Saturday 26 July 2014

ഇറങ്ങി വരിക

ദൈവമേ; അങ്ങിലാണ് ജീവന്റെ ഉറവ,അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം(Psalms 36:9).പുത്രനെ കൈകൊള്ളുന്നവർക്ക് കാരുണ്യവും രക്ഷയും നൽകുന്ന ദൈവത്തിന്റെ ആത്മാവേ ഞങ്ങളെ സഹായിക്കണേ...

''ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു''(Luke 19:9). ലൂക്കാ സുവിശേഷകൻ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനഭാഗം; ഒരു വിശ്വാസിക്ക് സ്വയം തിരിച്ചറിയാനും വചനത്തിന്റെ ആത്മീയ സത്യത്തെ ആഴത്തിൽ ചിന്തിക്കാനും ഇടയാക്കുന്നു. തേനും പാലും ഒഴുകുന്ന കാനാൻദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് ദൈവജനം അനുഷ്ഠിക്കേണ്ടതിന് ദൈവം നൽകിയ ചട്ടങ്ങളുടെ തുടർച്ചയായി പാരമ്പര്യവിശ്വാസത്തിന്റെ നിറവിൽ നിന്നും വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലും(Deuteronomy 6:9)ഈ വചനം നമ്മൾ എഴുതിവെക്കാറുണ്ട്.

  • യേശു നൽകുന്ന രക്ഷയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഈ പ്രവർത്തി എന്തുമാത്രം യോജിക്കുന്നു?.
  • വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലുംഎഴുതി വച്ചാൽ ആ ഭവനവും അതോടൊപ്പം അതിലുള്ളവരും രക്ഷപ്രാപിക്കുമോ?. 
  • എന്താണ് എന്റെ ഭവനം?. 
  • എന്റെ ഭവനം രക്ഷ പ്രാപിക്കാൻ എന്ത് ചെയ്യണം?. 

ലൂക്ക 19:1-10 വചനഭാഗമാണ് ചുങ്കക്കാരിൽ പ്രധാനനും ധനികനുമായ സക്കേവൂസ് എന്ന വ്യക്തിയേയും അവന്റെ ഭവനത്തിന്റെ രക്ഷയേയും വിവരിക്കുന്നത്.യേശുവിനെ കാണാൻ മരത്തിൽ കയറിയ കുറിയവനായ സക്കേവൂസിന്റെ മാനസാന്തരം പലപ്പോഴും നമ്മൾ ആവർത്തിച്ചു കേട്ടിട്ടുണ്ട് എങ്കിലും അത് നമ്മുടെ വിശ്വാസ ജീവിതത്തെ എന്തുമാത്രം സ്പർശിച്ചിട്ടുണ്ട്?. സക്കേവൂസിന്റെ രക്ഷഘടന നമുക്ക് വചനത്തിൽ പരിശോധിക്കാം.

1: യേശുവിനെ കാണാൻ ആഗ്രഹിച്ചു (ലൂക്ക 19:3) :
അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതൽ നമ്മിൽ നിറയുന്ന ദൈവത്തിന്റെ മഹത്വത്തെ ജീവിത തിരക്കിനിടയിൽ അനുഭവിക്കാൻ കഴിയാതെ വരാറുണ്ട്.ഒരു പക്ഷെ സാഹചര്യം ഉണ്ടായാലും പാരമ്പര്യവിശ്വാസം  സത്യം തിരിച്ചറിയാൻ വിലങ്ങുതടിയാകാറുണ്ട്. യേശുവിനെ ദൈവപുത്രനായി സ്വീകരിക്കാൻ മടികാണിച്ചിരുന്ന പാരമ്പര്യവിശ്വാസത്തിന്റെ വക്താക്കളായ ചുങ്കക്കാർ.അതിൽ പ്രധാനനായ സക്കേവൂസ്.യേശുവിനെ കാണാൻ ആഗ്രഹിച്ചു എന്നതിന് യേശുവിനെ കാണാനും അവന്റെ രക്ഷയെ സ്വന്തമാക്കാനും ആഗ്രഹിച്ചു എന്നർത്ഥം. 

''അപ്പോൾ നിങ്ങൾ എന്നെ വിളിച്ചപേഷിക്കും;എന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കും.ഞാൻ നിങ്ങളുടെ പ്രാർത്ഥന ശ്രവിക്കും.നിങ്ങൾ എന്നെ അന്വേഷിക്കും;പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും.നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടയാക്കുമെന്നു കർത്താവ് അരുളിച്ചെയ്യുന്നു''(Jeremiah 29:12-14).

ഈ ലോകത്തിലെ എതോരവസ്ഥയിൽ ആയിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിലും; നിന്നിൽ നിലകൊള്ളുന്ന ആസന്നമരണമായി അവശേഷിച്ചിരിക്കുന്നതിനെ ഉയർത്തിയാൽ (Revelation 3:2) രക്ഷകനെ കാണാൻ ആഗ്രഹിച്ചാൽ നിങ്ങളുടെ രക്ഷാകർമ്മത്തിന്റെ ആദ്യഘട്ടം അവിടെ ആരംഭിക്കുന്നു.

2: മരത്തിൽ കയറി (ലൂക്കാ 19:4) :

സക്കേവൂസ് കയറിയ സിക്കമൂർ മരം താരതമേന്യ പോക്കമ്മുള്ളതും നിരവധി ചില്ലകൾ ഉള്ളതുമായ മരങ്ങളുടെ ഗണത്തിൽപ്പെടുന്നു.മരം എന്നതിന് ദൈവവചനത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നല്കിയിട്ടുണ്ട്.ഇവിടെ മരം എന്നതിന് ലോകസുഖസംതൃപ്തിയും ഈലോകവിശ്വാസവും  എന്നർത്ഥം (Ezekiel 31:10,Daniel 4:11).

സക്കേവൂസ് യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നുവെങ്കിലും അവൻ ആയിരുന്ന അവസ്ഥയിൽ നിന്നും അവന്റെ വിശ്വാസതലത്തിൽ നിന്നും അൽപ്പം പോലും വ്യതിചലിച്ചില്ല . വ്യക്തമാക്കിയാൽ; ചുങ്കക്കാരിൽ പ്രധാനൻ എന്ന സ്ഥാനം അവനെ ഈ ലോകസുത്തിന്റെയും വിശ്വാസ പ്രമാണങ്ങളുടെയും ഉയരമായ മരത്തിൽ എത്തിച്ചു.ആരും കാണാതെ മറഞ്ഞിരുന്ന് യേശുവിനെ കാണാൻ പ്രേരിപ്പിച്ചു. യേശുവിന്റെ രക്ഷയെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന സുഹൃത്തേ; ഈ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന മരത്തിലാണോ?.ആരും അറിയാതെ ഈ ലോകസുഖങ്ങളുടെ മറ പറ്റികൊണ്ട് യേശുവിനെ കാണാൻ കാത്തിരിക്കുകയാണോ?.

3: കാണാൻ കാത്തിരുന്നു (ലൂക്കാ 19:4) :

ക്രിസ്തു വിശ്വാസത്തിലേക്ക് കടന്നു വരുന്ന ഏതൊരു വ്യക്തതിയും വ്യക്തമായി തിരിച്ചറിയേണ്ട ഒരു ഭാഗമാണിത്. യേശുവിനെ കാ ണാൻ ആഗ്രഹിച്ച സക്കേവൂസ് അതിനുവേണ്ടി ഒരുങ്ങി കാത്തിരുന്നു.യേശു കടന്നു പോകുന്ന വഴിയും സമയവും അവൻമുൻകൂട്ടി അറിഞ്ഞ്  കാണാൻവേണ്ട സാഹചര്യം അവൻ ഒരുക്കിയിരുന്നു(ലൂക്കാ 19:4b). യേശുവിനെ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു ഒരുക്കം ആവശ്യമാണ്. പ്രാർത്ഥനക്ക്‌ വേണ്ടി ഒരു പ്രത്യേക സമയവും സാഹചര്യവും നമ്മൾ തന്നെ ഒരുക്കണം (Psalms 5:3)
ഒരു ദിവസം വചനം വായിച്ചതുകൊണ്ടോ പ്രാർത്ഥിച്ചതുകൊണ്ടോ ഒരു ദിവസത്തേക്ക് മാത്രം എളിമപ്പെട്ടതുകൊണ്ടോ(Isaiah 58:5 )യേശുവിനെ കണ്ടെത്താൻ അവന്റെ രക്ഷയെ പ്രാപിക്കാൻ കഴിയണമെന്നില്ല കാരണം അവൻ നമ്മുടെ  ഹൃദയവിചാരങ്ങളെ പരിശോധിച്ചറിയുന്നു(Psalm 139:2)മടുപ്പില്ലാതെ കുറ്റപ്പെടുത്താതെ ചോദിച്ച് കാത്തിരിക്കുന്നവന്; ധാരളമായി നൽകുന്ന ദൈവത്തിന്റെ ജ്ഞാനം (James 1:5) നിങ്ങൾക്കും ലഭിക്കും എന്ന് വചനം ഉറപ്പുനല്കുന്നു.    

4: വേഗം ഇറങ്ങി വരിക (ലൂക്കാ 19:5 ):  

കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന സക്കേവൂസിന്റെ മുൻപിൽ അത്ഭുതങ്ങളുടെ പ്രവാഹം ആരംഭിക്കുകയാണ്.ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കാൻ കഴിവുള്ളവൻ അവന്റെ അവാച്യമായ നെടുവീർപ്പുപോലും തിരിച്ചറിഞ്ഞു. ''സക്കേവൂസ് വേഗം ഇറങ്ങി വരിക. ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'' (ലൂക്കാ 19:5). ആരും കാണാതെ ഇലകൾക്കുള്ളിൽ മറഞ്ഞിരുന്ന അവനെപോലും തിരഞ്ഞെടുക്കുന്ന യേശു. ''നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്''( John 15:16).വചനം എത്രയോ സത്യം. 

യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നാൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ തിരഞ്ഞുപിടിച്ചു പേരുചൊല്ലി വിളിച്ച് വേർതിരിക്കാൻ കഴിവുള്ളവൻ....അവന്റെ ആ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ?. 
നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും,ഈ ലോകവിശ്വാസത്തിൽ നിന്നും, ജഡികസുഖസംതൃപ്തിയിൽ നിന്നും നീ ഇറങ്ങി വരിക.

മകനെ/മകളെ ഇറങ്ങി വരിക.....പുറകിൽ നിന്നും ഗുരുവിന്റെ ഈ വിളി കേൾക്കാൻ(Isaiah 30:21) നമുക്ക് കഴിയണം.

നിന്നോട് കൂടി വസിക്കാൻ ആഗ്രഹിച്ച് നിന്നെ വിളിക്കുന്ന ആ രക്ഷകന്റെ വിളിയെ ഇനി കേട്ടില്ലെന്നു നടിക്കരുത്. വിവേകരഹിതമായ ഹൃദയം നിമിത്തം അന്ധകാരത്തിലാണ്ടുപോകരുത്(Romans 1:21).''പിതാവേ എന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗ്ഗം നീ ഉപ്ക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു''(Jeremiah 3:19b). ദൈവത്തിന്റെ മനോവ്യഥ നമുക്ക് തിരിച്ചറിയാം. 

5: തിടുക്കത്തിൽ ഇറങ്ങി വന്നു (ലൂക്കാ 19:6) :

ദൈവത്തിന്റെ മഹത്വത്തിന്റെ പൂർണ്ണ രൂപമായ യേശുവിന്റെ വിളി- ''ഇറങ്ങി വരിക''. 
സക്കേവൂസ്; ആ മരത്തിൽ എന്തുമാത്രം ഉയരത്തിൽ ആയിരുന്നു എന്ന് വ്യക്തമല്ല എങ്കിലും വിളിയുടെ അടുത്ത നിമിഷം അവൻ താഴെ  എത്തിയിട്ടുണ്ടാകം. കാത്തിരിപ്പിന്റെ സുഖത്തിന് മരമുകളിലേക്ക് കയറാൻ എടുത്തതിന്റെ  എത്രയോ കുറവ് സമയം കൊണ്ട് അവൻ ഇറങ്ങിയിട്ടുണ്ടാകാം.''അവൻ തിടുക്കത്തിൽ ഇറങ്ങി വന്ന് സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു''(ലൂക്ക 19:6).എന്നാ വചനം അവൻ ഇറങ്ങി വന്ന വേഗതയെ വെളിപ്പെടുത്തുന്നു.

കാലം കുറെയായി പ്രാർത്ഥന തുടങ്ങിയിട്ട്...യേശുവിനെ കാണാൻ അറിയാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു കാത്തിരുന്നു...അവന്റെ വിളി കേട്ടെങ്കിലും ഇറങ്ങി വരാൻ മടി കാണിച്ചിരിക്കയാണോ?.  അതോ; ഇറക്കം ആരംഭിച്ചിട്ട് കൂറേ നാളായി. എന്നിട്ട് ഇപ്പോഴും പാതി വഴിയെ ആയിട്ടുള്ളോ?. ഇറക്കത്തിന്റെ വേഗത ആഗ്രഹത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും

ഓർക്കുക; ഈ ലോക സുഖത്തിന്റെയും വിശ്വാസത്തിന്റെയും മരത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ, പേരുചൊല്ലി വിളിച്ച് അവൻ താഴെ മരച്ചുവട്ടിൽ കാത്തിരിക്കുന്നു....    

6:പാപിയുടെ വീട്ടിൽ അതിഥി (ലൂക്കാ 19:7 ):

മറ്റുള്ളവരാൽ തഴയപ്പെട്ട വ്യക്തി,പാപിയെന്ന് മുദ്ര കുത്തപ്പെട്ട വ്യക്തി; അവനോടൊപ്പം യേശുവിനെ കണ്ടപ്പോൾ വിശുദ്ധരെന്നു സ്വയം അഭിമാനിക്കുന്ന ഫരീസിയ ജനത്തിന് പിറുപിറുപ്പിനു കാരണമായി.എന്നാൽ ഇതൊന്നും വകവെക്കാതെ ഹൃദയ കവാടങ്ങൾ തുറന്ന് യേശുവെന്ന രക്ഷകനെ സ്വീകരിക്കാൻ സക്കേവൂസ് തയ്യാറായി.വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് അവൻ കടന്നുവന്നു.ദൈവരാജ്യത്തിലേക്ക് അവൻ വിളിക്കപ്പെട്ടു (John 3:3).

ജീവിതസാഹചര്യവും പാരംബര്യവിശ്വാസവും പിറുപിറുത്ത ജനത്തിന് തുല്യരായി നിനക്ക് മുൻപിൽ നിൽക്കുമ്പോൾ സുഹൃത്തേ; പതറരുത്.ഭയപ്പെടുകയും അരുത്. ദൈവത്തിൽ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അഭിലഷിക്കരുത്(John 12:42-43).കാരണം നിന്നെ വിളിച്ചിരിക്കുന്നവൻ യേശുവാണ്.അവൻ വിശ്വസ്തനാണ് (1 Thessalonians 5:24)

വീണ്ടും ജനനത്തിൽ കൂടി യേശുവിൽ പുതിയ സൃഷ്ട്ടിയാകാൻ നിങ്ങൾക്ക് കഴിയണം.ഉചിതമായത് തിരഞ്ഞെടുത്ത് നിർഭയം സാക്ഷ്യം നൽകാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.

7: ഉപേക്ഷിക്കൽ (ലൂക്കാ 19:8) :

ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിക്കുകയും തന്റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുകയും ചെയ്യണം(Mathew 16:24)ഞാൻ എന്ന ചിന്തയെ ഉപേക്ഷിച്ച് യേശുവിനെ സ്വീകരിക്കാൻ തയ്യാറായ സക്കേവൂസിന്റെ ജീവിതത്തിൽ; ജനത്തിന്റെ പിറുപിറുപ്പുകൾ യേശുവിനെപ്രതി  കുരിശായി സഹിക്കേണ്ടിവരുന്നു.അതോടൊപ്പം ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരുന്ന പണത്തെ യേശുവിനെപ്രതി ത്യജിക്കാൻ തയാറാകുന്നു. 
വീണ്ടും ജനനം കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രകടമാകുന്ന അവസ്ഥകളാണ് - കുരിശു ചുമക്കലും പരിത്യജനവും. യേശുവിന്റെ രക്ഷയെ സ്വന്തമാക്കിയ വീണ്ടും ജനിച്ച ആത്മീയ മനുഷ്യന്റെ ആദ്യഘട്ടമാണ്  ജഡമോഹങ്ങളുടെ ഉപേക്ഷ.

ചുങ്കക്കാരിൽ പ്രധാനിയായിരുന്ന അവന്റെ ജീവിതത്തിലെ ഒന്നാം സ്ഥാനം സമ്പത്തായിരുന്നു.എന്നാൽ യേശുവിൽ വീണ്ടും ജനിച്ചപ്പോൾ ആ പണം വളരെ നിസാരമായി അവനിൽ മാറ്റപ്പെടുന്നു. ചിന്തിക്കുക;നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?. ഇത്തരം മാറ്റം നിങ്ങളിലും ഉണ്ടായിട്ടുണ്ടോ?. ഇല്ലെങ്കിൽ വീണ്ടും ജനനം സാധ്യമായിട്ടില്ല എന്നര്ഥം. വീണ്ടുംജനിക്കാതെ, ജീവിതത്തിൽ ആദ്യ സ്ഥാനം ദൈവത്തിനു നൽകാതെ എന്തെല്ലാം അന്ഷ്ട്ടനങ്ങൾ നടത്തിയാലും എന്തെല്ലാം നേർച്ച കാഴ്ചകൾ നടത്തിയാലും ദൈവമാഹത്വാത്തെ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയില്ല.

8:  മാനസാന്തരം (ലൂക്ക 19:9):

പുത്രനെ സ്വന്തമാക്കിയവാൻ ജീവൻ പ്രാപിച്ചവൻ മാനസാന്തരത്തിന്റെ ഉടമയാക്കപ്പെടുന്നു.താൻ ഉണ്ടാക്കിയെടുത്ത 
പണം, അതിൽ നിന്നും ലഭിച്ചിരുന്ന സംതൃപ്തി അതിനോന്നിനും അവനെ പൂർണ്ണനാക്കാൻ കഴിഞ്ഞില്ല. ജീവന്റെ പ്രകാശമായ യേശുക്രിസ്തുവിനെ അവന്റെ ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ വിവേകം നല്കുന്ന പരിശുധാത്മാവ്; അവന്റെ തെറ്റുകളെക്കുറിച്ചുള്ള പാപബോധം  ഉണ്ടാക്കുന്നതോടൊപ്പം മാനസാന്തരത്തിന്റെ ഫലങ്ങൾ അവനിൽ നിന്നും പുറപ്പെടുവിക്കുകയും ചെയ്യുന്നു. വഞ്ചിച്ചെടുത്ത പണത്തിന്റെ നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ അവൻ തയാറാകുന്നു.വിശ്വാസി എന്ന് സ്വയം പേരിട്ട് വിളിക്കുന്ന സുഹൃത്തേ; മാനസാന്തരത്തിന്റെ ഫലം നിങ്ങളിൽ രൂപം കൊണ്ടിട്ടുണ്ടോ?.മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാൻ(Mathew 3:8)നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?.
   
9: ഭവനത്തിന് രക്ഷ (ലൂക്ക 19:9):

അബ്രാഹത്തിന്റെ  മകനായ സക്കേവൂസ്(ലൂക്ക 19:9b) എന്നാണ് മാനസാന്തരം പ്രാപിച്ച സക്കേവൂസിനെ യേശു വിളിച്ചത്.ഇത് അബ്രാഹത്തിന്റെ പാരംബര്യത്തെക്കുറിച്ചല്ല മറിച്ചു അസധ്യമായതുപോലും സാധ്യമാകും എന്ന് വിശ്വസിച്ച അബ്രാഹത്തിന്റെ വിശ്വാസ നീതികരത്തെക്കുറിച്ചാണ്(Romans 4:3).
യേശുവിന്റെ വിളികേട്ടു അവന്റെയരികിൽ വന്നപ്പോൾ അവനെ സ്വീകരിക്കാൻ തയ്യാറായപ്പോൾ അവന് കൈവന്ന അവസ്ഥയെ യേശു വെളിപ്പെടുത്തി '' ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു''(ലൂക്ക 19:9).ഹൃദയ വികാരവിചാരങ്ങളെ പരിശോധിക്കുന്നവനായ യേശു ക്രിസ്തു;അവന്റെ രക്ഷ പ്രാപിച്ച അവന്റെ ഹൃദയമാകുന്ന ഭവനത്തെ, വീണ്ടും ജനനത്തൽ  പ്രകാശ പൂർണ്ണമായ അവനിലെ ആത്മീയ മനുഷ്യനെ വെളിപ്പെടുത്തുന്നു.മനുഷ്യൻ വസിക്കുന്ന ഭാവനമല്ല മറിച്ചു പുത്രൻ വസിക്കുന്ന ഭവനമാണ് രക്ഷ പ്രാപിക്കുന്നത്.  

ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ഭയപ്പെട്ടു,അറിഞ്ഞില്ലെന്ന് ധരിച്ച്  പാരംബര്യവിശ്വാസത്തിന്റെ മറയിൽ ജീവിക്കുന്ന സഹോദരാ; നിങ്ങളുടെ ഹൃദയമാകുന്ന ഭവനം രക്ഷപ്രാപിച്ചിട്ടില്ല എന്ന് ഓർക്കണം.
എവിടെയെല്ലാം വചനം എഴുതി വച്ചാല്ലും ഭവനത്തിന് രക്ഷ കൈവരില്ല.ദൈവം നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നില്ലെങ്കിൽ എന്തുപ്രയോജനം?. 
മനുഷ്യ ഹൃദയങ്ങളിൽ വസിക്കും (2Cori 6:16) എന്നരുൾ ചെയ്ത വചനമാകുന്ന യേശുക്രിസ്തു നിങ്ങളടെ ഹൃദയത്തിലും വസിക്കുന്നുണ്ടോ?. 

ഇറങ്ങി വരിക.....

ഒന്ന് ആഗ്രഹിച്ചാൽ അവനു വേണ്ടി കാത്തിരുന്നാൽ നിന്റെ അരികിൽ വന്ന്  നിന്നെ വിളിച്ച് നിത്യജീവനിലേക്ക്‌ നയിക്കാൻ കഴിവുള്ളവൻ....

നഷ്ട്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെത്തി മുറിവുകൾ കഴുകി ലേപനം പുരട്ടി രക്ഷിക്കാൻ കഴിവുള്ളവൻ...

ജീവന്റെ പ്രകാശമായ യേശുവിന്റെ വിളികേട്ട് നമുക്ക് താഴെ ഇറങ്ങാം...

പരിശുധാത്മാവ് നമ്മെ നയിക്കട്ടെ ...
                                             
                                                                         ദൈവത്തിന് നന്ദി...      

No comments:

Post a Comment