബാ-പിതാവേ എന്ന് വിളിക്കാൻ യോഗ്യരകുന്നു(Romans 8:15-16). വ്യക്തമാക്കിയാൽ, വീണ്ടും ജനനം വഴി മാത്രമേ പിതാവേ എന്ന് വിളിക്കുവാനുള്ള യോഗ്യത നമുക്ക് ലഭിക്കുകയുള്ളൂ. പാരമ്പര്യവിശ്വാസത്തിന്റെ മറക്കുള്ളിലാണ് ഇപ്പോഴും താങ്കൾ എങ്കിൽ ഓർക്കണം, വീണ്ടും ജനനം സംഭവിക്കാത്ത താങ്കൾക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ യോഗ്യതയില്ല.

'എന്റെ നിയമങ്ങൾ ഉരിവിടുവാനോ, ഉടമ്പടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം. നീ ശിക്ഷണത്തെ വെറുക്കുന്നു. എന്റെ വചനത്തെ നീ അവഗണിക്കുന്നു' (Psalms 50:16-17).ഒരു ആത്മപരിശോധന ചെയ്ത് വചനത്തിന്റെ വഴിയിൽ ആയിരിക്കാൻ നമുക്ക് കഴിയട്ടെ...    

അങ്ങയുടെ നാമം പൂജിതമാകണമേ...
  • എന്താണ് പൂജിതമാകേണ്ട നാമം ?.
  • എവിടെയാണ് ആ നാമം പൂജിക്കപ്പെടേണ്ടത് ?.

സ്വര്ഗ്ഗം തുറക്കപ്പെട്ടപ്പോൾ വെള്ളക്കുതിരയുടെ പുറത്തിരുന്ന്, വിശ്വസ്തനെന്നും സത്യവനെന്നും വിളിക്കപ്പെട്ടവൻ. രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചവൻ. അവന്റെ നാമം ദൈവവചനം എന്നാണ്(Revelation 19:11-12). രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ യേശു ക്രിസ്തു, മാംസമായി തീർന്ന ദൈവവചനമാണ് പൂജിതമാകേണ്ടത്. 

യേശു  ഈ ലോകത്തിന് നൽകിയ പിതാവിന്റെ നാമം- ദൈവവചനം(John 17:6-8).

നമ്മെത്തന്നെ പരിവർത്തനം ചെയ്യാൻ കഴിയുന്ന വചനത്തെ നമ്മുടെ ഹൃദയത്തിൽ  തന്നെയാണ് പൂജിക്കേണ്ടത്‌ (1Peter 3:15). പരിശുദ്ധനായ ദൈവത്തിന്റെ ആലയം നമ്മൾ തന്നെയാണ്. ആ നമ്മുടെ ഹൃദയത്തിൽ; ദൈവവചനം പൂജിതമാകുമ്പോൾ മാത്രമേ വചനം പ്രസ്താവിക്കുന്നതു പോലെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകുകയുള്ളൂ(John 7:38). 

അങ്ങയുടെ രാജ്യം വരണമേ...

  • ഏത് രാജ്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ?.
  • എവിടെയാണ് ആ രാജ്യം വരേണ്ടത്‌ ?.

യേശുവിനെ കുരിശിൽ തറച്ച് കൊല്ലുവാൻ യഹൂദപ്രമാണികൾ കണ്ടു പിടിച്ച കാരണങ്ങളിൽ ഒന്നാണ് അവൻ ഒരു രാജാവാണ് എന്നത്.അവരുടെ  അധികാരങ്ങൾക്കും അപ്പുറമുള്ള ഒരു രാജ്യം അവൻ തീർക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.വിശ്വാസി ക്കുന്നവന്  നിത്യജീവൻ നൽകികൊണ്ട് എന്നേക്കും നിലനില്ക്കുന്ന ഐഹികമല്ലാത്ത (ഇഹലോകത്തിലല്ലാത്ത) ഒരു രാജ്യം (John 18:36) പാപത്തിൽ നിന്നുള്ള രക്ഷയിലൂടെ അവൻ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിച്ചു.

 ദൈവരജ്യമെന്നാൽ ഭക്ഷണവും പാനിയവുമല്ല;പ്രത്യുത നീതിയും സമാധാനവും   പരിശുദ്ധാത്മവിലുള്ള സന്തോഷവുമാണ്(Romans 14:17).

ദൈവവചനം ഭരണം നടത്തേണ്ട  ദൈവത്തിന്റെ രാജ്യം നമ്മുടെ ഹൃദയമാണ്.നമ്മുടെ ജഡികമോഹങ്ങളും ഈ ലോക വിശ്വാസത്തെയുമാണ് വചനം ഭരണം നടത്തേണ്ടത്. 

അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ... 
  • എന്താണ് ഭൂമിയിലുണ്ടാകേണ്ട അങ്ങയുടെ ഹിതം?.
  • ഏതാണ്‌ അവിടുത്തെ ഹിതം നിറയപ്പെടേണ്ട  ഭൂമി?.

സ്വർഗ്ഗതുല്യമായ ഏദൻ തോട്ടത്തിൽ ആയിരുന്ന മനുഷ്യന് ദൈവം സകല സൃഷ്ടികളുടെയും മേൽ അധികാരം നല്കി. വിവേചന ശക്ത്തിയാൽ മറ്റുള്ള സൃഷ്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അവർ പാപത്തിൽ അകപ്പെട്ട് ദൈവസ്നേഹത്തിൽ നിന്നും അകറ്റപ്പെട്ടു.
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായ  യേശുക്രിസ്തു വഴി എല്ലാവരും സത്യം / വചനം(John 17:17) അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നും എന്നതാണ് അവിടുത്തെ ഹിതം(1 Timothy 2:4). 

ഈ ലോകത്ത് വച്ചു തന്നെ ആരംഭിക്കുന്ന നന്മകളാൽ നിറയപ്പെട്ട ദൈവത്തോടുക്കൂടിയുള്ള ജീവിതമാണ്‌ സ്വർഗമെന്നാൽ;  ഈ പാപത്തിന്റെ അധിപതിയായ പിശാചിന് അടിമയാക്കപ്പെട്ടതാണ്‌  ഈ ലോകജീവിതം. പാപം നിറഞ്ഞ ഈ ലോകത്തിന് അനുരൂപനകാതെ, ദൈവത്തിന് പ്രീതികരമായതിനെ വിവേചിച്ചറിഞ്ഞുകൊണ്ട് എല്ലാവരും രക്ഷപ്രാപിക്കണം എന്ന അവിടുത്തെ ഹിതം നമ്മുടെ ഹൃദയമാകുന്ന ഭൂമിയിൽ സംജതാകണം. 
          
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ ...

  • എന്നും ലഭ്യമാകേണ്ട ആഹാരം ഏതാണ് ?.
'അതിനാൽ എന്ത് ഭക്ഷിക്കും,എന്തു പാനം ചെയും എന്തു ധരിക്കും എന്ന് വിചാരിച്ചു നിങ്ങൾ അകുലരാകേണ്ട. വിജാതിയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു'(Mathew 6: 31-32). പ്രാർഥനയുടെ ലക്ഷ്യം ഭൗതീകമായ ആഹാരമല്ല;മറിച്ച് ആത്മീയ ആഹാരമാണ് എന്നതിന് ഈ വചനം തന്നെ മറുപടി നല്കുന്നു. 

ലോകത്തിന് ജീവൻ നല്കുവാൻ വേണ്ടി സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:51).ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന് വാഗ്ദാനം നല്കിയ അപ്പം.
യേശു ക്രിസ്തു തന്നെയായ ദൈവവചനമാണ്‌  നമുക്ക് അന്നന്നു വേണ്ട ആഹാരം. 
മൃതപ്രാണനായിരിക്കുന്ന നമ്മുടെ അവസ്ഥയിൽ  നിന്നും രക്ഷപ്രാപിക്കാൻ ഉതകുന്ന ദൈവവചന ബോധ്യം ആത്മാവിനാൽ നയിക്കപ്പെടണം. എന്തെന്നാൽ വചനത്തെ ഹൃദയത്തിൽ  ഉൾക്കൊള്ളുന്നവന് അവ ജീവനും ശരീരത്തിന് ഔഷധവുമാണ്(Proverbs 4: 21-22).
നമ്മുടെ ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു ഉചിതമായ അത്മീയപ്പം ഭക്ഷിക്കാൻ  പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.

ഞങ്ങളുടെ കടക്കരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ...

  • അങ്ങനെയെങ്കിൽ, ദൈവത്തിന്റെ ക്ഷമ നമുക്ക് ലഭിക്കാൻ നമ്മൾ യോഗ്യരാണോ?.
പ്രാർത്ഥന എന്നത്, ദൈവത്തിന്റെ കാരുണ്യം യാചിക്കലാണ് എങ്കിൽ;നമുക്ക് ലഭിക്കുന്ന ദൈവത്തിന്റെ കാരുണ്യം നാം സഹോദരനോട് കാണിക്കുന്ന കാരുണ്യത്തിന് തുല്യമായിരിക്കും. നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെത്തന്നെ ചെയും (Mathew 18:35). ദൈവത്തിന്റെ കാരുണ്യം നമ്മിൽ നിറയേണ്ടതിനു നമുക്ക് സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാം.  
  
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ ...
  • എന്താണ് നമ്മെ അലട്ടുന്ന പ്രലോഭനം?.

വീണ്ടും ജനനത്താൽ ആത്മാവ് രക്ഷ പ്രാപിച്ചു എങ്കിലും ജഡശരീരത്തിൽ ഇപ്പോഴും പിശാചിന് അധിപത്യമുണ്ട് (Romans 7:21-23). അതുകൊണ്ടാണ് ഈ ലോകജീവിത അവസാനം വരെ ജഡികമനുഷ്യന്റെ പ്രവണതകൾ നമ്മെ വേട്ടയാടുന്നത്. 

പ്രലോഭനങ്ങൾ ഉണ്ടാകരുതേ എന്നല്ല ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന. 

അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കൾ വിലയേറിയതാണ് പരീക്ഷണങ്ങളെ അതിജീവിക്കുന്ന നമ്മുടെ വിശ്വാസം (1 Peter 1:7).ഈ ലോകത്തിൽ ആയിരിക്കുന്ന ഒരു വിശ്വാസിക്ക് കടുത്ത  പ്രലോഭനങ്ങൾ ഉണ്ട്. അവയെ അതിജീവിക്കാൻ  സഹായകനായ പരിശുദ്ധാത്മവ് നമ്മെ ശക്തിപ്പെടുത്തും.

തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 

ഇവിടെ തിന്മ എന്നത് പിശാചിന്റെ പിടിയിൽ നിന്നുള്ള പൂർണ്ണ മോചനമാണ്‌... അശുദ്ധത്മാവ് ഒരുവനെ വിട്ടുപോയാൽ, അവനെ തിരിച്ചാക്രമിച്ചുകീഴ്പ്പെടുത്താൻ  തന്നെക്കാൾ ദുഷ്ടരായ ഏഴു അത്മക്കളോടൊപ്പം കാത്തിരിക്കുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയും. അങ്ങനെ ആ മനുഷ്യന്റെ സ്ഥിതി ആദ്യ ത്തെതിനെക്കാൾ മോശമായിത്തീരും(Mathew 12:45)  എന്ന്  വചനം  വെളിപ്പെടുത്തുന്നു.  

വിശ്വാസം വഴി ദൈവകൃപയാൽ ലഭ്യമായിരിക്കുന്ന  ഇപ്പോഴത്തെ രക്ഷയുടെ പൂർണ്ണഫലപ്രാപ്തിയായ നിത്യ രക്ഷ / നിത്യ ജീവൻ -നിൽ എത്തി ചേരുന്നതുവരെ തിന്മയിൽ അകപ്പെടാതെ കൃപക്ക് മേൽ കൃപ സ്വീകരിച്ച്, ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ ശ്രമിക്കണം.തിന്മയിൽ അകപ്പെട്ടു രക്ഷാ അനുഭവം ന്ഷ്ട്ടപ്പെടാതിരിക്കാൻ ആത്മാവിന്റെ ഇടപെടലിനുവേണ്ടി നിരന്തരം  പ്രാർത്ഥിക്കണം. 

മനപ്പാഠമാക്കിയ വാക്കുകൾ ഇടതടവില്ലാതെ ചൊല്ലുന്നതിലല്ല മറിച്ച് അവയുടെ അത്മീയാതെ അനുഭവിച്ചറിഞ്ഞു അതിന്റെ നിറവിൽ നിന്നും അധരങ്ങൾ സംസാരിക്കപ്പെടുമ്പോൾ മാത്രമേ പ്രാര്ത്ഥന ദൈവസന്നിധിയിൽ സ്വീകര്യമാവുകയുള്ളൂ  എന്ന് വചനം പറയുന്നു.    

'വേണ്ട വിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് തന്നെ നമുക്ക് വേണ്ടി മധ്യസ്ഥം വഹിക്കുന്നു'(Romans 8:26 ).

വചനത്തെ ജീവിതത്തിൽ പ്രാവർത്തീകമാക്കികൊണ്ട്  ദൈവം അഭിലഷിക്കുന്ന വിശുദ്ധീകരണം പ്രാപിക്കാൻ (1 Thessalonians4:3) നമുക്ക് കഴിയട്ടെ.  അതിന് പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.
ദൈവത്തിന് നന്ദി...

Sunday, 12 May 2013

സ്വർഗ്ഗീയ അപ്പം - മന്ന.

ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേൽ ചൊരിയേണമേ . അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം (Psalms 119:77). അടിച്ചേൽപ്പിക്കപ്പെട്ട  ഈ ലോക നിയമങ്ങൾ അല്ല;ദൈവവചനത്തിന്റെ ഉൾകാഴ്ചയാണ് ഒരു ദൈവ വിശ്വാസിയെ ഈ ലോകത്തിൽ നയിക്കുന്നത്. ദൈവവചനം നമ്മുടെ പാദങ്ങൾക്ക് വിളക്കും, പാതയിൽ പ്രകാശവുമായി മാറട്ടെ...
ഈജിപ്തതിന്റെ അടിമത്ത്വത്തിൽ നിന്നും മോശയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്നു മുന്നോട്ട് പോകുന്ന ഇസ്രയേൽ ജനം. ദൈവം,അവർക്ക്  വേണ്ടി ചെയ്ത രക്ഷകൃത്യം അനുഭവിച്ചറിഞ്ഞിട്ടും ഇപ്പോൾ ആ ജനം പിറുപിറുക്കുന്നു.  ഈജിപ്തതിൽ, ഇറച്ചി പാത്രത്തിനടുത്തിരുന്ന് തൃപ്തതിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ കരത്താൽ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഈ സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഈ മരുഭുമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു(Exodus 16:3).അനുഭവിച്ചറിഞ്ഞിട്ടും  തുറക്കാത്ത അവരുടെ മനസിന്റെ ആവലാതികൾ ദൈവം കേട്ടു . അവിടന്ന്  അവർക്ക് സായം കാലത്ത് മാംസംഭക്ഷിക്കാൻ കാടപ്പക്ഷികളെയും, പ്രഭാതത്തിൽ തൃപ്തതിയാവോളം അപ്പവും നല്കി (Exodus 16:12). 

മന്ന - പഴയ നിയമം :
  • പ്രഭാതത്തിൽ മഞ്ഞ് ഉരുകിയപ്പോൾ മരുഭുമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞുപോലെ കാണപ്പെട്ട ഒരു വസ്തു (Exodus 16:14).
  • വെളുത്ത് കൊത്തബലരി(Coriander Seed) പോലെയിരിക്കുന്ന ഒരു വസ്തു(Exodus 16:31).
  • തേൻ ചേർത്ത അപ്പത്തിന്റെ രുചി(Exodus 16:31).
  • സൂര്യൻ ഉദിക്കുമ്പോൾ ഉരുകി പോയിരുന്നു(Exodus 16:21).
  • അടുത്ത പ്രഭാതത്തിലേക്ക്‌ മാറ്റിവച്ചാൽ പുഴുത്തു മോശമാകുന്ന ഒരു വസ്തു (Exodus 16:20).
എങ്ങനെ ലഭിക്കും :
  • രാത്രി  പാളയത്തിനു മേൽ മഞ്ഞു പെയ്യുമ്പോൾ മന്നയും പൊഴിയും (Numbers 11:9). 
  • കൂടാരത്തിൽ ആളുകളുടെ എണ്ണമനുസരിച്ച്  ആളോന്നിന് ഒരു ഓമെർ വീതം ശേഖരിക്കാം (Exodus 16:16).
  • 1ഓമെർ(Omer) = 1/ 10 എഫാ (Ephah) = 4.5 ലിറ്റർ.
  •  ഓരോ പ്രഭാതത്തിലും ഒരൊരുത്തർക്കും  ഭക്ഷിക്കാവുന്നിടത്തോളം ശേഖരിക്കാം (Exodus 16 :21).
  • ആഴ്ചയുടെ ആദ്യ ആറ്‌  ദിവസം മാത്രം ലഭ്യമായിരുന്നു(Exodus 16:26).
  • ആറാം ദിവസം ഒരാൾക്ക് രണ്ട്   ഓമെർ വീതം ശേഖരിക്കാം.കാരണം എഴാം ദിവസം പരിപൂർണ്ണ വിശ്രമമാണ് - സാബത്ത്(Exodus 16 :22). 
  
എങ്ങനെ ഭക്ഷിക്കണം :
  • പിൻതലമുറ അറിയുന്നതിനുവേണ്ടി  ഒരു  ഓമെർ അപ്പം  എടുത്ത് സൂക്ഷിച്ചുവെക്കണം(Exodus 16 :32).
  • തിരുകല്ലിലോ, ഉരലിലൊ ഇട്ട് പൊടിച്ചെടുക്കണം(Numbers 11 :8). 
  • കലത്തിലിട്ടു ചുട്ടെടുക്കണം(Exodus 16 :22).
  • പ്രഭാതത്തിലേക്ക്‌ അൽപം പോലും മാറ്റി വെക്കരുത്(Exodus 16:20). 

സ്വർഗ്ഗം തുറന്ന് ദൂതന്മാരുടെ അപ്പമായ സ്വർഗീയ ധാന്യം -മന്ന (Psalms 78:24)അവർക്ക് നല്കിയത്, അവരുടെ ഭൗവുതീകമായ വിശപ്പടക്കാൻ വേണ്ടി മാത്രമല്ല; കർത്താവിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൾ കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന് മനസിലാക്കിത്തരാൻ കൂടി വേണ്ടിയാണ്(Deuteronomy 8:3). 

'കർത്താവായ ഞാൻ നിങ്ങളുടെ ദൈവമെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും'(Exodus 16:12).  

ഈ ദൈവീക പ്രവർത്തികളുടെ ആത്മീയ സത്യം തിരിച്ചറിഞ്ഞവർ മാത്രമാണ് , ദൈവത്തിന്റെ വാഗ്ദാനമായ കനാൻ ദേശത്തേക്ക് പ്രവേശിച്ചത്‌.....

മന്ന - പുതിയ നിയമം :


 പുതിയനിയമ വിശ്വാസിയായ നമുക്കും ദൈവം സ്വർഗ്ഗം തുറന്ന് മന്ന വർഷിച്ചിരിക്കുന്നു. പൂർവ്വാപിതാക്കന്മാർക്ക് നല്കിയതുപോലെയുള്ള അപ്പമല്ല ; 
  • നിത്യജീവൻ നൽകുന്ന അപ്പം(John 6:48).
  • നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:50). 
  • ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന്  ഉറപ്പുനല്കുന്ന അപ്പം(John 6:51a).
  • മാംസമായി തീർന്ന വചനം(John 1:14).
  • യേശുവിന്റെ ശരീരം - ദൈവ വചനം (John 6:5 1b).

പാപത്തിന്റെ ആധിക്യത്തൽ മൃതപ്രാണനായിരിക്കുന്ന നമ്മുടെ ആത്മാവിന് ജീവൻ നൽകി, അങ്ങനെ പൂർണ്ണ രക്ഷപ്രാപിക്കാൻപിതാവായ ദൈവം സ്വർഗ്ഗം തുറന്ന് ലോകത്തിനു വെളിപ്പെടുത്തിയ ഏക ജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും അവന്റെ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും ചെയുന്നതു വഴി  ദൈവം; നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയ അപ്പം നാമും ഭക്ഷിക്കുകയാണ്. 
      
നമുക്ക് വേണ്ടി വർഷിക്കപ്പെട്ട അപ്പമാണ് യേശു - ദൈവ വചനം.  

ദിവസത്തിന്റെ ഓരോ സമയത്തിനനുസരിച്ച് ഭക്ഷണവും ശരീരത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞ് അവയുടെ രീതികളും മാറ്റപ്പെടുത്തുന്ന മനുഷ്യ; 
  • ദിവസത്തിൽ ഒരിക്കലെങ്കിലും ആത്മീയ അപ്പം ഭക്ഷിക്കുവാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ ?.
  • നിന്റെ ആത്മീയ അവസ്ഥയെ നീ തിരിച്ചറിഞ്ഞിട്ടുണ്ടോ ?.
  • ആത്മീയ അവസ്ഥയെ അതിജീവിക്കാൻ ആവശ്യമായ ആത്മീയ അപ്പം നീ ഭക്ഷിക്കാറുണ്ടോ?.
  • അച്ചടിച്ച പ്രാർത്ഥനകൾ എല്ലാ ദിവസവും ഏറ്റുപറഞ്ഞ്, ഭക്ഷിക്കുന്നതിന്റെ രുചി പോലും അറിയാത്ത അപ്പമാണോ നീ  ദിവസവും ഭക്ഷിക്കുന്നത് ?.
  •  തൃപ്തി ലഭിക്കാത്ത ഭക്ഷണമാണോ നാം കഴിച്ചു കൊണ്ടിരിക്കുന്നത് ?.
ദൈവവചനം  വായിക്കുവാൻ,അതിന്റെ അത്മീയതയെ ധ്യാനിക്കുവാൻ, അതിനെ പരിശുദ്ധ ആത്മാവിന്റെ ശക്തിയാൽ പാകപ്പെടുത്തി ഭക്ഷിക്കുവാൻ അങ്ങനെ ഇനി ഒരിക്കലും ആത്മീയ മരണം സംഭവിക്കാതെ നിത്യരക്ഷയെ പ്രാപിക്കാൻ നമുക്ക് കഴിയട്ടെ.

തിരിച്ചറിയാൻ കഴിയാത്തയ്യത്ര ഭയാനാകമായ കർത്താവിന്റെ ദിവസം അഗതമാകുന്നതുവരെ ഈ സ്വർഗ്ഗീയ അപ്പം നമുക്ക് ലഭ്യമാണ്.നമുക്ക്  വേണ്ട മന്ന നാം തന്നെ പറക്കി എടുക്കണം. മറ്റൊരു വ്യക്തിക്ക് നിനക്ക് വേണ്ടി മന്ന പറക്കുവാൻ കഴിയുകയില്ല എന്ന് നാം ഓർക്കണം. നാം ഓരോരുത്തരും ആയിരിക്കുന്ന ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു, ആവശ്യമായ സ്വർഗ്ഗീയ അപ്പം സ്വീകരിക്കാൻ നാം തന്നെ നമ്മുടെ മനസുകളെ തുറക്കണം. നമ്മുടെ ഹൃദയത്തിൽ വാഴുന്ന ദൈവത്തിന്റെ ആത്മാവിന്റെ സ്വരം കേൾക്കാൻ
നമുക്ക് കഴിയണം.  ഇക്കാരണത്താലാണ്  യേശുവിൽ കൂടിയുള്ള രക്ഷ വ്യക്തിപരമെന്നു ബൈബിൾ വെളിപ്പെടുത്തുന്നത്.

ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ മഹത്വപ്പെടുത്തുകയോ  നന്ദി പ്രകാശിപ്പിക്കുകയോ ചെയാതെ യുക്തി വിചാരത്താൽ അന്ധകാരത്തിലാണ്ട് പോയവരെ പോലെ ആകാതെ;(Romans 1:21)ഉണർന്ന് രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം.

അങ്ങനെ ദൈവവചനമാകുന്ന സ്വർഗ്ഗീയ അപ്പം രുചിച്ചറിഞ്ഞു അതിന്റെ പൂർണ്ണ ഫലപ്രാപ്തിയായ, വചനം  വാഗ്ദാനം ചെയ്യുന്നതുപോലെ വിജയം വരിക്കുന്നവന് ലഭിക്കുന്ന നിഗൂഡ മന്ന (Hidden Manna)ഭക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ(Revelation 2:17).വെള്ളക്കല്ലിൽ കൊത്തിയ പുതിയ നാമം സ്വീകരിക്കാൻ നമുക്ക് യോഗ്യത ലഭിക്കട്ടെ. അതിന് പരിശുദ്ധ ആത്മാവ് നമ്മെ നയിക്കട്ടെ. 
ദൈവത്തിന് നന്ദി... 

Sunday, 17 March 2013

നിങ്ങൾക്കൊരു മാതൃക...

നിങ്ങളുടെ  കർത്താവും ഗുരുവുമായ ഞാൻ; നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ  കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു (John 13:14-15).

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിൽ പോകാനുള്ള സമയം അടുത്തിരിക്കുന്നു എന്ന് മനസിലാക്കിയ യേശു; അത്താഴത്തിനിടയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി കൊണ്ട് നമുക്ക് നൽകിയ ആ വലിയ മാത്രക. എളിമ എന്ന പുണ്യം നമുക്ക് വെളിപ്പെടുത്തി തന്ന  വചന ഭാഗത്തെ നമുക്ക് വിചിന്തനം ചെയ്യാം... 

യേശു എന്തിനാണ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് ? 

തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു തർക്കം ശിഷ്യന്മാർക്കിടയിൽ  നിലനിന്നിരുന്നു(Luke 22:24). സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച്, അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തുവശത്തും മറ്റെയാൾ ഇടത്തുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കേണമേ  എന്ന് അപേഷിക്കാൻ (Mark 10:37)കാരണവും അതു തന്നെയാണ്.ഈ ചോദ്യം മറ്റുള്ള പത്ത് ശിഷ്യന്മാരിലും അമർഷം ഉളവാക്കി(Mark 10:41). ഇങ്ങനെ വലിയവനാകാൻ  മത്സരിച്ചിരുന്ന ശിഷ്യന്മാർക്ക്  യേശു നല്കിയ ഉത്തരം.... അവർക്ക്  മനസ്സിലാക്കി കൊടുത്ത  ഏറ്റവും വലിയ എളിമയുടെ പ്രകടനമാണ്  പാദങ്ങൾ കഴുകൽ . 

പാദങ്ങൾ കഴുകൽ - പഴയ നിയമത്തിൽ : 

പഴയ നിയമത്തിൽ പല ഭാഗങ്ങളിലും വിവധ തരത്തിൽ പാദങ്ങൾ കഴുകുന്നതായി കാണാൻ കഴിയും. സോദോമിൽ ചെന്ന ദൂതരെ; ലോത്ത് താണുവണങ്ങി, തന്റെ വീട്ടിലേക്ക് എതിരെൽക്കുന്നു.കാലുകൾ കഴുകി, ആ രാത്രി അവിടെ വിശ്രമിക്കാൻ ആവശ്യപ്പെടുന്നു(Genesis 19:2). അതിഥിയോട്  കാണിക്കുന്ന സ്നേഹാദരവിന്റെ ഭാഗമായിട്ടാണ് ഇവിടെ പാദങ്ങൾ കഴുകുന്നത്. എന്നാൽ  ഇതിൽ നിന്നും വത്യസ്തമായി, സമാഗമകൂടാരത്തിൽ അഹറോന്റെ പുത്രന്മാർക്ക് കൈകാലുകൾ കഴുകാൻ ക്ഷാളന പാത്രം(Laver) സ്ഥാപിക്കുന്നുണ്ട്(Exodus 30:19-20). ബലിയർപ്പിക്കുവൻ  ബലിപീഠത്തെ സമീപിക്കുന്നത്തിനു മുൻപ് ചെയേണ്ട ശരീര ശുചീകരണം. അവർ മരിക്കതിരിക്കേണ്ടതിന് എന്നന്നേക്കുമായി ദൈവം നല്കിയ കല്പന.      

പാദങ്ങൾ കഴുകൽ - പുതിയ നിയമത്തിൽ : 

സുവിശേഷത്തിൽ , യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിനു പുറമേ മറ്റൊരു ഭാഗത്തും കൂടി  പാദങ്ങൾ കഴുകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ പാപിനിയായ ഒരുവൾ വന്ന് കണ്ണീരുകൊണ്ട് പാദങ്ങൾ കഴുകി ചുംബിക്കുന്നുണ്ട്(Luke7:38). പാദങ്ങൾ കഴുകുന്നതും   ചുംബനം നല്കുന്നതും യഹൂദ സംസ്കാരത്തിൽ അതിഥി സൽക്കരത്തിന്റെ ഭാഗമാണെന്ന് പിന്നീട് വ്യക്തമാക്കുനുണ്ട്(Luke 7 :44-45). 
ലേഖനങ്ങളിൽ, വിധവകളായിരിക്കുന്നവരെ ബഹുമാനിക്കപ്പെടേണ്ടതിനെക്കുറിച്ചും , യഥാർത്ഥ വിധവ എങ്ങിനെ ആയിരിക്കണമെന്നും സൂചിപ്പിക്കുന്ന ഭാഗത്ത്‌ വിശുദ്ധരുടെ പാദങ്ങൾ കഴുകുക (1 Timothy 5:10 ) എന്ന് രേഖപ്പെടുത്തിയിരിക്കുനതായി കാണുവാൻ കഴിയും. വിധവക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസ മനോഭാവത്തെയാണ് ഇവിടെ  വെളിപ്പെടുത്തുന്നത്. നാബാലിന്റെ മരണത്തിനു ശേഷം, അബിഗായിലിനെ ഭാര്യയാക്കാൻ കൂട്ടികൊണ്ട് പോകുന്നതിനു വേണ്ടി അബിഗായിലിന്റെ  അടുത്ത്  വന്ന ദാവീദിന്റെ ദൂതന്മാരേ നിലംപറ്റെ താണു തൊഴുതുകൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു ' ഈ ദാസി എന്റെ യജമാനന്റെ ദാസന്മാരുടെ പാദം കഴുകേണ്ടാവളാണ്‌' (1Samuel 25:41 ). ഈ മറുപടി ചിന്തകൾക്ക് വ്യക്തത നൽകുന്നു.

യേശുവിന്റെ പെസഹായും മരണവും ഉയിർപ്പും വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കപ്പെടുന്നതിനു വേണ്ടി (? ? ?) നാടകീയമായി യേശു നല്കിയ മാത്രക പുനരാവിഷ്ക്കരിക്കപ്പെടുന്ന ഈ വേളയിൽ, വലതുകാൽ മാത്രം കഴുകി, ചുംബിക്കുന്ന വിശ്വാസ പ്രകടനങ്ങൾ നമുക്ക് ചുറ്റുമുള്ള ചില സഭകളിൽ കാണുവാൻ കഴിയും. രക്ഷയായ ദൈവവചനത്തിന്റെ ആത്മീയ പൊരുൾ മനസിലാക്കി കൊടുക്കുന്നതിനു പകരം, വചനത്തെ മാനുഷീകമായി വളച്ചൊടിക്കുന്ന അവസ്ഥ. ഇത് ദൈവവചന അടിസ്ഥാനത്തിലാണോ എന്ന് നിങ്ങൾ തന്നെ ചിന്തിച്ച് നോക്കുവിൻ. 

  • യേശു വലതുകാൽ മാത്രമല്ല, പാദങ്ങൾ ആണ് കഴുകിയത് (John 13:4,14).
  • യേശു പാദങ്ങൾ കഴുകി, തുടച്ചു. എന്നാൽ ചുംബിച്ചിട്ടില്ല (John 1 3 :5).
  • പാദങ്ങൾ കഴുകി  ചുംബിച്ചത് പാപിനിയായ സ്ത്രിയാണ് (Luke 7:38). 

യേശു നല്കിയ മാത്രകയേയും പാപിനിയായ സ്ത്രിയുടെ പ്രവർത്തിയേയും കൂട്ടിയിണക്കിയ ഒരു പ്രകടനമാണോ നാം നടത്തിക്കൊണ്ട് പോരുന്നത് ??. വചനം പറയുന്നതു പോലെ വായിക്കുന്നവൻ   ഗ്രഹിച്ചു കൊള്ളട്ടെ (Mark 13 :14 ).ദൈവവചനം മനസിരുത്തി വായിച്ച് ധ്യാനിക്കാൻ (John 13:1-2)നിങ്ങൾ ശ്രമിക്കുമല്ലോ.... 

പത്രോസിന്റെ കീഴിൽ രൂപം പ്രാപിച്ച  ആദിമ ക്രൈസ്തവ സമൂഹം, യേശു നല്കിയ മാത്രകയായി; പാദങ്ങൾ കഴുകിയിരുന്നതായി വചനത്തിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കണം. വിശ്വാസത്തിന്റെ വലിയ പ്രകടനമായി നാം കൊണ്ടാടുന്ന ഈ  കഴുകൽ ചടങ്ങ്; എന്തുകൊണ്ടാണ്   ആദിമ ക്രൈസ്തവ സമൂഹം  അനുഷ്ടിക്കാതിരുന്നത് ???. 

ഇവിടെയാണ് നാം ദൈവവചനത്തെ ആഴത്തിൽ ചിന്തിക്കേണ്ടത്. പഴയനിയമത്തിലും പുതിയ നിയമത്തിലും കാണപ്പെടുന്ന ഇത്തരം ചിന്തകളും യേശു നല്കിയ മാത്രകയും തമ്മിൽ വളരെ വ്യതാസമുണ്ട്. നിയമാനുഷ്ഠനാം വഴി ഒരുവനും നീതികരിക്കപ്പെടില്ല (Galatians 2:16) എന്ന ബോധ്യം നമുക്ക് ഉണ്ടാകണം. വർഷത്തിൽ ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന, സഹോദരന്റെ പാദങ്ങൾ കഴുകുക എന്ന പ്രവർത്തിയാണോ യേശു നമുക്ക് നല്കിയ മാത്രക. അല്ല...യേശു നമ്മോട് കാണിച്ച കാരുണ്യമാണ് നാം ഇവിടെ തിരിച്ചറിയേണ്ടത്.അവൻ ദൈവപുത്രൻ ആയിരുന്നിട്ടും നമുക്ക് വേണ്ടി നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുനതിനു വേണ്ടി തന്നെത്തന്നെ ശൂന്യനാക്കിയവൻ(Philippians 2:7). യജമാനൻ ആണെങ്കിലും പരിചാരകനെ പോലെ അകപ്പെട്ടവൻ. പാദങ്ങൾ കഴുകുക എന്ന നാടകീയ പ്രവർത്തിയല്ല മറിച്ച് യേശു ക്രിസ്തുവിന് ഉണ്ടായിരുന്ന ആ മനോഭാവമാണ് (Philippians 2:5) അവൻ നമുക്ക് നല്കിയ വലിയ മാത്രക. ആത്മാവിൽ വിശ്വാസത്തിൽ ആരംഭിച്ചിട്ട് ശരീരത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാണോ നിങ്ങൾ (Galatians 3:3 )എന്ന ചോദ്യം  നമുക്ക് ചിന്തകൾക്ക് കാരണമാകട്ടെ . 

നന്മ ചെയ്തിട്ടും പീഡകൾ സഹിക്കേണ്ടിവരുബോൾ( 1 Peter 2:21) യേശുവിനെ പ്രതി ക്ഷമിക്കുവാൻ ... സഹോദരനോട് കരുണ കാണിക്കുവാൻ, ഞാൻ എന്ന ഭാവത്തെ ഉപേഷിക്കുവാൻ , എളിമപ്പെടുവാൻ ....ഇതാണ് പാദങ്ങൾ കഴുകിയതിൽ കൂടി ശിഷ്യന്മാർക്ക് യേശു കാണിച്ചു കൊടുത്തതും നമ്മോടു ആവശ്യപ്പെട്ടതും. 

സ്വന്തം ചിന്തകളെയും കഴിവുകളേയും വിട്ട്; ശിശുക്കളെ പോലെ സ്വയം ചെറുതാകാൻ അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവനാകാൻ (Mathew 18:4) നമുക്ക് കഴിയട്ടെ. യേശു നല്കിയ ആ വലിയ മാത്രകയുടെ ആത്മീയ വെളിപാടുകൾ ഉൾകൊണ്ടുക്കൊണ്ട്   അനുദിന ജീവിതത്തിലെ പരീക്ഷണ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ. അങ്ങനെ  ക്രിസ്തു എന്നിൽ ജീവിക്കുന്നു(Galatians 2:20)എന്ന തിരിച്ചറിവിൽ നിന്നും  എളിമ എന്ന പുണ്യം അനുഭവിക്കാം. 


ദൈവത്തിന് നന്ദി ...     

Saturday, 9 March 2013

സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ ...






പഴയനിയമ പത്ത് കല്‍പനകള്‍ക്ക് പൂര്‍ണ്ണത നല്‍കികൊണ്ട്,പുതിയനിയമ വിശ്വാസിയോട് യേശു കല്പിച്ചു 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം'(John 15:12,13:35). 

ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു  പുതിയ കല്പന.... യേശുവഴി ദൈവം നമ്മില്‍ പ്രകടമാക്കിയ ആ വലിയ സ്നേഹം...ക്ഷമ എന്ന പുണ്യം.... 

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്  ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ക്ഷമിക്കുവിന്‍ (Mark11:25). നീ കാഴ്ചയര്‍പ്പിക്കുമ്പോള്‍ , നിന്റെ സഹോദരന് നിന്നോട്   എന്തെങ്കിലും വിരോധം ഉണ്ടെന്ന്‍  അവിടെ വച്ച് ഓര്‍ത്താല്‍ , കാഴ്ചവസ്തു അവിടെ വച്ചിട്ട് പോയി സഹോദരനുമായി  രമ്യതപ്പെടുക;പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക (Mathew 5:23-24).നന്ദിയും സ്തോത്രങ്ങളും ബലിയായി ദൈവത്തിനു അര്‍പ്പിക്കാന്(Psalms 50:14) ഒരുങ്ങുന്ന  സുഹൃത്തെ; 

താങ്കള്‍ സഹോദരനുമായി രമ്യതപ്പെട്ടുവോ ?. 
താങ്കളുടെ സഹോദരന്‍ താങ്കളുമായി രമ്യതയിലാണോ ?.

വിശുദ്ധഗ്രന്ഥത്തില്‍ സഹോദരന്‍ എന്ന വാക്ക് പല അര്‍ത്ഥത്തിലും പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയേയും  ഈ വാക്കിനാല്‍ സൂചിപ്പിച്ചിട്ടുണ്ട്.സഹോദരന്‍; വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഈ ചിന്തകളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരുങ്ങുന്ന നമുക്കാണ് പ്രാധാന്യം. സഹോദരനുമായി രമ്യതപ്പെടാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല എന്ന വചന വെളിപാടിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രണ്ട് ജീവിത സാഹചര്യങ്ങളെ നിങ്ങളുമായി പങ്കുവെക്കട്ടെ.... 

സാഹചര്യം :1 
ഞാനുമായി  കഠിന ശത്രുതയിലായിരിക്കുന്ന ഒരു വ്യക്തി.രമ്യപ്പെടണമെന്ന് വചനം അനുശാസിക്കുന്നതിനാല്‍ ,ക്ഷമ പറഞ്ഞ് രമ്യതയിലകാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞുപോയതിനെല്ലാം മാപ്പ് പറഞ്ഞ എന്നോട് കൂടുതല്‍ ആക്രോശത്തോടെ  അദ്ദേഹം പാഞ്ഞടുത്തു. ക്ഷമിക്കുന്ന സ്നേഹത്തിന്റെ  വക്താവകാന്‍ ചെന്ന എനിക്ക് അത് അസഹ്യമായിരുന്നു. സഹനശക്തി നഷ്ട്ടപ്പെട്ടുപോയ  നിമിഷങ്ങള്‍ . വചനത്തെയും വിശ്വാസത്തെയും കാറ്റില്‍ പറത്തി  അതീവശക്തിയോടെ ഞാനും തിരിച്ചടിച്ചു. സംഗതി ആദ്യത്തെതിനെക്കള്‍ കൂടുതല്‍ വഷളായി.

എന്റെ ന്യായീകരണങ്ങള്‍   :
  1. എന്റെ ഭാഗത്തെ തെറ്റ് എന്താണ് ?
  2. ഞാന്‍ ക്ഷമ പറയാന്‍ ചെന്നവനല്ലേ ?
  3. വീണ്ടും എന്നെ പഴിചാരിയത് കൊണ്ടല്ലേ ?
  4. എന്റെ ക്ഷമയ്ക്കും ഒരു അതിരില്ലേ ?
  5. സഹികെട്ടപ്പോള്‍ ഞാന്‍ ചെയ്തു (പറഞ്ഞു) പോയതല്ലേ ?
സാഹചര്യം :2  
ക്ഷമ പറയാന്‍ ചെന്ന എന്നോട് കുപിതനായി സംസാരിച്ചു എങ്കിലും ആദ്യത്തെ സാഹചര്യം പോലെ ഞാന്‍ തിരിച്ചടിച്ചില്ല. ആ വ്യക്തിയുടെ കലി അടങ്ങുന്നത് വരെ ഞാന്‍ ക്ഷമയോടെ ചിരിച്ചു നിന്നു.  ദൈവവചനത്തിന്റെ പ്രചോദനത്തല്‍ ,ഒന്നും പറയാതെ തിരിച്ചു പോന്ന ഞാന്‍, ആരും കേള്‍ക്കാതെ മനസ്സില്‍ ഇങ്ങനെ പറഞ്ഞു - ഇപ്പോള്‍ ഞാന്‍ പോകുന്നു. പിന്നെ കാണാം. തിരിച്ച് തരാന്‍ ദൈവം ഒരു വഴി ഒരുക്കും.ഒരക്ഷരവും എതിര്‍ത്തു പറയാതെ പോന്ന എന്നെ കണ്ട് മറ്റുള്ളവര്‍ ഇങ്ങനെ പറഞ്ഞു, അവന്‍ നല്ലൊരു വിശ്വാസിയാണ്. 

എന്റെ ന്യായീകരണങ്ങള്‍   :

  • വചനം പറയുന്നതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചില്ലേ ?
  • എന്നെ വീണ്ടും കുറ്റപ്പെടുതിയപ്പോഴും ഞാന്‍ ക്ഷമിച്ചില്ലേ ?
  • എന്നെ അകാരണമായി പീഡിപ്പിച്ചപ്പോഴും ഞാന്‍ സഹോദരനോട് കരുണ കാണിച്ചില്ലേ ?
  • ഞാന്‍ ദൈവത്തിന്റെ അനുഗ്രഹത്തിന് യോഗ്യനല്ലേ ?

വിചിന്തനം : 
ഈ രണ്ടു സാഹചര്യങ്ങളും നമുക്ക് സുപരിചിതം ആണല്ലോ.ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യത്തില്‍ കൂടി കടന്നു പോകാത്തവര്‍ വിരളമാണ്. ഈ രണ്ട് ന്യായീകരണങ്ങളും ദൈവ വചന അടിസ്ഥാനത്തില്‍ തെറ്റാണ്. ദൈവ സന്നിധിയില്‍ സ്വീകാര്യമാകില്ല.
ആദ്യ സാഹചര്യത്തില്‍ ; ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞു എങ്കിലും,യഥാര്‍ത്ഥ രക്ഷാ അനുഭവം ഉണ്ടാകാത്തതും  വിശ്വാസസ്ഥിരത കുറവുമാണ് കാരണമായത്.മണല്‍പ്പുറത്തു ഭവനം പണിത ഭോഷന് തുല്യം(Mathew 7:26). ഒരു ധ്യാനമോ , ബൈബിള്‍ ക്ലാസോ , കൂട്ടായ്മയിലോ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഉണ്ടാകുന്ന ഒരു എടുത്ത് ചാട്ടം. ദൈവനീതിയെക്കുറിച്ചുള്ള അഞ്ജാത നിമിത്തം തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്ന ദൈവനീതിക്ക് കീഴ്വഴങ്ങാത്തവര്‍  ആയിട്ടല്ല മറിച്ച്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീക്ഷണത ആയിരിക്കണം നമുക്ക് ഉണ്ടായിരിക്കേണ്ടത്(Romans 10:2-3).ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം ആദ്യം നമുക്ക് അനുഭവിക്കാന്‍ കഴിയണം എങ്കില്‍ മാത്രമേ നമുക്കുംക്ഷമിക്കുവാന്‍ കഴിയുകയുള്ളൂ . 

രണ്ടാമത്തെ സാഹചര്യമാകട്ടെ അതീവ ഗുരുതരമാണ്. വിശ്വാസി എന്ന മൂടുപടം ധരിച്ചിരിക്കുന്ന ഇതരക്കാര്‍ക്ക് അവരുടെ തെറ്റിനെ കുറിച്ച് അറിയുന്നില്ല.മറ്റാര്‍ക്കും തിരിച്ചറിയാനും കഴിയുകയില്ല. ദൈവസ്നേഹം ക്രിയചെയ്യപ്പെടാത്തതിനാല്‍ ബാഹ്യമായി പാപം ചെയ്തതാണ് ആദ്യ സാഹചര്യമെങ്കില്‍ , രണ്ടാമത്തെ സാഹചര്യത്തില്‍ പാപം ചെയ്തിരിക്കുന്നത്   അവന്റെ ഹൃദയത്തില്‍ , ദൈവത്തിന്റെ ആത്മാവിന് എതിരയിട്ടാണ്. ഇത് സൂക്ഷിക്കണം, കാരണം ആത്മാവിന് എതിരായ പാപം ക്ഷമിക്കപ്പെടുകയില്ല (Mathew 12:31). കണ്ട് നിന്ന വ്യക്തികള്‍ വിശ്വാസി എന്ന് പുകഴ്ത്തി എന്നാല്‍ ദുഷിച്ചുനാറിയ നിന്റെ ഹൃദയം ദൈവം കാണുന്നു. മനുഷ്യന്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയം കാണുന്നു(1 Samuel 16:7) എന്ന വചനം നാം ഓര്‍ക്കണം.
ദൈവവചനത്തെക്കുറിച്ചും യേശുവില്‍ കൂടിയുള്ള രക്ഷയെക്കുറിച്ചും അറിഞ്ഞ്, രക്ഷയുടെ അനുഭവത്തില്‍ കൂടി കടന്നുപോയി എങ്കിലും പൂര്‍ണമായി അവനില്‍ ഒരു മാറ്റം വരുത്താന്‍ കഴിയാത്തതാണ് ഇതിനു കാരണം.ആത്മീയ മനുഷ്യന്റെ ബലഹീനമായ അവസ്ഥ. സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ ക്ഷമിച്ചു എങ്കിലും ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടുംജനനത്തിന്റെ അനുഭവം സാധ്യമായിട്ടില്ല എന്നര്‍ത്ഥം.

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി ഇങ്ങനെ പറയും- ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചതിനാല്‍  ഞാനും ക്ഷമിക്കുന്നു.(Colossians 3:13) ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനെ പ്രതി ക്ഷമിക്കുവാനും നമുക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു( Philippians 1:29)  എന്നാ ഉള്‍കാഴ്ച . 

'നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെകില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും'(Mathew 18:35).ഈ തിരുവചനം നമുക്ക് ഓര്‍ക്കാം . 

സഹോദരനോട് മനസിലുള്ള ശത്രുത ഒരു രഹസ്യ പാപമാണ്.ആരും അറിയാതെ ചെയുന്നതും എന്നാല്‍ ദൈവ മഹത്വത്തിന്റെ മുന്‍പില്‍ വെളിപെടുന്നതുമായ  ഒരു രഹസ്യ പാപം(Psalms 90:8).
ഇങ്ങനെ നാം പോലും അറിയാതെ സഹോദരനോടുള്ള വിദ്വേഷം നമ്മില്‍ വളര്‍ന്ന് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്തപ്പെടും.കാരണം ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ്  എല്ലാ തിന്മകളും പുറപ്പെടുന്നത് (Mark 7:21-23). അവ മനുഷ്യനെ അശുദ്ധനാക്കുന്നു.

നമുക്ക് ആത്മശോധന ചെയ്യാം.ലോകത്തോടൊപ്പം ദൈവത്തിന്റെ ശിക്ഷവിധിക്ക്കാ രണമാകതിരിക്കാന്‍ ദൈവവചനത്തെ വിവേചിച്ചറിഞ്ഞു നമുക്ക് ഭക്ഷിക്കാം. നമുക്ക് നമ്മുടെ ഹൃദയം പരിച്ഛെദനം ചെയ്യാം(Romans 2:29).  

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധരുമെന്ന നിലയില്‍ നമുക്ക് ദൈവീക പുണ്യങ്ങള്‍ ധരിക്കാം.എല്ലാറ്റിനെയും ഐക്യത്തില്‍ കൂട്ടിയിണക്കുന്ന ദൈവ സ്നേഹം നമുക്ക്  അനുഭവിക്കാം (Colossians 3:13).അങ്ങനെ വചനം പറയുന്നതുപോലെ 'രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പ്രാര്‍ത്ഥിക്കാം' (Mathew 6:6). കര്‍ത്താവ് നമ്മോടു ക്ഷമിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരരോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാം.അങ്ങനെ ദൈവീക സന്തോഷം അനുഭവിക്കാം. 

ദൈവത്തിന് നന്ദി ....   

Sunday, 24 February 2013

പ്രാര്‍ത്ഥനക്ക് മുന്‍പ്...ഒരു നിമിഷം.

ദൈവവചനത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന വിശ്വാസം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുമ്പോള്‍ മാത്രമേ ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഫലദായകമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനകള്‍  ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. പ്രാര്‍ത്ഥനയുടെ അടിസ്ഥാനം നിത്യജീവനാണെന്നും രക്ഷയുടെ ആദ്യാനുഭവം വീണ്ടുംജനനമാണെന്നും നാം കണ്ടുകഴിഞ്ഞു.... അല്ല, അനുഭവിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.....  

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. കുടുംബാഗങ്ങള്‍ ഒന്നു ചേര്‍ന്നും, കൂട്ടായ്മയില്‍ക്കൂടിയും നമ്മള്‍ വിവിധ തരത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവവചന അടിസ്ഥാനത്തില്‍ ഇവയെല്ലാം ശരിയും ആവശ്യവുമാണ്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യമുണ്ട്. വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു വിശ്വാസ പ്രഖ്യാപനം എന്നതിലുപരി വിശ്വാസത്തില്‍ വളരുവാനും, കൂടുതല്‍ ആത്മീയശക്തിയോടുകൂടി മുന്നോട്ടു പോകുവാനും നമ്മെ സഹായിക്കുന്നു. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായി നടത്തുന്ന ഒരു സ്വകാര്യ സംഭാഷണമാണ്.(Mathew 6:6 )

എപ്പോള്‍ .....എവിടെ വച്ച് .....എങ്ങനെ....ഞാന്‍ പ്രാര്‍ത്ഥിക്കണം ?. 

പ്രാര്‍ത്ഥിക്കേണ്ട സമയമോ, സ്ഥലമോ,  ക്രമങ്ങളോ വചനം നിഷ്കര്‍ഷിക്കുന്നില്ല. ഒരു പുതിയ നിയമ വിശ്വാസി ആത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാലും(Romans 8:14), ദൈവാത്മാവ് അവനില്‍ വസിക്കുന്നതിനാലും (Galatians 2:20) പഴയനിയമം അനുശാസിക്കുന്നതുപോലെ ആഴ്ചയില്‍ ഒരിക്കലോ ആണ്ടിലൊരിക്കലോ അല്ല  മറിച്ച്, ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരിക്കണം. കാരണം അവന്‍ നമ്മെ ഉയര്‍ത്തിയത്‌, നമുക്ക് രക്ഷ നല്‍കിയിരിക്കുന്നത്  നമ്മുടെ പ്രവര്‍ത്തിയാലല്ല മറിച്ച് അവന്റെ കാരുണ്യത്താല്‍  ദാനമായിട്ടാണ്(Ephesians 2:8). അതിനാല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത് (Galatians 2:20) എന്ന വെളിപാട്‌ നമ്മില്‍  ഉണ്ടാകണം.

തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനയുടെ സമയം ഏതാനും ചില നിമിഷങ്ങള്‍ ... പലപ്പോഴും അതുപോലും ഇല്ലാത്ത ഒരു അവസ്ഥ. ഒരുവിധ യാന്ത്രിക ജീവിതം അല്ലെ സുഹൃത്തേ.... യഥാര്‍ത്ഥ രക്ഷാനുഭവം അനുഭവിക്കാത്തതാണ് ഇതിനു കാരണം.പ്രാര്‍ത്ഥനയ്ക്ക് ഭൗതീകമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. എന്ന്...എപ്പോള്‍ ...എവിടെ...എങ്ങനെ.....ഈ തീരുമാനം തികച്ചും വ്യക്തിപരമാണ് .  

പ്രാര്‍ത്ഥനയുടെ സമയം :  പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു( Psalms5:3). ആലോചിച്ചുറക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ ?(Amos 3:). ദൈവത്തില്‍ ആശ്രയം വച്ച് , പ്രാര്‍ത്ഥനയോടുകൂടി, ആരംഭിക്കുന്ന ദിവസം എത്രയോ സന്തോഷകരം. ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഊര്‍ജ്ജമായി നമ്മില്‍ നിലനില്‍ക്കും.പ്രാര്‍ത്ഥനയോടുകൂടി ഒരു ദിവസം അരംഭിക്കുനത് കൂടുതല്‍ അഭികാമ്യം. 

ഈ ലോകത്ത് ആയിരിക്കുന്ന നമുക്ക് ഭൗതീകമായ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം നിറവേറ്റുന്നതിനൊടൊപ്പം, പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സ്വസ്ഥമായ ഒരു സമയം ഉണ്ടാക്കിയെടുക്കാന്‍ നാം തന്നെ ശ്രമിക്കണം. സ്വസ്ഥമായ ഒരു സമയം...അതിനാണ് കഴിയാത്തത് എന്നായിരിക്കും ഇപ്പോള്‍ തങ്ങളുടെ മനസ്സില്‍ . മനസിലുള്ള ആലോചന അഗാധമായ ജലം പോലെയാണ് . ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കാം(Proverbs 20:5 ).നമ്മുടെ ചിന്തകളും മനസും അറിയുന്ന ദൈവം, നാം ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും ദൈവം വഴിയൊരുക്കും.നാം എന്തുമാത്രം ആഗ്രഹിക്കാറുണ്ട് എന്ന് ചിന്തിച്ച് നോക്കുക. ദിവസത്തില്‍ മറ്റ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ കഴിയുമെങ്കില്‍  ജീവന്റെ അപ്പം ഭക്ഷിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ എന്തുകൊണ്ട് നമുക്ക് സമയം ലഭിക്കുന്നില്ല ?.വചനം പറയുന്നു' എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'(Ephesian 6:18). നിശ്ചിത സമയത്തിനല്ല മറിച്ച് ദൈവീക അനുഭവത്തിനാണ് പ്രാധാന്യം.

സ്ഥലം  : പഴയനിയമ ക്രമമനുസരിച്ച് ദൈവീക മഹത്വം നിറഞ്ഞിരിക്കുന്നത്‌ കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്താണ്(Exodus 25:21-22). എന്നാല്‍ പുതിയ നിയമ വിശ്വാസിയോട് വചനം പറയുന്നു 'നിങ്ങള്‍ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ??(1Corinthians 3:16). എന്നാല്‍ നമ്മളോ ദൈവം വസിച്ചിരുന്ന മനുഷ്യ നിര്‍മ്മിതമായ ആലയം, കാലഹരണപ്പെട്ട  ആ  പഴയനിയമ കൂടാരം  അന്വേഷിച്ചു നടക്കുന്നു(Acts 17:24). ഇത്തരം പാരമ്പര്യ വിശ്വാസത്തില്‍ നിന്നും, പുണ്യ സ്ഥലങ്ങള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന  ചില പ്രത്യേക സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന  ക്രിസ്തീയാടിസ്ഥാനമല്ലാത്ത, തെറ്റായ വിശ്വാസം നാം പുലര്‍ത്തി പോരുന്നു. ഇവിടെ പ്രാര്‍ത്ഥന എന്നത് ദൈവത്തോടുള്ള ബന്ധം എന്നതില്‍ നിന്നും ആ സ്ഥലത്തോടും സാഹചര്യത്തോടുമുള്ള ഒരു  വിശ്വാസം ആയി മാറ്റപ്പെടുന്നു .എളുപ്പത്തില്‍ ദൈവത്തെ അനുഭവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തുന്ന കുറുക്കുവഴികള്‍ . സ്വസ്തമായിരിക്കാന്‍ കഴിയുന്ന എവിടെയും നമുക്ക് പ്രാര്‍ത്ഥിക്കാം.വീട്ടിലോ, കാറിലോ,മറ്റു എവിടെയുമാകട്ടെ, പ്രാര്‍ത്ഥിക്കുന്ന സ്ഥലമല്ല മറിച്ച്  ദൈവം നമ്മില്‍ വസിക്കുന്നു(Galatians 2:20) എന്ന തിരിച്ചറിവാണ് പ്രാധാന്യം. നമ്മുടെ ആത്മീയ അന്ധതയെ നീക്കി വചനത്തിന്റെ പ്രകാശത്തില്‍ നടക്കാം.   

സൗകര്യം : മുട്ടുകള്‍ കുത്തി, കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രീതികള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.(1Kings8:54, Psalms95:6).മുട്ടുകുത്തല്‍ എളിമപ്പെടലിന്റെയും, കൈകള്‍ ഉയര്‍ത്തുന്നത് യാചനയുടെയും ബാഹ്യ പ്രകടനങ്ങള്‍ ആണ്.പഴയനിയമത്തില്‍ , ഇവയെല്ലാം സ്വീകാര്യവുമായിരുന്നു . എന്നാല്‍ നമ്മോടു വചനം പറയുന്നു' പ്രവര്‍ത്തികള്‍ കൂടാതെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു(Romans 4:5). പുതിയനിയമ വിശ്വാസത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല . മുട്ടുകുത്തുന്നതും , കൈകള്‍ ഉയര്‍ത്തി  പ്രാര്‍ത്ഥിക്കുന്നതും തെറ്റാണ് എന്നല്ല, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകു എന്ന തെറ്റായ ബോധ്യം നാം മാറ്റണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പ്രാര്‍ത്ഥന എന്നത് ചിട്ടയായ നിയമത്തിന്റെ സാക്ഷാത്കാരമല്ല മറിച്ച്, എളിമയുള്ള ഹൃദയം ദൈവവുമായി പങ്കുവെക്കുന്നതില്‍ കൂടിയുള്ള സന്തോഷത്തിന്റെ ഒരു അനുഭവമായിരിക്കണം .നിയമത്തിന് കീഴിലല്ല , കൃപക്ക് കീഴിലാണ് എന്ന വെളിപാട്(Romans 6:14).   

ഉയര്‍ന്ന സ്വരത്തില്‍ : ശക്ത്തമായ വാക്കുകള്‍ പറഞ്ഞ് ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തപ്പെടു എന്ന മിഥ്യാധാരണ നമ്മില്‍ പലര്‍ക്കും ഉണ്ട് .  നന്ദികളും, സ്തുതികളും നമ്മുടെ അധരങ്ങള്‍ സംസാരിക്കുന്നത്; ഹൃദയത്തിന്റെ നിറവില്‍ നിന്നു കൊണ്ടായിരിക്കണം(Luke 6:43). മനപാഠം ആക്കിയ ചില വാചകങ്ങള്‍ക്ക്  പ്രാര്‍ത്ഥന എന്ന പേര്‍ ചൊല്ലി അതിനെ വീണ്ടും വീണ്ടും ഉരിവിടുന്ന നാം വിജാതിയന് തുല്ല്യനാണ്.ഹൃദയത്തിന്റെ നിറവില്‍ നിന്നല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ സംതൃപ്തികണ്ടെത്താന്‍  ശ്രമിക്കുന്ന നമ്മെ നോക്കി കാപട്യനാട്യക്കാര്‍ നടത്തുന്ന അതിഭാഷണം(Mathew 6:7)എന്ന് യേശു പറയുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ . എന്നാല്‍ , അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(Romans 8:26).പ്രാര്‍ത്ഥന എന്നത് ആകുലതകള്‍  വെടിഞ്ഞ്  ദൈവസന്നിധിയില്‍ നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണ്‌(((Philippians 4:6). 

സ്വയം നീതികരിക്കല്‍ : നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന നല്ല പ്രവര്‍ത്തികളെ നമ്മുടെ വിശ്വാസത്തില്‍ കൂടി ഉയര്‍ത്തി കാണിക്കുന്ന അവസ്ഥയായിരിക്കരുത് പ്രാര്‍ത്ഥന. ഫരിസേയന്റെയും  ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളും അതിന്റെ അവസാനം അവര്‍ക്ക് ലഭിച്ച നീതികരണവും നമുക്കറിയാം.'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടു; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയും'(Luke18:9-14). ഈ വചന ഭാഗം നമുക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ .

ദൈവത്തെ ശ്രവിക്കല്‍ : പ്രാര്‍ത്ഥന എന്നത് നാം ദൈവത്തോട് സംസാരിക്കുന്ന അവസ്ഥയല്ല; അതിനെക്കാളുപരി ദൈവം നമ്മോട് സംസാരിക്കുന്ന, ദൈവത്തെ ശ്രവിക്കുന്ന അവസ്ഥ കൂടി ആയിരിക്കണം.നമ്മില്‍ വസിക്കുന്ന ദൈവീക ശക്തി നമ്മില്‍ വ്യാപരിക്കുക കൂടി ചെയ്യണം(2 Corinthians 6:16). ഈ അനുഭവം നമ്മില്‍ എത്ര പേര്‍ക്ക് ഉണ്ടായിട്ടുണ്ട് ?.ദര്‍ശനങ്ങള്‍ ,വെളിപാടുകള്‍ , വചനങ്ങള്‍ , സാഹചര്യങ്ങള്‍  ഇങ്ങനെ ആത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം .അതോടൊപ്പം ആത്മാവിന്റെ ഉത്കൃഷ്ട ദാനങ്ങള്‍ക്കായി(1 Corinthians 12:31) നാം അഭിലഷിക്കണം. 

ഇങ്ങനെയുള്ള തിരിച്ചറിവുകളും തയ്യാറെടുപ്പുകളും ഭൗതീകജീവിത ചിന്തയില്‍ നിന്നും മാറി പൂര്‍ണ്ണമായും ദൈവത്തില്‍ ആയിരിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഇതിനെ വചനം പറയുന്നു' നീ  പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്‌, രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പങ്കുവെക്കണം'(Mathew 6:6-7).    

ആചാര അനുഷ്ടാനങ്ങള്‍ക്ക് വിരാമം ഇട്ടുക്കൊണ്ട്  യേശുവില്‍ കൂടി രക്ഷ അനുഭവിക്കാന്‍ യോഗ്യരായ നാം, ഇപ്പോഴും കാലഹാരണപ്പെട്ട ആ പഴയ നിയമ ചിന്താഗതിയുടെ, നിയമത്തിന്റെ  പുറകേയാണോ ?. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സമയവും ദിവസവും നോക്കിയാണോ നാം  പ്രാര്‍ത്ഥിക്കുന്നത് ? നാം  ദൈവത്തിന്റെ ആലയം ആകുന്നു എന്ന് നാം തിരിച്ചറിയണം(1 Corinthians 3:16)

'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.........
ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍... 
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കിന്‍....'....   
                     (1 Thessalonians 5 : 1 6 - 1 8). 

ദൈവത്തിന് നന്ദി ..... 

Saturday, 9 February 2013

വീണ്ടും ജനനവും ക്രിസ്തീയജീവിതവും

'ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം' (Mathew  7:14). നമ്മില്‍നിറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തിയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ നിത്യജീവന്റെ വഴിയെ ആയിരിക്കാം.....

നിത്യജീവനെ  ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഈ ലോകജീവിതത്തില്‍ ,ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുക ??? വചനം പറയുന്നു ' വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).ദൈവവുമായി ബന്ധത്തിന് , പ്രാര്‍ഥിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യതയാണ് വീണ്ടും ജനനം. നിത്യജീവന്റെ ആദ്യഭാഗം.

പാരമ്പര്യവിശ്വാസത്തില്‍ നിലയുറച്ച് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്ന പുതിയ നിയമ വിശ്വാസി, ഒരു നിമിഷം.....താങ്കള്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ???
ചെറുപ്പം മുതല്‍ , ദൈവവും ദൈവവചനങ്ങളും നിങ്ങള്‍ക്ക് അന്യമായിരുന്നില്ല. എന്നാല്‍ ദൈവം നിങ്ങളെ തിരഞ്ഞെടുത്തോ ?(John 15:16).
അനുഷ്ഠടാനങ്ങളിലും ആചാരങ്ങളിലും സംതൃപ്തിയടയുന്ന ക്രിസ്ത്യാനി, നിങ്ങള്‍ യേശുവിന്റെ നാമത്തില്‍ എത്ര വീര്യ പ്രവര്‍ത്തികളും ചെയ്താലും, വീണ്ടും ജനിക്കാത്ത നിങ്ങളോട് ദൈവം ഇങ്ങനെ പറയുന്നു  'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞട്ടില്ല'(Mathew 7:22-23).ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയാല്‍  നിങ്ങള്‍ ദൈവത്തെ തിരഞ്ഞെടുത്തു.എന്നാല്‍ ആ തിരഞ്ഞെടുപ്പ് ശരിയായ ദൈവവചന അറിവിന്റെ അടിസ്ഥാനത്തില്‍ അല്ല  എന്നേയുള്ളു. ദൈവത്തിന്റെ  നീതിയെകുറീച്ചുള്ള അഞാതയാണ് ഇതിന് കാരണം (Romans 10:2-3). 
വീണ്ടും ജനനത്തെക്കുറിച്ച് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ നമുക്ക് ചുറ്റുമുണ്ട്. ആചാരഅനുഷ്ഠടാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചി രിക്കുന്ന സഭാസമൂഹങ്ങള്‍ വളരെ നിസാരമായി ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.ദൈവവചനം ആഴത്തില്‍ ചിന്തിക്കാതിരിക്കാന്‍ സഭയുടെ വിശ്വാസപ്രമാണങ്ങള്‍  കൊണ്ട്  വീണ്ടുംജനനം എന്ന നിത്യരക്ഷയുടെ അടിസ്ഥാന ചിന്തയെ മൂടിവെക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ വെളിച്ചം വിതരേണ്ടവര്‍ തന്നെ സത്യത്തില്‍ നിന്നും മുഖം മറക്കാന്‍ ശ്രമിക്കുന്നു. 

ജീവിതത്തിലെ ഓരോ ഘട്ടത്തില്ലും ഉണ്ടാകുന്ന തിരിച്ചറിവുകള്‍ നമ്മില്‍ പല മാറ്റങ്ങളും വരുത്താറുണ്ട്.ശിശുസഹജമായ ചിന്തകളും കാഴ്ചപ്പാടുകളും യവ്വനത്തില്‍ എത്തുമ്പോള്‍ നമ്മില്‍നിന്ന് മാറ്റപ്പെടുന്നു.തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ , അതുവരെയുള്ള സ്വതന്ത്രമായ ഈ ലോക ജീവിതത്തില്‍ നിന്നും  ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാതാന്യം നല്‍കികൊണ്ട് ഒതുങ്ങിയ ജീവിതശൈലി കൈവരുന്നു.തെറ്റായ പഴയ കൂട്ടുകെട്ടുകളെ ഉപേഷിച്ച് ശ്വാശതമായ പുതിയ ജീവിതം. ഒരു പുതിയ വ്യക്തിയായി മറ്റപ്പെടുന്ന അവസ്ഥ.... ഭവുതീകമായി  ഇതിനെ വീണ്ടും ജനനം എന്ന് തന്നെ പറയാം...പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ ജീവിതം...ഇതേ മാറ്റം ആത്മീയതലത്തിലും ആവശ്യമാണ്.അതാണ് വചനം ആവശ്യപ്പെടുന്ന വീണ്ടും ജനനം. 

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).

അത്മാവിനാല്‍ വീണ്ടും ജനനം എന്നതിന് പരിശുദ്ധത്മാവിനാല്‍  എന്നതിന്  സംശയമില്ല.കുരിശു മരണത്തിനു മുന്‍പ് യേശു, പരിശുദ്ധത്മാവിനെ സഹായകനായി  വാഗ്ദാനം ചെയ്യുന്നുണ്ട് (John 14:26). എന്നാല്‍ ജലത്താല്‍ വീണ്ടുംജനിക്കണം എന്നതിനെ ജലത്താലുള്ള സ്നാനമായി (Water Baptism) ചില സഭാസമൂഹങ്ങള്‍  വിശ്വസിക്കുന്നു.എന്നാല്‍ ദൈവ വചനത്തിന്റെ ഉള്‍ക്കാഴ്ച്ചയില്‍ സ്നാനവും വീണ്ടുംജനനവും ഒന്നല്ല . അവ രണ്ടും രണ്ടാണ്.

വീണ്ടും ജനനത്തല്‍ ഒരുവന്‍ പാപത്തില്‍ നിന്നും മോചനം പ്രാപിക്കുന്നു.എന്നാല്‍ സ്നാനം എന്നത് ശാരീരങ്ങളുടെ വീണ്ടെടുപ്പാണ് (Romans 6:5).  യേശുക്രിസ്തുവിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ  പ്രകടമായ അടയാളമാണ്.(Mathew 28:19,Mark 1:8).യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ( ശിശു സ്നാനമോ?? മുതിര്‍ന്ന സ്നാനമോ??) സ്നാനം സ്വീകരിക്കുന്നതു വഴി എല്ലാം സാധ്യമാകുമെങ്കില്‍ ജീവിതം എത്രയോ സുഖകരം..... നിത്യജീവനില്ലേക്കുള്ള വഴി വീതികുറഞ്ഞതാണ് എന്ന വചനം പൂര്‍ണ്ണമല്ലാതാകും. പ്രവര്‍ത്തിയാലുള്ള ഇത്തരത്തിലുള്ള നീതികരണം പഴയനിയമ വിശ്വാസമാണ്. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍  മാത്രമേ പുതിയനിയമ വിശ്വാസി നീതികരിക്കപ്പെടുന്നത്.(Romans 4:5).സ്നാനം തെറ്റാണെന്നോ, ആവശ്യമില്ലെന്നോ ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല.യേശു ക്രിസ്തു കല്പിച്ചരുളിയ സ്നാനം വഴി, ഈ ലോകം ഒരുവനെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നു.ഒരു ക്രിസ്ത്യാനിയുടെ ജഡികശരീരത്തിനു മുകളിലുള്ള ഈ ലോകത്തിന്റെ അവകാശം അംഗീകരിക്കപ്പെടുന്നു(John 19:40).എന്നാല്‍ വീണ്ടും ജനനം വഴി ഒരുവന്‍ ആത്മാവില്‍ പുതിയ സൃഷ്ട്ടിയായി മാറ്റപ്പെടുന്നു.

താങ്കള്‍ ദൈവത്തിന്റെ രക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ , താങ്കളെ തന്നെ കഴുകേണ്ടത്, താങ്കള്‍ കഴുകപ്പെടെണ്ടത്,  ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന സ്പടികം പോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദിയിലാണ്(Revelation 22:1).സജീവവും സന്നാതനവുമായ ദൈവവചനത്തില്‍ നിന്ന്(1 Peter 1:23). മാംസമായി നമ്മുടെയിടയില്‍ വസിച്ച ദൈവവചനത്തില്‍ നിന്ന്(John 1:14).

ദൈവവചനമാകുന്ന ജലം നമ്മുടെ അറിവിനെയും, വിശ്വാസത്തെയും, ആഗ്രഹത്തെയും കഴുകണം.തെറ്റായ വിശ്വാസസംഹിതയെ  ഉപേഷിച്ച് ജീവജലത്തിന്റെ ഉറവയായ ദൈവ വചനത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയണം.അങ്ങനെ ആത്മാവില്‍ പുതിയ സൃഷ്ട്ടിയാകാന്‍ നമുക്ക് കഴിയണം             
ജലം    ---->  വചനം. 
ആത്മാവ്   ----> പരിശുദ്ധത്മാവ്.

ഒരുവനെ വീണ്ടും ജനിപ്പിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയുകയില്ല.വ്യക്തമായി പറഞ്ഞാല്‍ , വിശ്വാസി എന്ന് ലോകം പറയുന്ന ഒരു വ്യക്തിയുടെ കൈവയ്പ്പു പ്രാര്‍ത്ഥനയിലൂടെയോ , മറ്റ് ഏതെങ്കിലും ശ്രുശ്രൂഷവഴിയോ ഒരുവനെ വീണ്ടുംജനിപ്പിക്കാന്‍ കഴിയുകയില്ല.കാരണം വീണ്ടുംജനനം എന്നത് ഒരു പ്രവര്‍ത്തിയല്ല മറിച്ച് അനുഭവമാണ്‌.. . കാറ്റു എവിടെനിന്ന് വരുന്നു എന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.ഇതു പോലെയാണ് ആത്മാവില്‍ വീണ്ടും ജനിക്കുനവന്‍ (John 3:8). വിശ്വാസത്തിന്റെ ബഹ്യപ്രവര്‍ത്തികള്‍ പ്രകടമാക്കാന്‍ ഒരു വ്യക്തിക്ക് കഴിഞ്ഞേക്കാം.എന്നാല്‍ ആത്മാവിനെ ജനിപ്പിക്കാന്‍ ഒരു വ്യക്തി തന്നെ വിചാരിക്കണം.തന്നില്‍ ജീവിക്കുന്ന ദൈവത്തെ അതിന് നാം അനുവദിക്കണം.


  • ഏതെങ്കിലും സഭയില്‍ ചേര്‍ന്നത്‌ കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • സ്നാനം സ്വീകരിച്ചതു  കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • കൂട്ടായ്മയില്‍ പോയതുകൊണ്ട്  മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പാരമ്പര്യനിയമത്തില്‍ വിശ്വസിച്ചാല്‍ വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദാനധര്‍മങ്ങളും എളിമ പ്രവര്‍ത്തികളും ചെയ്തതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ആത്മീയശ്രശ്രൂഷകള്‍ നടത്തിയതിന്റെ പേരില്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദൈവവചനഗ്രന്ഥം കൈയില്‍ കൊണ്ടുനടക്കുന്നതുക്കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പ്രത്യേകമായ വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം വീണ്ടുംജനനം  സാധ്യമാകുകയില്ല.

യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുവന്‍ യേശുവിനെ ദുഷിച്ച് പറഞ്ഞപ്പോള്‍ ,അപരന്‍ യേശു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു.'യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ' എന്ന അവന്റെ യാചന രക്ഷയായി മാറി.'നീ ഇന്ന് എന്നോടൊപ്പം പറുദീസായില്‍ ആയിരിക്കും' (Luke 23:39-41)എന്ന രക്ഷ വാഗ്ദാനം നമുക്കും അനുഭവിക്കാന്‍ കഴിയണം. 

ദൈവവചനത്തിന്റെ മര്‍മ്മം ഗ്രഹിച്ചു യേശു എന്റെ രക്ഷകനാണ്‌ എന്ന് സത്യം ഹൃദയത്തില്‍ നിറയപ്പെടുമ്പോള്‍ മാത്രമാണ് ഒരുവന്‍ വീണ്ടും ജനിക്കുന്നത്.

വീണ്ടുംജനന അനുഭവങ്ങള്‍  :
  • പുതിയ വിശ്വാസം: യേശു രക്ഷകന്‍ ആണെന്നും ,  ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി യേശുക്രിസ്തു മാത്രമേയുള്ളൂ(1Thimothy 2:4, 1John 2:1) എന്ന സത്യത്തിന്റെ തിരിച്ചറിവ്.
  • മാനസാന്തരം: വചനത്തിന്റെ വെളിച്ചത്താല്‍ അനുദിന ജീവിതത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞു അതില്‍നിന്നും പിന്തിരിയനുള്ള ഉള്‍കാഴ്ച.പുത്രനില്‍ക്കൂടി തന്നെ സമീപിക്കുന്നവര്‍ക്ക് ജീവന്‍ ഉണ്ടാകും എന്ന വചനത്താല്‍  പാപങ്ങളെ ഏറ്റുപറഞ്ഞാല്‍ (1John 1:8) പാപമോചനം ലഭിക്കും എന്ന ബോധ്യം.
  • പാപമോചനം: ആരും അറിയാത്ത , ഇരുട്ടില്‍ ചെയ്ത പാപം പോലും അവന്റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ പൂര്‍ണ്ണപാപമോചനം നല്കും എന്ന ഉറപ്പ്.
  • ആത്മീയ വിശുദ്ധീകരണം: ഇനിയും പാപം ചെയ്യാതിരിക്കാന്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന ധൈര്യം (2Cori .5:7).നിയമത്തിന്‍ കീഴിലല്ല കൃപക്ക് കീഴിലാണ് എന്ന തിരിച്ചറിവ്(Romans 5:14).
  • നീതികരണം:യേശു ക്രിസ്തുവില്‍കൂടി ഒരു പുതിയ സൃഷ്ട്ടിയായി (2Cori .5:17,Hebrew 10:17)എന്ന പരിപൂര്‍ണ്ണ പാപമോചനത്തിന്റെ അനുഭവം.
ചിന്തിക്കുക....എന്താണ് താങ്കളുടെ അവസ്ഥ....വീണ്ടുംജനനം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? നമുക്ക് ആത്മീയ പാരിച്ഛെദനാം നടത്താം (Romans 2:29) വ്യര്‍ത്ഥമായ  ഈ ലോക  ജീവിതരീതിയില്‍ നിന്നും നമ്മെ വീണ്ടെടുത്ത കുഞ്ഞാടിന്റെ രക്തം ആത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കട്ടെ...

ദൈവത്തിന് നന്ദി....